സ്വകാര്യ ബസ് കണ്ടക്ടർമാരെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന മോശം ധാരണ മാറ്റുവാൻ ഇടയാക്കിയ ഒരു ബസ് യാത്രയും അതിലെ കണ്ടക്ടറും.. സിഞ്ചു മാത്യു നിലമ്പൂർ എന്ന യാത്രക്കാരന്റെ അനുഭവക്കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്ന് വായിക്കാം.
“സമയം രാവിലെ 7:30, നിലമ്പൂരിൽ നിന്നും ചുങ്കത്തറയിലേയ്ക്ക് യാത്രയ്ക്കായി ബസിൽ കയറി. ജനാലകൾക്കരികിൽ ഇരിക്കുന്ന പതിവ് മനസ്സിന് ഇഷ്ടമാണ്. ചുറ്റും നോക്കി ബസ്സിൽ നിറയെ ആൾക്കാർ. ഒരു സൈഡ് സീറ്റ് ഒപ്പിച്ച് ഇരുന്നു. നിറപുഞ്ചിരിയോടെ എന്റെ മുൻപിൽ കൈ നീട്ടി മറ്റാരുമല്ല നമ്മുടെ കഥാനായകൻ ബസ് കണ്ടക്ടർ. സത്യം പറയാലോ തിരിച്ച് ചിരിക്കാതെ കൈയിൽ കാശ് കൊടുത്ത് ഞാൻ മുഖംമാറ്റി. മറ്റൊന്നുമല്ല മനസ്സിൽ ഒരു ധാരണയുണ്ട് ഈ ബസ് കണ്ടക്ടർമാർ ഒന്നും ശരിയല്ല. എല്ലാം വായ് നോക്കികൾ.
പക്ഷേ കഥയുടെ രസം അതല്ല എന്റെ കൈയിൽ നിന്ന് പണം വാങ്ങി അദ്ദേഹം പോയി. ഓരോരോ യാത്രക്കാരോടും ചിരിച്ചു കൊണ്ട് പണം വാങ്ങുന്നു. കമ്പിയിൽ തൂങ്ങി കിടക്കുന്ന സ്കൂൾ കുട്ടികളോട് ചിരിച്ച് കൊണ്ട് “നിങ്ങൾ സീറ്റിൽ ഇരുന്നോ. യാത്രക്കാർ വരുമ്പോൾ എഴുന്നേറ്റ് കൊടുത്താൽ മതി.” അവർ അതി സന്തോഷത്തോടെ സീറ്റിൽ ഇരുന്നു. പ്രായമായവരോട് സൗഹൃദത്തോടെ പെരുമാറുന്നു. സീറ്റ് കിട്ടാത്തവർക്ക് സീറ്റ് ഒരുക്കി കൊടുക്കുന്നു. വാർദ്ദക്യത്തിൽ ഉള്ളവർ ബസിൽ കയറുമ്പോൾ കൈ പിടിച്ച് കയറ്റുന്നു. സ്ത്രീകളോടും പുരുഷൻമാരോടും മാന്യമായി പെരുമാറുന്നു. കൊച്ചു പെൺകുട്ടികളോട് വരെ ഒരു സഹോദരനെപ്പോലെ മാന്യൻ ആയി പെരുമാറുന്നു.
അനവധി ബസ് യാത്രകൾ ചെയ്തതിൽ വ്യത്യസ്തനായ ഒരു ബസ് കണ്ടക്ടറെ കണ്ടതിൽ സന്തോഷം. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത എന്റെ കേരളം ആയി കൊണ്ടിരിക്കുമ്പോൾ ചില മുൻ വിധികൾ ചിലർ മാറ്റി തരും. സ്കൂൾ കുട്ടികളോട് സിംഹം പോലെ പെരുമാറുന്ന കണ്ടക്ടർമാരെ അറിയാം. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന കണ്ടക്ടർമാരെ അറിയാം. വാർദ്ധക്യത്തിൽ ഉളളവരോട് കനിവില്ലാത്ത കണ്ടക്ടർമാരെ അറിയാം. ചില്ലറ കൊടുത്തില്ലെങ്കിൽ ദേഷ്യപ്പെടുന്ന കണ്ടക്ടർമാരെ അറിയാം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തനായ ഒരു മനുഷ്യൻ. പെണ്ണ് എന്ന് അറിഞ്ഞാൽ പിച്ചിച്ചീന്തുന്ന ലോകത്ത്, പേരറിയാത്ത ഒരു മനുഷ്യനെ കണ്ടപ്പം big Satute. Continue your work mister കണ്ടക്ടർ..”