ഒരുകാലത്ത് ആഡംബരമായിരുന്ന, സാധാരണക്കാർക്ക് സ്വപ്നം മാത്രം കാണാൻ സാധിക്കുമായിരുന്ന വിമാനയാത്ര നമ്മുടെ നാട്ടിൽ ഇത്രയും ജനകീയമാക്കിയത് എയർ ഡെക്കാൻ എന്ന ബഡ്‌ജറ്റ് എയർലൈനിൻ്റെ വരവോടെയായിരുന്നു. ആ എയർഡെക്കാൻ ഇന്നെവിടെയാണ്? ചരിത്രവും വിശേഷങ്ങളും ഇതാ…
ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായിരുന്ന ജി.ആർ. ഗോപിനാഥ് തനിക്ക് ഏവിയേഷൻ രംഗത്തുള്ള പരിചയവും താല്പര്യവും കണക്കിലെടുത്ത് ആരംഭിച്ച വിമാനക്കമ്പനിയാണ് എയർ ഡെക്കാൻ. 2003 ഓഗസ്റ്റ് 25 നു ബെംഗളൂരുവിൽ നിന്നും ഹുബ്ലിയിലേക്ക് ആയിരുന്നു എയർ ഡെക്കാന്റെ ആദ്യത്തെ പറക്കൽ.ആ സമയത്ത് രണ്ട് ATR 42 എയർക്രാഫ്റ്റുകൾ മാത്രമായിരുന്നു എയർ ഡെക്കാന്റെ ഫ്‌ലീറ്റിൽ ഉണ്ടായിരുന്നത്.
സാധാരണക്കാർക്ക് വിമാനയാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എയർ ഡെക്കാൻ ഇന്ത്യൻ ഏവിയേഷൻ രംഗത്തേക്ക് ഇറങ്ങിയത്. അതിനാൽ ഇന്ത്യയിലെ മറ്റ് എയർലൈനുകളെ അപേക്ഷിച്ച് എയർ ഡെക്കാനിൽ ടിക്കറ്റ് ചാർജ്ജുകൾ തീരെ കുറവായിരുന്നു. കൂടാതെ മറ്റ് എയർലൈനുകൾ വേണ്ടവിധത്തിൽ സർവ്വീസ് നടത്താതിരുന്ന ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എയർ ഡെക്കാൻ സർവ്വീസുകൾ വ്യാപിപ്പിക്കുകയും ചെയ്തു. ഇക്കാരണത്താൽ എയർ ഡെക്കാൻ ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യൻ വ്യോമയാന രംഗത്ത് ഒരു ചരിത്രം തന്നെ രചിച്ചു.
2004 ൽ രണ്ട് എയർബസ് A320 വിമാനങ്ങൾ എയർ ഡെക്കാൻ സ്വന്തമായി വാങ്ങുകയും അഞ്ചെണ്ണം പാട്ടത്തിനെടുക്കുകയും ചെയ്തു. ആ വർഷം അവസാനത്തോടെ എയർ ഡെക്കാൻ 30 എയർബസ് A320 വിമാനങ്ങൾക്കും, 2005 ഫെബ്രുവരിയിൽ 30 ATR 72 വിമാനങ്ങൾക്കും ഓർഡർ നൽകി.
2005 – 2006 കാലഘട്ടത്തിൽ എയർ ഡെക്കാനിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വന്നു. ഇക്കോണമി ക്‌ളാസ്സുകൾ മാത്രമായിരുന്നു എയർ ഡെക്കാൻ വിമാനങ്ങളിലുണ്ടായിരുന്നത്. ബഡ്‌ജറ്റ് എയർലൈൻ ആയിരുന്നതിനാൽ വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണത്തിനും മറ്റും പ്രത്യേകം ചാർജ്ജുകൾ യാത്രക്കാർ കൊടുക്കണമായിരുന്നു. നടൻ മുരളി അഭിനയിച്ച എയർ ഡെക്കാൻ പരസ്യചിത്രം അന്നുമിന്നും ഇന്ത്യയിലെ മികച്ച പരസ്യചിത്രങ്ങളിൽ ഒന്നാണ്.
2006 ൽ 19% മാർക്കറ്റ് ഷെയറുകളും, 55 ആഭ്യന്തര ലക്ഷ്യ സ്ഥാനങ്ങളും, 30 എയർക്രാഫ്റ്റുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ എയർലൈൻ എന്ന ഖ്യാതി എയർ ഡെക്കാൻ നേടി. 2006 – 2007 വർഷങ്ങളിലും എയർ ഡെക്കാനിലെ യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. കണക്കുകൾ പ്രകാരം 2007 ൽ എയർ ഡെക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻ എന്ന നിലയിൽ എത്തിച്ചേർന്നു.
2007 മെയ് മാസത്തിന്റെ തുടക്കത്തിൽ കിംഗ്ഫിഷർ എയർലൈൻസ് ഉടമയായ വിജയ് മല്യ എയർ ഡെക്കാൻ സ്വന്തമാക്കുവാൻ പോകുന്നു എന്നതരത്തിലുള്ള വാർത്തകൾ പ്രചരിച്ചു. എയർ ഡെക്കാൻ ഉടമയായ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് “താനും മല്യയും സൗരയൂഥത്തിലെ വ്യത്യസ്തങ്ങളായ രണ്ട് ഗ്രഹങ്ങളാണ്” എന്നായിരുന്നു ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. എയർ ഡെക്കാനും കിംഗ്ഫിഷർ എയർലൈൻസും തമ്മിലുള്ള മെർജിംഗ് അദ്ദേഹം അന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം.
എന്നാൽ സംഭവിച്ചത് അങ്ങനെ തന്നെയായിരുന്നു. അധികം വൈകാതെ തന്നെ ഇരു കമ്പനികളും തമ്മിൽ ഇതിന്റെ പേരിൽ ചർച്ചകൾ തുടങ്ങി. ഒടുവിൽ കിംഗ്ഫിഷറിന്റെ പാരന്റ് കമ്പനിയായ യുണൈറ്റഡ് ബ്രെവെറീസ് ഗ്രൂപ്പ് എയർ ഡെക്കാന്റെ 26% ഓഹരികൾ വാങ്ങി. കാര്യം വലിയ കമ്പനിയൊക്കെയായി മാറിയിരുന്നെങ്കിലും 2007 മാർച്ച് 31 ഫിനാൻഷ്യൽ ഇയർ എൻഡിംഗ് കണക്കെടുപ്പ് പ്രകാരം എയർ ഡെക്കാന് ഏകദേശം 213 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. എയർ ഡെക്കാന്റെ ഈ സാമ്പത്തിക ബാധ്യതകൾ അടക്കുവാനായി പെട്ടെന്നുള്ള ഒരു ഫണ്ട് റെയ്‌സിംഗ് ആവശ്യമായിരുന്നു. ഇക്കാരണത്താലാണ് ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് ഓഹരികൾ കിംഗ്ഫിഷറിനു കൊടുക്കുവാൻ സമ്മതിച്ചത്.
2007 ഒക്ടോബറിൽ എയർ ഡെക്കാൻ കമ്പനിയുടെ പേര് ‘സിംപ്ലിഫ്ലൈ ഡെക്കാൻ’ എന്നാക്കി മാറ്റുകയും കിംഗ്ഫിഷറിന്റെ ലിവെറി സ്വീകരിക്കുകയും ചെയ്തു. ആ വർഷം ഡിസംബറിൽ സിംപ്ലിഫ്ലൈ ഡെക്കാനും കിംഗ് ഫിഷറും ഒന്നിച്ച് ഒരൊറ്റ കമ്പനിയാക്കുവാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചു.
2008 ഏപ്രിലിൽ കിംഗ്ഫിഷർ എയർലൈൻസ് ഡെക്കാൻ ഏവിയേഷൻ ലിമിറ്റഡുമായി ലയിച്ചു. സിംപ്ലിഫ്ലൈ ഡെക്കാന്റെ ഓപ്പറേറ്റിങ് പെർമിറ്റുകൾ ഉപയോഗിച്ച് ഇന്റർനാഷണൽ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുവാനായിരുന്നു കമ്പനിയുടെ പദ്ധതി. ഇതിനിടയിൽ നഷ്ടങ്ങൾ കുറയ്ക്കുന്നതിനും മികച്ച പ്രവർത്തന ക്ഷമത കൈവരിക്കുന്നതിനുമായി വിജയ് മല്യ സിംപ്ലിഫ്ലൈ ഡെക്കാനിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ലോകോസ്റ്റ് കാരിയർ എന്ന ലേബലിൽ നിന്നും മാറുന്നതിനായി ടിക്കറ്റ് നിരക്കുകളിലെ ഡിസ്‌കൗണ്ട് എടുത്തുമാറ്റി.
തമ്മിൽ ലയിച്ചെങ്കിലും ആഭ്യന്തര റൂട്ടുകളിൽ ഇരു എയർലൈനുകളും തങ്ങളുടെ എയർലൈൻസ് കോഡുമായിത്തന്നെ സർവ്വീസ് തുടർന്നു. ഇതുമൂലം ഇന്റർനാഷണൽ റൂട്ടുകളിൽ സർവ്വീസ് നടത്തുവാൻ സിംപ്ലിഫ്ലൈ ഡെക്കാന്റെ കോഡുകൾ ഉപയോഗിക്കണമെന്ന് വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടു. എന്നാൽ കിംഗ്ഫിഷറിന്റെ കോഡുകൾ ഉപയോഗിക്കണം എന്നായിരുന്നു വിജയ് മല്യയുടെ ആവശ്യം. ഒടുവിൽ 2008 ഓഗസ്റ്റ് 29 നു ഇരു എയർലൈനുകളും കിംഗ്ഫിഷറിന്റെ കോഡിൽത്തന്നെ സർവ്വീസ് നടത്തുവാൻ തുടങ്ങി. അതോടൊപ്പം സിംപ്ലിഫ്ലൈ ഡെക്കാൻ പൂർണ്ണമായും ‘കിംഗ്ഫിഷർ റെഡ്’ എന്ന ലേബലിൽ കിംഗ്ഫിഷറിൽ ലയിക്കുകയും ചെയ്തു.
ബെംഗളൂരുവിലെ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ആയിരുന്നു എയർ ഡെക്കാന്റെ പ്രധാന ഹബ്ബ്. എയർബസ് A320, ATR 42, ATR 72 എന്നീ എയർക്രാഫ്റ്റുകളായിരുന്നു എയർ ഡെക്കാന്റെ ഫ്‌ലീറ്റിൽ ഉണ്ടായിരുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങി ഇന്ത്യയിലെ 55 ഓളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ ഡെക്കാൻ അഥവാ സിംപ്ലിഫ്ലൈ ഡെക്കാൻ സർവ്വീസ് നടത്തിയിരുന്നു.
ആരംഭിച്ച് മൂന്നുവർഷത്തിനുള്ളിൽ ലാഭമുണ്ടാക്കുകയും യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാമത്തെ എയര്‍ലൈന്‍ എന്ന പേരെടുക്കുകയും ചെയ്ത എയര്‍ഡെക്കാൻ അഥവാ സിംപ്ലിഫ്ലൈ ഡെക്കാൻ കിംഗ്ഫിഷറിൽ ലയിച്ചതിനു ശേഷം അഞ്ചുവര്‍ഷത്തേക്ക് കിംഗ്‌ഫിഷറിനോട് മത്സരിക്കരുത് എന്ന ഉറപ്പും ക്യാപ്റ്റൻ ഗോപിനാഥില്‍ നിന്ന് വിജയ് മല്യ വാങ്ങിയിരുന്നു. എയര്‍ ഡെക്കാനെ വിജയ് മല്യ വാങ്ങിയതും കിംഗ്‌ഫിഷര്‍ റെഡ് ആക്കിയതും ഒടുവിൽ കിംഗ്ഫിഷർ എയർലൈൻസ് നഷ്ടത്തില്‍ കൂപ്പുകുത്തിയതും പിന്നീടുള്ള കഥ.
എയർ ഡെക്കാന്റെ ചുവടു പിടിച്ച് പിന്നീട് സ്‌പൈസ്ജെറ്റ്, ഗോ എയർ, ഇൻഡിഗോ എന്നീ ബഡ്‌ജറ്റ് എയർലൈനുകൾ കൂടി ഇന്ത്യൻ ഏവിയേഷൻ രംഗത്തേക്ക് എത്തിച്ചേർന്നതോടെ സാധാരണക്കാർക്ക് വിമാനയാത്രകൾ പിന്നീടങ്ങോട്ട് സാധ്യമായ ഒന്നായി മാറി.
വിമാന സർവ്വീസ് കൈവിട്ടു പോയെങ്കിലും നാലു വിമാനങ്ങളും 10 ഓളം ഹെലികോപ്റ്ററുകളും സ്വന്തമായുള്ള ഡെക്കാൻ വ്യോമ മേഖലയിൽനിന്ന് പിന്മാറിയിരുന്നില്ല. ചാർട്ടർ സർവീസുകളിലും വിമാന അറ്റകുറ്റ പണികളിലും വ്യാപൃതരായിരുന്നു.
വർഷങ്ങൾക്കു ശേഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രാദേശിക വിമാന സർവീസുകളുടെ പദ്ധതിയായ ഉഡാനിൽ പങ്കാളിയായതോടെ എയർ ഡെക്കാന് വീണ്ടും ചിറകു മുളച്ചു. 2017 ൽ ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് എയർഡെക്കാൻ വീണ്ടും പ്രവർത്തനമാരംഭിച്ചു. 2017 അവസാനത്തോടെ മുംബൈയിൽ നിന്ന് ജൽഗാവിലേക്ക് പറന്നുകൊണ്ട് എയർ ഡെക്കാൻ തൻ്റെ രണ്ടാം വരവ് അറിയിച്ചു.
ബീച്ച്ക്രാഫ്റ്റ് 1900D എന്ന മോഡലിലുള്ള രണ്ടു ചെറുവിമാനമാണ് ഇന്ന് എയർ ഡെക്കാൻ ഫ്‌ലീറ്റിൽ ഉള്ളത്. നിലവിൽ മൂന്നു ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് എയർ ഡെക്കാൻ സർവ്വീസ് നടത്തുന്നത്. 2020 ൽ കൊറോണ വൈറസ് വ്യാപനം മൂലം വിമാന സർവ്വീസുകൾ നടത്താൻ കഴിയാതെ വന്നതോടെ എയർ ഡെക്കാൻ താൽക്കാലികമായി പ്രവർത്തനം നിർത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു.
ഒന്നുമില്ലായ്മയില്‍ നിന്ന് കോടീശ്വര പട്ടത്തിലേക്ക് നടന്നുകയറിയ കഥയാണ് ക്യാപ്റ്റന്‍ ഗോരൂര്‍ രാമസ്വാമി അയ്യങ്കാര്‍ ഗോപിനാഥ് എന്ന ജി.ആർ. ഗോപിനാഥിന്റേത്. പാവപ്പെട്ട ഒരു സ്കൂള്‍ അധ്യാപകന്റെ മകനായി ജനിക്കുകയും, കന്നഡ മീഡിയത്തില്‍ പഠിക്കുകയും ചെയ്ത്, പിന്നീട് കൃഷിയിലും ഹോട്ടല്‍ മേഖലയിലും ഏവിയേഷന്‍ രംഗത്തും പയറ്റുകയും ചെയ്ത ഗോപിനാഥിന്റെ നേട്ടങ്ങള്‍ ആരെയും ഉത്സാഹഭരിതരാക്കുന്നതാണ്. ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി നടൻ സൂര്യ അഭിനയിച്ച് OTT റിലീസായ തമിഴ് ചിത്രമാണ് ‘സൂരറൈ പോട്ര്’.
വർഷങ്ങൾക്ക് മുൻപ് മിഡിൽക്ലാസ്സ് ഇന്ത്യക്കാരെ വിമാനത്തിലേറ്റാൻ ആദ്യമായി തുനിഞ്ഞിറങ്ങിയ എയർ ഡെക്കാന് ഇനി പഴയ പ്രൗഢിയിലേക്ക് മടങ്ങിപ്പോകുവാൻ സാധിക്കുമോ?