കോണ്ടസ, പുതിയ തലമുറയ്ക്ക് ഈ പേര് കേൾക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ലായിരിക്കാം. പക്ഷേ ബെൻസും ഔഡിയും ബിഎംഡബ്യുവുമെല്ലാം അരങ്ങിലെത്തും മുൻപ് ഇന്ത്യൻ നിരത്തുകളിൽ ആഡംബരത്തിന്റെ പരവതാനി വിരിച്ചുകൊണ്ട് റോഡു മുഴുവനും പരന്നു കിടന്നോടിയിരുന്ന ഹീറോയായിരുന്നു കോണ്ടസ. മലയാള സിനിമയുമായി കോണ്ടസയ്ക്ക് അടുത്ത ബന്ധം തന്നെയാണുള്ളത്. അക്കാലത്തെ സിനിമകളിലെ ബിസിനസ്സുകാരനായ നായകനും കള്ളക്കടത്തുകാരനായ വില്ലനുമെല്ലാം മാസ്സ് കാണിച്ച് സ്വകാര്യ അഹങ്കാരമായി കൂടെ കൊണ്ടുനടന്നിരുന്ന കാർ മറ്റാരുമായിരുന്നില്ല, കോണ്ടസ ആയിരുന്നു. ഒരിടയ്ക്ക് മലയാള സിനിമയിൽ മമ്മൂട്ടി + കോണ്ടസ കാർ + കുട്ടി + പെട്ടി എന്നൊരു കോമ്പിനേഷൻ തന്നെ ഉണ്ടായിരുന്നുവെന്ന് തമാശയ്ക്ക് പറയുന്നതിനെങ്കിലും അതൊരു സത്യം തന്നെയാണ്. കൂടാതെ ചന്ദ്രലേഖ എന്ന സിനിമയിൽ ‘കോണ്ടസ’ ഒപ്പിച്ച തമാശകൾ നമ്മളെല്ലാം നന്നായി ആസ്വദിച്ചിരുന്നതുമാണ്.
അംബാസിഡർ കാറുകൾ ഇന്ത്യൻ നിരത്തുകൾ കീഴടക്കി വാണിരുന്ന കാലം. അങ്ങനെയിരിക്കെ അംബാസിഡറിന്റെ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോർസ് മറ്റൊരു കാർ കൂടി പുറത്തിറക്കുവാനുള്ള ആലോചനയിലായിരുന്നു. അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും ഒടുവിൽ ഹിന്ദുസ്ഥാൻ മോട്ടോർസ് ചെന്നു കയറിയത് സ്‌കോട്ടിഷ് കമ്പനിയായ വോക്‌സ്ഹെൽ വിക്ടർ VX ൽ ആയിരുന്നു. അങ്ങനെ ചർച്ചകൾക്കൊടുവിൽ വോക്‌സ്ഹെൽ പുറത്തിറക്കിയിരുന്ന ഒരു കാർ ഇന്ത്യയിൽ നിര്മ്മിച്ച വിപണിയിലെത്തിക്കുവാനുള്ള അവകാശം ഹിന്ദുസ്ഥാൻ മോട്ടോർസ് സ്വന്തമാക്കി.
അങ്ങനെ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ കൽക്കട്ടയിലെ പ്ലാന്റിൽ കോണ്ടസ എന്ന മസിൽമാൻ കാർ രൂപംകൊണ്ടു. 1984 ലാണ് കോണ്ടസ വിപണിയിൽ എത്തിയത്. വളരെ കുറച്ചു കാർ മോഡലുകൾ മാത്രം വിപണിയിലുണ്ടായിരുന്ന അന്ന് ഇന്ത്യൻ വിപണിയിലെ ആദ്യകാല ആഡംബര കാറുകളിലൊന്നായി മാറുവാൻ കോണ്ടസയ്ക്ക് തെല്ലും ബുദ്ധിമുട്ടുണ്ടായില്ല. പുറത്തിറങ്ങിയ സമയത്ത് കോണ്ടസ കാറിന്റെ വില ഏകദേശം 83,000 ത്തോളം രൂപയായിരുന്നു. അക്കാലത്ത് കോണ്ടസയുടെ എതിരാളികൾ അൽപ്പായുസായിരുന്ന സ്റ്റാൻഡേർഡ് 2000-ഉം പ്രീമിയർ 118 എൻ.ഇ.യുമായിരുന്നു. 1.5 ലിറ്റർ ബി. എം.സി.ബി. സീരിസ്, 1.8 ലിറ്റർ, 2.0 ലിറ്റർ ടർബോ ഡീസൽ എന്നീ വേർഷനുകളായിരുന്നു കോണ്ടസയ്ക്കുണ്ടായിരുന്നത്. ഫോർ സ്പീഡ് മാന്വൽ (ബി.എം.സി.), ഫൈവ് സ്പീഡ് മാന്വൽ (ഇസ്സു) ട്രാൻസ്മിഷനായിരുന്നു കൂട്ടായിരുന്നത്. പവര്‍ വിന്‍ഡോ, പവര്‍ സ്റ്റീയറിങ്, എ.സി, ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷന്‍ വിശാലമായ ഉള്‍വശം തുടങ്ങിയ അക്കാലത്തെ രാജകീയ സൗകര്യങ്ങള്‍ നിറഞ്ഞ കാറായിരുന്നു കോണ്ടസ. തുടക്കത്തില്‍ 50 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ എന്‍ജിനായിരുന്നു കാറില്‍. നാല് സ്പീഡ് ഗിയര്‍ബോക്സുള്ള കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററും.
എൺപതുകളുടെ അവസാനത്തിൽ ജപ്പാൻ കമ്പനിയായ ഇസൂസുവുമായി ചേർന്ന് കരുത്തേറിയ എഞ്ചിനോടു കൂടിയ കോണ്ടസ ക്ലാസിക് എന്ന മോഡൽ ഇറങ്ങി. അന്ന് ഇന്ത്യയിലെ ബിസ്സിനസ്സ് ഭീമന്മാരും, രാഷ്ട്രീയ നേതാക്കളുമെല്ലാം കോണ്ടസ കാർ വാങ്ങുവാൻ മത്സരിച്ചു. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇന്ത്യയിൽ വിദേശ മോഡൽ കാറുകൾ എത്തിത്തുടങ്ങി. ഇതോടെ ‘മികച്ച ലക്ഷ്വറി സെഡാൻ’ എന്ന സ്ഥാനമുണ്ടായിരുന്ന കോണ്ടസയുടെ അവസാനത്തിനു തുടക്കം കുറിക്കുകയായിരുന്നു. നായകനും വില്ലനുമിടയിൽ ഒരേപോലെ ഹീറോയായി വിലസിയിരുന്ന കോണ്ടസ കാറുകളെ പതിയെ എല്ലാവരും കയ്യൊഴിഞ്ഞു തുടങ്ങി. ഇതോടെ കോണ്ടസയുടെ പ്രതാപകാലത്തിനു അന്ത്യം കുറിക്കുകയാണുണ്ടായത്. ഒടുവിൽ 2002 ൽ ഹിന്ദുസ്ഥാൻ മോട്ടോർസ് കോണ്ടസയുടെ ഉൽപ്പാദനം നിർത്തി. പിന്നീട് ഹിന്ദുസ്ഥാൻ മോട്ടോഴ്സിനും ഇതേ ഗതി തന്നെയായിരുന്നു എന്നത് ക്രൂരമായ വിധിയുടെ മറ്റൊരു വിളയാട്ടം.
പക്ഷേ ഇന്നും ചിലർ അന്തസ്സോടെ, പഴയ ആഡംബരത്തിന്റെ പര്യായമായി കോണ്ടസ കാറുകൾ നന്നായി സർവ്വീസ് ചെയ്ത് തിളക്കത്തോടെ, പ്രൗഢി നിലനിർത്തിക്കൊണ്ട് പരിപാലിക്കുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യൻ മന്ത്രിമാരുടെ പദവിയുടെയും ബിസിനസുകാരുടെ ജാഡയുടെയും പ്രതീകമായിരുന്ന കോണ്ടസയുടെ പ്രൗഢി അങ്ങനെയങ്ങു ഇല്ലാതാകില്ലല്ലോ. ഇന്നും പഴയകാല സിനിമകൾ ടിവിയിൽ വരുമ്പോൾ അതിൽ കോണ്ടസ കാറുകൾ മസിലും പെരുപ്പിച്ച് വിളയാടിയിരുന്നതും, ചേസിംഗ് രംഗങ്ങളിൽ തിളങ്ങിയിരുന്നതും നമുക്ക് കാണാം.
കടപ്പാട് – വിവിധ ഓൺലൈൻമാധ്യമങ്ങൾ.