ഫേസ്‌ബുക്കിൽ കൂടിയുള്ള ഒരു സൗഹൃദം, താൻ ജീവിതത്തിൽ സ്വപ്നം മാത്രം കണ്ടിട്ടുള്ള ഒരു യാത്രയ്ക്ക് കാരണമായപ്പോൾ… കെഎസ്ആർടിസി ഡ്രൈവറായ സന്തോഷ് കുട്ടൻ തൻ്റെ അനുഭവക്കുറിപ്പ് പങ്കുവെയ്ക്കുന്നു.
2017 ഡിസംബർ ആദ്യം ബാംഗ്ലൂരിൽ നിന്നും ഒരു കോൾ. “സന്തോഷ് മാസം പകുതി കഴിയുമ്പോൾ നമുക്ക് ഒരു സ്ഥലം വരെ പോകണം. ലീവ് എടുക്കാമോ?” മറുതലക്കൽ സഹോദരൻ എന്നോ, സുഹൃത്ത് എന്നോ, ആത്മ മിത്രം എന്നോ, എന്തുവേണേലും വിശേഷിപ്പിക്കാവുന്ന ഒരാൾ, ഈശ്വരൻ നടരാജൻ എന്ന് വിളിക്കുന്ന വഞ്ചീശ്വരൻ. തീർച്ചയായും എനിക്ക് വാക്കുകൾ കൊണ്ടും അല്ലാതെയും ചെയ്തു തന്ന സഹായങ്ങൾ ജീവിതത്തിൽ മറക്കാൻ കഴിയില്ല.. ആ ഒരു കാരണം കൊണ്ട് തന്നെ തന്നെ ലീവ് എടുക്കാൻ തീരുമാനിച്ചു..
ഡിസംബർ 14 ഞാൻ നമ്മുടെ തിരുവല്ല ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ബസിൽ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. വെളുപ്പിന് ഹെബ്ബാഗുഡി എന്ന സ്ഥലത്ത് എന്നെയും കാത്ത് ഈശ്വരൻ ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. അവിടുന്ന് അദ്ദേഹം താമസിക്കുന്ന വീട്ടിൽ ചെന്നു. പോകുന്ന വഴി എന്നോട് ഈശ്വരൻ ചേട്ടൻ പറഞ്ഞു “രണ്ട് ആൾ കൂടി വരുന്നുണ്ട്. അവരൂടെ വന്ന ശേഷം നമുക്ക് ഒരു വഴിക്ക് പോകാം. സന്തോഷ് അൽപനേരം റെസ്റ്റ് എടുത്തോളൂ.” ഞാൻ അല്പം മയങ്ങി. അതിനുള്ള സമയം ഉണ്ടായിരുന്നു. ശേഷം ഞാനും ഈശ്വരൻ ചേട്ടനും കൂടെ തിരുവനന്തപുരത്തു നിന്നും വരുന്ന അതിഥികളെ കൂട്ടാൻ പോയി. അതു മറ്റാരുമായിരുന്നില്ല ഈശ്വരൻ ചേട്ടൻറെ ബന്ധുവും കിടു ഫോട്ടോഗ്രാഫറുമായ ആനന്ദ് ജി അയ്യരും, സഹായിയും സുഹൃത്തുമായ അതിലുപരി സഹോദര തുല്യമായ അനീഷ് ചന്ദ്രനും ആയിരുന്നു ..
ഈശ്വരൻ ചേട്ടൻറെ കുടുംബം..ഞാനും ആ കുടുംബത്തിലെ അംഗം ആവുകയായിരുന്നു. അല്ല എന്നെ അംഗമായി ചേർക്കുകയായിരുന്നു. ഒരു മകനോട് എന്നപോലെ പോലെ ആ അമ്മ എന്നോട് സംസാരിച്ചു. ഇടപെട്ടതും അതുപോലെതന്നെ. ഒരു സഹോദരനോട് എന്നപോലെതന്നെ എന്നെ ഈശ്വരൻ ചേട്ടൻറെ ഭാര്യ എന്നോട് ഇടപെട്ടു. കൊച്ചുകുഞ്ഞുങ്ങൾ അവർ എന്നെ ഒരു അങ്കിളിനെ പോലെ കണ്ടു…
പ്രഭാതഭക്ഷണം റവ ഇഡ്ഡലി. ഞാൻ ആദ്യമായി കഴുകുകയായിരുന്നു അത്. വളരെ രുചികരമായ ഭക്ഷണം. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം. സാധാരണ നാല് ഇഡലി കഴിക്കുന്നതും റവ ഇഡ്ഡലി ഒരെണ്ണം കഴിക്കുന്നതും തുല്യമാണ്. അതിൻറെ റെസിപ്പി ഇന്നും എനിക്കും അന്യമാണ്…
എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ നാലു പേരും യാത്രയ്ക്ക് തയ്യാറായി. ഈശ്വരൻ ചേട്ടൻ ഒമിനി വാനിന്റെ താക്കോൽ എൻറെ കൈയിലേക്ക് തന്നിട്ട് പറഞ്ഞു “വണ്ടിയെടുത്തോ..നമ്മൾ ഗോവയിലേക്ക് പോകുന്നു…” മുൻപ് എന്നോട് സൂചിപ്പിച്ചിരുന്നു എങ്കിലും ആ വാചകം. ഒരു സ്വപ്നതുല്യമായ യാത്രയ്ക്ക് മനസിനെ പാകപ്പെടുത്തുകയായിരുന്നു. വിനോദ സഞ്ചാരികളുടെ പറുദീസയായ ഗോവ. അവിടെ കിട്ടാത്തതായി ഒന്നുമില്ല എന്ന് കേട്ടിട്ടുണ്ട്. വളരെ മനോഹരമായ സ്ഥലം. മദ്യം വളരെ വില കുറവാണ് കേട്ടിട്ടുണ്ട്. മാത്രമല്ല മദിരാക്ഷികളുടെ കേന്ദ്രമാണെന്നും കേട്ടിട്ടുണ്ട്. എല്ലാം കേട്ടറിവുകൾ മാത്രം. പോകണമെന്ന് ഒരുപാട് ആഗ്രഹിച്ച സ്ഥലം. ഇപ്പോൾ ഇതാ അത് ഞങ്ങൾ അങ്ങോട്ട് യാത്ര തിരിക്കുകയാണ്.
രാവിലെ തുടങ്ങിയ യാത്ര.. ദൂരങ്ങൾ ഏറെ പോകേണ്ടതുണ്ട്. നിരപ്പായ റോഡുകൾ പിന്നിലേക്ക് ഓടി മറയുന്ന കാഴ്ചകൾ. ഇടയ്ക്ക് ഉച്ച ഭക്ഷണം കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. വഴിയോരത്ത് നടന്നുപോകുന്ന ആട്ടിൻ കൂട്ടങ്ങളെ കണ്ടപ്പോൾ ആനന്ദന് ഫോട്ടോ എടുക്കാൻ താല്പര്യം തോന്നി. അതെല്ലാം പകർത്തി ഞങ്ങൾ യാത്ര തുടർന്നു. ഏതാണ്ട് സന്ധ്യയോടെ ഞങ്ങൾ ഗോവയിലെത്തി. ഒരു ഹോട്ടലിൽ റൂമെടുത്തു. യാത്രയുടെ ക്ഷീണം തീർക്കാൻ ഭക്ഷണം ഒക്കെ കഴിച്ച് ഞങ്ങൾ കിടന്നു.
പിറ്റേദിവസം രാവിലെ ഞങ്ങൾ കാഴ്ചകൾ കാണാനായി പുറപ്പെട്ടു. ആനന്ദജി അയ്യരായിരുന്നു ശരിക്കും ട്രിപ്പ് നിയന്ത്രിച്ചിരുന്നത്. വളരെയധികം ട്രാവൽ ചെയ്തിട്ടുള്ള ആളും, ഗോവയെ കുറിച്ച് ഏറെക്കുറെ കൃത്യമായ ധാരണയുള്ള ആളുമായിരുന്നു. ആനന്ദജി അയ്യരുടെ യാത്രകൾ ഇതൊന്നുമല്ല, അതൊരു ഒന്നൊന്നര യാത്രയുടെ ആളാണ്. കൂടെ അനീഷ് ചന്ദ്രനും ഉണ്ടാവും എന്നത് ഉറപ്പാണ്. കടലോരവും, മാർക്കറ്റും, മനോഹരമായ റോഡും, വളരെ പഴക്കം ചെന്ന കെട്ടിടങ്ങളും, പള്ളികളും, അമ്പലങ്ങളും, പഴയകാല സംസ്കാരം വിളിച്ചോതുന്ന ഫ്രഞ്ച് തെരുവുകളും, ആഴ്ചയിലൊരിക്കൽ ഉള്ള മാർക്കറ്റും, കോട്ടകളും, കോട്ടയ്ക്കുള്ളിലെ ഇടുങ്ങിയ ഇടനാഴികളും എല്ലാം കണ്ടു. സത്യം പറഞ്ഞാൽ ഒരു സ്വപ്നലോകത്ത് ആണോ എന്ന് എനിക്ക് തോന്നി പോയി… വിശ്വസിക്കാനാവാത്ത കാഴ്ചകൾ… മറക്കാൻ പറ്റാത്ത അനുഭവങ്ങൾ… വളരെ ചെറിയതെങ്കിലും മനോഹരമായ സംസ്ഥാനം.
ഗോവയിലെ കാഴ്ചകൾ കഴിഞ്ഞ് ഞങ്ങൾ പിന്നെ പോയത് ഗോകർണ്ണത്തേക്കാണ്. അവിടെയും ഇതുപോലെ തന്നെ മനോഹരമായ കാഴ്ചകൾ. വീഡിയോ എടുക്കാഞ്ഞത് ഇന്ന് എനിക്ക് അതിയായ സങ്കടമുണ്ട്. വളരെ ദൂരം ഇറങ്ങിയ സഞ്ചരിക്കാവുന്ന കടൽ. ആഴം കുറവായതിനാൽ നടക്കാൻ പറ്റും. അവിടെ നിന്നും കുറച്ചു ഡ്രസ്സുകൾ വാങ്ങി. യാതൊരു കരുതലും ഇല്ലാതെയാണ് ഞാൻ പോയത്. പക്ഷേ എനിക്ക് ഒരു കുറവും വരാതെ ഈശ്വരൻ ചേട്ടൻ എനിക്കായി എല്ലാം വാങ്ങിത്തന്നു. എനിക്ക് മാത്രമല്ല എൻറെ വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഉള്ളതും വാങ്ങിത്തന്നു. ശേഷം ഞങ്ങൾ തിരിച്ചു ബാംഗ്ലൂരിലെത്തി.
തിരികെ വരാൻ ബസ് കിട്ടാഞ്ഞതിനാൽ ട്രെയിൻ മാർഗം ആണ് ഞാൻ ചങ്ങനാശ്ശേരിയിൽ എത്തിയത്. ഞാനും ആനന്ദ് ജി അയ്യർ, അനീഷ് ചന്ദ്രൻ എന്നിവരും. ട്രെയിൻ മാർഗം ഞാൻ ചങ്ങനാശ്ശേരിയിലും, അവർ ഇരുവരും തിരുവനന്തപുരത്തേക്കും പോന്നു. ഇനിയും യാത്രകൾ പോകണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. എൻറെ ഈ സ്വപ്നതുല്യമായ യാത്രയെ ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത് ‘ഈശ്വരൻ തന്ന സമ്മാനം, ഈ ഗോവ യാത്ര’ എന്നാണ്.
സ്വപ്നം കണ്ടിട്ടുള്ള എന്നാൽ സ്വപ്നം പോലും കാണാൻ കഴിയാത്ത എനിക്ക് ഈ ഗോവ യാത്ര യാഥാർത്ഥ്യമാക്കി തന്ന ഈശ്വരൻ ചേട്ടന് എന്താണ് ഞാൻ തിരികെ നൽകേണ്ടത്? അറിയില്ല. നമ്മൾ ഇനിയും യാത്ര ചെയ്യും ഈശ്വരൻ അനുഗ്രഹിച്ചാൽ…