ഹൈവേകളിലും റോഡുകളിലും മറ്റും ഒന്നിറങ്ങി നിന്നാൽ കാണാം ഭാരത് ബെൻസ് എന്ന പേരിൽ ചില ബസ്സുകളും ലോറികളുമൊക്കെ ഓടുന്നത്. എന്താണ് ഈ ഭാരത് ബെൻസ്? ഇതും ആഡംബര കാർ ഭീമനായ മെഴ്‌സിഡസ് ബെൻസും ഒന്നാണോ? ഇതിനുള്ള ഉത്തരമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്.

ജർമനിയിലെ ഡെയിംലർ എ.ജി എന്ന കമ്പനിയുടെ ഒരു വിഭാഗമാണ് ആഗോള ആഡംബരകാറുകളും മറ്റു പലതരം വാഹനങ്ങളും നിർമ്മിക്കുന്ന മെഴ്‌സിഡസ് ബെൻസ്. ആസ്റ്റ്രിയൻ നയതന്ത്രജ്ഞനും ഡെയിംലർ മോട്ടോർ കമ്പനിയുടെ പ്രധാന ഡീലറുമായിരുന്ന എമിൽ ജെല്ലെനിക്കിന്റെ മകളായിരുന്ന മെഴ്‌സിഡസ് ജെല്ലെനിക്കിന്റെ പേരിൽ നിന്നും ആന്തരിക ദഹന യന്ത്രത്തിനാൽ പ്രവർത്തിക്കുന്ന ആദ്യ കാർ നിർമ്മിച്ച കാൾ ബെൻസിന്റെയും പേരിൻ നിന്നാണ് മെഴ്‌സിഡസ് ബെൻസ് എന്ന പേർ വന്നത്. ബാഡെൻ-വ്യുർട്ടെൻബെർഗ് സംസ്ഥാനത്തിലെ സ്റ്റുട്ട്ഗാർട്ട് നഗരത്തിൽ ആണ് ഈ കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇതേ ഡെയിംലർ എ ജി എന്ന കമ്പനിയുടെ ഇന്ത്യൻ വിഭാഗമാണ് ഭാരത് ബെൻസ്. അപ്പോൾ ശരിക്കും പറഞ്ഞാൽ മെഴ്‌സിഡസ് ബെൻസും ഭാരത് ബെൻസും ഒരേ തറവാട്ടിൽ നിന്നുമാണ് വരുന്നത്.

മെഴ്‌സിഡസ് ബെൻസ് ആഡംബരകാറുകളും മറ്റും പുറത്തിറക്കുമ്പോൾ ഭാരത് ബെൻസ് ട്രക്ക്, ബസ് പോലുള്ള വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. ഭാരത് ബെൻസിന്റെ ഇന്ത്യയിലെ ഹെഡ് ക്വർട്ടേഴ്‌സ് ചെന്നൈയിലാണ് സ്ഥിതി ചെയ്യുന്നത്. 2008 ലാണ് ഡെയിംലർ എ ജി കമ്പനി ഇന്ത്യൻ മാർക്കറ്റിലേക്ക് കടന്നു വരുവാൻ തീരുമാനിക്കുന്നത്. ‘ഹീറോ മോട്ടോ കോർപ്പ്’ കമ്പനിയുമായി ചേർന്നായിരുന്നു മീഡിയം – ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ നിർമ്മിക്കുന്നതിനായി ഇവർ തയ്യാറായത്. ഇതിനായി 2008 ജൂലൈയിൽ 60% ഓഹരിയുമായി ഡെയിംലർ എ.ജിയും ബാക്കി 40% ഓഹരിയുമായി ഹീറോ മോട്ടോ കോർപ്പും ചേർന്ന് ‘Daimler Hero Commercial Vehicles (DHCV)’ എന്ന പേരിൽ മെമ്മോറാണ്ടം തയ്യാറാക്കി. എന്നാൽ 2009 ൽ സാമ്പത്തിക മാന്ദ്യത്തെത്തുടർന്നു ഈ സംരംഭത്തിൽ നിന്നും ഹീറോ പിന്മാറുകയാണുണ്ടായത്. അങ്ങനെ 100% ഓഹരികളുടെ Daimler India Commercial Vehicles (DICV) എന്നു പേരുള്ള കമ്പനിയായി മാറി.

2011 ഫെബ്രുവരി 17 നു ചെന്നൈയിൽ വെച്ച് ഭാരത് ബെൻസ് എന്ന ബ്രാൻഡ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ആദ്യത്തെ ഭാരത് ബെൻസ് ട്രക്ക് 2012 ജനുവരി 4 നു ഡൽഹിയിൽ വെച്ച് നടന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ ഹെവി വാഹന നിർമ്മാതാക്കളായ അശോക് ലൈലാൻഡ്, ടാറ്റ മോട്ടോർസ് എന്നിവരോടായിരുന്നു വിപണിയിൽ ഭാരത് ബെൻസിനു പ്രധാനമായും മത്സരിക്കേണ്ടി വന്നത്.

5000-ത്തിലേറെ ട്രക്കുകള്‍ ഒരു വര്‍ഷത്തിനകം ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ ഡെയ്മ്‌ലര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ട്രക്ക് സ്വന്തമാക്കുന്നവര്‍ക്ക് കമ്പനി നല്‍കി വരുന്ന മൂല്യ വര്‍ധിത സേവനങ്ങളാണ് എടുത്തു പറയേണ്ടത്. ഇന്ത്യന്‍ വിപണിയെ അടുത്തറിഞ്ഞുകൊണ്ട് അതിനനുസൃതമായ ഉല്‍പന്നങ്ങള്‍, ഇടപാടുകാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ഉല്‍പന്നങ്ങളില്‍ ഇടയ്ക്കിടെ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, കരുത്തിലും ഗുണമേന്മയിലും പുതിയ മാനങ്ങള്‍, മറ്റ് നിര്‍മാതാക്കള്‍ നല്‍കി വരുന്നതിലും നീണ്ട വാറണ്ടി, ഗ്രൂപ്പ് കമ്പനിയായ ഭാരത് ബെന്‍സ് ഫിനാന്‍ഷ്യല്‍ നല്‍കി വരുന്ന സവിശേഷ വയ്പാ, ഇന്‍ഷ്വറന്‍സ് സൗകര്യങ്ങള്‍, 50-ലേറെ കേന്ദ്രങ്ങളില്‍ സര്‍വ വിധ സൗകര്യങ്ങളോടും കൂടിയ ഷോറൂം, വര്‍ക്‌ഷോപ്പ് സൗകര്യങ്ങള്‍ എന്നിവ ഭാരത് ബെന്‍സിന്റെ മാത്രം സവിശേഷതകളാണ്.

കരുത്ത്, പ്രവര്‍ത്തന മികവ് എന്നിവയോടൊപ്പം മികച്ച ഇന്ധനശേഷി ഉറപ്പുവരുത്തുന്നവയുമാണ് ട്രാക്റ്റര്‍ – ട്രെയിലറടക്കമുള്ള ഭാരത് ബെന്‍സ് ട്രക്കുകള്‍. ജപ്പാനിലെ മിത്‌സുബിഷി ഫുസോ ട്രക്ക് ആന്റ് ബസ് കോര്‍പറേഷനെ സ്വന്തമാക്കിയ ഡെയ്മ് ലര്‍, ജര്‍മന്‍, ജാപ്പന്‍ സാങ്കേതിക വിദ്യകളുടെ കൂട്ടായ്മയിലാണ് ഭാരത് ബെന്‍സ് ട്രക്കുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇന്ത്യക്ക് പുറത്തുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഫുസോ എന്ന ബ്രാന്റ് നാമത്തിലാണ് ഈ ട്രക്കുകള്‍ ലഭ്യമാക്കുന്നത്.

2015 നവംബർ മാസത്തിൽ ഭാരത് ബെൻസ് ബസ്സുകൾ (മേക്ക് ഇൻ ഇന്ത്യ) വിപണിയിലെത്തിച്ചു. ഒരു സ്റ്റാഫ് ബസ്സാണ് ഭാരത് ബെൻസ് ആദ്യമായി ഇന്ത്യയുടെ നിരത്തിലെത്തിച്ചത്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ ആന്റി-റോൾ ബാറുകൾ, തീപ്പിടിത്തമുണ്ടായാൽ അണയ്ക്കാനുള്ള സംവിധാനങ്ങൾ തുടങ്ങിയ സന്നാഹങ്ങളെല്ലാം ഈ ബസ്സിലുണ്ടായിരുന്നു. ചെന്നൈയിലെ ഒറഗഡത്താണ് ബസ്സ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 425 കോടി രൂപയുടെ നിക്ഷേപമാണ് ബസ്സ് നിർമാണത്തിനായി ഭാരത് ബെൻസ് നടത്തിയിട്ടുള്ളത്. വർഷത്തിൽ 1500 ബസ്സുകൾ നിർമിക്കാൻ ശേഷിയുണ്ട് പ്ലാന്റിന്. അന്തരീക്ഷ മലിനീകരണം നിയന്തിക്കുന്നതിനുള്ള യൂറോ 4 സംവിധാനത്തോടു കൂടിയ ട്രക്കുകൾ ആദ്യമായി വിപണിയിലെത്തിക്കുവാൻ കഴിഞ്ഞത് ഭാരത് ബെൻസിന്റെ നേട്ടങ്ങളിൽ ഒന്നാണ്.

ഇക്കഴിഞ്ഞ പ്രളയകാലത്തായിരുന്നു പിന്നീട് കൂടുതലാളുകൾ ഭാരത് ബെൻസിൻറെ കരുത്തും ശേഷിയുമെല്ലാം മനസ്സിലാക്കിയത്. വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ വഴികളിലൂടെ ആളുകളെ രക്ഷിക്കുവാൻ തലങ്ങും വിലങ്ങും പാഞ്ഞ വാഹനങ്ങളിൽ ഒരു പ്രധാന പങ്ക് ഭാരത് ബെൻസിന്റേത് ആയിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങി വെള്ളം കയറി തകരാറിലായ ടിപ്പർ ലോറികൾക്ക് സർവ്വീസ് സഹായങ്ങൾ നൽകുമെന്ന് ഭാരത് ബെൻസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ന് കേരളത്തിലെ പ്രൈവറ്റ് ബസ് മേഖലയിലേക്കും ഭാരത് ബെൻസ് ഇറങ്ങിച്ചെന്നിരിക്കുകയാണ്. അങ്ങനെ അശോക് ലെയ്‌ലാൻഡ്, ടാറ്റ, ഐഷർ തുടങ്ങിയവർക്കൊപ്പം തന്റേതായ ഒരു സ്ഥാനം വാഹനവിപണിയിൽ ഉറപ്പിക്കുവാൻ ഭാരത് ബെൻസിനു സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.