ലേഖകൻ – വിനോദ് പദ്മനാഭൻ.

ഇസ്രായേൽ മണ്ണിൽ ജ്വലിക്കുന്ന, ഇന്ത്യയുടെ അഭിമാനമാണ് ഹൈഫ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഹൈഫയുടെ ഓരോ മണൽത്തരിക്കും പറയാനുണ്ടാവും ഇന്ത്യൻ പടയാളികളുടെ പോരാട്ടവീര്യത്തിന്റെ കഥ.

നാനൂറു വർഷങ്ങളായി ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഹൈഫ, സ്വാതന്ത്രത്തിന്റെ വെളിച്ചം കണ്ടത് 1918 സെപ്റ്റംബർ 23 നാണ്. കരുത്തരായ ഓട്ടോമൻ തുർക്കി സൈന്യത്തെയും ജർമ്മൻ പട്ടാളത്തെയും കീഴ്പെടുത്തിയത് ഇന്ത്യൻ നാട്ടുരാജ്യങ്ങളായ ജോധ്പൂരിന്റെയും മൈസൂരിന്റെയും കുതിരപ്പടയാളികളായിരുന്നു. കുന്തവും വാളും മാത്രം കൈമുതലായ അവർ പീരങ്കികളും യന്ത്രത്തോക്കുകളും കളിക്കോപ്പുകൾ പോലെയാണ് നേരിട്ടത്. തീ തുപ്പുന്ന തോക്കുകൾക്ക് കുതിച്ചു പാഞ്ഞെത്തിയ കുതിരപ്പടയെ തടഞ്ഞു നിർത്താനായില്ല.

ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ കീഴിൽ യുദ്ധം ചെയ്തു കൊണ്ടിരുന്ന മൂന്ന് നാട്ടുരാജ്യങ്ങളായിരുന്നു ജോധ്‌പൂരും, മൈസൂരും, ഹൈദരാബാദും. അതിൽ മൈസൂരും ജോധ്‌പൂരും നേരിട്ടുള്ള യുദ്ധത്തിൽ പങ്കെടുത്തപ്പോൾ ഹൈദരാബാദ് പിന്നിൽ നിന്ന് കരുത്തേകി. വാർത്താ വിനിമയവും, പരിക്കേറ്റ സൈനികരെ ചികിൽസിക്കുന്നതും ഹൈദരാബാദിന്റെ കടമയായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ ഓട്ടോമൻ സാമ്രാജ്യത്തെയും ജർമൻ പടയാളികളെയും തുരത്തി ഹൈഫയെ സ്വാതന്ത്രമാക്കിയതാണ് ഇന്ത്യ ഇസ്രായേലിനു (സാങ്കേതികമായി ഇസ്രായേൽ എന്ന രാജ്യം അന്ന് സ്ഥാപിതമായിട്ടില്ല) നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം.

ചരിത്രത്തിലെ ഏറ്റവും മികച്ചതും ഒടുവിലത്തേതും എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയ അശ്വയുദ്ധത്തിൽ അസംഖ്യം തുർക്കി,ജർമ്മൻ പടയാളികൾ വധിക്കപ്പെടുകയും ആയിരക്കണക്കിനു പേർ ഇന്ത്യൻ സൈന്യത്തിന്റെ തടവിലാവുകയും ചെയ്തു. നേട്ടത്തിനൊടുവിൽ ഇന്ത്യൻ പക്ഷത്ത്‌ നിന്നും 8 സൈനികരും അറുപതോളം കുതിരകളും കൊല്ലപ്പെട്ടു. ഹൈഫയെ മോചിപ്പിച്ചുവെങ്കിലും ജോധ്പൂരിന്റെ സൈനിക മേധാവിയായ മേജർ ദൽപത്‌ സിംഗ്‌ ഷെഖാവത്ത്‌ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഹൈഫക്ക്‌ വേണ്ടി പൊരുതി വീണ ഷെഖാവത്താണ് “ഹൈഫ യുദ്ധ”ത്തിന്റെ വീരനായകനായി അറിയപ്പെടുന്നത്..

1930 ൽ സ്ഥാപിതമായ തീൻ മൂർത്തി ഭവന്, ആ പേര് നൽകാൻ കാരണം ഈ മൂന്ന് നാട്ടുരാജ്യങ്ങളോടുള്ള ബഹുമാനാർത്ഥമായിരുന്നു. ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റു, പ്രധാനമന്ത്രി പദത്തിലേറി മരണം വരെയുള്ള കാലഘട്ടം ഇവിടെ ആയിരുന്നു ചിലവഴിച്ചത്.

കാതങ്ങൾക്കപ്പുറത്ത് ഇന്ത്യൻ പട നേടിയെടുത്ത വിജയത്തിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും സെപ്റ്റംബർ 23 നു ഇന്ത്യൻ സൈന്യം ഹൈഫ ദിനമായി ആചരിക്കുന്നു. ഡൽഹി നഗരത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലൊന്നായ തീൻ മൂർത്തി ചൗക്ക് റോഡ്, ഇപ്പോൾ തീൻമൂർത്തി ഹൈഫ ചൗക്ക് റോഡ് എന്നാണറിയപ്പെടുന്നത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ചരിത്ര ബന്ധത്തിന്റെ നൂറാം വാർഷികസ്മരണ പുതുക്കുന്ന വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചപ്പോൾ ആണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഇസ്രായേൽ മണ്ണിലെ ഇന്ത്യൻ വിജയഗാഥയുടെ നഷ്ടപെട്ട ശേഷിപ്പുകളായി ഒരു സിമിത്തേരി ഇസ്രായേലിൽ ഇന്നും നിലനിൽക്കുന്നു. പോർക്കളത്തിൽ പൊലിഞ്ഞു വീണ ധീരന്മാർക്കായി ഹൈഫയുടെ മണ്ണിൽ ഒരിടം കാത്തു വെച്ചിരിക്കുന്നു. തനിക്കു വേണ്ടി പൊരുതി വീണ വീരന്മാർക്കായി ഹൈഫയുടെ ആത്മാവിൽ നിന്നും സമർപ്പിതമായൊരിടം. ബഹായ്‌ മതക്കാരുടെ ആഗോള തീർത്ഥാടന കേന്ദ്രവും കൂടിയാണ് ഹൈഫ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.