ദിനംപ്രതി റോഡപകടങ്ങൾ വർദ്ധിച്ചു വരികയാണ്. നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയാണെങ്കിൽ പരിതാപകാരവുമാണ്. കൂടാതെ ട്രാഫിക് നിയമങ്ങൾ ഇപ്പോൾ കർശനമാക്കുകയും ചെയ്തു. “ആദ്യം റോഡ് നന്നാക്കട്ടെ, എന്നിട്ട് ഞങ്ങൾ ഹെൽമറ്റ് വെക്കാം” എന്നു പറയുന്നവരുടെ കണ്ണു തുറപ്പിക്കുകയാണ് ഒരു പോലീസ് ഓഫീസറുടെ വീഡിയോ. മലപ്പുറം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഫിലിപ്പ് മമ്പാട് ആണ് വ്യത്യസ്തമായ ബോധവൽക്കരണ വീഡിയോ സമൂഹത്തിനു മുന്നിൽ ഷെയർ ചെയ്തിരിക്കുന്നത്.
മലപ്പുറം പോലീസ് സ്റ്റേഷന്റെ പിന്നാമ്പുറത്തു പല അപകടങ്ങളിൽപ്പെട്ട ഇരുചക്രവാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായി കാണാം. ഈ വാഹനങ്ങൾ ഓടിച്ചിരുന്ന പലരും ഇന്ന് ജീവനോടെയില്ല എന്ന ഞെട്ടിക്കുന്ന സത്യം അദ്ദേഹം വീഡിയോയിലൂടെ പറയുകയാണ്. അവരിൽ ഭൂരിഭാഗവും തലയിൽ ഹെൽമറ്റ് വെക്കാതിരുന്നതിനാലാണ് മരണപ്പെട്ടത്. പോലീസിന്റെ പിഴയിൽ നിന്നും രക്ഷപ്പെടാൻ വിലയും ക്വാളിറ്റിയും കുറഞ്ഞ ഹെൽമെറ്റുകൾ ധരിച്ചവരും ഈ കൂട്ടത്തിലുണ്ട്. അതിലൊരു ഹെൽമറ്റ് എടുത്ത് ഉദാഹരണ സഹിതം വിവരിക്കുന്നുണ്ട് ഈ പോലീസ് ഉദ്യോഗസ്ഥൻ.
രണ്ടു വ്യക്തികൾ നടന്നു പോകുമ്പോഴോ ഓടുമ്പോഴോ കൂട്ടിയിടിച്ചാൽ അതിൻ്റെ ആഘാതമായി തലയിൽ ചിലപ്പോൾ മുഴച്ചു വരുന്നതായി കാണാം. ഇത്തരത്തിൽ ആളുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ശരാശരി വേഗത 8 മുതൽ 11 കിലോമീറ്റർ വരെയായിരിക്കും. എന്നാൽ ഇതേ വ്യക്തികൾ മോട്ടോർസൈക്കിളിൽ ആണെങ്കിൽ ശരാശരി വേഗത ചിലപ്പോൾ 70 – 80 കിലോമീറ്റർ ഒക്കെയായിരിക്കും. എഴുപത് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വ്യക്തി എതിരെ വരുന്ന എഴുപത് കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വ്യക്തിയുമായി കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം എത്ര വലുതായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെയാണ് ഹെൽമറ്റിന്റെ പ്രാധാന്യം.
ചിലർ പറയാറുണ്ട് ഹെൽമെറ്റിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ആണ് തെർമോക്കോൾ ആണ് എന്നൊക്കെ. എന്നാൽ മികച്ച ക്വാളിറ്റിയുള്ള ഒരു ഹെൽമറ്റിനകത്ത് പോളിസ്റ്ററിംഗ് ഫോം ലൈനർ എന്ന ഇലാസ്തിക സ്വഭാവമുള്ള ഒരു മെറ്റീരിയൽ ആയിരിക്കും ഉണ്ടായിരിക്കുക. ഇടി നടക്കുന്ന സമയത്ത് ഈ മെറ്റീരിയൽ തിരികെ അതിൻ്റെ പൂർവ്വസ്ഥിതിയിലേക്ക് മാറുകയും തലയെ സംരക്ഷിക്കുകയും ചെയ്യും. ഇടിയുടെ ആദ്യ സെക്കൻഡിൽ സംഭവിക്കുന്ന പ്രൈമറി ഇൻജുറികളും പിന്നീടുണ്ടാകുന്ന പരിക്കുകളും കൂടുതൽ അപകടകരമാവാതിരിക്കാൻ ഹെൽമറ്റ് കൃത്യമായി ധരിക്കുന്നതു സഹായിക്കുമെന്നു ഡോക്ടർമാർ വരെ പറയുന്നു.
ഇന്ത്യയിൽ റോഡപകടമരണം സംഭവിക്കുന്നതിൽ മൂന്നിൽ ഒന്ന് മോട്ടോർസൈക്കിൾ യാത്രികരാണ്. കേരളത്തിൽ 2015 ൽ 39,014 അപകടം സംഭവിച്ചതിൽ 31,614 എണ്ണവും മോട്ടോർസൈക്കിൾ അപകടങ്ങളാണ്. 1,330 പേരാണ് ഈ അപകടങ്ങളില്‍ മരണമടഞ്ഞത്. 14,858 പേര്‍ മാരകമായി പരുക്കു പറ്റി ജീവച്ഛവങ്ങളായി കഴിയുന്നു. ശരിയായവിധം ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിൽ ഇതിൽ ഭൂരിഭാഗവും രക്ഷപ്പെടുമായിരുന്നു.
ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നതിലുപരി ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് ഫിലിപ്പ് മമ്പാട്. സ്‌കൂൾ വിദ്യാർത്ഥികൾക്കായി ധാരാളം ബോധവൽക്കരണ ക്ലാസ്സുകളും അദ്ദേഹം എടുക്കുന്നുണ്ട്. പ്രസ്തുത വീഡിയോ അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ധാരാളമാളുകൾ കാണുകയും ഷെയർ ചെയ്യുകയുമുണ്ടായി. അങ്ങനെ വീഡിയോ മൊത്തത്തിൽ വൈറലായി മാറുകയായിരുന്നു. വീഡിയോയിൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരായ ബൈജു, രതീഷ് എന്നിവരും ഉണ്ട്.
വീഡിയോയുടെ അവസാനം അദ്ദേഹം പറയുന്നത് ഇപ്രകാരമാണ് “നിങ്ങളിപ്പോൾ പലതും ചിന്തിക്കുന്നുണ്ടാകാം. ചിന്തിക്കുന്നത് തല കൊണ്ടാണ്, ആ ചിന്ത തുടർന്നങ്ങോട്ട് വേണമെങ്കിൽ മുഖവും തലയും സംരക്ഷിക്കുന്ന ഹെൽമറ്റ് ധരിക്കണം. അതുകൊണ്ട് ഇത് തലയിൽ ഇട്ടോളൂ.. നിങ്ങളുടെ യാത്രകൾ ശുഭകരമാകട്ടെ..”