വിവരണം – Denny P Mathew.
തനിച്ചുള്ള യാത്രകളാണ് പ്രിയപ്പെട്ടത്. എങ്കിലും ചില നേരങ്ങളിൽ കുടുംബവുമൊത്തു യാത്ര പോവുന്നത് ബന്ധങ്ങളുടെ നീർചാലുകളിൽ പരസ്പര സ്നേഹത്തിന്റെ ആഴം വർധിപ്പിക്കും.
അപ്പോൾ മാത്രം നാം അത്ഭുതപ്പെടുക, ഈ യാത്രക്ക് ഇവരൊക്കെ ഇത്ര കൊതിച്ചിരുന്നോ എന്ന്. ജോലിത്തിരക്കുകളുടെയും ഓട്ടപ്പാച്ചിലുകളുടെയും ഇടയിൽ നാം പലപ്പോഴും കുടുംബത്തോട് ചോദിയ്ക്കാൻ മറന്നുപോവുന്നൊരു ചോദ്യമുണ്ട്. “നമുക്കൊരു യാത്ര പോയാലോ?”
സംഭവം 2018 ലാണ്. രണ്ടു ദിവസത്തെ യാത്രയാണ് തീരുമാനിച്ചത്. അവസാനദിവസം എത്തിയ ഹർത്താലെന്ന ദുഷിച്ച നാട്ടുവ്യവസ്ഥ അത് മൂന്നു ദിവസമാക്കി നീട്ടി. കോഴഞ്ചേരിയിൽ നിന്നും ഒരിന്നോവയിൽ ഞങ്ങൾ ആറുപേരടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടു. 82 വയസുള്ള ശോശാമ്മച്ചിയായിരുന്നു ഞങ്ങളുടെ സംഘത്തിലെ ഇളയകുട്ടി. കോഴഞ്ചേരിയിൽ നിന്നും റാന്നി എരുമേലി മുണ്ടക്കയം കുട്ടിക്കാനം വഴി ഏലപ്പാറയിലെ ആന്റിയുടെ വീട്ടിലെത്തി. വഴിയിലൊക്കെ വണ്ടി നിർത്തി കണ്ണുകൊതിച്ച കാഴ്ചകളൊക്കെ ആവോളം കണ്ടു. മുറിഞ്ഞപ്പുഴയിലെ വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നൊരു മഴക്കാലമായിരുന്നു അത്.
എന്തിനും സ്വന്തം നാട്ടിൽ വിലയില്ല എന്ന് പറയുംപോലെ നമ്മുടെ നാട് പലപ്പോഴും നാം ശരിയായി കണ്ടുതീർത്തിട്ടില്ല എന്ന അഭിപ്രായമാണെനിക്ക്. കുട്ടിക്കാനമെത്തിയപ്പോഴേക്കും മഞ്ഞിന്റെ തണുപ്പ് ശോശകൊച്ചിനെ ബുദ്ധിമുട്ടിച്ചു തുടങ്ങി. വൈകിട്ട് ഏലപ്പാറയിലെ വീട്ടിൽ തങ്ങി.
അടുത്ത ദിവസം രാവിലെ ഉണരണമെന്നു ആലോചിച്ചെങ്കിലും ഹൈറേഞ്ചിലെ തണുപ്പല്ലേ! എല്ലാരും അങ്ങുറങ്ങി. അമ്മച്ചിയെ അവിടെ നിർത്തി പത്തുമണിയോടെ വീണ്ടും യാത്ര തുടങ്ങി, ഇടുക്കിയുടെ ഹൃദയത്തിലൂടെ. ഡാമൊഴികെ വേറെ ടിക്കറ്റെടുത്തു കാണാവുന്ന ഒരു സ്ഥലത്തും ഞങ്ങൾ കയറിയില്ല. കാട്ടുവഴികളുടെ വിജനതതന്നെ ഞങ്ങളുടെ യാത്രകളെ ആവോളം നിറക്കാനുതകുന്നതായിരുന്നു. കാണാൻ നല്ല സ്ഥലം തിരിച്ചറിയണമെങ്കിൽ വഴിവക്കത്തെ പ്ലാസ്റ്റിക്ക് കുപ്പിയുടെ കൂമ്പാരത്തിനടുത്തു വണ്ടി നിർത്തിയാൽ മതി എന്നായിട്ടുണ്ട്.
മഹേഷിന്റെ കട്ടപ്പനയിലൂടെ കമ്പംമെട്ടിലെ മറ്റൊരു ബന്ധുവീട്ടിലെത്തി. നാളെ ഹർത്താലാണെന്നറിഞ്ഞപ്പോൾ ആദ്യം നിരാശ തോന്നി. അപ്പോഴാണ് ഒരു ചെക്ക്പോസ്റ്റിനപ്പുറമുള്ള തമിഴ്‌നാട്ടിലെ ചുരുളിപ്പട്ടി വെള്ളച്ചാട്ടത്തെ പറ്റി കേട്ടത്. രാവിലെ അവിടെനിന്ന് ഹർത്താലിന് മുന്നേ കമ്പം ചെക്ക്‌പോസ്റ്റ് കടന്നു. തമിഴൻ വീട്ടുമറ്റം പോലെ സൂക്ഷിച്ചിരിക്കുന്ന അവന്റെ കൃഷിയിടം ശരിക്കും അവരോടു ബഹുമാനം തോന്നിപ്പിച്ചു. കമ്പത്തുനിന്നും 27 കിലോമീറ്ററുകൾ കടന്നു സുരുളിപ്പട്ടിയിലെത്തി. പത്തു രൂപയാണ് പാസ്.
പത്തുനൂറ് പടികയറി മുകളിലെത്തിയപ്പോൾ പണ്ടെങ്ങോ വെള്ളമൊഴുകിപ്പോയ തെളിവുമാത്രം അവശേഷിപ്പിച്ചു ഒരു പാറക്കൂട്ടം. കൗണ്ടറിൽ നിന്നും ആദ്യമേ പറഞ്ഞിരുന്നു മഴയില്ലാത്തതുകൊണ്ടു അവിടെ വെള്ളമില്ല എന്ന്. എങ്കിലും മരങ്ങൾ തിങ്ങിനിറഞ്ഞ വഴിയിലെ പടികെട്ടുകളുടെ ഭംഗിയിൽ കൗതുകം തോന്നി അങ്ങ് നടന്നു. വാനരകുടുംബങ്ങളുടെ കസർത്തുകൾ കണ്ടിരിക്കാനും മാത്രമുണ്ട്.
വൈകുന്നേരത്തോടെ ഞങ്ങൾ തമിഴ്‌നാടിറങ്ങി. പ്രകൃതിയോടുള്ള മലയാളിയുടെയും തമിഴന്റെയും സമീപനം ഈ യാത്രയിൽ വ്യക്തമായി കണ്ടറിഞ്ഞു. പ്രകൃതി കൂടുതലായി അനുഗ്രഹിച്ചതു നമ്മെയാണെങ്കിലും അതിനെ ആദരിക്കുന്നതിൽ തമിഴൻ നമുക്ക് മാതൃകയാണ്. കാശിയല്ല കൗതുകം, കാശിയിലേക്കുള്ള യാത്രകളാണ്. ആ വഴിയോരത്തും ഒരായിരം നിറമുള്ള കാഴ്ചകളുണ്ട്. കാശിമാത്രം ലക്‌ഷ്യം വെച്ചിറങ്ങിയാൽ നാം പലപ്പോഴും അത് കണ്ടില്ലെന്നു വരും.