എഴുത്ത് – അഡ്വ. ശ്രീജിത്ത് പെരുമന.
കാലീ – പീലി പ്രീമിയർ പദ്മിനി മുംബയിൽ നിന്നും വിടവാങ്ങുന്നു. കറുപ്പും മഞ്ഞയും നിറത്തിൽ 60 വർഷങ്ങളിലേറെയായി മുംബൈയുടെ ജീവനിലലിഞ്ഞ ടാക്സി കാറുകൾ 2020 ൽ പൂർണ്ണമായും പിൻവാങ്ങുമെന്നു ടാക്സി യൂണിയനുകൾ പ്രഖ്യാപിച്ചു.
പുതുതലമുറയുടെ ആഡംബരത്തിനു മുന്നിലാണ് പദ്മിനിക്ക് കാലിടറിയത്. തുടർന്ന് 2000 ത്തിൽ നിർമ്മാണം പൂർണമായും നിർത്തി ഇപ്പോൾ 22 വർഷങ്ങൾക്കിപ്പുറം മുംബൈയുടെ ഹൃദയത്തിൽ നിന്നും പദ്മിനി വിടവാങ്ങുകയാണ്.
പ്രീമിയര്‍ പദ്മിനി, ആ പേര് തന്നെ നല്‍കുന്നത് മനസ്സില്‍ എവിടെയോ ഗ്രഹാതുരത്വമാണ്. രാജ്യത്തെ മറ്റെവിടെയുള്ളതിനേക്കാളും കൂടുതല്‍ ഈ സുന്ദരി ഉണ്ടായിരുന്നത് മുംബൈ നഗരത്തില്‍ ആയിരുന്നു. 65000 ൽ അധികം പദ്മിനിമാർ മുംബൈ നഗരത്തെ അലങ്കരിച്ചിരുന്നു.
ആദ്യം ഫിയറ്റ് ടാക്‌സിയെന്ന് പേരില്‍ ഇറങ്ങിയിരുന്ന ഈ കാറുകള്‍ 1973-ലാണ് പ്രീമിയര്‍ പദ്മിനിയെന്ന പേരു സ്വീകരിച്ചത്. ഒരുകാലത്ത് ഇവളെ സ്വന്തമാക്കുക എന്നത് സ്വപ്‌നം കാണാത്തവര്‍ വളരെ ചുരുക്കം. വിരലിലെണ്ണാന്‍ മാത്രം കാറുകള്‍ നിരത്തിലുള്ളപ്പോള്‍ നാലാള്‍ കാണ്‍കെ പദ്മിനിയില്‍ വന്നിറങ്ങുമ്പോഴുള്ള ഗമ ഒന്നു വേറെ തന്നെയായിരുന്നു.
പ്രീമിയർ പദ്മിനി കാറില്‍ വന്നിറങ്ങുന്ന കൊച്ചമ്മമാര്‍ എഴുപതുകള്‍ക്കൊടുവിലും എണ്‍പതുകളുടെ ആദ്യത്തിലും പുറത്തിറങ്ങിയ മലയാള സിനിമകളില്‍ സാധാരണമായിരുന്നു. പദ്മിനി ഒരു റാണിയെ പോലെ റോഡുകളില്‍ വാണിരുന്ന കാലം ഉണ്ടായിരുന്നു.
ഇന്നത്തെ ബെന്‍സിനും ഔഡിയ്ക്കും തുല്യമായിരുന്നു ഒരിക്കല്‍ പദ്മിനി. കാലം മാറി. വിപണിയില്‍ പുതുവാഹനങ്ങളുടെ കുത്തൊഴുക്കായി. പദ്മിനി പതിയെ പിന്നിലേക്ക് എന്നോ തഴയപെട്ടു. പ്രീമിയര്‍ പദ്മിനി മുംബൈയുടെ മറ്റൊരു മുഖം തന്നെയായിരുന്നു എന്നു പറയാം. ജൂഹു ബീച്ചും, ഗേറ്റ് വേ ഓഫ് ഇന്ത്യയും, താജ് ഹോട്ടലും പോലെയായിരുന്നു പദ്മിനിയും. മുംബൈയുടെ മുഖമുദ്ര.
ബോംബെയെക്കുറിച്ചും അധോലോകത്തെക്കുറിച്ചും, ബോളിവുഡിനെക്കുറിച്ചും കേട്ടനാൾ മുതൽ മനസ്സിൽ ആദ്യം പതിഞ്ഞ ചിത്രം മഞ്ഞയും കറുപ്പും നിറമുള്ള സോപ്പുപെട്ടികൾ പോലുള്ള പ്രീമിയർ പദ്മിനിയെന്ന സുന്ദരിയെയാണ്. മുകളിൽ പറഞ്ഞതുപോലെ ജൂഹു ബീച്ചും, ഗേറ്റ് വേ ഓഫ് ഇന്ത്യയും, താജ് ഹോട്ടലും പോലെ മുംബൈയുടെ സൗന്ദര്യ തിളക്കമായിരുന്ന പദ്മിനി വിടവാങ്ങുമ്പോൾ അതൊരു ചരിത്രപരമായ വിടവാങ്ങലും ദുഖവുമാണ്.