വിവരണം – Dhaneesh Pk Dhanyam.
കഴിഞ്ഞ ദിവസം വന്ന മോട്ടോർ വാഹനവകുപ്പിന്റെ പുതിയ നിയമപ്രകാരമുള്ള ഹെൽമെറ്റ് ഇല്ലാതെ ടു വീലർ ഓടിച്ചാലുള്ള പിഴ കൂട്ടിയതും പുറകിൽ ഇരിക്കുന്ന ആൾക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോകെ പത്രത്തിലും സോഷ്യൽ മീഡിയയിലൊക്കെ കണ്ടപ്പോഴാണ് ഹെൽമെറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് എനിക്കുണ്ടായ ഒരു അനുഭവം നിങ്ങളോടു പറയാൻ എന്നെ പ്രേരിപ്പിച്ചത്.
8 വർഷത്തോളം തുടർച്ചയായി ബൈക്ക് ഓടിക്കുന്ന വ്യക്തിയാണ് ഞാൻ. ഈ സംഭവം നടന്നിട്ട് ഏകദേശം 5 വർഷത്തിലധികമായി. എന്റെ ഭാര്യ ഗർഭിണിയായി ഇരിക്കുന്ന സമയം. സാമ്പത്തികമായി വലിയ നിലയിലൊന്നുമല്ലാത്ത എനിക്ക് ബൈക്ക് അല്ലാതെ കാർ ഒന്നും എടുക്കാൻ അന്നത്തെ അവസ്ഥയിൽ പറ്റില്ലായിരുന്നു. അതിനാൽ എന്റെയും ഭാര്യയുടെയും എല്ലാ യാത്രകളും എന്റെ ബൈക്കിൽ ആയിരുന്നു. ഗർഭിണിയായിരിക്കുന്ന സമയത്തൊക്കെ ഹോസ്പിറ്റലിലോക്കെ പോകാൻ ഞങ്ങൾ ബൈക്ക് തന്നെയായിരുന്നു എപ്പോളും ഉപയോഗിച്ചിരുന്നത്.
Bike യാത്ര വളരെ റിസ്ക്ക് ആണെന്നറിയാം. എന്നിരുന്നാലും അതൊഴിവാക്കിയിരുന്നില്ല. ബൈക്കിൽ എപ്പോൾ പോകുമ്പോളും ഹെൽമെറ്റ് വെക്കാതെ ഞാൻ ഒരിക്കലും പുറത്തിറിങ്ങിയിരുന്നില്ല. കാരണം ഞാൻ തലശ്ശേരിയിലെ പ്രമുഖ ഹോസ്പിറ്റലായ ഇന്ദിരാഗാന്ധി co.op ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്മെന്റിൽ നഴ്‌സായി വർക്ക് ചെയ്യുകയായിരുന്നു. ആക്സിഡന്റ് കേസ് വരാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. അതിൽ കൂടുതൽ ബൈക്ക് ആക്സിഡന്റ്. 99% ഹെൽമെറ്റ് ഇടാതെ യുള്ള യാത്രക്കാർ. പരിക്കാണെങ്കിലോ കൂടുതലും തലയ്ക്കു തന്നെ.
അന്നൊക്കെ ആക്സിഡന്റ് ആയി വരുന്ന എല്ലാവരോടും അവിടെ വർക്ക് ചെയ്യുന്ന ഡോക്ടർസ് നഴ്സുമാർ മറ്റുള്ള എല്ലാ ജീവനക്കാരും ഹെൽമെറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു കൊടുക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഇതൊക്കെ അറിയുന്ന ഞാൻ എപ്പോളും ഹെൽമെറ്റ് ഉപയോഗിച്ച ബൈക്ക് ഓടിക്കാറുണ്ടായിരുന്നുള്ളു. അങ്ങനെ എന്റെ ജീവിതത്തിൽ നടന്ന എന്റെ പുനർജന്മമാണ് ഞാൻ പറയുന്നത്.
എന്റെ ഭാര്യയും നഴ്‌സായിരുന്നു. പ്രേഗ്നെന്റ ആയ സമയത് അവൾ ഡ്യൂട്ടിക്ക് പോയിരുന്നില്ല. എന്നിരുന്നാലും വീട്ടിൽ വെറുതെ ഇരിക്കാൻ മടിയായതു മടിയായതു കൊണ്ട് അവൾക്കു DHA യുടെ കോച്ചിങ് ക്ലാസിനു പോകണം എന്നു ആഗ്രഹം. അതിനാൽ കോഴിക്കോടുള്ള ഒരു കോച്ചിങ് സെന്ററിൽ ക്ലാസിനു പോയിരുന്നു. അവിടെ ഒരു ഹോസ്റ്റലിൽ താമസിച്ചായിരുന്നു ക്ലാസിനു പോയിരുന്നത്. എല്ലാ ആഴ്ചകളിലും (Weekend) വീട്ടിൽ വരും.
അങ്ങനെ ഒരു സൺഡേ ഉച്ചയ്ക്ക് ഞാൻ പതിവുപോലെ അവളെ മാഹി റെയിൽവേ സ്റ്റേഷൻ റോഡ് വഴി മാഹി പള്ളിക്കു മുന്നിൽ ബസ് കേറ്റി വിട്ടു ബൈക്കിൽ തിരിച്ചു വരുന്നു. പെട്ടന്ന് എന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ഒരു ഭൂമികുലുക്കം പോലെ. ഭയങ്കര ശബ്ദവും.. ബൈക്ക് അത്യാവശ്യം സ്പീഡിലായിരുന്നു. ഞാൻ അറിയാതെ ബ്രേക്കിൽ ചവിട്ടി ബൈക്ക് കുറച്ചകലെ കഷ്ടപ്പെട്ട് ഞാൻ നിർത്തി. ഞാൻ ബൈക്കിന്റെ കണ്ണാടിയിൽ നോക്കുമ്പോൾ ഹെൽമെറ്റിന്റെ ഗ്ലാസ്സൊക്കെ പൊട്ടിയിരുന്നു. എന്റെ മൂക്കിലൂടെ അതാ ടാപ്പിൽ നിന്നും വരുന്ന പോലെ ബ്ലഡും.. എനിക്കെന്താ സംഭവിച്ചതെന്ന് കുറച്ചു സമയത്തേക്ക് മനസിലായില്ല.
ചുറ്റുപാടും സഹായത്തിനു ആൾക്കാരെ നോക്കി. ആരുമില്ലായിരുന്നു. അപ്പോളാണ് ഞാൻ എന്റെ വില്ലനെ കാണുന്നത്. കേരളത്തിന്റെ സ്വന്തം തേങ്ങ. കുറച്ചു പുറകിലോട്ടു മേലോട്ട് നോക്കിയപ്പോളാണ് കണ്ടത്. അത്യാവശ്യം നല്ല ഉയരത്തിലുള്ള ഒരു തെങ്ങ്. “എന്റീശ്വരാ” എന്നു വിളിച്ചു പോയി. കാരണം ആ ഹെൽമെറ്റ് എന്റെ തലയിൽ ഇല്ലങ്കിലുള്ള എന്റെ അവസ്ഥ നിങ്ങൾ ഒന്നൂഹിച്ചു നോക്കു. ഞാൻ ഇതിവിടെ എഴുതാൻ ഉണ്ടാവില്ലായിരുന്നു. അന്നേരം എനിക്ക് പിറക്കാനിരുന്ന എന്റെ കൊച്ചിന്റെയോ എന്റെ പ്രിയപെട്ടവരുടെയോ പ്രാർത്ഥന മാത്രമല്ല, ആ ഹെൽമെറ്റാണ് എന്റെ ജീവൻ രക്ഷിച്ചത്. മൂക്കിന്റെ പാലം ചെറുതായി പൊട്ടിയിരുന്നു. വേറെ വലിയ കുഴപ്പമില്ലാതെ ഞാൻ രക്ഷപെട്ടു.
ഇങ്ങനെ ഹെൽമെറ്റിന്റെ പ്രാധാന്യം അറിയാമെങ്കിലും പല ആൾക്കാരും അതൊഴിവാക്കുന്നു. എല്ലാവരുടെയും വിചാരം പോലീസ് പിടിക്കാതിരിക്കാൻ വേണ്ടി മാത്രാണ് ഹെൽമെറ്റ് ഇടേണ്ടതെന്നാണ്. അതൊന്നുമല്ല മക്കളെ, പ്ളീസ് എല്ലാവരും ടുവീലറിൽ പോകുമ്പോൾ പുറകിൽ ഇരിക്കുന്ന ആളും നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക. കുട്ടികളെ ടു വീലറിൽ കൊണ്ട് പോവാതിരിക്കുക. ഹെൽമറ്റ് ധരിച്ചു യാത്ര ചെയ്യുക. പ്രിയപെട്ടവരെ സങ്കടപെടുത്താതിരിക്കുക.