ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒന്നായിരിക്കും സ്‌കൂൾ – കോളേജ് ടൂറുകൾ. പണ്ടൊക്കെ മൂന്നാറും ഊട്ടിയും മൈസൂരുമൊക്കെയായിരുന്നു കോളേജ് ടൂറുകളുടെ പ്രധാന കേന്ദ്രം. എന്നാലിപ്പോൾ അതൊക്കെ മാറി മണാലിയും ഗോവയുമൊക്കെയാണ് നമ്മുടെ ന്യൂ ജനറേഷൻ പിള്ളേർ ടൂറുകൾക്കായി തിരഞ്ഞെടുക്കുന്നത്. ഇതിനെല്ലാം സപ്പോർട്ട് ചെയ്യുന്ന നല്ല കിടിലൻ അധ്യാപകരും പ്രിൻസിപ്പാളും മാനേജ്‌മെന്റും കൂടിയുണ്ടെങ്കിൽ പറയുകയേ വേണ്ട. കോളേജ് ടൂറുകളിൽ ഏറ്റവും അടിച്ചുപൊളിച്ചു കൊണ്ട് യാത്ര നടത്തുന്ന ടീമാണ് ബിടെക് മെക്കാനിക്കൽ വിഭാഗത്തിലെ കുട്ടികൾ. ‘റോയൽ മെക്ക്’ എന്നറിയപ്പെടുന്ന ഇവർ മറ്റാരേക്കാളും അൽപ്പം വ്യത്യസ്തമായായിരിക്കും ഓരോ പരിപാടികളും അറേഞ്ച് ചെയ്യുക.
പൊതുവെ കോളേജ് ടൂറുകൾ പോകുവാനായി പ്രൈവറ്റ് ടൂറിസ്റ്റ് ബസ്സുകളെയാണ് വിളിക്കാറുള്ളത്. വെറുതെയൊരു ടൂറിസ്റ്റ് ബസ് അയാൾ മാത്രം പോരാ. ബസ്സിൽ ഇടിമുഴക്കം ശബ്ദത്തോടു കൂടിയ മ്യൂസിക് സിസ്റ്റവും, ഡിജെ ക്ലബുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലേസർ, എൽ.ഇ.ഡി. തുടങ്ങിയ ലൈറ്റുകളും അതിൽ വേണം. ഇതൊക്കെ കണ്ടു ബോധ്യപ്പെട്ടാൽ മാത്രമേ കോളേജ് പിള്ളേർ ബസ് വാടകയ്ക്ക് ഉറപ്പിക്കൂ. ഇതുമൂലം തങ്ങളുടെ ബസ്സുകൾ മികച്ചവയാക്കുവാൻ ടൂറിസ്റ്റ് ബസ്സുകാർക്കിടയിലും കനത്ത മത്സരമായിരുന്നു. എന്നാൽ ടൂറിസ്റ്റ് ബസ്സുകളിൽ കാതടപ്പിക്കുന്ന പാട്ടുപെട്ടിയും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും പാടില്ലെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിയമം വന്നതോടെ അത് ടൂറിസ്റ്റ് ബസ്സുകാർക്കും ടൂർ പോകുന്ന കോളേജ് പിള്ളേർക്കും പാരയായി.
അങ്ങനെയിരിക്കെയാണ് വ്യത്യസ്തത വരുത്തുവാനായി ചില കോളേജുകളിലെ റോയൽ മെക്ക് ടീം ഒരു ആശയം കണ്ടെത്തിയത്. ടൂറിസ്റ്റ് ബസ്സുകളെ ഒഴിവാക്കി പകരം കെഎസ്ആർടിസി ബസുകൾ വാടകയ്ക്ക് എടുക്കുക. ടൂറിസ്റ്റ് ബസ്സുകളെ അപേക്ഷിച്ച് കെഎസ്ആർടിസി ബസ്സുകൾക്ക് വാടക അൽപ്പം കൂടുതലാണെങ്കിലും ട്രിപ്പ് എല്ലാവരും ശ്രദ്ധിക്കപ്പെടാൻ ഇത് മികച്ചയൊരു മാർഗ്ഗമാണെന്ന് വിദ്യാർഥികൾ മനസിലാക്കി. അവരുടെ കണക്കുകൂട്ടലുകൾ പിഴച്ചില്ല. റോയൽ മെക്കുകാരുടെ മണാലിയിലേക്കും ഗോവയിലേക്കുമൊക്കെയുള്ള ട്രിപ്പുകൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. കെഎസ്ആർടിസി ബസ് അലങ്കരിച്ചു രാജാവിനെപ്പോലെ എഴുന്നള്ളിക്കുന്നതായിരുന്നു ഇത് ഇത്രയും ശ്രദ്ധിക്കപ്പെടാനുള്ള പ്രധാന കാരണം. ബസ്സുകളുടെ ബോർഡിൽ മണാലിയും ഗോവയുമൊക്കെയാണ് എഴുതിയിരിക്കുന്നതെങ്കിലും ഈ ബസ്സിൽ അവിടെ വരെ പോകുവാൻ സാധിക്കില്ല. ഒരു രസത്തിനു വേണ്ടി കുട്ടികൾ ചെയ്യുന്നതാണ് ഇങ്ങനെയൊക്കെ.
എന്തായാലും സംഭവം ഹിറ്റായതോടെ ഇപ്പോൾ മിക്ക കോളേജുകളിലും ആനവണ്ടി തന്നെയാണ് താരം. ഏറ്റവുമൊടുവിൽ എസ്.സി.എം.എസ്. കോളേജിലെ വിദ്യാർത്ഥികൾ കെഎസ്ആർടിസി ബസ്സിനെ ആനയിച്ചുകൊണ്ടു വരുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ബസ്സിന്റെ ബോർഡിൽ ‘ഗോവ’ എന്നെഴുതിയും ബസ്സിനു മുന്നിൽ ‘ത്രിലോക ലീല’ എന്നെഴുതിയ ബാനർ വെച്ചുമാണ് ഇവർ ആഘോഷിച്ചത്. ചാലക്കുടി ഡിപ്പോയുടെ RPC 624 എന്ന ടാറ്റാ ഫാസ്റ്റ് പാസഞ്ചർ ബസ്സായിരുന്നു ഇവർ വാടകയ്ക്ക് എടുത്തത്. ഇതിനിടെ ബസ് ജീവനക്കാരും കുട്ടികളോടൊപ്പം ആഘോഷത്തിൽ പങ്കുചേർന്നതോടെ സംഭവം തകർത്തു. എന്തായാലും പുതു തലമുറയ്ക്കും കെഎസ്ആർടിസി ബസ്സുകൾ ഒരു ഹരമാണെന്നു ഈ സംഭവങ്ങളിലൂടെ വ്യക്തമാണ്. ഇടിമുഴക്കം പാട്ടുകൾ ഇല്ലെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകൾ ഇല്ലെങ്കിലും തങ്ങൾക്ക് മാസ്സ് കാണിക്കുവാൻ പറ്റുമെന്നു തെളിയിച്ചിരിക്കുകയാണ് ആനവണ്ടി എന്നറിയപ്പെടുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നായ കെഎസ്ആർടിസിയും.
വിവാഹം. ഉല്ലാസയാത്രകൾ തുടങ്ങിയവയ്ക്ക് കെഎസ്ആർടിസി ബസുകൾ വാടകയ്ക്ക് എടുക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് : https://bit.ly/2OhaQ3z .