വലിയ വിമാനങ്ങൾ പോലെത്തന്നെ ചെറിയ തുമ്പികളെപ്പോലത്തെ വിമാനങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇത്തരത്തിൽ പാസഞ്ചർ സർവീസുകൾക്ക് കൂടുതലായി ഉപയോഗിക്കുന്ന ചെറുവിമാന മോഡലാണ് ATR. എന്താണ് ഈ ATR? ഇതിന്റെ ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയുവാൻ പോകുന്നത്.

ചെറിയ എയർക്രാഫ്റ്റുകൾ നിർമ്മിക്കുന്ന ഒരു ഫ്രഞ്ച് – ഇറ്റാലിയൻ കമ്പനിയാണ് ATR. ‘Avions de transport Régional’ എന്നതിൻ്റെ ചുരുക്കപ്പേരാണ് ATR എന്നത്. 1981 ൽ Aérospatiale, Aeritalia എന്നീ കമ്പനികളുടെ ഒരു സംയോജിത സംരംഭമായാണ് ATR പ്രവർത്തനമാരംഭിച്ചത്. 40 – 50 സീറ്റുകളുള്ള ഒരു ചെറുവിമാനം പുറത്തിറക്കുക എന്നതായിരുന്നു ATR ൻ്റെ ആദ്യത്തെ ലക്‌ഷ്യം. അങ്ങനെ ഒടുവിൽ 50 സീറ്റുകളുള്ള ഒരു വിമാനം ATR നിർമ്മിച്ചു. ATR 42 എന്നാണ് ഈ മോഡലിന് പേര് നൽകിയത്.

1984 ഓഗസ്റ്റ് 16 നു ആദ്യത്തെ ATR 42 വിമാനം ഫ്രാൻസിലെ ടുളൂസ് എയർപോർട്ടിൽ നിന്നും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യപറക്കൽ നടത്തി. 1985 ൽ ഫ്രഞ്ച് DGCA ഉം ഇറ്റാലിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും ടൈപ് സർട്ടിഫിക്കേഷൻ, സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുവാനുള്ള അനുമതി എന്നിവ ATR 42 നു നൽകി. 1985 ഡിസംബറിൽ ATR 42-300 എന്ന പേരിൽ ആദ്യത്തെ വിമാനം ATR വിപണിയിൽ ഇറക്കി. ഫ്രഞ്ച് എയർലൈനായിരുന്ന എയർ ലിറ്റോറൽ ആയിരുന്നു ATR 42 മോഡലിനെ ആദ്യമായി സ്വന്തമാക്കിയത്.

1986 ഓടെ ATR 42 ൻ്റെ സർവ്വീസിലും വിജയത്തിലും ബോധ്യം വന്ന കമ്പനി കുറച്ചുകൂടി സീറ്റുകൾ വർധിപ്പിച്ചുകൊണ്ട് ഒരു എയർക്രാഫ്റ്റ് മോഡൽ പുറത്തിറക്കുവാനുള്ള ആലോചനയിലായി. അങ്ങനെ അവസാനം ATR 72 എന്ന മോഡൽ കൂടി കമ്പനി പുറത്തിറക്കി. 1988 ൽ ATR 72 പരീക്ഷണപ്പറക്കൽ നടത്തുകയും 1989 ൽ പാസഞ്ചർ, കാർഗോ സർവ്വീസുകൾ നടത്തുവാനുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. 1989 ഒക്ടോബർ 27 നു ഫിന്നിഷ് എയർലൈനായ ഫിൻ എയറിനായിരുന്നു ATR 72 ആദ്യമായി ഡെലിവറി ചെയ്തത്.

1989 ഓടെ മൊത്തം 400 എയർക്രാഫ്റ്റുകൾ ഡെലിവറി ചെയ്യുവാൻ ATR കമ്പനിയ്ക്ക് സാധിച്ചു. പിന്നീട് ATR 42, 72 എന്നീ മോഡലുകൾ ഒരേ രീതിയിൽത്തന്നെ ഓർഡറുകൾ നേടുകയും മികച്ച പേരെടുക്കുകയും ചെയ്തു. 1990 കളിൽ ATR തങ്ങളുടെ ഇരു മോഡലുകളിലും പലതവണ ചെറിയ മാറ്റങ്ങൾ വരുത്തുകയും അപ്ഗ്രേഡ് ചെയ്യുകയും ഉണ്ടായി. 2012 ൽ ATR തങ്ങളുടെ 1000 മത്തെ എയർക്രാഫ്റ്റ് സ്പാനിഷ് എയർലൈനായ എയർ നോസ്ട്രമിന് ഡെലിവറി ചെയ്തു.

ഇതിനിടെ ATR 82 എന്ന പേരിൽ 78 സീറ്റുകളുള്ള ഒരു മോഡൽ പുറത്തിറക്കുവാൻ ATR കമ്പനി പദ്ധതിയിട്ടെങ്കിലും പിന്നീട് അത് വേണ്ടെന്നു വെക്കുകയായിരുന്നു. നിലവിൽ വിപണിയിലുള്ള ATR മോഡലുകൾ ATR 42-600, ATR 42-600S, ATR 72-600, ATR 72-600F എന്നിവയാണ്. ATR 42 ൽ രണ്ടു ഫ്‌ളൈറ്റ് ക്രൂ സീറ്റുകൾ അടക്കം 50 സീറ്റുകളും, ATR 72 ൽ 72 സീറ്റുകളുമാണ് ഉള്ളത്. ATR 42 നു 22.67 മീറ്റർ നീളവും, 24.57 മീറ്റർ വിംഗ്‌സ്‌പാൻ വീതിയുമാണുള്ളത്. ATR 72 നാണെങ്കിൽ നീളം 27.17 മീറ്ററും, വിംഗ്‌സ്‌പാൻ വീതി 27.05 മീറ്ററുമാണ്.

ATR 42 ഇതുവരെ 47 അപകടങ്ങളിലും, ATR 72 46 അപകടങ്ങളിലും പെട്ടിട്ടുണ്ട്. ഇന്ത്യയിൽ എയർ ഇന്ത്യയുടെ അലയൻസ് എയർ, ഇൻഡിഗോ തുടങ്ങിയ എയർലൈനുകളാണ് ATR മോഡലുകൾ ഉപയോഗിക്കുന്നത്. കൊച്ചി – കണ്ണൂർ റൂട്ടിൽ ഇൻഡിഗോ ATR 72 മോഡലാണ് ഉപയോഗിക്കുന്നത്. പാസഞ്ചർ സർവ്വീസുകൾ കൂടാതെ കാർഗോ സർവ്വീസുകൾക്കും ATR മോഡലുകൾ ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ ATR 42 കൊളംബിയൻ നേവി, നൈജീരിയൻ എയർഫോഴ്സ്, മ്യാന്മാർ എയർഫോഴ്സ് എന്നിവരും, ATR 72 ഇറ്റാലിയൻ എയർഫോഴ്സ്, പാക്കിസ്ഥാൻ നേവി, ടർക്കിഷ് നേവി എന്നിവരും മിലിട്ടറി ഉപയോഗങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.

2021 ൽ നാൽപ്പതാം വയസ്സു പിന്നിടുമ്പോഴും രണ്ടേരണ്ടു മോഡലുകളുമായി മികച്ച പേരെടുത്തുകൊണ്ട് മുന്നേറുകയാണ് ATR. ഇനിയെന്നെങ്കിലും ATR വിമാനങ്ങൾ കാണുകയോ അവയിൽ സഞ്ചരിക്കുകയോ ചെയ്യുന്ന അവസരം വന്നാൽ ഈ കാര്യങ്ങൾ ഒന്നോർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.