ലോക്ക്ഡൗൺ വന്നതോട് കൂടി ഓടാനാവാതെ കട്ടപ്പുറത്തിരുന്ന പ്രൈവറ്റ് ബസ്സുകൾക്ക് ഒടുവിൽ ശാപമോക്ഷം. അടുത്ത ദിവസം മുതൽ അവയ്ക്ക് ഓടിത്തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചിരിക്കുകയാണ്. പക്ഷേ അത്രയ്ക്ക് ആശ്വസിക്കാനുള്ള വകുപ്പില്ല. കാരണം മറ്റൊന്നുമല്ല, ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിലാകും ബസ് സർവീസ് നടത്തുക. അതായത് രജിസ്‌ട്രേഷൻ നമ്പർ ഒറ്റയക്ക നമ്പറുകളിൽ അവസാനിക്കുന്ന ബസുകൾ ഒരു ദിവസവും ഇരട്ടയക്ക നമ്പറിൽ അവസാനിക്കുന്ന ബസുകൾ അടുത്ത ദിവസവും ആയിരിക്കും സർവ്വീസ് നടത്തുക.
ജൂൺ 18 നു ഒറ്റയക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്താനാണ് അനുമതിയുള്ളത്. അടുത്ത തിങ്കള്‍ (ജൂണ്‍ 21), ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഒറ്റയക്ക ബസുകള്‍ വേണം നിരത്തില്‍ ഇറങ്ങാന്‍.
യാതൊരു വിധ ബസ് സർവ്വീസുകളും ശനിയും ഞായറും സർവീസ് നടത്തരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച സർവീസുകൾ നടത്തരുതെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം തിരുമാനത്തിനെതിരേ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുകയാണ്. അഞ്ച് ദിവസവും സര്‍വീസ് നടത്തിയാല്‍ പോലും കാര്യമായ വരുമാനമില്ലാത്ത സാഹചര്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ഇതുമായി സഹകരിക്കുവാൻ മുദ്ധിമുട്ടാണെന്നും സംഘടന അറിയിച്ചിരിക്കുകയാണ്.
എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും, അതിനാലാണ് അത്തരം ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും, തുടർന്ന് ഇതിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതിന് പിന്നാലെ കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകൾ സർവീസ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളും സർവീസ് ആരംഭിച്ചു.