എഴുത്ത് – Lijaz AAmi.

ഏവരും മനസ്സിന്റെ അകത്തട്ടിൽ സൂക്ഷിച്ച് വെച്ചിരിയ്ക്കുന്ന മൊഹബ്ബത്താണ് യാത്ര. യാത്ര നമുക്ക് സമ്മാനിക്കുന്നത് ജീവിതത്തിലെ ഓർമകളെ കൊണ്ടുനടക്കാനുള്ള കുറച്ച് അനുഭവങ്ങളായിരിയ്ക്കും. ആ അനുഭവങ്ങളിലൂടെ നീന്തിത്തുടിയ്ക്കുന്ന ചെറു മീനുകളായി നമുക്കിരിയ്ക്കാം. യാത്ര, അത് ചെറുതാണെങ്കിലും, വലുതാണെങ്കിലും, അതൊരു തേടലാണ്, കണ്ടെത്തലുകളാണ്. ചിലപ്പോൾ അത് നമ്മെ വിസ്മയിപ്പിയ്ക്കും, ചിലപ്പോൾ അത് നമ്മുടെ ദുഃഖങ്ങളെ അടിച്ചമർത്തി ആനന്ദത്തിൽ ആറാടിയ്ക്കും.

തമിഴിന്റെ കാറ്റും, കന്നഡയുടെ കോടയും, മലയാളക്കരയുടെ മഴയും കൂട്ടുകൂടുന്ന ഗോപാൽ സ്വാമി ഹിൽസിലേക്ക്. ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും, വ്യത്യസ്ത അനുഭൂതിയും അനുഭവങ്ങളുമാണ് ഓരോ തവണ പോകുമ്പോഴും ഇവിടം ലഭിയ്ക്കാറ്. കാരണം ഓരോ യാത്രയും തരുന്ന കാഴ്ച്ചയും അനുഭവങ്ങളും വ്യത്യസ്തമാണ്. പുഴയിലെ വെള്ളം എപ്പോഴും മാറിവരുന്നതിനാല്‍ ഒരു പുഴയും നമ്മള്‍ രണ്ടാമത് കാണില്ല എന്ന് പറയുന്നത് പോലെ, എന്നും സഞ്ചരിക്കുന്ന വഴിയാണെങ്കിലും, അവിടം നൽകുന്ന കാഴ്ചകളും അനുഭൂതിയും
മാറിക്കൊണ്ടേയിരിക്കും.

കർണ്ണാടകയിൽ ഗുണ്ടൽപേട്ടിന് സമീപം ബന്ദിപ്പൂർ ടൈഗർ റിസർവിനകത്ത് സ്ഥിതി ചെയ്യുന്ന ഗോപാൽസ്വാമി ബേട്ട കോടമഞ്ഞും, കാറ്റും, മഴയും, തണുപ്പുമൊക്കെ നിറഞ്ഞ വ്യത്യസ്ഥമായ കാലാവസ്ഥയുള്ള സ്ഥലമാണ്. മറ്റൊരു പ്രത്യേകതയെന്തെന്നാൽ മൂന്നു സംസ്ഥാനങ്ങളുടെ ഇടതൂർന്ന വനങ്ങൾ മുഴുവനും നമ്മുടെ കാൽചുവട്ടിലെന്ന പോലെ നമുക്കു ഇവിടെനിന്നും കൺകുളിർമയോടെ വീക്ഷിക്കാം.

ഗോപാൽസ്വാമി ബെട്ട രാവിലെ സന്ദർശിക്കുന്നതാണ് ഉചിതം. ഒട്ടുമിക്ക സമയത്തും കോടമഞ്ഞണിഞ്ഞു കൊണ്ടായിരിക്കും ഇവിടം ചുറ്റപ്പെട്ട മലനിരകളുടെ നിൽപ്. അതിരാവിലെയാണ് സന്ദർശിയ്ക്കുന്നതെങ്കിൽ ഉല്ലസിച്ച് മേഞ്ഞുനടക്കുന്ന ആനക്കൂട്ടങ്ങളെയും കാണാം. മുത്തങ്ങ ഗുണ്ടൽപ്പേട്ട വഴിയാണ് വരുന്നതെങ്കിൽ ഗുണ്ടൽപ്പേട്ടയിൽ നിന്ന് പത്ത് കിലോമീറ്റര്‍ പോയാല്‍ ഹങ്കളയാണ്. ഇവിടെ നിന്നാണ് ഗോപാൽ സ്വാമി ബെട്ടയിലേക്ക് തിരിയേണ്ടത്. ഇവിടെനിന്നും മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്ര കാഴ്ചകൾ മനസ്സിനും കണ്ണിനും കുളിർമയേകും.

AD 1315 ല്‍ ചോളരാജാക്കന്മാരുടെ കാലത്ത് നിർമിക്കപ്പെട്ടതാണു ഈ ക്ഷേത്രം എന്നു ചരിത്രങ്ങൾ പറയുന്നു. ഓടക്കുഴലുമായി നിൽക്കുന്ന ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. പ്രത്യേക പൂജകളും വഴിപാടുകളുമായി അതിരാവിലെ തന്നെ ക്ഷേത്രമുണരും. ദർശനത്തിനായി വരുന്ന തീർത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകൾ മലമുകളിൽ നിന്നും കാണാം. ഇവിടെയെത്തുന്ന തീർത്ഥാടകർക്ക് കഞ്ഞിയാണ് പ്രസാദം. വഴിപാടുപോലെ കഞ്ഞി കഴിച്ചാണ് സഞ്ചാരികളിൽ ഏറെ പേരുടെ മടക്കവും. രാവിലെ 8.30മുതൽ വൈകിട്ട് 4 മണി വരെ മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.

മിക്കപ്പോഴും മഞ്ഞിനിടയിൽ കൂടെ മാത്രമേ ഗോപാൽ സ്വാമി ബെട്ടയെ കാണാൻ കഴിയൂ. ചുറ്റിലും പുൽമേടുകളും കാടുകളും ഉള്ളതിനാൽ ഏതു സമയവും വന്യജീവികൾ മുന്നിൽ വന്നുപെടാം. അമ്പലത്തിന് ചുറ്റും വൈദ്യുത കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കടന്ന് ആനകളെത്തും. ആനക്കൂട്ടങ്ങളെ നേരിടുന്നതിന് വനംവകുപ്പ് സുരക്ഷ ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

പൊള്ളുന്ന കർണാടകയിലെ കാലവസ്ഥയിൽ നിന്നും വ്യത്യസ്തമാണ് ഈ മലമുകളിലെ അന്തരീക്ഷം. തൊട്ടടുത്ത തമിഴ്‌നാട്ടിലെ നീലഗിരിയിൽ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാൽസ്വാമി ബേട്ടയെ കുളിരു പുതപ്പിക്കുന്നത്. ഒരു കാലത്ത് ചന്ദന കള്ളക്കടത്തുകാരൻ വീരപ്പന്റെ സന്ദർശനം കൊണ്ട് ഈ ക്ഷേത്രം വാർത്തകളിൽ ഇടം തേടിയിരുന്നു.

ഗുണ്ടൽപേട്ടയ്ക്ക് അസ്തമയം ആകുമ്പോയേക്കും സഞ്ചാരികളും, ബസ്സുകളും ഒരോന്നായി മലയിറങ്ങുന്നു. തണുപ്പ് മലകളെ മൂടുമ്പോൾ ക്ഷേത്രം വാതിലുകൾ അടയുന്നു. സന്ധ്യയായാൽ പൂജ കഴിഞ്ഞ് പൂജാരിയും ഇറങ്ങുന്നതോടെ വന്യജീവികളുടെ താവളമായി ഇവിടം മാറുന്നു. പിറ്റേന്ന് പുലരുന്നതോടെ മാത്രമാണ് വീണ്ടും സഞ്ചാരികൾ എത്തി തുടങ്ങുമ്പോൾ ഇവയെല്ലാം ഇവിടെ നിന്നും പിൻവാങ്ങുകയുള്ളു.

കണ്ടതെല്ലാം മനോഹരം. ഇനി കാണാനിരിക്കുന്നതും അതിമനോഹരം. ഭൂമിയിൽ സ്വർഗ്ഗമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാം. യാത്രയിലോ അല്ലാതെയോ നന്മനിറഞ്ഞ മനസ്സോടെ നമ്മൾ കാണുന്ന കാഴ്ചകളെല്ലാം സ്വർഗ്ഗതുല്യമാണ്. യാത്ര ചെയ്യാൻ എപ്പോഴും അവസരം കാത്തിരിക്കുന്നവരോട് പറയട്ടെ, ഓരോ യാത്രയും, അത് ചെറുതാണെങ്കിലും, വലുതാണെങ്കിലും, അനുഭവങ്ങളുടെ നിധികുംഭമാണ്. വാർധക്യകാലത്ത് സംതൃപ്തിയോടെ അയവിറക്കാനുള്ള ഓർമ്മകളുടെ ഒടുങ്ങാത്ത കലവറയാണ് നിങ്ങൾ യാത്രകളിലൂടെ ശേഖരിച്ചുവയ്ക്കുന്നത്. അതുകൊണ്ട് ഈ ചോദ്യം എപ്പോഴും ചോദിച്ചുകൊണ്ടിരിക്കാം “സ്വപ്ന സഞ്ചാരികളേ നമുക്ക് ഒരു യാത്ര പോയാലോ”?

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.