എഴുത്ത് – പ്രകാശ് നായർ മേലില.
ഇന്ന് (12-10-2019) ഗൂഗിൾ ഹോം പേജ് കണ്ടവർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. ഹോം പേജിൽ അവർ ഒരു വനിതയുടെ രേഖാചിത്രം നൽകിയിരിക്കുന്നു. ഇത് കണ്ടവർ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാകും ഈ വനിത ആരാണെന്ന്. ശരിക്കും ആരാണിവർ? ഗൂഗിൾ എന്തിനാണ് അവരുടെ Doodle ഹോം പേജിൽ നൽകിയിരിക്കുന്നത്? അതിനുള്ള ഉത്തരമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പകർന്നു തരാൻ പോകുന്നത്.
ഗൂഗിൾ നൽകിയിരിക്കുന്ന രേഖാചിത്രം ‘കാമിനി റായി’യുടേതാണ്. 1864 ഒക്ടോബർ 12 നു ബംഗാളിലെ ‘ബേക്കർഗാംജു’ ജില്ലയിൽ ( ഇപ്പോഴത്തെ ബംഗ്ളാദേശ് ) ജനിച്ച അക്കാലത്തെ അറിയപ്പെട്ട ഒരു കവയത്രിയും സാമൂഹികപ്രവർത്തകയുമായിരുന്നു കാമിനി റായ്. ഇന്ന് അവരുടെ 155 മത് ജന്മദിനമായതിനാലാണ് ഗൂഗിൾ അവരുടെ ചിത്രം ഹോം പേജിൽ കൊടുത്തത്.
അവരുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള വിഷയം എന്തെന്നാൽ അവർ ബ്രിട്ടീഷ് ഭരണകാലത്ത് 1886 ൽ ഗ്രാജുവേറ്റ് ഓണേഴ്‌സ് ഡിഗ്രി കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ വനിതയായിരുന്നു എന്നതാണ്. കൽക്കത്ത യൂണിവേഴ്‌സിറ്റിയുടെ അധീനതയിലുണ്ടായിരുന്ന ബേത്തൂൺ കോളേജിൽനിന്നും അവർ സംസ്‌കൃതത്തിൽ ഡിഗ്രിക്കൊപ്പം ഓണേഴ്‌സും കരസ്ഥമാക്കുകയും തുടർന്ന് ആ കോളേജിൽ തന്നെ അദ്ധ്യാപി കയായി നിയമിതയാകുകയുമായിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കും അധികാരങ്ങൾക്കുമായി അവരെഴുതിയ കവിതകളാണ് കാമിനി റായിയെ കൂടുതൽ പ്രശസ്തയാക്കിയത്. സ്ത്രീകൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടവരല്ല എന്ന അഭിപ്രായം പല വേദികളിലും അവർ പറയാറുണ്ടായിരുന്നു. കാമിനി റായ് യുടെ 9 ൽപ്പരം കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1926 ൽ ബംഗാളിലെ സ്ത്രീകൾക്ക് ലെജിസ്ളേറ്റിവ് കൗൺസിലിലേക്കുള്ള വോട്ടവകാശം നേടിക്കൊടുത്ത പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അവർ. 30 മത്തെ വയസ്സിൽ കേദാർനാഥ് റോയിയെ വിവാഹം കഴിച്ചു. അതിൽ രണ്ടു ആണ്മക്കളുണ്ടായി. വിവാഹ ശേഷം കവിതാരചന പൂർണ്ണമായും ഉപേക്ഷിച്ച അവർ വീണ്ടും രചനയിലേക്കു തിരിച്ചു വരുന്നത് 1909 ൽ ഭർത്താവിന്റെയും മൂത്ത മകന്റെയും മരണശേഷമായിരുന്നു. ജീവിതാവസാനകാലം അവർ ബീഹാറിലെ ഹസാരി ബാഗിൽ താമസമായി. 1933 സെപ്റ്റംബർ 27 നു ഹസാരി ബാഗിൽ വെച്ച് അവർ നിര്യാതയായി.
സ്ത്രീശാക്തീകരണത്തിനു വേണ്ടി നിലകൊണ്ട കാമിനി റായിയെ നാടും നാട്ടുകാരും മറന്നെങ്കിലും ഗൂഗിൾ മറന്നില്ല. അതാണ് സർവ്വജ്ഞാനിയായ സാക്ഷാൽ GOOGLE. സ്ത്രീസ്വാതന്ത്ര്യത്തിനായി സദാ കർമ്മനിരതയായിരുന്ന കാമിനി റായിയുടെ സമൂഹത്തിനുനേരെയുള്ള പ്രസക്തമായ ചോദ്യം ഇന്നും അർത്ഥവത്താണ്. “Why should a woman be confined to home and denied her rightful place in society?”