വിവരണം – രമ്യ എസ്.ആനന്ദ്.
തടാകവും ബോട്ടിങ്ങും ബൊട്ടാണിക്കൽ ഗാർഡനുമായി ഊട്ടി മടുപ്പിക്കുമ്പോൾ നീലഗിരിക്കുന്നുകളിലെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്കു രാ പാർക്കാം. അതികാലെ എഴുന്നേറ്റു യൂക്കാലിപ്‌റ്റസിന്റെ മണമുള്ള താഴ്‌വരകളിലേക്കു യാത്രയാകാം. കണ്ണുകളുടെ നിത്യകാമുകിയായ പച്ചനിറത്തെ പ്രണയിക്കാം. അങ്ങനെയങ്ങനെയെത്തിയത് ഗ്ലെൻ മോർഗനിൽ ആണ്. നീലഗിരിക്കുന്നുകളിലെത്തന്നെ പഴയ തേയിലത്തോട്ടങ്ങളും പച്ചക്കുന്നുകൾ അതിരിടുന്ന നീലാകാശവും അതീവ ശാന്തമായ പ്രകൃതിയും ചേർന്ന ഒരു സുന്ദര സ്ഥലം. ഊട്ടിയുടെ ശ്വാസം മുട്ടിക്കുന്ന തിരക്കും പൊടി നിറഞ്ഞ അന്തരീക്ഷവും ഇവിടെ പഴങ്കഥയാകുന്നു. പച്ചനിറമുള്ള ഒരു പട്ടു തൂവാല പോലെ പ്രകൃതി നമ്മെ പൊതിയുന്നു. കോടമഞ്ഞു നമുക്ക് കൂട്ട് വരുന്നു. ലോകം അതീവശാന്തമായ ഒരു തടാകക്കരയിലേക്കു ചുരുങ്ങുന്നു.
ഊട്ടിക്ക് 19 കിലോമീറ്റർ താഴെയുള്ള കുനൂരിലെ ഒരു നിശാന്തമായ ദിവസത്തിന് ശേഷമാണ് 35 കിലോമീറ്റർ അകലെ ഊട്ടി നിലമ്പൂർ റോഡിലെ ഗ്ലെൻമോർഗനിലേക്കെത്തിയത്. ഗൂഡല്ലൂർ റോഡിൽ നിന്ന് തിരിയുമ്പോൾ തന്നെ പാതയുടെ വീതി കുറഞ്ഞു വരാൻ തുടങ്ങി. തണുപ്പും ചെറിയ മഴയും അകമ്പടിയായിയെത്തി. പോകെ പോകെ വഴി വിജനമായി. ഇരുവശങ്ങളിലും വന്മരങ്ങൾ ഇരുൾ പരത്തിത്തുടങ്ങി. മഴ മാറിയപ്പോൾ മഞ്ഞ് എവിടെ നിന്നോ പറന്നു വന്നു. ഗ്ലെൻ മോർഗൻ ടി എസ്റ്റേറ്റ് എന്ന ബോർഡ് കണ്ടപ്പൊഴേ ഹൃദയത്തിൽ ആഹ്ലാദമെത്തി. ഒരു നല്ല സ്നാപ്പിനു കാമറയുമായി ഇറങ്ങിയ എന്നെ കാവൽക്കാരൻ തടഞ്ഞുകളഞ്ഞു. ഫോട്ടോ എടുക്കാൻ അനുമതിയില്ലാത്തയിടം. കട്ടൻ ചായയിൽ നിന്നും ഇന്ത്യയെ ഗ്രീൻ ടീയിലെത്തിച്ചത് ഈ തേയിലത്തോട്ടങ്ങളാണ്. ഇവിടെ നിന്നാണ് ഇന്നത്തെ ട്രെൻഡിയായ പച്ചചായ അറുപതുകളിൽ ജപ്പാനിലേക്ക് യാത്രയായത്. 500 ഏക്കറിൽ പരന്നു കിടക്കുന്ന വമ്പൻ എസ്റ്റേറ്റ്.
മുന്നോട്ടു പോകുന്തോറും കോടമഞ്ഞ് കാഴ്ചകളെ മറച്ചു തുടങ്ങി. പച്ചപ്പുൽമേടുകൾ പിന്നിട്ടു പൈക്കര ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്റ്റിനു മുന്നിലെത്തിയപ്പോൾ റെഡ് സിഗ്നൽ കാട്ടി തമിഴ്നാട് പോലീസ് എത്തി. ഇനി മുന്നോട്ടു പോകണമെങ്കിൽ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന്റെ അനുമതി വേണം. സമുദ്രനിരപ്പിൽ നിരപ്പിൽ നിന്നും 3080 അടി ഉയരെ ഏഷ്യയിലെ ഏറ്റവും ഉയരമേറിയ പൈക്കര ഡാമിന്റെ പവർ പ്ലാന്റ്. മിതമായ നിറങ്ങൾ ചാലിച്ചു വരച്ച ചിത്രം പോലെ സുന്ദരമാണിവിടം. കടുംപച്ചയും ആകാശനീലയും ഇടകലരുന്ന താഴ്‌വരകൾ സിൽവർ ഓക് മരങ്ങളും പൈൻ മരങ്ങളും ഗാംഭീര്യത്തോടെ നില്കുന്നകുന്നിൻ ചെരിവുകൾ. മനുഷ്യസ്പർശം കുറവായതിനാൽ അങ്ങേയറ്റം നൈർമ്മല്യമേറിയ വായു. ദൂരെ സിങ്കാരക്കുന്നുകളുടെ അവർണ്ണനീയമായ സൗന്ദര്യം. മനോഹാരിത തുളുമ്പുന്ന തടാകം . സിങ്കാരയിലെ പവർ ഹൗസിനേയും ഗ്ലെൻമോർഗനെയും ബന്ധിപ്പിച്ച് പവർ ഹൗസിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന 3 കിലോമീറ്റർ മെക്കാനിക്കൽ റോപ്പ്‌വേയും ഇവിടെയുണ്ട് .
ഫോറെസ്റ്റിന്റെ അനുമതിയോടെയുള്ള ട്രെക്കിങ്ങിൽ മുതുമലൈ നാഷണൽ പാർക്കും മോയാർ വാലിയും മൈസൂരിന്റെ ചില ഭാഗങ്ങളും കാണാമെന്നു പോലീസ് ഓഫീസർ പറയുന്നത് നിരാശയോടെയാണ് കേട്ടത്. ട്രൈബൽ വില്ലജ് ആയ കൊക്കൽ കോട്ടയും ട്രെക്കേഴ്സിന് സന്ദർശിക്കാൻ ഭാഗ്യമുണ്ട്. തിരികെ വരുമ്പോൾ നീലമലകളിൽ പച്ചനിറമലിയുന്നതു കണ്ടു. കോടമഞ്ഞിന്റെ ധവളിമയിലലിഞ്ഞു, തടാകക്കരയിലും പച്ചപുൽമേട്ടിലും നിമിഷങ്ങൾ ചിലവഴിച്ചു ഒരു മടക്കയാത്ര. പണ്ട് മദ്രാസ് പ്രസിഡൻസിയുടെ ചൂടിൽ മടുത്തപ്പോൾ ഉദകമണ്ഡലം കണ്ടു ഇംഗ്ളണ്ടിന്റെ ശകലങ്ങൾ പോലെ തോന്നി ബ്രിട്ടീഷുകാർ ഇട്ട നൊസ്റ്റാൾജിക് പേരുകളാണ് നീലഗിരിക്കുന്നുകൾ നിറയെ. തിരക്കു കാരണം മുഖം നഷ്ടപ്പെട്ടു പോയ ഊട്ടിയുടെ ചില ശാന്തമായ സ്ഥലങ്ങളാണ് ഇവയൊക്കെയും.
വെൻലോക് മെഡോസും കണ്ണിനു സന്തോഷമേകുന്ന കാഴ്ചയാണ്. കണ്ണെത്താത്ത ദൂരത്തോളം പുല്മേടുകളുമായി ഈ കുന്നിൻമുകൾ അത്യപൂർവമായ ഒരു ദൃശ്യാനുഭവമാണ്. ടിക്കറ്റ് എടുത്തു കുന്നിൻ മുകളിലെത്തുമ്പോൾ 20000 ഏക്കറിൽ നിറഞ്ഞു കിടക്കുന്ന പച്ച പുല്മേടുകളുടെ അതീവ മനോഹാരിത. ചോലമരങ്ങളും ദൂരെ വരയാടുകൾ മേയുന്ന മുക്കൂർത്തിമലയും പൈൻ മരങ്ങളും പശ്ചാത്തലമായ പ്രകൃതിയുടെ ഒരു ഉഗ്രൻ ഇൻസ്റ്റലേഷൻ. ഷൂട്ടിങ് പോയിന്റ് എന്നു തന്നെയാണ് ഈ വിശാല ശാദ്വല ഭൂമിയുടെ അപരനാമധേയം. ഊട്ടിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള അവലാഞ്ചെ ഗ്രാമവും തടാകവും പതിവ് ലൊക്കേഷനുകളിൽ നിന്നും വ്യത്യസ്തമാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഹിമപാതത്തെ ത്തുടർന്നാണ് അവലാഞ്ചെക്കു ഈ പേരു വീണതത്രെ. ചോലവനങ്ങളുടെ ഹരിത സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഇവിടെ മിക്ക ദിവസവും മഴ പെയ്യാറുണ്ട് . തടാകം നിറയെ റെയിൻബോ ട്രൗറ്റ് മൽസ്യങ്ങൾ നീന്തിത്തുടിക്കുന്നു.
കുടിയേറ്റക്കാരായ വന്നു പിന്നീട് ഇവിടത്തെ ഗോത്രവർഗ്ഗക്കാരായ ബഡുഗ സമുദായക്കാരെ അവലാഞ്ചെയിൽ ധാരാളം കാണാൻ കഴിയും. കോയമ്പത്തൂരിലെ ഗവേഷണകാലത്തുണ്ടായിരുന്ന ബഡുഗ കൂട്ടുകാരെ ഓർമ്മ വന്നു. ബാർബിപ്പാവയെപ്പോലെ സുന്ദരമായ കൺപീലികളുണ്ടായിരുന്ന ജയന്തി. ജയ് അതിസുന്ദരിയായിരുന്നു. അതിലും സുന്ദരമായിരുന്നു അവളുടെ നൃത്തം. മരുതമലയുടെ താഴ്വരയിലെ യൂണിവേഴ്സിറ്റിയും നീലഗിരിയുടെ തണുപ്പുള്ള രാത്രികളിലെ ബഡഗ നൃത്തവും ഇന്നും ഓർമ്മയിലുണ്ട്. ഇവിടെ നീലഗിരിക്കുന്നുകളിൽ അവർ കൃഷി ചെയ്യുന്നു. ഓരോ വർഷവും പുതിയ പുതിയ ഭൂമികളിലേക്കു കൃഷി മാറ്റുന്നത് ബഡഗരുടെ പ്രത്യേകതയാണ്.
അവലാഞ്ചേ പോകും വഴി മഗ്‌നോലിയാപ്പൂക്കളും ഓർക്കിഡ് പുഷ്പങ്ങളും വിരിഞ്ഞു നിൽക്കുന്ന എമറാൾഡ് തടാകവും വിനോദ സഞ്ചാരികളുടെ അതിപ്രസരമില്ലാത്തയിടമാണ്. മരതക പച്ച നിറമുള്ള വെള്ളം നിറഞ്ഞ തടാകം. പോകും വഴി മഞ്ഞ് മൂടിയ എമറാൾഡ് ഡാമും കാണാൻ മറക്കേണ്ട. ഇതും മുൻകൂർ അനുമതി വാങ്ങി സന്ദർശിക്കേണ്ടയിടമാണ്. സമുദ്രനിരപ്പിൽ നിന്നും 6500 അടി ഉയരെയുള്ള കോടനാട് ജയലളിതയുടെ വേനൽക്കാല വസതി എന്ന നിലയിൽ പണ്ടേ പേര് കേട്ടതാണ്. കോട്ടഗിരിയിൽ നിന്നും 16 കിലോമീറ്റർ അകലെയുള്ള കോടനാട് വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ ദൂരെ മഞ്ഞിൽ പൊതിഞ്ഞ ഭവാനി സാഗർ ഡാമും സത്യമംഗലം കാടുകളും കൂടി കണ്ടു മടങ്ങാം. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി തീരാത്ത വിസ്മയങ്ങളൊരുക്കി ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. NB :
‘കൂടെ’ മൂവിയുടെ ലൊക്കേഷൻ ഗ്ലെൻമോർഗൻ ആണ്.