വടക്കൻ കേരളത്തിലെ പ്രൈവറ്റ് ബസ്സുകളെല്ലാം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്ന വ്യത്യാസങ്ങളില്ലാതെ നല്ല രീതിയിൽ അലങ്കരിച്ചുകൊണ്ട് സർവ്വീസ് നടത്തുന്നതായി കാണാം. എന്നാൽ കെഎസ്ആർടിസിയുടെ കാര്യമെടുത്താലോ? ചോദ്യം കേൾക്കുന്ന ആളുകളുടെ മുഖം ചുളിയും. കാരണം കെഎസ്ആർടിസി എന്നാൽ നിറം മങ്ങിയ, വൃത്തിയില്ലാത്ത വണ്ടികൾ എന്നാണു ചിലരെല്ലാം മനസ്സിൽ കരുതിയിരിക്കുന്നത്.

എന്നാൽ പ്രൈവറ്റ് ബസ്സുകളോട് കിടപിടിക്കുന്ന, ഓർഡിനറി അടക്കമുള്ള ബസ്സുകൾ കെഎസ്ആർടിസിയിലുമുണ്ട് എന്ന സത്യം അധികമാരും അറിയുന്നില്ല. കെഎസ്ആർടിസിയിലെ അലങ്കാരപ്പണികളോടു കൂടിയ പ്രശസ്തമായ ഓർഡിനറി ബസ് തിരുവല്ല ഡിപ്പോയിലെ RNA 70 ആയിരുന്നു. ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് മറ്റൊരു ഓർഡിനറി താരം കൂടി വന്നിരിക്കുകയാണ്.

ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ ഓർഡിനറി ബസ്സായ RSA 220 ആണ് ഇന്ന് യാത്രക്കാരെയും ആനവണ്ടിപ്രേമികളെയും ഒരേപോലെ വിസ്മയിപ്പിച്ചിരിക്കുന്നത്. ഒരു കെഎസ്ആർടിസി ബസ്സിൽ സങ്കൽപ്പിക്കാൻ കഴിയുന്നതിലുമപ്പുറമാണ് ഈ ബസ്സിൽ തയ്യാറാക്കിയിരിക്കുന്നത്.

മ്യൂസിക് സിസ്റ്റം, അഴുക്കും പൊടിയും പിടിക്കാത്ത സീറ്റുകൾ, ഡ്രൈവർ കാബിനിൽ തൂങ്ങിക്കിടക്കുന്ന കിന്നരികൾ, ബസ്സിനു മുന്നിൽ താഴ്ഭാഗത്തായി തൂങ്ങിക്കിടക്കുന്ന ചങ്ങലകൾ, വീൽ കപ്പോടു കൂടിയ ടയറുകൾ, മുന്നിലും പിന്നിലുമായി എൽ.ഇ.ഡി. ലൈറ്റുകൾ ഉൾപ്പെടെ വിവിധതരം അലങ്കാരങ്ങൾ… അങ്ങനെ പോകുന്നു RSA 220 ൻ്റെ പ്രത്യേകതകൾ.

ഈ അലങ്കാരങ്ങളെല്ലാം കെഎസ്ആർടിസി സ്വയം സെറ്റ് ചെയ്തതാണെന്നു വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം പ്രസ്തുത ബസ്സിലെ ഡ്രൈവറായ തോട്ടപ്പള്ളി വേലഞ്ചിറ ഗിരി ഗോപിനാഥ് ആണ് ഇതിനു പിന്നിൽ. സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്തു ചെലവാക്കിയാണ് ഗിരി തൻ്റെ ഡ്യൂട്ടി ബസ്സായ RSA 220 നെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡ്യൂട്ടി ദിവസങ്ങളിൽ പുലർച്ചെ തന്നെ ഡിപ്പോയിൽ എത്തുന്ന ഡ്രൈവർ ഗിരി ബസ് സ്വയം കഴുകി വൃത്തിയാക്കിയതിനു ശേഷമാണ് അലങ്കാരപ്പണികൾ ചെയ്തു ബസ്സിനെ കുട്ടപ്പനാക്കുന്നത്.

അലങ്കാരത്തോടെയുള്ള ബസ്സിന്റെയും, സാരഥിയുടെയും വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെടുകയും, വൈറൽ ആകുകയുമുണ്ടായി. ഇതോടെ RSA 220 ബസ്സും, സാരഥി ഗിരിയും പ്രശസ്തരായി മാറുകയും ചെയ്‌തു. ശമ്പളം കിട്ടാതെ ജോലിയെടുക്കേണ്ട അവസ്ഥയിലാണെങ്കിലും സ്വന്തം ജോലിയെയും, ജോലി ചെയ്യുന്ന ബസ്സിനെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഗിരിയെപ്പോലുള്ള തൊഴിലാളികളാണ് ഇന്നും കെഎസ്ആർടിസിയെ ജനപ്രിയമാക്കി നിലനിർത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.