ഇന്ത്യയിൽ അധോലോകരാജാക്കന്മാർ തഴച്ചു വളർന്ന മണ്ണാണ് ബോംബെ എന്ന ഇപ്പോഴത്തെ മുംബൈ. നാം സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അവിടത്തെ യഥാർത്ഥ അധോലോക വിളയാട്ടം എന്തായിരുന്നു എന്നറിയാവുന്നവർ കുറവാണ്. ആ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ധ്രുപദ് {Science, Stories & Paranormal Activities} ഗ്രൂപ്പിന്റെ അഡ്മിനായ Dasz Nikhil. ബോംബെ അധോലോകത്തിന്റെ അധികമാർക്കും അറിയാത്ത ചില കഥകൾ…
ഇബ്രാഹിം ആമിന ദമ്പതികൾക്ക് നാലുമക്കൾ. മൂന്നാണും ഒരു പെണ്ണും. ബോംബെയിൽ, രത്നഗിരി ജില്ലയിലെ മുംഖ ഗ്രാമത്തിലായിരുന്നു പോലിസ് കോൺസ്റ്റബിൾ ആയ ഇബ്രാഹിം കസ്കറും കുടുംബവും താമസിച്ചിരുന്നത്. ഉദ്യോഗാർത്ഥം നഗരത്തിലേക്ക് ചേക്കേറിയ ആ കൊങ്കിണി മുസ്‌ലിം കുടുംബത്തിന് മിച്ചം പിടിയ്ക്കാൻ ഒന്നും കരുതിവയ്ക്കാൻ ഗൃഹനാഥനായ ഇബ്രാഹിമിനു കഴിഞ്ഞിരുന്നില്ല, ജോലിയെ ആരാധനയായി കണ്ടിരുന്ന ആ പോലിസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങില്ലായിരുന്നു. ശുദ്ധമായ മനഃസാക്ഷിയാണ് ഏറ്റവും നല്ല തലയിണ എന്ന് വിശ്വസിച്ച ആ കുടുംബം അല്ലലില്ലാതെ ഒരു വിധം കഴിഞ്ഞു പോന്നു. വി. ടി റെയിൽവേ സ്റ്റേഷനടുത്ത് ഡോംഗ്രിയിൽ തെംഖർ മൊഹല്ലയിൽ അവരൊരു കൊച്ചു വീട് വാടകയ്ക്ക് എടുത്തു. കുട്ടികളെ സമീപത്ത് തന്നെയുള്ള അഹമ്മദ് സെയ്‌ലർ സ്കൂളിൽ ചേർത്തു. മൂത്തവൻ സബീർ ഒരു മെരുക്കമില്ലാത്ത സ്വഭാവക്കാരനായിരുന്നെങ്കിലും ശുദ്ധമനസ്കനും മുൻകോപിയുമായിരുന്നു. ചേരിയിലെ സകല പ്രശ്നങ്ങളിലും തലയിട്ട് വഴിയേ പോകുന്ന അടി മേടിച്ച് പുരയിൽ കൊണ്ടു വരുന്ന പ്രകൃതം. ഇളയവൻ ദാവൂദ് അധികം സംസാരിക്കാത്തവനെങ്കിലും നയപരമായി പ്രശ്നങ്ങൾ തീർക്കുന്നവൻ ആയിരുന്നു. ഒന്പതിലേയ്ക്ക് ജയിക്കാതെ ഏട്ടൻ പഠിപ്പ് നിർത്തിയെങ്കിൽ പാസായിട്ടും അനുജൻ തുടർന്ന് പഠിയ്ക്കാൻ താല്പര്യം കാണിച്ചില്ല. അച്ഛന്റെ സാമ്പത്തിക പരാധീനത മറ്റൊരു കാരണമായിരുന്നു.അവനു പളപളാ മിന്നുന്ന റ്റെർലിൻ ഷർട്ടും ധരിച്ച് കറങ്ങി നടക്കാൻ ആയിരുന്നു താല്പര്യം.
അന്ന് മുംബൈ ഭരിച്ചിരുന്നത് പ്രധാനമായും രണ്ടു ഗ്യാംഗ് ആയിരുന്നു. ഹാജി മസ്താൻ ഗ്യാംഗ്, പത്താൻ വംശജനായ കരിം ലാലാ ഗ്യാംഗ്. പണം ഉണ്ടാക്കാൻ കുറുക്കുവഴികൾ തേടിയലഞ്ഞ ദാവൂദ് പതിനഞ്ച് വയസു മുതൽ ഓട്ടോറിക്ഷ ഓടിക്കാനും, കാർ നന്നാക്കുവാനും തുടങ്ങി. അദ്ധ്വാനിക്കുന്ന ഒരു പയ്യന് അത് മതിയായിരുന്നു ജീവിക്കാൻ. പക്ഷേ, ദാവൂദ് എന്ന കൗമാരക്കാരന്റെ സ്വപ്‌നങ്ങൾക്ക് ഏഴു നിറമായിരുന്നു.ഒരു ശരാശരി മെക്കാനിക്കായി ഒതുങ്ങി പോവാതെ ചേരിയിലെ ടീമുകളുമായി ചേർന്ന് “ഡോംഗ്രി” ബോയ്സ്” എന്നൊരു ഗ്യാംഗ് ഉണ്ടാക്കി. കള്ളച്ചാരായം കടത്തുക, കൂലിക്ക് തല്ലുക, തുടങ്ങിയ ചെറുകിട പരിപാടികളുമായി നടന്നിരുന്ന ഈ സംഘത്തിൽ രണ്ടുപേർ കരിംലാലയുടെ സെക്കൻഡ് ലെവൽ (സബ് കോൺഡ്രാക്റ്റ് ) ഗുണ്ടകളായിരുന്നു. ആ ഒരു പേരിലായിരുന്നു ഡോംഗ്രിയിൽ അവർ പിടിച്ച് നിന്നിരുന്നത്. എതിർത്തവരെ എല്ലാം മൃഗീയമായി ഒതുക്കി ആ തെരുവിന്റെ അടുത്ത രാജകുമാരൻമാർ വളർന്നു വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആളറിയാതെ ഈ സംഘം തെരുവിലെ ഹാജി മസ്താൻ സിൻഡിക്കേറ്റിലെ ചിലരുമായി കോർത്തു. ഫലം, ചെവിക്കുപിറകിൽ വെടിയേറ്റ് ഡോംഗ്രി പാർക്കിനുള്ളിൽ കിടന്നിരുന്ന രണ്ടു ശവങ്ങൾ ആയിരുന്നു. മസ്താനെ നേരിൽക്കണ്ട് മാപ്പ് പറയാൻ ദാവൂദ് തീരുമാനിച്ചു.ദാവൂദിന്റെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റി മറിച്ച സംഭവമായിരുന്നു സുൽത്താൻ ഹൈദർ മിർസയുമായുള്ള ആ കൂടിക്കാഴ്ച.
തന്റെ മുന്നിൽ നിൽക്കുന്ന ആ യുവാവിനെ ഹൈദർ ഒന്ന് നോക്കി. സ്നേഹത്തോടെ ഇരിക്കാൻ ക്ഷണിച്ചു .ആഹാരം കഴിച്ചതിന് ശേഷം സുൽത്താൻ ദാവൂദിന് പറയാനുള്ള കാര്യങ്ങളെല്ലാം സശ്രദ്ധം കേട്ടതിനു ശേഷം പ്രായത്തിന്റെ അവിവേകമായി മാത്രം എല്ലാം കണ്ട് താനതിനെ ഒഴിവാക്കി എന്ന് പറഞ്ഞ മിർസയുടെ കൂടെനിൽക്കാൻ തന്നെ അനുവദിയ്ക്കണമെന്ന് ദാവൂദ് അഭ്യർത്ഥിച്ചു. മുംബൈയിൽ തനിക്കിതിലും വലിയ പിടിവള്ളി കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നു ദാവൂദിന്. പുഞ്ചിരിയോടെ അതിനനുമതി നൽകിയ സുൽത്താൻ മിർസയിൽ ദാവൂദ് കണ്ടത് ഇന്ത്യയിലെ ഏറ്റവും വലിയ നഗരത്തിന്റെ സിംഹാസനമാണ്.
ഹാജിമസ്താന്റെ ജീവിതം ദാവൂദിന് പാഠപുസ്തകമായിരുന്നു. വിനയവും വിശ്വസ്ഥതയും പ്രകടിപ്പിച്ച ദാവൂദ് മസ്താന്റെ അടുത്ത അനുയായികളിൽ ഒരാളായി വളർന്നു. അഞ്ചു രൂപ ദിവസക്കൂലിക്ക് മസഗോൻ ഡോക്കിൽ പോർട്ടറായി ജീവിതം ആരംഭിച്ച,വിദേശ നിർമ്മിത ട്രാൻസിസ്റ്റർ റേഡിയോകളും വാച്ചുകളും വിറ്റു നടന്ന ഹൈദർ മിർസ പടിപടിയായി ഉയർന്നു ഹാജി മസ്താൻ ആയത് ദാവൂദിനു നൽകിയ ആത്മവിശ്വാസം അപാരമായിരുന്നു. ആ അതികായന്റെ നിഴലിൽ നിന്നും ദാവൂദ് ഒരു കാര്യം മനസിലാക്കി. സാധാരണക്കാരെ ഭയപ്പെടുത്തി, അവരുടെ പണം പരൽമീനുകളെ കൊത്തിയെടുത്തു പറക്കുന്ന പൊൻമാന്റെ ലാഘവത്തോടെ തട്ടിയെടുക്കുന്ന തങ്ങളുടെ ബോംബെയ്ക്ക് മുകളിൽ, ലക്ഷങ്ങൾ കൊത്തിയെടുത്തു പറക്കുന്ന കഴുകൻമാരുടെ മറ്റൊരു ബോംബെയുണ്ട്. ആയിരങ്ങളും പതിനായിരങ്ങളും കൊണ്ട് കച്ചവടം ചെയ്യുന്ന കുഞ്ഞു സ്മഗ്ലർമാരുടെ ലോകം.അവരുടെ ചരക്കുകൾ നീങ്ങുന്ന ഹബ്ബ് ആയിരുന്നു മുസാഫിർഘാന. പക്ഷേ ലക്ഷങ്ങളും കോടികളും മറിയുന്ന വൻകിട നെറ്റ്വർക്ക് ആയിരുന്നു മസ്താന്റെയും ലാലയുടെയും.അവരുടെ വാക്കുകൾക്ക് പലരുടെയും ജീവന്റെ വിലയുണ്ടായിരുന്നു.
കള്ളക്കടത്ത് നടത്തുന്നതല്ലാതെ രക്തം ചൊരിയുന്ന വഴികളിൽ ഒന്നും സമാധാന വാദിയായ മസ്താൻ തല്പരനല്ലായിരുന്നു.നിലനിൽപ്പിനു വേണ്ടിയല്ലാതെ അദ്ദേഹം ആയുധം ഉപയോഗിക്കില്ലായിരുന്നു. തന്റെ അനന്തര തലമുറയ്ക്ക് അദ്ദേഹം നൽകിയത് രണ്ട് ഉപദേശങ്ങൾ മാത്രമാണ്. “ലഹരിമരുന്നുകളുടെ യാതൊരു രീതിയിലുള്ള കച്ചവടവും ചെയ്യാതിരിക്കുക.” “എന്ത് ചെയ്യുമ്പോഴും രാത്രി പതിനൊന്നു മണിക്കും പുലർച്ചെ അഞ്ചു മണിക്കും ഇടയിൽ ചെയ്യുക. അല്ലാതെയുള്ള സമയങ്ങളിൽ ഉണ്ടാവുന്ന അനിഷ്ട സംഭവങ്ങൾ എല്ലാം പാവപ്പെട്ടവരും ദിവസക്കൂലിക്കാരും ആയ ജനങ്ങളെ ബാധിക്കും.” പ്രായത്തിന്റെ അസ്വാസ്ഥ്യവും, കാലത്തിന്റെ ആവശ്യകതയും മസ്താനെ മെല്ലെ മെല്ലെ പിൻവാങ്ങാൻ പ്രേരിപ്പിച്ചു.താഴെത്തട്ടിലുള്ളവരെ സഹായിക്കാൻ അദ്ദേഹം കൂടുതൽ സമയം മാറ്റിവച്ചു. 1985-ൽ “ദളിത് മുസ്‌ലിം സുരക്ഷാ മഹാ സംഘ് “എന്നൊരു പാർട്ടി ആരംഭിച്ച മസ്താൻ 1994-ൽ ഹൃദയാഘാതം മൂലം മരിക്കുമ്പോഴേക്കും ഒരു മുഴുവൻ സമയ സാമൂഹ്യ പ്രവർത്തകനായി മാറിയിരുന്നു.
അമർ നായിക്,സഹോദരൻ അശ്വിൻ നായിക് ബാബാ രേഷം, അരുൺ ആഹിർ ഗാവ്‌ലി, സയിദ് ബത്ല തുടങ്ങിയ നവനായകന്മാർ അപ്പോഴേയ്ക്കും ബോംബെ അധോലോകത്തിൽ മുളച്ചു പൊന്തിയിരുന്നു. തുടക്കത്തിൽ സമരസപ്പെട്ടു പോയിരുന്ന ഇവർക്കിടയിൽ പിന്നീട് പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങി. കരിംലാല പല ആവശ്യങ്ങൾക്കും ബത്ലയെയും ദാവൂദിനെയും, ഏട്ടൻ സബീറിനെയും നിയോഗിച്ചിരുന്നു. അധികവും ബൈക്കുള, ശുക്ലാജി സ്ട്രീറ്റ് ഏരിയകളിലെ ഹഫ്ത പിരിവിനും, റിക്കവറികൾക്കും ആയിരുന്നു. അങ്ങനെയിരിക്കെ ദാവൂദ്, സബീർ എന്നിവർ അമീർ സാദയുമായി ഒരു കസ്റ്റംസ് ഓഫിസറുടെ പേരിൽ തെറ്റി.ദാവൂദിന് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്നായിരുന്നു അത്. അതിനു കൊടുക്കേണ്ടി വന്ന വില വളരെ വളരെ വലുതായിരുന്നു.
ബോംബെ ആസാദ് മൈതാൻ സ്റ്റേഷനിൽ C. I. D ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ ധൈര്യം മുഴുവൻ കിട്ടിയിരുന്നത് ദാവൂദിനെക്കാൾ ഏട്ടനായ സബീറിനായിരുന്നു. ഒറ്റയ്ക്ക് മാത്രം ഏത് പരിതസ്ഥിതിയിലും സഞ്ചരിക്കുന്ന ധീരനായിരുന്നു സബീർ കസ്കർ.ആയുധധാരിയായ സബീർ അത്യന്തം അപകടകാരിയും ആയിരുന്നു. സബീറിന്റെയും ദാവൂദിന്റെയും കഥയ്ക്ക് മുൻപ് നമുക്കൊരാളെക്കുറിച്ചറിയാനുണ്ട്. മനോഹർ അർജുൻ സുർവേ. 1944-ൽ ജനിച്ച അർജുൻ സുർവേ അമ്മയോടും രണ്ടാനച്ഛനോടും കൂടെ ബോംബെയിലേക്ക് ചെറുപ്പത്തിൽ കുടിയേറി.ശരാശരിയല്ല,മിടുക്കനായ വിദ്യാർഥി ആയിരുന്നു അർജുൻ സുർവേ.കാലം അവനെ ഒരു ഒത്ത യുവാവാക്കി.
എഴുപതുകളിലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ ഒരു ഗവണ്മെന്റ് ജോലിയും, വിഷമങ്ങളിൽ കൈത്താങ്ങായി നിന്നിരുന്ന വിദ്യയെന്ന സുന്ദരിയായ, സഹപാഠിയായ പ്രണയിനിയുമൊത്ത് അഗർ ബസാറിലെ വീട്ടിൽ ഒരു കൊച്ചു കുടുംബജീവിതവും അർജുൻ സുർവേ സ്വപ്നം കണ്ടു.വൃദ്ധയായ അമ്മയ്ക്ക് അർജുൻ സുർവേയെ കൂടാതെ മനോഹർ പൊധ്കർ എന്നൊരു പുത്രൻ കൂടിയുണ്ടായിരുന്നു. നയാപൈസക്ക് ഉപകാരം ഇല്ലെന്നു മാത്രമല്ല,തികഞ്ഞ ഒരു ക്രിമിനലും വീട്ടിൽ മനസമാധാനം ഇല്ലാതാക്കുന്നതിൽ തല്പരനും കലഹപ്രിയനും ആയിരുന്നു അയാൾ. കോളേജ് വിദ്യാഭ്യാസത്തിനായി ദാദറിലെ ശിവസേനാ ഭവന് സമീപത്തെ കീർത്തി കോളേജിൽ ചേർന്ന അർജുൻ സുർവേ ഈ പ്രശ്നങ്ങളിൽ നിന്നു കൊണ്ട് പഠിച്ചു മുന്നേറാൻ നന്നേ കഷ്ടപ്പെട്ടു. എങ്കിലും ഒരുവിധേന അവൻ പരീക്ഷയെഴുതി. ഫലം കാത്തിരിക്കുന്ന സമയത്ത് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അർജുൻ സുർവേ ഒരു കലഹത്തിൽ ഇടപെട്ടു.ഏട്ടനെ രക്ഷിയ്ക്കാൻ വേണ്ടിയായിരുന്നു അത്.ആരോഗ്യദൃഢഗാത്രനായ അർജുൻ സുർവേയുടെ ഇടപെടലോടെ സംഘട്ടനത്തിൽ മേൽക്കൈ ലഭിച്ച മനോഹർ പൊധ്കർ തന്നെ മൃഗീയമായി മർദ്ദിച്ച സംഘത്തിലൊരാളെ ആഞ്ഞുകുത്തി. ദണ്ഡേക്കർ എന്ന അയാൾ സംഭവസ്ഥലത്ത് തന്നെ രക്തം വാർന്നു മരിച്ചു.
സംഭവത്തിന് ദൃക്‌സാക്ഷികളായവർക്ക് കാര്യങ്ങൾ അറിയുമായിരുന്നെങ്കിലും അവർ മൗനം പാലിച്ചു. ആ മൗനമായിരുന്നു എന്നും ബോംബെ അധോലോകത്തിന്റെ വളം. റിസൾട്ട് നോക്കാൻ ക്ഷേത്രത്തിൽ നിന്നും വഴിപാട് കഴിച്ചു തൊഴുതിറങ്ങിയ മനോഹർ അർജുൻ സുർവേയെ പോലീസുകാർ വലിച്ചിഴച്ചു ജീപ്പിൽ കയറ്റി. താൻ നിരപരാധിയാണെന്ന് നിലവിളിച്ചിട്ടും പോലീസുകാർ അത് ചെവിക്കൊണ്ടില്ല. അർജുൻ സുർവേ കോടതിയിൽ ഹാജരാക്കപ്പെട്ടു. പ്രണയവും ജീവിതവും തകർന്നു പോകുന്നതറിഞ്ഞ ആ ചെറുപ്പക്കാരൻ കോടതിയിൽ ഹൃദയം പൊട്ടിക്കരഞ്ഞു. സത്യാവസ്ഥ പറഞ്ഞിട്ടും കോടതി അർജുൻ സുർവേയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. നിർവികാരനായി ജീവിതം കൈവിട്ടു പോകുന്നത് അർജുൻ സുർവേ നോക്കി നിന്നു.
നീതിന്യായ വ്യവസ്ഥയ്ക്ക് പറ്റിയൊരു തെറ്റ് എന്നു പറഞ്ഞാലും അധികമാവില്ല ആ സംഭവത്തെ. അർജുൻ സുർവേയുടെ ജീവിതം ആകപ്പാടെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. നിരാശയും പകയും ആ ചെറുപ്പക്കാരനിലെ നന്മ മുഴുവൻ വറ്റിച്ചു കളഞ്ഞു. യെർവാഡ ജയിലിലെ “തലമൂത്ത” നേതാവായിരുന്നു സുഹാസ് ഭട്കർ. അർജുൻ സുർവേയെ പലരീതിയിലും ദ്രോഹി്ക്കുക സുഹാസിന് ഒരു വിനോദമായിരുന്നു. ഒരിക്കൽ,ക്ഷമ നശിച്ച അർജുൻ സുർവേ ടാങ്കിൽ നിന്നും വെള്ളം കോരുന്ന ഇരുമ്പ് ബക്കറ്റിനാൽ സുഹാസിന്റെ വലം കൈയും നെറുകിൻ തലയും അടിച്ചു പൊളിച്ചു. അതോടെ ജയിലിൽ ചേരിതിരിവുണ്ടായി. അർജുൻ സുർവേക്ക് പുറകിൽ സുഹാസിനെക്കൊണ്ട് ക്ഷമ കേട്ടിരുന്ന ഒരുപാട് പേർ നിരന്നു. സ്ഥിതി കൂട്ടത്തല്ലിലേക്ക് നീങ്ങാതിരിക്കാൻ അധികൃതർ അർജുനെ രത്നഗിരി ജയിലിലേക്ക് മാറ്റി.അർജുൻ സുർവേക്ക് വലം കൈയായി ധാരാവിക്കാരനായ ഷേക്ക് മുനീറിനെയും വ്ശ്വസ്തനായ ഡോംബിവലി സ്വദേശിയായ വിഷ്ണു പട്ടേലിനെയും കിട്ടുന്നത് ഈ ജയിൽവാസത്തിൽ വച്ചാണ്.
1979-ൽ ശിക്ഷകഴിഞ്ഞിറങ്ങിയ അർജുൻ സുർവേ അടിമുടി മാറിയിരുന്നു. ഹിന്ദുവായതിനാൽ അർജുൻ സുർവേ നിലവിലുള്ള അധോലോകത്തിനു അനഭിമതനായിരുന്നു. മുനീറിനെയും വിഷ്ണുവിനെയും കൂട്ടി അയാൾ സ്വന്തം ഗ്യാംഗ് ഉണ്ടാക്കി. ഉദയ് എന്ന നാലാമനും തികഞ്ഞതോടെ അർജുൻ സുർവേയുടെ സ്വന്തം ഗ്യാംഗ് പൂർണ്ണമായി. എണ്ണം പറഞ്ഞ സമയം കൊണ്ടായിരുന്നു അവരുടെ വളർച്ച.ഉന്നത വിദ്യാഭ്യാസവും അപാരമായ വായനാശീലവും ഉള്ളതിനാൽ ആ അറിവുകൾ അർജുൻ സുർവേയുടെ പ്ലാനിംഗിലും പ്രതിഫലിച്ചിരുന്നു. ഒരു അംബാസിഡർ മോഷണം ആയിരുന്നു ആദ്യം അവർ ചെയ്ത കുറ്റം. മോഷ്ടിച്ച അതേ വണ്ടിയുപയോഗിച്ചവർ കറി റോഡിലെ ലക്ഷ്മി ട്രേഡിംഗ് കമ്പനി കൊള്ളയടിച്ചു. ഏപ്രിലിൽ, മുനീറിന്റെ ബദ്ധശത്രുവായ ഷേക്ക് അസീസിനെ ഇവർ വധിച്ചു.
ചുരുക്കിപ്പറഞ്ഞാൽ, പത്താൻ സിന്റിക്കേറ്റ് ഇരുപത് വർഷം കൊണ്ടുണ്ടാക്കിയ നിലയും വിലയും ഒന്നരവർഷം കൊണ്ട് ഇവർക്കുണ്ടായി. മനോഹർ അർജുൻ സുർവേ ബോംബെയിലെ ആദ്യ “ഹിന്ദു ഡോൺ” ആയി ഉയർന്നു. “മാന്യ സുർവേ” എന്നറിയപ്പെട്ട അർജുൻ ജയിംസ് ഹാഡ്ലി ചേസ് നോവലുകളുടെ കടുത്ത ആരാധകനായിരുന്നു. നോവലുകളെപ്പോലെ തന്റെ പ്ലാനിംഗും പിഴവറ്റതാക്കാൻ മാന്യ ശ്രദ്ധിച്ചു.സിയോൺ-ട്രോംബെ റോഡിലെ കാനറാ ബാങ്കിൽ നിന്നും ഒന്നരലക്ഷത്തിലധികം പണം കൊള്ളയടിച്ച കേസ് പോലിസിനെ വട്ടം എട്ടേകാലും കറക്കുന്നതായിരുന്നു. കരിം ലാലയുടെ വിശ്വസ്തൻ അമീർസാദയുടെ ആവശ്യപ്രകാരം മാന്യ അർജുൻ സുർവേ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിയ്ക്കപ്പെട്ടു. എരിയുന്ന ചുരുട്ടിന്റെയും നുരഞ്ഞു പൊന്തുന്ന മദ്യത്തിന്റെയും പശ്ചാത്തലത്തിൽ, വൻതുക ഓഫർ ചെയ്തു കൊണ്ട് അമീർസാദ മാന്യ സുർവേയുടെ സഹായം ആവശ്യപ്പെട്ടു. “ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ സബീർ ഇബ്രാഹിം കസ്കറിനെ വധിയ്ക്കുക.”
കരിംലാല എന്ന നേതാവും അമീർ സാദ, ആലം സെബ്, ജംഗ്റേസ് , സായിദ് ബത്ല, സമദ് ഖാൻ അയൂബ് ലാല എന്നീ തന്റേടികളും അടങ്ങുന്ന പത്താൻ ഗാങ് നിസാരക്കാരായിരുന്നില്ല. എഴുപതുകളിൽ “D കമ്പനി” സ്ഥാപിയ്ക്കപ്പെട്ടതോടെ പത്താൻ -ദാവൂദ് ഗ്യാംഗുകളുടെ ശത്രുത വർധിച്ചു. മസ്താൻ ഉപദേശിച്ചു നോക്കിയെങ്കിലും സമാധാനപൂർവ്വം പ്രവർത്തിക്കാൻ ഇരു ഗ്യാംഗുകളും സന്നദ്ധരായിരുന്നില്ല.പഷ്തൂൺ, ഹിന്ദി, എന്നിവ മാത്രം സംസാരിച്ചിരുന്ന പത്താൻ ഗ്യാംഗിനേക്കാൾ തദ്ദേശവാസികളും മറാത്തി സംസാരിച്ചിരുന്നവരുമായ D കമ്പനിയോട് എന്നും പ്രാദേശിക വാദം ഉയർത്തിപ്പിടിച്ചിരുന്ന മഹാരാഷ്ട്ര പോലീസുകാർക്കും ഒരു മമതയുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ടിപ്പ് ചെയ്തിരുന്ന ദാവൂദിന്റെ സഹായത്താൽ ചില ഡീലുകളും മുംബൈ പോലിസ് പിടിച്ചിരുന്നു. പത്രപ്രവർത്തകനായ അവരുടെ സുഹൃത്ത് ഇഖ്ബാൽ നാദിക് മുഖാന്തിരമായിരുന്നു D കമ്പനിയ്ക്ക് ഈ വിവരങ്ങൾ ചോർന്നു കിട്ടിയിരുന്നത്. ആയിടയ്ക്ക് ഉണ്ടായ ഒരു റെയ്ഡിൽ പത്താൻ ഗ്യാംഗിന് വളരെ വലിയ നഷ്ടം സംഭവിച്ചു.കാരണം തിരക്കിയിറങ്ങിയ പത്താൻ സിന്റിക്കേറ്റിന് ഒടുവിൽ ഒറ്റുകാരനെ മനസിലായി. കലികയറിയ സമദ് ഖാൻ ഇഖ്ബാലിനെ വെടിവെച്ച് കൊന്നു. അതൊരു മുന്നറിയിപ്പായിരുന്നു..
തനിയ്ക്ക് പ്രവേശനം നിഷേധിച്ച അധോലോക രാജാക്കന്മാർ ഇപ്പോൾ തന്റെ കാൽക്കീഴിൽ സഹായം അഭ്യർഥിച്ചു വന്നത് മാന്യ സുർവേയെ ആഹ്ലാദിപ്പിച്ചു. സബീർ കൊല്ലപ്പെടുമെന്ന് ഉറപ്പ് നൽകിയ മാന്യ പിന്നീട് അതി വിദഗ്ദമായ ഒരു സ്കെച്ച് തയ്യാറാക്കി. വിവാഹിതനാണെങ്കിലും തികഞ്ഞൊരു വിഷയലമ്പടൻ ആയിരുന്നു സബീർ. അത് പണ്ടും അങ്ങനെ തന്നെയായിരുന്നു. അങ്ങനെ ആ ദിവസം വന്നണഞ്ഞു. ഫെബ്രുവരി 12, 1981 – ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്ന സബീർ, ചിത്ര എന്നൊരു അതിസുന്ദരിയായ ഇടക്കാലാശ്വാസവുമായി രാത്രി സഞ്ചരിയ്ക്കുകയായിരുന്നു. കാമാട്ടിപുരയിൽ നിന്നും ബാന്ദ്രയിലേക്കുള്ള യാത്ര. ആഴ്ചകളായി സബീർ മാന്യയുടെ നിരീക്ഷണത്തിലായിരുന്നു. സബീറിന്റെ ഫിയറ്റ് കാറിനെ ഹാജിഅലി മുതൽ കൃത്യമായ അകലത്തിൽ അവർ പിന്തുടരുന്നുണ്ടായിരുന്നു.
സമയം രാത്രി 1:43. പ്രഭാദേവിയിലെ പ്രശസ്തമായ സിദ്ധിവിനായക് ക്ഷേത്രത്തിന് സമീപമുള്ള പെട്രോൾ പമ്പിൽ ഇന്ധനമടിക്കാൻ കാർ നിർത്തിയ സബീറിനെ മാന്യ,പത്താൻ ഗ്യാംഗ് സമീപിച്ചു. അമീർ സാദ, ആലം സെബ്, ജംഗ്റേസ് ഖാൻ , സിദ്ദിഖ് , മാന്യ സുർവേ എന്നിവർ പൊടുന്നനെ കാർ വളഞ്ഞു. സബീർ അമ്പരന്നു നിൽക്കവേ ചിത്രയോട് കാറിൽ നിന്നിറങ്ങി സ്ഥലം കാലിയാക്കാൻ അമീർ ആംഗ്യം കാണിച്ചു. അടുത്ത നിമിഷം തുരുതുരാ വെടിപൊട്ടി. അഞ്ച് ബുള്ളറ്റുകൾ അയാളുടെ നെഞ്ചിൽ തുളച്ചു കയറി. മരണം ഉറപ്പാക്കിയ അവർ വന്ന പോലെ അതിശീഘ്രം തിരിച്ചുപോയി.
അവരുടെ ലക്ഷ്യം സൗത്ത് മുംബൈയിൽ പക്മോഡിയ സ്ട്രീറ്റിലെ ദാവൂദിന്റെ വീടായിരുന്നു. ജ്യേഷ്ഠന്റെ മരണവാർത്ത ദാവൂദ് അറിയുന്നതിന് മുൻപ് തന്നെ അവനെയും വധിയ്ക്കാനുള്ള മാസ്റ്റർപ്ലാൻ മാന്യ സുർവേയുടെ തന്നെയായിരുന്നു. പക്ഷേ, അവിടെ ഭാഗ്യമവരെ തുണച്ചില്ല. ദാവൂദിന്റെ വലംകൈയായിരുന്ന ഖാലിദ് പെഹൽവാൻ പരിസരനിരീക്ഷണം നടത്തുന്ന സമയം പത്താൻ ഗ്യാംഗിന്റെ വാഹനം വളരെ സാവധാനം തങ്ങളെ സമീപിയ്ക്കുന്നത് തിരിച്ചറിഞ്ഞു. ശത്രുവാഹനം സമീപിയ്ക്കുന്നതിന് നിമിഷങ്ങൾ മുൻപ് മാത്രം വീടിന്റെ കൂറ്റൻ ഉരുക്കു വാതിലുകൾ വലിച്ചടയ്ക്കപ്പെട്ടു. പരസ്പരം കനത്ത പോരാട്ടം നടന്നു. ബുള്ളറ്റുകൾ മഴ പോലെ പെയ്തിറങ്ങി. സമർത്ഥരായ കൂട്ടാളികളുടെ മിടുക്കും ഭാഗ്യവും കൊണ്ട് മാത്രം ദാവൂദ് ഇബ്രാഹിം പിൻവാതിൽ വഴി രക്ഷപ്പെട്ടു.
നേരം പുലർന്നു.അനുയായികൾ ആ വിവരം കനത്ത ദുഖത്തോടെ ദാവൂദിനെ അറിയിച്ചു. ബുള്ളറ്റുകളാൽ അഭിഷേകം ചെയ്ത D കമ്പനിയുടെ അമരക്കാരന്റെ ശവശരീരം രക്തത്തിൽ കുളിച്ച് പ്രഭാദേവി പമ്പിൽ കിടക്കുന്നു. പകയും സങ്കടവും മൂലം ഭ്രാന്ത് പിടിച്ച ദാവൂദ് പ്രതികാരദാഹിയായി മാറി. ഏട്ടന്റെ രക്തത്തിന് പകരം വീട്ടാതെ അടങ്ങില്ലെന്നയാൾ പ്രതിജ്ഞ ചെയ്തു. ബോംബെ നഗരത്തിൽ രക്തപ്പുഴയൊഴുക്കിയ ഗ്യാംഗ്‌വാറിന്റെ തുടക്കമായിരുന്നു അത്.
ഏഴുപതുകളുടെ അവസാനത്തോടെ ഗ്യാംഗ് വാറുകളുടെ രക്തച്ചൊരിച്ചിൽ കാരണം ബൊംബെ ഒന്നടങ്കം ഭീതിയിൽ ആഴ്‌ന്നു. D കമ്പനി, അരുൺ ഗാവ്‌ലി, അമർ നായിക് ഗ്യാംഗുകളുടെ പകവീട്ടലുകളാൽ പൊതുജനം പരിഭ്രാന്തരായി. സാധാരണക്കാരാണെങ്കിൽ ഹഫ്ത പിരിവ്, മുതലാളിമാരാണെങ്കിൽ ജീവൻ നിലനിർത്താൻ പ്രൊട്ടക്ഷൻ മണി, ബിൽഡിംഗ് കൊണ്ട്രാക്റ്റർ ആണെങ്കിൽ സേഫ്ടീ ഡെപ്പൊസിറ്റ് തുടങ്ങി പല പേരിലും ഗുണ്ടാപ്പിരിവ് നടത്തി അധോലോകം തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചു കൊണ്ടിരുന്നു. പൊറുതിമുട്ടിയ ഗവൺമന്റ് ചില കടുത്ത തീരുമാനങ്ങൾ എടുക്കാനുറച്ചു.
സകല ക്ഷമയും കെട്ട് 1980-ൽ മുംബൈ പോലിസ് എൻകൗണ്ടർ സ്ക്വാഡ് രൂപീകരിച്ചു. രാജു തംഭദ്, ഇസഹാഖ് ഭഗവാൻ, സച്ചിൻ വാസെ, പ്രദീപ് ശർമ്മ (സിംഹമാണ്.. ഈ പേരൊന്ന് ഓർത്ത് വച്ചോ), ദയാ നായക്, വാലന്റൈൻ ഫെർണാണ്ടസ്, രവീന്ദ്രനാഥ് ആംഗ്രെ, പ്രഫുൾ ഭോസ്‌ലെ, രാജു പിള്ള, വിജയ് സലസ്കർ, ശിവാജി ഖോലെക്കർ, സഞ്ജയ് ഖദം തുടങ്ങി നട്ടെല്ലുള്ള “പ്രാക്ടിക്കൽ നിയമപാലകർ” ഉദിച്ചുയർന്നത് ഈ കാലഘട്ടത്തിലാണ്. മുംബൈ പോലിസിലെ ആൺകുട്ടികളുടെ നരനായാട്ടായിരുന്നു പിന്നീട് നടന്നത്..
22 ജൂൺ 1981-നു മാന്യ സുർവ്വേയുടെ വലം കൈയായ ഷേക്ക് മുനീറിനെ പോലിസ് കല്യാണിനടുത്തുള്ള ഒരു കെമിയ്ക്കൽ കമ്പനിയിൽ നിന്ന് പൊക്കി.കുറച്ച് ദിവസങ്ങൾക്കകം ഉദയും പിടിയിലായി. ജനുവരി 11 1982-നു ഇസഹാഖ് ഭഗവാന് ഒരു ഇൻഫർമേഷൻ ലഭിച്ചു.മാന്യ ഉച്ചയ്ക്ക് ഒരുമണിയോടെ വഡാലയിലെ അംബേദ്കർ ജംഗ്ഷനിൽ ഉള്ള ഒരു ബ്യൂട്ടിപാർലറിൽ എത്തും.കാമുകിയായ വിദ്യയെ പിക് ചെയ്യാനായി വരുന്നതാണ്.ജനുവിനായ ആ വിവരത്തിനു പുറകിൽ ദാവൂദല്ലാതെ മറ്റാരും ആയിരുന്നില്ല.
ശരവേഗത്തിൽ പിന്നീട് കാര്യങ്ങൾ നീങ്ങി. ഇസഹാഖ് ഭഗവാന്റെയും രാജുവിന്റെയും നേതൃത്വത്തിൽ ഒന്നും രണ്ടുമല്ല, സായുധരായ പതിനെട്ട് പോലീസുകാരാണു വഡാലയിലേക്ക് പാഞ്ഞത്. കാരണം ഒരു ഫുൾലോഡഡ് പിസ്റ്റളും, സ്പെയർ ബുള്ളറ്റുകളും,ഒരു ഖുക്രി കത്തിയും, സോക്സിനുള്ളിൽ ചെറിയൊരു കുപ്പി ആസിഡും സദാസമയം സൂക്ഷിയ്ക്കുന്ന മാന്യയെ വേണ്ട ഒരുക്കങ്ങളില്ലാതെ പിടിക്കാൻ പോയാൽ അത് ആത്ഹത്യപരമാണെന്ന് അവർക്കറിയാമായിരുന്നു.
നല്ല വെയിലുള്ള ഉച്ചനേരം.ആറു പേർ വീതമുള്ള മൂന്ന് ടീമായി തിരിഞ്ഞ പോലീസ് സുരക്ഷിതസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.മാന്യയ്ക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടി, കോളേജ് വിദ്യാർത്ഥികളുടെ വേഷത്തിലായിരുന്നു അവർ.കൈകളിൽ പുസ്തകത്തിനുള്ളിൽ പേജിന്റെ ഇടയിൽ വെട്ടിമാറ്റിയ സ്ഥലത്ത് ലോഡ് ചെയ്ത ഗണ്ണുകളുമായി അവർ കാത്തു നിന്നു. ഒരുമണി കഴിഞ്ഞു. ഒന്നേ കാലായി, സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.ഒന്നരയോടെ അവർ അത് കണ്ടു. ഒരു കറുത്ത കാർ വന്നു കോളേജ് ഗേറ്റിൽ നിന്നു. അതിൽ നിന്നും വെളുത്ത വസ്ത്രം ധരിച്ച ഉയരമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി. ചുറ്റും നോക്കി അയാൾ റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുകയാണ്.
നിമിഷ നേരം കൊണ്ട് പോലീസ് അയാളെ വളഞ്ഞു. ഞെട്ടിത്തിരിഞ്ഞ അർജുൻ സുർവേയ്ക്ക് താൻ കെണിയിൽ വീണെന്ന് മനസിലായി. അരയിൽ നിന്നും തന്റെ പ്രിയപ്പെട്ട വെബ്ലി സ്കോട്ട് പിസ്റ്റൾ വലിച്ചെടുത്തെങ്കിലും ട്രിഗർ വലിക്കുന്നതിന് മുൻപേ വെറും ആറടി ദൂരത്ത് നിന്നിരുന്ന ഇസഹാഖ് ഭഗവാന്റെയും രാജുവിന്റെയും തോക്കുകൾ ശബ്ദിച്ചു. നാല് വെടിയുണ്ടകൾ മാന്യയുടെ നെഞ്ചിൽത്തന്നെ തുളഞ്ഞു കയറി. വെടിയേറ്റ് വീണ അർജുനെ പോലീസുകാർ വലിച്ചിഴച്ച് ആംബുലൻസിൽ കയറ്റി. പത്തു മിനിറ്റ് മാത്രം ദൂരമുള്ള K.E.M ഹോസ്പിറ്റലിൽ മുപ്പതു മിനിറ്റ് കഴിഞ്ഞാണ് അവർ മാന്യയെ എത്തിച്ചത്. ഒരാൾ മരിക്കാൻ ആ സമയം ധാരാളം മതിയായിരുന്നു. മുംബൈ പോലീസ് ചരിത്രത്തിലെ ആദ്യ എൻകൗണ്ടർ കില്ലിംഗ് ആയിരുന്നു അത്.
“ഷൂട്ടൗട്ട് അറ്റ് വാഡാല ” സിനിമയുടെ ഷൂട്ടിങ് ക്രൂ ദാദർ കീർത്തി കോളേജിൽ നിന്നും അറിഞ്ഞ ഒരു വിവരം കൂടി പറയട്ടെ.മനോഹർ അർജുൻ സുർവേ എന്ന “മാന്യ” സുർവേയ്ക്ക് അന്ന് എഴുതിയിട്ടും റിസൾട്ട് നോക്കാൻ കഴിയാതെ പോയ ഡിഗ്രി പരീക്ഷയിൽ 78 ശതമാനം മാർക്ക് ഉണ്ടായിരുന്നു. 1982 ലെ സൂപ്പർഹിറ്റ് ഹിന്ദി സിനിമയായിരുന്നു ശക്തി. അമിതാബ് ബച്ചൻ, സ്മിത പാട്ടിൽ എന്നിവരഭിനയിച്ച ഈ ചിത്രം വൻവിജയമായിരുന്നു. അങ്ങനെയിരിക്കെ, ചിത്രത്തിന്റെ നിർമാതാവായ മുഷീർഭായിയെ പത്താൻ ഗ്യാംഗ് അമീർസാദയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയി. മോചനത്തിനായി വൻതുക ആവശ്യപ്പെട്ട അമീറിന്റെ മുന്നിൽ മുഷീർഭായിക്ക് മറ്റു വഴികൾ ഒന്നുമില്ലായിരുന്നു. ചോദിച്ച പണം കൊടുക്കേണ്ടി വന്നു അയാൾക്ക്. സംഭവം ചോർന്നു കിട്ടിയ പത്രക്കാർ അതൊരു ആഘോഷമാക്കി. മുംബൈ പോലീസിന്റെ മുഖത്ത് കരിവാരിത്തേച്ച ഈ സംഭവത്തിന്റെ അന്വേഷണച്ചുമതല ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഇസഹാക്ക് ഭഗവാൻ ഏറ്റെടുത്തു. ഓപ്പറേഷൻ മാന്യ സുർവെയ്ക്കു പ്രസിഡന്റ് മെഡൽ നൽകി ആദരിച്ച ആ സമർത്ഥനായ ആ ഓഫീസർ ദിവസങ്ങൾക്കുള്ളിൽ എല്ലാറ്റിനെയും പൊക്കി അകത്തിട്ടു. മാന്യയുടെ വിധി ഓർമയുണ്ടായിരുന്ന പത്താൻ ഗ്യാംഗിൽ ആരും ഇസഹാഖ് ഭഗവാനെ കണ്ട് ഓടാൻ ശ്രമിച്ചില്ല. കേസ് രജിസ്റ്റർ ചെയ്ത ഭഗവാൻ അമീർസാദയെ ലോക്കപ്പിലാക്കി.
അമീർസാദയെ കൊല്ലാൻ തക്കം പാത്തു നടക്കുന്നവരുടെ കയ്യിൽ പെടാതെ അയാളെ സംരക്ഷിക്കാൻ എളുപ്പമല്ലായിരുന്നു. അത് കൊണ്ട് തന്നെ നിതാന്ത ജാഗ്രതയോടെ പോലീസ് കാവലിരുന്നു. ഏത് നിമിഷവും ഒരു ആക്രമണം പ്രതീക്ഷിക്കുന്നുണ്ടായിരുന്ന ഇസഹാഖ് ഭഗവാൻ കണ്ണിലെണ്ണയൊഴിച്ച് അമീർസാദയെ സംരക്ഷിക്കാൻ ഉത്തരവിട്ടു. ദാവൂദിനും കൂട്ടർക്കും അമീർസാദയെ കാണാൻ പോലും കിട്ടിയില്ല.
സെപ്റ്റംബർ 6, 1983. അമീർസാദയെ കോടതിയിൽ ഹാജരാക്കുന്ന ദിവസം.. കാലത്ത് പതിനൊന്നു മണിയോടെ പോലിസ് വാഹനങ്ങൾ സെഷൻസ് കോടതി ലക്ഷ്യമാക്കി നീങ്ങി. കനത്ത പോലിസ് സുരക്ഷയിൽ അമീർ സാദയെ പോലിസ് കോടതി വളപ്പിലെത്തിച്ചു. പത്താൻ ഗ്യാംങ്ങിന്റെ ബുദ്ധികേന്ദ്രത്തേ കാണാൻ തടിച്ചു കൂടിയവരിൽ ഒരു ചുരുളൻ മുടിയുള്ള പയ്യനുമുണ്ടായിരുന്നു. തിലക് നഗർ സ്വദേശിയായിരുന്ന ഡേവിഡ് പർദേസിയായിരുന്നു അത്. പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും അമീർസാദയുടെ രോമത്തിൽ തൊടാൻ സാധിക്കില്ല എന്ന് മനസിലായ ദാവൂദ് അവസാനം സുപാരി (ക്വട്ടേഷൻ ) ഒരു മാസ്റ്റർമൈൻഡിനെ ഏല്പിച്ചിരുന്നു. രാജൻ നായർ എന്ന “ബഡാ രാജൻ”.. ബോംബെ അധോലോകത്തിലെ പ്രശസ്ത മലയാളി സാന്നിധ്യം..
എഴുപതുകളിലെ ഏതൊരു യുവാവിനെപ്പോലെ ഡേവിഡ് പർദേസിയെന്ന ഇരുപത്തി നാലുകാരൻ പയ്യനും പേരെടുക്കാനും ഗലികൾ അടക്കിഭരിക്കാനും ആഗ്രഹമുണ്ടായിരുന്നു. തന്റെ പേര് മുംബൈ അധോലോകത്ത് എഴുതിച്ചേർക്കാൻ ഇതൊരു അവസരമാണെന്ന് മനസിലാക്കിയ ഡേവിഡ് ബഡാരാജനുമായി വാക്കുറപ്പിച്ചു 50,000 രൂപ സുപാരി വാങ്ങി. അമീർസാദ കൈവിലങ്ങുമായി പടികൾ കയറുകയായിരുന്നു.പരിസരം നിരീക്ഷണം നടത്തിയിരുന്ന ഇസഹാഖ് ഭഗവാന്റെ കഴുകൻ കണ്ണുകൾ എന്തോ ഒളിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ഡേവിഡിന്റെ കണ്ണുകളിൽ കൊരുത്തു..
ഒരു നിമിഷം!! കണ്ണ് ചിമ്മുന്ന വേഗത്തിൽ റിവോൾവർ ഉയർത്തി ഡേവിഡ് വെടിയുതിർത്തു. മൂന്ന് വെടിയൊച്ചകൾ കോടതിയെ പ്രകമ്പനം കൊള്ളിച്ചു! നെഞ്ചിലും വയറിലും വെടിയേറ്റ് അമീർസാദ നിലത്ത് ഇരുന്നു. ഇതിനകം സർവീസ് പിസ്റ്റൾ പുറത്തെടുത്ത ഇസഹാഖ് ഭഗവാന്റെ പിഴയ്ക്കാത്ത ഉന്നം ഡേവിഡിന്റെ ഇടതു കാൽമുട്ട് തകർത്തു. മാരകമായി പരിക്കേറ്റ അമീർസാദ താമസിയാതെ മരിച്ചു. രക്ഷപ്പെടാൻ കഴിയാത്ത ഡേവിഡ് പോലിസ് കസ്റ്റഡിയിലായി..
ദാവൂദിന്റെ പ്രതികാരം തുടരുകയായിരുന്നു. 31 ജനുവരി 1986 ഗുജറാത്ത്! ഒരു ന്യൂഇയർ തലേന്ന്. വഡോദരയിലെ ഒരു പ്രമുഖ ഹോട്ടലിൽ കുപ്രസിദ്ധ ഗുജറാത്തി മദ്യരാജാവായ അബ്ദുൽ ലത്തീഫ് (‘റയീസ്’ സിനിമ ഇയാളുടെ കഥയാണ്) ടീം, മുംബൈ ടീമുമൊത്ത് ഒരു ഡീൽ നടക്കും എന്ന ടിപ്പ് കിട്ടിയ സൂറത്ത് പോലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ഉദ്യോഗസ്ഥർ മഫ്ടിയിൽ കാത്തു നിൽക്കുകയാണ്. അല്പ നേരം കഴിഞ്ഞു മൂന്നു പേർ പുറത്തേക്ക് വന്നു. പിന്നീട് എല്ലാം നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞു. ഹോട്ടലിൽ നിന്നിറങ്ങി വന്നവരിൽ ജീൻസും കുർത്തയും ധരിച്ചയാളെ പോലീസ് ബുള്ളറ്റ് കൊണ്ട് കുളിപ്പിച്ചു.അത് ആലംസെബ് ആയിരുന്നു..
സൗത്ത് മുംബൈയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും അംഗരക്ഷകനോടൊപ്പം ലിഫ്റ്റിൽ താഴേക്കു വരികയായിരുന്നു കരിം ലാലയുടെ അനന്തിരവൻ സമദ് ഖാൻ. പുറത്തു കിടന്നിരുന്ന മൂന്ന് കാറുകൾ ഓരോന്നായി സാവധാനം സ്റ്റാർട്ടായി. മെല്ലെ അവയുടെ പുറകിലെ ഗ്ലാസ് താഴ്ന്നു. ലിഫ്റ്റ് ഇറങ്ങി ഖാൻ സാവധാനം ലോബി കടക്കവേ കാറുകളിൽ നിന്നും മെല്ലെ ലോഹക്കുഴലുകൾ പുറത്തേക്കു നീണ്ടു. ഹോണിന്റെ ശബ്ദം കേട്ടു നോക്കിയ ഖാനെ ലക്ഷ്യം വച്ച് ബുള്ളറ്റുകൾ ചീറിപ്പാഞ്ഞു. പോസ്റ്റ്മോർട്ടം ടേബിളിൽ ഖാന്റെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് ഇരുപതിലധികം വെടിയുണ്ടകളായിരുന്നു.
എഴുപതുകളുടെ ഒടുക്കത്തിൽ ടൈപ്പും കഴിഞ്ഞു ബോംബെയിലേക്ക് വണ്ടി കയറി അവിടെ ജീവിതം കെട്ടിപ്പടുത്ത മലയാളികൾ നാട്ടിൽ അഭിമാനത്തോടെ പറയുന്ന ഒരു പേരുണ്ടായിരുന്നു. “ബോംബെയിൽ ഡോൺ ഒരു മലയാളിയാ” രാജൻ മഹാദേവ് നായർ Alias ബഡാ രാജൻ! ബോംബെ നഗരത്തിൽ ഘാട്കോപ്പറിലെ ചേരിയിൽ ജനിച്ചു വളർന്ന രാജനു നഗരം വളരെ ഇഷ്ടമായിരുന്നു. ജീവിക്കാനല്ല, ഭരിക്കാൻ.! താനെയിൽ,ഒരു ഫാക്ടറിയിൽ തൊഴിലാളിയായിരുന്ന രാജനു പക്ഷേ സ്വന്തമായി ആഗ്രഹങ്ങളും,അത്യാഗ്രഹങ്ങളും അനവധിയുണ്ടായിരുന്നു. ഫാക്ടറിയിലെ വരുമാനം കൊണ്ട് രണ്ടറ്റവും കഷ്ടിച്ച് കൂട്ടിമുട്ടിക്കാൻ പാട്പെട്ട രാജനു ഇതര വരുമാനം അത്യാവശ്യമായിരുന്നു. അങ്ങനെ, ബ്രാൻഡഡ് ടൈപ്പ്റൈറ്റർ മോഷ്ടിച്ചു ചോർബസാറിൽ വിൽക്കുന്ന പരിപാടി, രാജൻ സൈഡിൽ തുടങ്ങി.
ഒരിയ്ക്കൽ പിടിക്കപ്പെട്ട രാജൻ ശിക്ഷിക്കപ്പെട്ടു. പുറത്തിറങ്ങിയ രാജൻ ഘാട്കോപ്പറിലെ സകല സാധ്യതകളും ഉപയോഗപ്പെടുത്തി. അതിനു വേണ്ട ബന്ധങ്ങൾ ജയിലിൽ നിന്നും തന്നെ അയാൾക്ക് ലഭിച്ചിരുന്നു. ജയിൽവാസത്തിന്റെ ഒരു മേന്മയതാണ്. തന്റെ ഏരിയയിലെ ശങ്കർ ടാകീസിൽ ബ്ലാക്ക്ടിക്കറ്റ് വില്പന ആരംഭിച്ച രാജൻ ശിങ്കിടികളോട് ഒപ്പം വ്യാജമദ്യം ഉണ്ടാക്കി കടത്തി പണമുണ്ടാക്കി. തരക്കേടില്ലാതെ ബിസിനസ് മുന്നോട്ട് പോകുകയായിരുന്നു. ആയിടയ്ക്ക്, ബ്ലാക്ക് ടിക്കറ്റ് വില്പനക്ക് പോലീസ് പിടിച്ചകത്തിട്ട ഒരു സംഘം യുവാക്കൾ ജയിലിൽ നിന്നിറങ്ങി .ടിക്കറ്റ് വില്പന ചോദ്യം ചെയ്ത പോലീസുകാരുടെ തല കമ്പിയ്ക്കടിച്ച് പൊളിച്ച കേസും കൂടെയുണ്ടായിരുന്നു. വർമയെന്നറിയപ്പെടുന രോഹിത്, നാനയെന്നറിയപ്പെടുന്ന രാജേന്ദ്രനുമടക്കം പന്ത്രണ്ടു പേരാണ് ആ സംഘത്തിൽ ഉണ്ടായിരുന്നത്. സംഘബലം വർധിച്ച രാജൻ നായർ മെല്ലെ ഹഫ്ത (ആഴ്ചയിൽ പിരിച്ചു കിട്ടുന്ന ഗുണ്ടാപ്പണം) പിരിച്ചുതുടങ്ങി. ന്യായമായ തുക പുതിയ പിള്ളേർക്ക് കൊടുത്തതോടെ അവർക്ക് രാജനിലുള്ള വിശ്വാസം ഇരട്ടിച്ചു.
ശക്തനായ വരദരാജൻ മുതലിയാരുമായി ബന്ധം സ്ഥാപിച്ച രാജൻ മഹാദേവ് നായർ “ബഡാ രാജൻ” എന്ന് അറിയപ്പെട്ട് തുടങ്ങി. ഫ്ലാറ്റ് പണിതു വിൽക്കുന്ന കോണ്ട്രാക്ടർമാരെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ വാങ്ങുക, പുതിയ സംരഭങ്ങൾ തുടങ്ങി വൻതുക ബിസിനസിൽ ഇറക്കിയിരിക്കുന്ന സമയത്ത് ഭീഷണി മുഴക്കി പണം വാങ്ങുക തുടങ്ങി സംഘങ്ങൾ സകലയിടത്തും പിടി മുറുക്കി. ഘാട്കോപ്പർ, തിലക് നഗർ, പന്ത്നഗർ,ചെമ്പുർ എന്നിവിടങ്ങൾ ബഡാ രാജൻ ഗ്യാംഗ് അടക്കി വാണു.
ഹാജി മസ്താന്റെ പിൻവാങ്ങൽ, കരിംലാല എല്ലാം നിർത്തി ഹോട്ടൽ ബിസിനസ്സ് നോക്കി നടത്തുന്നു. അങ്ങനെയിരിക്കുന്ന സമയം, വരദരാജ മുതലിയാർ ധാരാവി മുതലുള്ള തന്റെ സാമ്രാജ്യം സാധു ഷെട്ടിക്കും ബഡാരാജനുമായി വിട്ടു കൊടുത്തു നോർത്ത് ഈസ്റ്റ് ബോംബെയിൽ ഒതുങ്ങി. എല്ലാം കൊണ്ടും സമയം തെളിഞ്ഞ ബഡാരാജൻ വരദരാജൻ മുതലിയാരുടെ സഹ്യാദ്രി ക്രീഡാ മണ്ഡൽ, അഥവാ വിനായക് ചതുർത്ഥി ആഘോഷ കമ്മിറ്റി പുനസംഘടിപ്പിച്ചു. അബ്ദുൽ കുഞ്ഞ്, ഫിലിപ്പ് പാന്ദ്ര, യശ്വന്ത് ജാദവ് മുതലായ സകല ശത്രുക്കളും അതോടെ ഒതുങ്ങി.
പണ്ട് അബ്ദുൽ കുഞ്ഞിന്റെ ഗുണ്ടകൾ ഷെൽ കോളനിയിൽ ഉള്ള ഒരു ടൈപ്പിസ്റ്റ് പെൺകുട്ടിയെ ആക്രമിച്ചിരുന്നു. അന്ന് ആ ഗ്യാംഗിലെ എല്ലാവരെയും കണക്കിന് പെരുമാറിയ ബഡാരാജൻ അന്ന് തൊട്ടേ അബ്ദുൽ കുഞ്ഞിന്റെ കണ്ണിലെ കരടായിരുന്നു. ഫ്രാൻസിസ് സേവ്യർ, വിജയ് സാവന്ത് എന്നിവരടങ്ങുന്ന ഫിലിപ്പ് പാന്ദ്ര ഗ്യാംഗിന് ബഡാ രാജനോടുള്ള ശത്രുത മനസിലാക്കിയ അബ്ദുൽ കുഞ്ഞും അവരോടൊപ്പം ചേർന്നു. ബഡാ രാജൻ സുപാരിയെടുത്ത അമീർ സാദയുടെ ആത്മമിത്രങ്ങളായിരുന്നു കാലിയ ആന്റണിയും മഹേഷ് ധോലാക്കിയയും. ദാവൂദ് ഇബ്രാഹിമിന് വേണ്ടി മഹേഷ് ധോലാക്കിയയുടെ അച്ഛൻ അരവിന്ദ് ധോലാക്കിയ എന്ന ഒരു വൻകിട ബിൽഡറെ വെടിവച്ചു കൊന്നതും, അമ്മാവനെ വധിച്ചതും ബഡാ രാജൻ ഗ്യാംഗ് ആയിരുന്നു. ഈ പക മുതലെടുപ്പ് നടത്തി അവരുമായി ബന്ധം സ്ഥാപിച്ച അബ്ദുൽ കുഞ്ഞിന് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി.അമീറിന്റെ വധത്തിനു പകരം ചോദിക്കാൻ പദ്ധതി തയ്യാറായി…
ഷെൽ നഗറിലെ ഒരു സാധാരണ ഓട്ടോക്കാരൻ ആയിരുന്നു ചന്ദ്രശേഖർ സഫലിക്. കുടുംബം പുലർത്താൻ പാടുപെട്ടിരുന്ന ഒരു സാധാരണക്കാരനായ യുവാവ്. പെങ്ങൾക്ക് ഉറപ്പിച്ച വിവാഹത്തിന് പണമില്ലാതെ പകച്ച് നിന്നിരുന്ന ആ യുവാവിന് മുന്നിൽ ഒരു കെട്ടു പണവും ഒരു റിവോൾവറും വച്ച ഒരു കൈ നീണ്ടു വന്നു. പക തീർക്കാൻ അബ്ദുൽ കുഞ്ഞു കണ്ടെത്തിയ വഴി കൃത്യമായിരുന്നു. ഉറപ്പിച്ച വിവാഹം നടത്താൻ എന്തും ചെയ്യാൻ തയ്യാറായിരുന്ന ചന്ദ്രശേഖർ അത് വാങ്ങി. വിക്രോലി പാർക്കിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് രമേഷ് പൂജാരി എന്ന ഇടം കൈകൊണ്ടും വലം കൈകൊണ്ടും ഒരുപോലെ ഉന്നം പിഴയ്ക്കാതെ വെടിവെയ്ക്കുന്ന ഷാർപ്പ്ഷൂട്ടറുടെ ട്രെയിനിംഗ്. പതിനഞ്ചു ദിവസത്തെ പരിശീലനം ലഭിച്ച ചന്ദ്രശേഖർ നല്ലൊരു വിദ്യാർത്ഥിയായിരുന്നു. ഓട്ടോ ഓടിക്കുന്ന കൈകളിൽ റിവോൾവർ വഴങ്ങി.
21 സെപ്റ്റംബർ 1983. എസ്പ്ലാനാഡ കോർട്ട്, മുംബൈ ! പോലീസ് അകമ്പടിയോടെ ഒരു കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ എത്തിയതായിരുന്നു ബഡാരാജൻ. പോലിസ് സംഘത്തിന്റെ അടുത്തേയ്ക്ക് നടന്നു വരുന്ന തൂവെള്ള യൂണിഫോം അണിഞ്ഞ ഇന്ത്യൻ നേവി ഉദ്യോഗസ്ഥനെ ആരും സംശയിച്ചില്ല. കാരണം, ഡോക്കും നേവൽ ക്വർട്ടേഴ്‌സും കോടതിയുടെ ഏകദേശം അടുത്ത് തന്നെയായിരുന്നു. നെയിം ടാഗ് വരെ ധരിച്ചിരുന്ന ഒരോഫീസറെ സംശയിക്കേണ്ട കാര്യവുമില്ലല്ലോ..?
അടുത്ത നിമിഷം.. ആ ഉദ്യോഗസ്ഥന്റെ കൈയിലെ പുസ്തകത്തിൽ നിന്നും വലിച്ചെടുത്ത റിവോൾവർ ഒരു മിന്നായം പോലെയേ പോലീസുകാർ കണ്ടുള്ളൂ. കോടതിയുടെ നിശബ്ദതയെ ഭഞജിച്ച് കൊണ്ട് തുരു തുരാ വെടിയൊച്ച മുഴങ്ങി. പോലീസുകാരും വക്കീലന്മാരും ജീവനും കൊണ്ടോടി. സമനില വീണ്ടെടുത്ത ഇൻസ്‌പെക്ടർ S.G ഗുരു ഓടി രക്ഷപ്പെടാൻ തുനിഞ്ഞ ചന്ദ്രശേഖറെ പിടികൂടി. അറുപതോളം പേർ സാക്ഷി നിൽക്കേ കോടതിയിൽ വച്ച് ബഡാ രാജൻ വെടിയേറ്റ് മരിച്ചു!!
ബഡാരാജന്റെ മരണം മുംബൈയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.നഗരം നിശ്ചലമായി. ശവസംസ്‌കാരം വരെ ചെമ്പൂരിൽ ബന്ദ് ആയിരുന്നു. ബഡാരാജന്റെ മരണം സംഘത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. ഉത്തരവാദിത്വത്തോടെ ഗ്യാംഗിന്റെ ചുമതല രോഹിത് വർമയും രാജേന്ദ്രനും ഏറ്റെടുത്തു.തങ്ങൾക്കു ജീവിതത്തിൽ ഉയർച്ചയും സമ്പത്തും നേടിത്തന്ന,അങ്ങേയറ്റം വിശ്വസ്തരായി കൊണ്ടുനടന്ന തലവൻ ബഡാ രാജന്റെ കൊലയാളികളെ എന്ത് വില കൊടുത്തും ഇല്ലാതാക്കും എന്ന് അവർ പ്രതിജ്ഞ ചെയ്തു. എന്ത് സഹായം വേണമെങ്കിലും ദാവൂദും ഗ്യാംഗും വാഗ്ദാനം ചെയ്തിരുന്നു.
അസാമാന്യമായ കൂർമ്മബുദ്ധിയും, ആരെയും എതിർക്കാൻ ധൈര്യവും,അപകടങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവും സമചിത്തതയോടെയുള്ള സമീപനവും രാജേന്ദ്രനെ സംഘനേതൃത്വം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു.നിഴൽ പോലെ രോഹിത് വർമയും കൂടെയുണ്ടായിരുന്നു. എടുപ്പിലും നടപ്പിലും ബഡാ രാജനെ അനുസ്മരിപ്പിച്ച രാജേന്ദ്ര സദാശിവ് നിഖൽജെ “ഛോട്ടാ രാജൻ” എന്ന് വിളിയ്ക്കപ്പെട്ടു തുടങ്ങി.ഷൂട്ടിംഗിൽ ബുൾസൈ ആയിരുന്ന രാജനാണ് ദാവൂദ്, അരുൺ ഗാവ്‌ലി ഗ്യാംഗുകൾക്ക് ഷാർപ്പ്ഷൂട്ടേഴ്‌സിനെ സപ്ലൈ ചെയ്തിരുന്നത്.സഞ്ജയ് റഗഡ് എന്ന ഷാർപ്പ് ഷൂട്ടിംഗ് ബീസ്റ്റ്, ചെറുപ്പക്കാരായ യുവാക്കളെ പിസ്റ്റലുമായി പരിചയിപ്പിച്ചു, പഴക്കി, വഴക്കി, മർമ്മം നോക്കി ലക്ഷ്യം തെറ്റാതെ വെടിവെയ്ക്കുന്ന കൊലയാളികളായി വാർത്തെടുത്തു.
ദക്ഷിണേന്ത്യക്കാരോട് പ്രത്യേകിച്ച് ഒരു മമതയുണ്ടായിരുന്നു ബഡാ രാജന്. സദാനന്ദ് ഷെട്ടി അഥവാ സാധു ഷെട്ടിയെന്ന ഉഡുപ്പിക്കാരന്റെ ബോംബെ ഗ്യാംഗുമായി രാജന് നല്ലൊരു ബന്ധം സൃഷ്ടിച്ചെടുക്കാൻ ഇത് കാരണമായി.ബഡാ രാജന്റെ വ്യാജമദ്യ, സ്പിരിറ്റ് ബിസിനസിൽ നെടുംതൂണായത് സാധുഷെട്ടിയായിരുന്നു.ബഡാ രാജന്റെ മരണം ഷെട്ടിയ്ക്കും ഒരു കളങ്കമായി മനസ്സിൽ പതിഞ്ഞു. ഛോട്ടാ രാജൻ സംഘനേതൃത്വം ഏറ്റെടുത്ത പാടെ സാധു ഷെട്ടിയുമായുള്ള ബിസിനസ് ഡീലുകൾ പുനരാരംഭിച്ചു.
സൗമ്യനായ,എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്നവനാണെങ്കിലും തന്റെ ഗുരുസ്ഥാനീയനെ കൊന്നതിലുള്ള പകയും പ്രതികാരവും രാജന്റെ മനസ്സിൽ കിടന്നു ചുട്ടുപഴുക്കുന്നത് ഷെട്ടി തിരിച്ചറിഞ്ഞു. അതേ നീറ്റൽ ഷെട്ടിയുടെ നെഞ്ചിലും ഉണ്ടായിരുന്നു.കാരണം,ഷെട്ടിയെ ഒന്നുമില്ലായ്മയിൽ നിന്നും ആറിലധികം ബാറുകൾ,റെസ്റ്റോറന്റ്, എന്നിവയുടെ ഉടമയാക്കി വളർത്തിയത് ബഡാരാജൻ ഒറ്റയാളായിരുന്നു.ആ രക്തമൊഴുക്കിയ കണക്കിന് പകരം വീട്ടാൻ ഷെട്ടിയുറച്ചു.
ബഡാരാജന്റെ മരണത്തിനു ശേഷം രണ്ടുവർഷം..കുറുക്കന്റെ കൗശലവും സിംഹത്തിന്റെ വീറും കൊണ്ട് ബോംബെ നഗരത്തിന്റെ ശബ്ദമായി മാറാൻ ഛോട്ടാ രാജനു കഴിഞ്ഞു. ബഡാരാജൻ നടത്തി വന്ന ഗണേഷ് ചതുർഥി ആഘോഷ നടത്തിപ്പ് ഛോട്ടാ രാജൻ ഏറ്റെടുത്തു.ഹിന്ദുവായതിനാൽ ശിവ്സേനയുടെ പരിപൂർണ്ണ പിന്തുണയും ഛോട്ടാ രാജൻ നേടിയെടുത്തു. കൊലപാതകങ്ങളിലെ പിൻ പോയിന്റ് അക്യുറസി ഛോട്ടാ രാജന്റെ പ്രത്യേകതയായിരുന്നു.ബോംബെ നഗരത്തിൽ ഭയത്തോടെയല്ലാതെ ആരും ആ പേരുച്ചരിക്കാൻ ധൈര്യപ്പെട്ടില്ല.
പോലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ബഡാ രാജന്റെ മരണശേഷം ധോലാക്കിയ തരാമെന്നു പറഞ്ഞ പണത്തിന് വേണ്ടി ചന്ദ്രശേഖർ സഫലിക് ധോലാകിയയെ സമീപിച്ചു. നിഷ്‌കരുണം അയാൾ വാക്ക് മാറ്റി. പണം കിട്ടില്ല, താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ചന്ദ്രശേഖർ തകർന്നു പോയി. ആ സമയം താനെ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മുഖ്യ ഗുണ്ടാത്തലവനായിരുന്നു അബ്ദുൾ മജീദ്. ചന്ദ്രശേഖർ മജീദിന്റെ അടുക്കൽ ചെന്ന് സങ്കടം പറഞ്ഞു. പ്രശ്നം താൻ ഏറ്റെടുക്കാമെന്ന് പറഞ്ഞ് ചന്ദ്രശേഖറിനെ ആശ്വസിപ്പിച്ച മജീദ് കോമ്പ്രമൈസ് ചെയ്യാൻ വേണ്ടി മീറ്റിംഗ് ഏർപ്പെടുത്തി. താനെയിൽ ഉള്ള ഒരു ബാറിൽ വച്ചായിരുന്നു യോഗം. ആദ്യമേ എത്തിയ ചന്ദശേഖറിനെ മജീദ് അണ്ടർഗ്രൗണ്ടിൽ റൂമിൽ ഇരുത്തി ആവശ്യമുള്ളത്ര വിസ്കിയും ഭക്ഷണവും നൽകാൻ ബെയററെ ഏർപ്പെടുത്തി.കുടിച്ചു ബോധം മറഞ്ഞ ചന്ദ്രശേഖർ അവിടത്തന്നെ കിടന്നു മയങ്ങിപ്പോയി.മീറ്റിംഗിന് മറ്റുള്ളവർ എത്തിയിട്ടും ചന്ദ്രശേഖറിന് ബോധം തെളിഞ്ഞില്ല.
ഉറക്കത്തിൽ നിന്നും ആൾക്കാർ കുലുക്കിവിളിച്ചപ്പോഴാണ് ചന്ദ്രശേഖർ സഫലിക് എഴുന്നേറ്റത്. എല്ലാവരും എത്തിയത് കണ്ട് പിടഞ്ഞെഴുന്നേറ്റ് നേരെ ഇരുന്ന സഫലിക് അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. തനിക്കു പരിചയമില്ലാത്ത കുറച്ചു പേരും ഉണ്ട്. അല്ല..,, ! എല്ലാം അപരിചിതർ ആണല്ലോ ?? എല്ലാവരെയും നോക്കാൻ സമയം കിട്ടിയില്ല, അതിനു മുൻപ് ശക്തമായ ഒരടി ശിരസിന് പിറകിലേറ്റ സഫലിക് ബോധംകെട്ടു വീണു. ഏറെനേരം കഴിഞ്ഞു എഴുന്നേറ്റ സഫലിക്കിന് സ്ഥലകാലബോധം കിട്ടാൻ ഒരുപാട് സമയമെടുത്തില്ല.. അവിടെയും പരിചയമില്ലാത്ത മുഖങ്ങളായിരുന്നു എല്ലാം. പക്ഷേ അതിൽ ചിലമുഖങ്ങൾ നേരത്തെ ബോധം മറയുന്നതിനു മുൻപ് കണ്ട ഓർമ അവനുണ്ടായിരുന്നു. അവന്റെ നോട്ടം മെല്ലെ കുറച്ചകലെ ഒരു റിവോൾവിംഗ് ചെയറിലുടക്കി നിന്നു.
അതിലിരുന്ന് ബ്ലാക്ക് സഫാരി സ്യൂട്ടും, റെഡ് ഹാഫ് ടൈയും ധരിച്ച ഇരുനിറമുള്ള ഒരു യുവാവ് നേർത്ത പുഞ്ചിരിയോടെ സാകൂതം സഫലിക്കിനെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. മുംബൈ മിറർ, ഇന്ത്യ ടുഡേ തുടങ്ങി IAS വിദ്യാർത്ഥികൾ വായിക്കുന്ന ഇല്ലസ്ട്രേറ്റഡ് വീക്ക്ലി അടക്കം ഒട്ടനവധി ആനുകാലികങ്ങളിൽ കണ്ട് പരിചയമുള്ള ആ മുഖത്തിന്റെ ഉടമയെ ഓർമ വന്നതും ചന്ദ്രശേഖർ സഫലിക്കിന്റെ ഹൃദയത്തിൽ ഒരു വെള്ളിടി വെട്ടി. “ഛോട്ടാ രാജൻ!
മെല്ലെ എണീറ്റു രാജൻ സാവധാനം സഫലിക്കിന് നേരെ നടന്നടുത്തു. യഥാർത്ഥത്തിൽ അബ്ദുൾ മജീദ് സാധു ഷെട്ടിയുടെ ആജ്ഞാനുവർത്തിയായിരുന്നു. സഫലിക്കിനെ വിളിച്ചു വരുത്തിയ ഹോട്ടലിന്റെ ഉടമയും ഷെട്ടി തന്നെയായിരുന്നു. ഷെട്ടിയിൽ നിന്നും വിവരമറിഞ്ഞ ഛോട്ടാ രാജൻ വീണുകിട്ടിയ ആ ഇരയെ നാഗ്പടയിൽ ഉള്ള ദാവൂദ് ഇബ്രാഹിമിന്റെ സങ്കേതത്തിൽ എത്തിച്ച് അതിക്രൂരമായി ചോദ്യം ചെയ്തു. തീരാത്ത പകയുള്ള രാജൻ സഫലിക്കിനെ പീഡനങ്ങളും വേദനകളും നല്ലപോലെ അനുഭവിപ്പിച്ച് ഇഞ്ചിഞ്ചായി നരകിപ്പിച്ചു. മൂന്ന് ദിവസത്തിനു ശേഷം ബുള്ളറ്റുകൾ തുളച്ചു കയറി അക്ഷരാർത്ഥത്തിൽ അരിപ്പ പോലെയായ സഫലിക്കിന്റെ ജഡം പോലീസ് കണ്ടെത്തി…
കുറച്ചു ദിവസങ്ങൾക്കു ശേഷം സൗത്ത് ബോംബെയിലെ പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയം..ലോക്കൽ ക്ലബ് മത്സരങ്ങൾ നടക്കുകയാണ്. തരക്കേടില്ലാത്ത മത്സരങ്ങളായതിനാൽ ധാരാളം കാണികളും ഉണ്ട്. ക്രിക്കറ്റ് ഭ്രാന്തൻ കൂടിയായ അബ്ദുൾ കുഞ്ഞും ടീമിലുണ്ടായിരുന്നു. ഫസ്റ്റ് ബാറ്റിംഗ് കഴിഞ്ഞു എതിർ ടീം ബൌളിംഗ് ആരംഭിച്ചു. ഊഴപ്രകാരം അബ്ദുൾ കുഞ്ഞിന്റെ ബാറ്റിങ്ങ്. നല്ലൊരു ബാറ്റ്സ്മാൻ തന്നെയായിരുന്നു അയാൾ. വേഗത്തിൽ റണ്ണടിച്ചു കൂട്ടിയ അയാൾ ബൗളർമാരെ നിലം പരിശാക്കി. പലവട്ടം ഷോട്ടുകൾ ഉരുണ്ടും പറന്നും ബൗണ്ടറി ലൈൻ കടന്നു. കാണികൾ ഹർഷാരവത്തോടെ പന്തെടുത്തു കൊടുത്തു. അങ്ങനെ ഒരുവട്ടം നീട്ടിയടിച്ച ബൗണ്ടറി ഷോട്ട് മൂന്ന് യുവാക്കൾ എടുത്തു കൊടുക്കാൻ നടന്നടുത്തു. അബ്ദുൾ കുഞ്ഞിനെ സമീപിച്ച അവർ അയാളെ നോക്കി പുഞ്ചിരിച്ച് അഭിവാദ്യം ചെയ്തു. ടീഷർട്ടും, സ്നീക്കേഴ്‌സും ധരിച്ച മൂന്ന് പേരിലെ നടുവിലത്തെ യുവാവിന്റെ മുഖത്തെ പ്രസന്നഭാവം പൊടുന്നനെ മാഞ്ഞു.!
“ബഡാജി ഗയാ, ലേഖിൻ ഹം തോ ഹേനാ ജവാബ് ദേനെ കോ !” നിമിഷനേരം കൊണ്ട് തന്റെ മാസ്റ്റർപീസ് ഇറ്റാലിയൻ ബെറേറ്റ 92 പിസ്റ്റൾ വലിച്ചെടുത്ത ഛോട്ടാ രാജൻ അബ്ദുൽകുഞ്ഞിന്റെ നെഞ്ചു നോക്കി നിറയൊഴിച്ചു. പോയിന്റ് ബ്ലാങ്കിൽ നിന്നായിരുന്നു വെടി. കളിപ്പാട്ടം പോലെ തോക്കു വഴങ്ങുന്ന പിഴയ്ക്കാത്ത ഉന്നമുള്ള ഛോട്ടാ രാജന്റെ ബുള്ളറ്റ് കുഞ്ഞിന്റെ ഹൃദയം തുളച്ചു തന്നെ കടന്നു പോയി. സാധു ഷെട്ടിയും, സഞ്ജയ് റഗ്ഗഡും തങ്ങളുടെ തോക്കുകൾ ഉപയോഗിക്കാൻ യാതൊരു വൈമനസ്യവും കാണിച്ചില്ല. രക്തത്തിൽ കുളിച്ചു പിടഞ്ഞു കൊണ്ട് അബ്ദുൽ കുഞ്ഞ് നിലത്തു വീണു. ജനങ്ങൾക്ക് ഒരു നിമിഷമെടുത്തു കാര്യങ്ങൾ മനസ്സിലാവാൻ.. സ്റ്റേഡിയത്തിനെ പ്രകമ്പനം കൊള്ളിച്ച് തുടരെതുടരെ പൊട്ടിയ വെടിശബ്ദങ്ങൾ കേട്ട് അവരെല്ലാം നിലവിളിച്ചു കൊണ്ട് പുറത്തേക്കോടി. പട്ടാപ്പകൽ, അനവധി പേരുടെ മുന്നിൽ വച്ചാണെങ്കിലും തന്റെ കൈകൾ കൊണ്ട് തന്നെ തന്റെ മെന്ററുടെ ഘാതകനെ വധിയ്ക്കുമെന്നെടുത്ത തീരുമാനം കടുകിട പിഴയ്ക്കാതെ ഛോട്ടാ രാജൻ നിറവേറ്റി. അധികം വൈകിയില്ല. ഓഫിസിൽ സന്ദർശകരായി വന്ന രണ്ടുപേർ ഒൻപത് ബുള്ളറ്റുകളിൽ കുളിപ്പിച്ച നിലയിൽ മഹേഷ് ധോലാക്കിയയുടെ ശവം കണ്ടെടുത്തു. ബഡാ രാജന്റെ ജീവനെടുത്ത ഒരാളെപ്പോലും ഛോട്ടാ രാജൻ വെറുതെ വിട്ടില്ല. മരണത്തിനു ശേഷവും ഛോട്ടാ രാജൻ ബഡാരാജന്റെ വിശ്വസ്തൻ തന്നെയാണെന്ന് തെളിയിച്ചു.
എൺപതുകളിൽ ബോംബെയിലെ ബൈക്കുള,പരേൽ ,ലോവർ പരേൽ ഏരിയ അടക്കി ഭരിച്ചിരുന്ന ടീം ആയിരുന്നു “ബൈക്കുള കമ്പനി!”. ബാബു രേഷം, രാമ നായ്ക് ” എന്നിവരായിരുന്നു ഗ്യാംഗിന് നേതൃത്വം നൽകിയിരുന്നത്. കോട്ടൺഗ്രീൻ പ്രവിശ്യയിലെ തുണി മില്ലുകളിലെ സമരം മൂലം തൊഴിൽ നഷ്ടപ്പെട്ട മില്ലിലെ തൊഴിലാളികളായ അരുൺ ആഹിർ, കിഷോർ ആഹിർ എന്നീ സഹോദരങ്ങളെ കൂടി ഉൾപ്പെടുത്തിയതോടെ ബൈക്കുള കമ്പനി പെട്ടെന്ന് വളർന്നു. അരുൺ ഗാവ്‌ലി എന്നു വിളിക്കപ്പെട്ട അരുണിന്റെ കൂർമ്മബുദ്ധി ഗ്യാംഗിന്റെ വേരുകൾ കൂടുതലാഴത്തിൽ ഇറങ്ങിപ്പടരാൻ സഹായിച്ചു.പല അധോലോക നായകന്മാരുമായി അടുത്ത ബന്ധം പുലർത്തിയ അവർ B.R.A ഗ്യാംഗ് (ബാബു രേഷം, രാമ നായ്ക്, അരുൺ ഗാവ്‌ലി) എന്നറിയപ്പെട്ടു.
1984-ൽ സബീർ കസ്കറുടെ ഘാതകനായ സമദ് ഖാന് വധശിക്ഷ വിധിച്ചവരിൽ ബൈക്കുള കമ്പനിയിലെ തലവൻ രാമ നായികും ഉണ്ടായിരുന്നു.അവിടന്നങ്ങോട്ട് 1988 വരെ ദാവൂദ് ഇബ്രാഹിമിന്റെ കൺസൈൻമെന്റുകൾ കാത്തുരക്ഷിയ്ക്കുന്ന ചുമതല B.R.A ഗ്യാംഗിനായിരുന്നു. ദക്ഷിണേന്ത്യൻ വിരുദ്ധ വികാരം ആളിക്കത്തിയപ്പോഴും ഹൈന്ദവരും മറാട്ടികളും മാത്രമടങ്ങിയ ഗ്യാംഗ് “ആംചി മൂലേ ” (നമ്മുടെ പയ്യന്മാർ) എന്ന ലേബലിൽ ശിവസേനയുടെ രാഷ്ട്രീയസംരക്ഷണം ഉറപ്പുവരുത്തിയിരുന്നു.
B.R.A ഗ്യാംഗിന് ഏറ്റവും വലിയ തലവേദന സൃഷ്ടിയ്ക്കുന്ന ശത്രുക്കളായിരുന്നു, സാക്ഷി രസം, പ്രശാന്ത് പാണ്ഡെ എന്നിവർ നയിച്ചിരുന്ന ബൈക്കുളയിലെ തന്നെ “കോബ്ര ഗ്യാംഗ്. ഒരിക്കൽ, ആകസ്മികമായി സംഭവിച്ച ഒരു വഴക്കിൽ കലിപൂണ്ട അരുൺ ഗാവ്‌ലി ബൈക്കുള ബ്രിഡ്ജിലിട്ട് രണ്ടിനെയും തിരുനെറ്റിക്ക് തന്നെ വെടിവെച്ചു കൊന്നു. പ്രശാന്ത് വധം ഒഴിഞ്ഞെങ്കിലും സാക്ഷി രസയെ കൊന്നതിനു അരുൺ ഗാവ്‌ലി അറസ്റ്റ് ചെയ്യപ്പെട്ടു. അരുൺ ഗാവ്‌ലിയ്ക്ക് എതിരെ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസായിരുന്നു അത്. ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബാബു രേഷം ബോംബെയിലെ ജേക്കബ് സർക്കിൾ പോലിസ് ലോക്കപ്പിൽ കൊല്ലപ്പെട്ടു.തുടർന്ന് ഗ്യാംഗിന്റെ നേതൃത്വം രാമ നായിക് ഏറ്റെടുത്തു.
അങ്ങനെയിരിക്കെ,1988-ൽ ജോഗേശ്വരിയിൽ ഒരു ഭൂമിയിടപാടിൽ ദാവൂദിന്റെ ഉറ്റഅനുയായി ശരദ് ഷെട്ടിയും രാമ നായിക്കും തമ്മിൽ തർക്കമുണ്ടായി. നിഷ്പക്ഷത പാലിക്കേണ്ടതിനു പകരം ദാവൂദ് ഇബ്രാഹിം ശരദ് ഷെട്ടിയുടെ പക്ഷം നിന്നു. ഇതിൽ ക്ഷുഭിതനായ രാമ നായികും അരുൺ ഗാവ്‌ലിയും ദാവൂദ് നയിച്ചിരുന്ന D കമ്പനിയുമായി തെറ്റിപ്പിരിഞ്ഞു. തൊട്ടടുത്ത വർഷം 1989-ൽ ചെമ്പൂരിൽ വച്ചുണ്ടായ ഒരു പോലിസ് എൻകൗണ്ടറിൽ രാമനായിക് കൊല്ലപ്പെട്ടു. വെൽ പ്ലാൻഡായ അതിനു പുറകിൽ ദാവൂദ് ഇബ്രാഹിം തന്നെയായിരുന്നു.
സംയമനം പാലിച്ചു ഗ്യാംഗ് ഏറ്റെടുത്ത അരുൺ ഗാവ്‌ലി ദാവൂദ് ഇബ്രാഹിമിനോട് പകരം വീട്ടുമെന്ന് ശപഥം ചെയ്തു. ബൈക്കുളയിലെ ധഗ്ഡി ചൗൾ അരുൺ ഗാവ്‌ലിയുടെ വിഹാരരംഗമായി മാറിയിരുന്നു അതിനകം. എത്രവേഗത്തിൽ ഓടുന്ന വണ്ടിയിൽ നിന്നും എത്ര വേഗത്തിൽ ഓടുന്ന വണ്ടിയിലിരിക്കുന്ന ആരെവേണമെങ്കിലും ഉന്നം പിഴയ്ക്കാതെ വെടിവെച്ചു വീഴ്‌ത്തുന്ന ഷാർപ്പ്ഷൂട്ടറായ ശൈലേഷ് ഹലന്ദർ അരുൺ ഗാവ്‌ലിയുടെ വലംകൈ ആവുന്നത് ഇവിടെ നിന്നാണ്.
ഗ്യാംഗിലെ നാലുപേരെയും ഒപ്പം അരുൺ ഗാവ്‌ലിയുടെ സഹോദരനും ഗ്യാംഗ് മെമ്പറുമായ കിഷോർ അഥവാ ബപ്പ ഗാവ്‌ലിയെയും ദാവൂദിന്റെ ആൾക്കാർ വധിച്ചതോടെ ഗാവ്‌ലിയുടെ പക ആളിക്കത്തി. തന്റെ പാർട്ട്ണറും മെന്ററും ആയ രാമ നായിക്കിന്റെ കൊലയ്ക്ക് പിറകിൽ പ്രവർത്തിച്ചവരും ദാവൂദിന്റെ വിശ്വസ്തരും ആയ സതീഷ് രാജയെയും ഹവാല ഡീലറായ മഹേന്ദ്ര ചൗധരിയെയും വധിച്ചുകൊണ്ട് അരുൺ ഗാവ്‌ലി പകരം വീട്ടി. ഷൂട്ടൗട്ടിൽ പരിക്കേറ്റ ശൈലേഷ് ഹലന്ദറെ പോലിസ് അറസ്റ്റ് ചെയ്തു ബോംബെ J.J ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇരുപത്തിനാലു പേരടങ്ങുന്ന ഒരു സംഘം സായുധരായ ആൾക്കാർ ഹോസ്പിറ്റലിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പോലീസുകാരോടൊപ്പം ശൈലേഷ് ഹലന്ദർ കൊല്ലപ്പെട്ടു. ദാവൂദിന്റെ തിരിച്ചടി !!
സഹായം ചോദിച്ചു വരുന്ന സാധാരണക്കാരെ കൈയയച്ച് സഹായിച്ച അരുൺ ഗാവ്‌ലി ജനങ്ങൾക്കിടയിൽ വളരെ നല്ലൊരു ഇമേജ് വളർത്തിയെടുത്തു.ബോംബെ റോബിൻഹുഡ് സങ്കല്പം അരുൺ ഗാവ്‌ലിയ്ക്ക് പുതിയൊരു പേരു നൽകി. “ഡാഡി”. പക മൂലം കണ്ണ് കാണാതായ ഗാവ്‌ലി D കമ്പനിയിലെ ആരെക്കണ്ടാലും നിർദാക്ഷിണ്യം വകവരുത്താൻ ഉത്തരവിട്ടു. ബോംബെയിലെ ഗ്യാംഗുകളായ ഹാജിമസ്താൻ ഗ്യാംഗ് ,കരിം ലാല ഗ്യാംഗ് ,D കമ്പനി, നാന കമ്പനി, B.R.A ഗ്യാംഗ് ,എന്നിവയെക്കാൾ അതിസാഹസികരും, ക്രൂരന്മാർ എന്ന് പറഞ്ഞാൽ പോരാ… രാക്ഷസകുട്ടികൾ തന്നെയായിരുന്നു ഡാഡി ഗ്യാംഗ് …! നാഗ്പടയിൽ വസിച്ചിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ പെങ്ങളുടെ ഭർത്താവിനെ വെടിയുണ്ടകൾ കൊണ്ട് തുളച്ചാണ് ഡാഡിയും ഗ്യാംഗും പക വീട്ടിയത്……..!!!
നാൽപ്പത് വർഷത്തെ ബോംബെ അധോലോകം കണ്ടതിൽ ഏറ്റവും രക്തരൂഷിതമായ പോരാട്ടമായിരുന്നു D കമ്പനിയും ഡാഡി ഗ്യാംഗും തമ്മിൽ നടന്നത്.അതിബുദ്ധിശാലിയായ ഗാവ്‌ലി,ദാവൂദ് ഗ്യാംഗിനാൽ പോലീസുകാർ J.J ഹോസ്പിറ്റലിൽ കൊല്ലപ്പെട്ടത് ഒരു രാഷ്ട്രീയ,ക്രമസമാധാന പ്രശ്നമാക്കി ഉയർത്തികൊണ്ടു വന്നു.അതോടെ D കമ്പനിയ്ക്ക് മഹാരാഷ്ട്രയിൽ കിട്ടിയിരുന്ന പൊളിറ്റിക്കൽ സപ്പോർട്ട് അവസാനിച്ചു.D കമ്പനിയുടെ പല പ്രമുഖരും രാത്രി ഇരുട്ടി വെളുത്തപ്പോൾ നടുറോഡിൽ രക്തത്തിൽ കുളിച്ചു കിടന്നു. നിൽക്കക്കള്ളിയില്ലെന്ന് മനസിലായ D കമ്പനി തലവന്മാരായ ദാവൂദ് ഇബ്രാഹിം, രാജൻ ,ശരദ് ഷെട്ടി എന്നിവരെല്ലാം ജീവനെ ഭയന്ന് ദുബായിലേക്ക് കടന്നു. ദാവൂദ് ഇബ്രാഹിം നേരിട്ടതിൽ ഏറ്റവും ഭീകരനായ, ബുദ്ധിമാനായ ശത്രുവായിരുന്നു ഡാഡിയെന്ന അരുൺ ഗാവ്‌ലി. അർജുൻ രാംപാൽ അരുൺ ഗാവ്‌ലിയായി അഭിനയിച്ച ചലച്ചിത്രം പിന്നീട് ഇറങ്ങിയിരുന്നു.
എൺപതുകളിൽ D കമ്പനി, നാന കമ്പനി, ബൈക്കുള ഗ്യാംഗ് എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്ന സമയത്ത് ബൈക്കുള കമ്പനിയോട് അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഗ്യാംഗ് ആയിരുന്നു അശോക് ജോഷി ഗ്യാംഗ്. കഞ്ചൂർ മാർഗിലെ ശക്തനായ കോൺഗ്രസ്സ് നേതാവായിരുന്ന അശോക് ജോഷിയായിരുന്നു ഗ്യാങ്സ്റ്റർ. ജോഷിയുടെ രാഷ്ട്രീയ സ്വാധീനവും പോലിസ് പിന്തുണയും മൂലം ഗ്യാംഗിന്റെ തേർവാഴ്ച നിർബാധം തുടർന്നു. മഹേന്ദ്ര ഡോലാസ്, അഥവാ മായ ഡോലാസ് എന്നൊരു യുവാവ് ജോഷി ഗ്യാംഗിലെ ശക്തമായ സാന്നിധ്യമായിരുന്നു. കഞ്ചുർ മാർഗിൽ ജനിച്ചു വളർന്ന മായ ഡോലാസ് പ്രാഥമിക വിദ്യഭ്യാസ ശേഷം നല്ല മാർക്കോടെ I.T.I പാസ് ആയെങ്കിലും ജന്മസഹജമായ കുറ്റവാസന മായയെ അശോക് ജോഷിയുടെ ഗ്യാംഗിൽ ചേരാൻ പ്രേരിപ്പിച്ചു. ആവശ്യത്തിലധികം പണം, മദ്യം, ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാൽ അവളെ കാൽച്ചുവട്ടിൽ എത്തിയ്ക്കാനുള്ള ചൊല്പടിക്കാർ, ആൾക്കാർ ഭയത്തോടെ, ബഹുമാനത്തോടെ മാത്രം പെരുമാറുന്നു. വേറെന്തു വേണമായിരുന്നു അന്നത്തെ ഒരു യുവാവിന്..? പ്ലാൻഡ് മർഡേഴ്സ്, എക്സ്ടോർഷൻ, പ്രൊട്ടക്ഷൻ മണി അങ്ങനെ എല്ലാം മായയും പെട്ടെന്ന് പഠിച്ചെടുത്തു.
B.R.A. ഗ്യാംഗിന്റെ പ്രതാപകാലത്ത് അതായത് (1980-1988) രാമഭായ് നായ്കിന്റെ എൻകൗണ്ടർ വരെ നായ്ക് കൂടെ കൊണ്ട് നടന്നിരുന്ന അംഗരക്ഷകൻ ആയിരുന്നു ദിലീപ് ബുവ. അരുൺ ഗാവ്‌ലിയുടെ വിശ്വസ്തനായ ഷാർപ്പ്ഷൂട്ടർ ശൈലേഷ് ഹലന്ദർക്ക് കിടപിടിക്കുന്ന ഷൂട്ടിങ് എക്സ്പർട്ട് ആയിരുന്നു വെറും പതിനേഴു വയസുള്ള ബുവ. ഷൂസിനിടയിൽ വെബലി സ്കോട്ട് റിവോൾവർ തിരുകി സദാസമയവും മുഖത്തു ചിരിയുമായി നടക്കുന്ന ഒരു കൗമാരക്കാരൻ. അങ്ങനെയിരിക്കെ, ഒരിക്കൽ ഒരഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് അശോക് ജോഷി D കമ്പനിയുമായി തെറ്റി. തന്റെ ഏരിയയിൽ വന്ന രണ്ടു പേരെ (അതിൽ ഒരാൾ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ ഗണ്ണർ സതീഷ് രാജെ ആയിരുന്നു) അശോക് ജോഷി കൊന്നുകളഞ്ഞു. തന്റെ രാഷ്ട്രീയ പദവിയും പോലിസ് സ്വാധീനവും ഉപയോഗിച്ച് അശോക് ജോഷി നിഷ്പ്രയാസം രക്ഷപ്പെട്ടു.
ഡിസംബർ 3, 1988 ഉച്ചതിരിഞ്ഞു മൂന്ന് മണി സ്ഥലം : പൻവേൽ ടൗണിനടുത്ത് (ബോംബെ പൂനെ ഹൈവേ). പാർട്ടി മീറ്റിങ് കഴിഞ്ഞു മടങ്ങുകയായിരുന്നു അശോക് ജോഷിയും സംഘവും. പൊടുന്നനെ ജോഷിയുടെ ബെൻസിനു പിറകിൽ ഒരു ജിപ്സി പ്രത്യക്ഷപ്പെട്ടു. അതിനെ അനുധാവനം ചെയ്തുകൊണ്ട് മൂന്ന് മാരുതി ഓമ്നിയും. പൻവേലിലേക്ക് തിരിയാൻ നിൽക്കുന്ന ബെൻസിനെ ഓവർടേക്ക് ചെയ്തു ജിപ്സി വട്ടമിട്ടു നിന്നു. പുറകിൽ ഓമ്‌നികളും വന്നു വിലങ്ങനെ നിന്നു. കയ്യിൽ സ്റ്റെൻ ഗണ്ണുമായി കറുത്ത സ്യൂട്ടിട്ട ഒരു യുവാവ് ജിപ്സിയിൽ നിന്നും കുതിച്ചിറങ്ങി. ഒപ്പം, മാരുതി വാനുകളുടെയും ഡോറുകൾ വലിച്ചു തുറക്കപ്പെട്ടു. സ്തബ്ധരായിപ്പോയ ഗാർഡുകൾക്ക് സംഭവിക്കുന്നത് എന്താണെന്നു മനസിലാവും മുൻപ് കാറുകളെ വളഞ്ഞ നാന കമ്പനിയിലെ ഛോട്ടാ രാജന്റെ ഹിറ്റ്‌മെൻ തുരുതുരാ വെടിയുതിർത്തു. അക്ഷോഭ്യനായി കാറിനടുത്തേക്ക് നടന്നടുത്ത ഛോട്ടാ രാജൻ തന്റെ സ്റ്റെൻഗൺ അലക്ഷ്യമായി അശോക് ജോഷിയ്ക്ക് നേരെ നീട്ടി.
ഒരു നിമിഷം! പെരുമഴ പോലെ വെടിയുണ്ടകൾ അശോക് ജോഷിയുടെ ശരീരത്തെ കടന്നു പോയി. നിലവിളിയ്ക്കാനുള്ള സമയം പോലും കിട്ടുന്നതിന് മുൻപ് ബുള്ളറ്റുകൾ അയാളുടെ ശിരസ്സു തകർത്തിരുന്നു. വന്ന പോലെ തന്നെ നാനയും ഗ്യാംഗും വണ്ടികൾ റിവേഴ്‌സ് എടുത്തു പോയി. D കമ്പനിയുടെ മറ്റൊരു ശക്തനായ ശത്രുവിനെ കൂടി ദാവൂദ് ഇബ്രാഹിമിന്റെ വലം കൈയായ നാന ഗ്യാംഗ് ഇല്ലാതാക്കി. അശോക് ജോഷിയുടെ കൊലപാതകത്തോടെ ആ ഗ്യാംഗിലുള്ള മായഭായ് എന്ന മഹേന്ദ്ര ഡോളാസ്, ദിലീപ് ബുവ എന്നിവർ അഞ്ച് സുഹൃത്തുക്കളോടൊപ്പം സ്വന്തമായി ഒരു ഗ്യാംഗ് രൂപീകരിച്ചു. നിർഭാഗ്യവശാൽ അശോക് ജോഷി ഗ്യാംഗിലെ തല മുതിർന്ന കാരണവന്മാരുടെ ശത്രുത ഇതോടെ മായയും ബുവയും ക്ഷണിച്ചു വരുത്തുകയാണ് ചെയ്തത്. അവർക്ക് സ്വാധീനമുള്ള പല മേഖലകളിലും അവർ വഴിമുടക്കി. തന്റെ അനുയായിയെ വധിച്ച ഒരാൾ പോലും ജീവനോടെയുണ്ടാവരുത് എന്ന് എക്കാലത്തും നിഷ്കർഷയുള്ള ദാവൂദ് ഇബ്രാഹിം. ആ സമയത്തായിരുന്നു മായഭായ് ഗ്യാംഗിന്റെ സഹായം തേടിയത്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ ശൗര്യമുള്ള മായയും ബുവയുടെ പിഴയ്ക്കാത്ത ഉന്നവും മനസിലാക്കിയ ഛോട്ടാ രാജന്റെ അനുഭാവപൂർണ്ണമായ ഓഫർ ഇതായിരുന്നു. ഇനിയങ്ങോട്ട് D കമ്പനിയിൽ ഉത്തരവാദിത്വമുള്ള സ്ഥാനം, സർവ്വവിധമുള്ള പിന്തുണയും. ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല മായയ്ക്കും ബുവയ്ക്കും.
കഞ്ജുർമാർഗിൽ ഒരു ഹോട്ടലിൽ കോമ്പ്രമൈസ് മീറ്റിംഗിന് ബുവ, അശോക് ജോഷിയുടെ ഗ്യാംഗ് ലീഡേഴ്‌സിനെ വിളിച്ചു വരുത്തി. എല്ലാവരും നിരായുധരായിരുന്നു, ബുവയടക്കം. ഇന്നലത്തെ മഴയ്ക്ക് കുരുത്തവൻ എന്ന് കരുതിയ പയ്യന്റെ കണക്കുകൂട്ടലുകളുടെ ആഴവും വ്യാപ്തിയും അവർക്ക് തിരിച്ചറിയാൻ കഴിയാതെ പോയി. ഓർക്കാപ്പുറത്ത് ഹോട്ടലിലേക്ക് ഇരച്ചു കയറിയ D കമ്പനിയുടെ പ്രൊഫഷനൽ ഷൂട്ടേഴ്സ് നിമിഷങ്ങൾക്കകം ബുവയൊഴിച്ചു മറ്റെല്ലാവരെയും കൊന്ന് തള്ളി. ചൂടുള്ള കാപ്പികപ്പുകൾക്ക് ഇടയിൽ നിസംഗനായിരുന്നു ദിലീപ് ബുവ പുഞ്ചിരിച്ചു. അന്ന് തൊട്ട് D കമ്പനിയിൽ, വമ്പന്മാരെ സമീപിക്കയും, വഴങ്ങാത്തവരെ വധിക്കുകയും പ്രൊട്ടക്ഷൻ മണി കളക്റ്റ് ചെയ്യുന്നതും അടക്കം എല്ലാ പ്രധാന ജോലികളും മായയുടെയും ബുവയുടെയും അധീനതയിലായി. അങ്ങനെയിരിക്കെ, ഒരിക്കൽ സാധാരണ പിരിയ്ക്കുന്നതിൽ അധികം പ്രൊട്ടക്ഷൻ മണി ആവശ്യപ്പെട്ടതിനെ തുടർന്ന് ദാവൂദ് ഇബ്രാഹിമും മായ ഗ്യാംഗും തമ്മിൽ തെറ്റി. ഇന്ത്യൻ ലോ & ഓർഡർ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഏടുകൾ രചിക്കപ്പെടുകയായിരുന്നു അതോടെ…
ബോംബെ അധോലോകത്തിൽ നിർണായകമായ പത്തു വർഷമായിരുന്നു 1985-1995.അധോലോകമെന്ന ഇരുണ്ട ജനവിഭാഗത്തിന്റെ അളവുകോലുകൾ തന്നെ മാറ്റിമറിച്ച പത്തു വർഷത്തിൽ എടുത്തുപറയേണ്ട ചില നാഴികക്കല്ലുകൾ ഉണ്ട്. എൺപതുകളുടെ അവസാനത്തിൽ അധോലോകത്തിന്റെ വേരുകൾ യുവതലമുറയിലേക്ക് പരിപൂർണ്ണമായി ആഴ്ന്നിറങ്ങിയിരുന്നു. അക്ഷരാർത്ഥത്തിൽ, ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു ബോംബെ നഗരത്തിൽ. അയ്യായിരം രൂപ കയ്യിലുള്ള ആർക്കും സ്വന്തമായി തോക്കു വാങ്ങാം എന്ന സ്ഥിതിയായിരുന്നു അന്ന്. ബോംബെയിലെ ഗലികളിൽ തദ്ദേശ നിർമിതമായ പിസ്റ്റലുകൾ നിർമിച്ചു നൽകുന്ന മാഫിയകൾ സജീവമായിരിക്കുമ്പോൾ അത് സ്വാഭാവികം മാത്രം .പട്ടാപ്പകൽ ആൾക്കാരെ ബൈക്കിൽ വന്നു വെടിവെച്ചിടൽ, തട്ടിക്കൊണ്ടു പോകൽ, മാരുതി വാനിൽ പെൺകുട്ടികളെ നടുറോഡിൽ നിന്ന് പൊക്കിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തി വഴിയരികിൽ തള്ളൽ എന്നിങ്ങനെ, പഴയ തലമുറയും പുതിയ തലമുറയും, അവിടവിടെ മുളച്ചു പൊന്തുന്ന ഈർക്കിലി ഗ്യാംഗുകളും ചേർന്ന് മനുഷ്യരെ പൊറുതിമുട്ടിച്ചു കൊണ്ടിരുന്നു.
ഈ സമയത്ത് മഹാരാഷ്ട്ര പോലിസ് സേനയുടെ തലപ്പത്തുള്ളവർ ചില നിർണായക തീരുമാനങ്ങൾ എടുക്കുന്ന തിരക്കിലായിരുന്നു.അതിന്റെ ഫലമായി 1990 ഡിസംബറിൽ മുംബൈ ATS (ആന്റി ടെററിസം സ്‌ക്വാഡ്) രൂപം കൊണ്ടു. നേതൃത്വം വഹിച്ചത് അസിസ്റ്റന്റ് കമ്മീഷണർ അഫ്തബ് അഹമ്മദ് ഖാൻ! ക്രിമിനലുകളോട് യാതൊരു ദയവും കാണിക്കാത്തതിനാൽ ഖാൻ എന്നും അധോലോകത്തിന് ഒരു തലവേദനയായിരുന്നു. ലോസാഞ്ചൽസ് പോലീസ് വിഭാഗമായ S.W.A.T (സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് ) മാതൃകയിലാണ് ഖാൻ തന്റെ ടീമിനെ പ്രവർത്തന സജ്ജമാക്കിയത്.
D കമ്പനിയിൽ നിന്നും വിട്ടു സ്വന്തമായി പ്രവർത്തനമാരംഭിച്ച മായ ഡോളാസ്, ദിലീപ് ബുവ ഗ്യാംഗ് ബോംബെയിലെ വൻകിട സംരംഭകർക്കും ബിൽഡർമാർക്കും വലിയ ഭീഷണിയായി മാറിയിരുന്നു.ആ സമയത്തുണ്ടായ റിയൽ എസ്റ്റേറ്റ് ബൂം ശരിക്കും മുതലാക്കിയ അവർ പണം പരമാവധിയുണ്ടാക്കി.D കമ്പനി പ്രൊട്ടക്ഷൻ മണി വാങ്ങി സംരക്ഷിച്ചു വന്നിരുന്നവർക്ക് പോലും മായ,ബുവ ഗ്യാംഗിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല.അവരുടെ വീതം കൊടുക്കാൻ മടിച്ചവരെല്ലാം ഓരോരുത്തരായി കൊല്ലപ്പെട്ടു കൊണ്ടിരുന്നു.ദുബായിൽ ഇരുന്നു D കമ്പനി നിയന്ത്രിക്കുന്ന സാക്ഷാൽ ദാവൂദ് ഇബ്രാഹിമിന് പോലും ഒന്നും ചെയ്യാൻ സാധിക്കാതെ വന്നു. രാത്രി മഴയ്ക്ക് മുളച്ച ഇരുപത്തഞ്ചുകാരായ കുറച്ച് പൊടിപ്പിള്ളേർ തനിക്കു ഭീഷണിയായിരിക്കുന്നു. എന്ത് വിലകൊടുത്തും അവരെ ഒതുക്കണമെന്ന് ദാവൂദ് ഉറപ്പിച്ചു.
1991 നവംബർ 16…ഇന്ത്യൻ ലോ & ഓർഡർ സിസ്റ്റത്തിലെ രക്തത്തിൽ കുതിർന്ന അദ്ധ്യായം ബോംബെ പോലീസ് രചിച്ചത് അന്നായിരുന്നു. ATS ഓഫിസിൽ ഏതാണ്ട് പതിനൊന്നരയോടെ ഒരു ഫോൺ സന്ദേശം ലഭിച്ചു. “അന്ധേരി സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോമീറ്റർ മാറിയുള്ള ഒരു പോഷ് റെസിഡെൻഷ്യൻ ഏരിയയായ ലോഖണ്ഡ് വാല കോംപ്ലക്സിലെ സ്വാതി ബിൽഡിംഗിൽ, 002, 003 ഫ്ലാറ്റിൽ മായ ഡോലാസ്, ദിലീപ് ബുവ എന്നിവരുടെ ഗ്യാംഗ് തമ്പടിച്ചിരിക്കുന്നു. അവർ സായുധരാണ്, സൂക്ഷിയ്ക്കുക! ”
ചടുലമായ പോലീസ് ഓപ്പറേഷനായിരുന്നു പിന്നീട് നടന്നത്. നൂറോളം പോലീസുകാരും ATS ലെ ചുണക്കുട്ടികളും അടങ്ങുന്ന പതിനഞ്ച് പോലീസ് വാഹനങ്ങൾ ലോഖണ്ഡ് വാല കോംപ്ലക്സ് ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു. വെൽ ട്രെയിൻഡായ ATS ഉദ്യോഗസ്ഥൻ കവിരാജ് പാട്ടീൽ എന്ന മിടുക്കനായിരുന്നു ടീം ലീഡർ. കോംപ്ലക്‌സിലെ കൂറ്റൻ ബിൽഡിംഗുകളിൽ ഒന്നായിരുന്നു സ്വാതി ബിൽഡിംഗ്. പത്തുപേർ അടങ്ങുന്ന കവിരാജ് നയിക്കുന്ന ടീം , മെല്ലെ ആദ്യം പരിസരം നിരീക്ഷിച്ചുകൊണ്ട് ഫ്‌ളാറ്റിനെ സമീപിച്ചു.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അവർ സ്വാതി ബിൽഡിംഗിനെ പരിപൂർണ്ണമായും നിരീക്ഷണത്തിലാക്കി.
മായ ഗ്യാംഗിലെ ബുവയുടെ വിശ്വസ്തനായ ഷാർപ്പ്ഷൂട്ടർ അനിൽ പവാർ അടക്കം പലരെയും ബിൽഡിംഗിനുള്ളിൽ കണ്ടതോടെ ഇൻഫർമേഷൻ കറക്റ്റ് ആണെന്ന് അവർക്കു മനസിലായി. സബ് ഇൻസ്‌പെക്ടർ ഗരൽ എന്ന സമർത്ഥനായ ഷൂട്ടറും കവിരാജിനൊപ്പം ഉണ്ടായിരുന്നു. പിസ്റ്റലുകളിൽ, ട്രിഗറിൽ വിരലുറപ്പിച്ച് അവർ മെല്ലെ ഗ്രൗണ്ട് ഫ്ലോറിലെ ഫ്‌ളാറ്റിൽ കടന്നു.
ശ്വാസമടക്കിപ്പിടിച്ചു കൊണ്ടവർ വാതിലിനെ സമീപിച്ചു. ബുവയുടെ പിഴയ്ക്കാത്ത ഉന്നത്തെക്കുറിച്ച് രണ്ടുപേർക്കും നല്ല ബോധ്യമുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകളാൽ അവർ കോളിങ് ബെല്ലടിച്ചു. ഇൻസ്‌പെക്ടർ അംബാദാസ് പോറ്റിയും മറ്റൊരു കോൺസ്റ്റബിളും അവരെ കവർ ചെയ്തിരുന്നു.
കുറച്ച് നേരം കാത്തു നിന്നിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. വാതിലിൽ കൈകൊണ്ടു മുട്ടിയ അവർ മായയോടും ബുവയോടും കീഴടങ്ങാൻ ആവശ്യപ്പെട്ടു. കുറച്ചു നേരം വീണ്ടും നിശബ്ദത മാത്രം..പെട്ടെന്നായിരുന്നു അത്..വാതിലിന്റെ പാളികൾ ചിതറിത്തെറിപ്പിച്ചു കൊണ്ട് ബുള്ളറ്റുകൾ മഴപോലെ പുറത്തേയ്ക്ക് ചീറിയെത്തി. SLR റൈഫിളിൽ നിന്നുള്ള വെടിയുണ്ടകളിൽ ഒന്ന് ഗരലിന്റെ വലതു നെഞ്ചിലും മറ്റൊരെണ്ണം കവിരാജിന്റെ ഇടതു തുടയിലും തുളച്ചു കയറി. പോറ്റിയും സഹായിയും കവിരാജിനെയും ഗരലിനേയും വലിച്ചു പുറത്തെത്തിച്ചു. അനുനയശ്രമങ്ങളൊന്നും വിലപ്പോവില്ലെന്ന് മനസിലായ പോലീസ് പ്രത്യാക്രമണം ആരംഭിച്ചു.
പിന്നീടങ്ങോട്ട് ശ്വാസം കഴിക്കാൻ പോലും മറന്ന ഒരു മണിക്കൂർ നേരമായിരുന്നു പോലീസുകാർക്ക്. ഒരു വിഭാഗം ക്രിമിനൽസുമായി പോരാടുമ്പോൾ മറ്റൊരു വിഭാഗം ആ ഒരു ഫ്‌ളാറ്റ് ഒഴികെ മറ്റുള്ള താമസക്കാരിൽ അപായസാധ്യതയുള്ളവരെ മുഴുവൻ ഒഴിപ്പിച്ചു. ക്രിമിനലുകളുടെ ബുള്ളറ്റ് റേഞ്ചിൽ ഉള്ള വീട്ടുകാരെ മെഗാഫോൺ വഴി അലർട്ട് ആക്കി. വാതിലുകളും ജനലുകളും അടച്ചിടാൻ മുന്നറിയിപ്പ് കൊടുത്തു. സംഭവമറിഞ്ഞു റെസിഡൻഡ്സ് മുഴുവൻ പുറത്തിറങ്ങുന്നതും, നാട്ടുകാർ തടിച്ചുകൂടുന്നതും തടയാൻ പൊലീസിന് ഭഗീരഥ പ്രയത്നം നടത്തേണ്ടി വന്നു.
ഒരു എക്സ്ടോർഷൻ ഡീൽ സെറ്റ് ചെയ്യാൻ എത്തിയതായിരുന്നു D കമ്പനിയിലെ എക്സ് മെമ്പേഴ്‌സ് ആയ മായ ഡോലാസ്, ദിലീപ് ബുവ, ബുവയുടെ സന്തതസഹചാരി അനിൽ പവാർ, രാജു പൂജാരി, അശോക് നാദ്കർണി എന്നിവർ. D കമ്പനിയുടെ വിശ്വസ്‌ത സുഹൃത്തായിരുന്ന ഗോപാൽ രാജ്വാനി ദാവൂദ് ഗ്യാംഗിന് വേണ്ടി മാത്രം വാങ്ങിയിട്ടിരുന്ന ഫ്‌ളാറ്റ് ആയിരുന്നു അത്. സ്വാതി ബിൽഡിംഗിൽ വച്ച് കൂടിക്കാഴ്ച നിശ്ചയിക്കാൻ കാരണവും അതായിരുന്നു. മായ ഗ്യാംഗിനൊപ്പം സംഘത്തിൽ പുതുതായി ചേർന്ന രണ്ടുപേരും ഉണ്ടായിരുന്നു. ഒരു കോടി രൂപയുടെ ഡീൽ നടത്തുന്നതിൽ കുറച്ചു പണം കൂടി കൈപ്പറ്റാൻ ഒരു ബിൽഡറെ കാത്തിരിക്കുകയായിരുന്നു അവർ. ഓർക്കാപ്പുറത്ത് സംഭവിച്ച ഈ അപകടം യാദൃശ്ചികമാണെന്ന് അവർക്ക് തോന്നിയില്ല. അതിനു പിന്നിൽ കടൽ കടന്നു സുരക്ഷിത താവളത്തിലിരുന്നു ചരട് വലിക്കുന്ന ദാവൂദ് തന്നെയാണെന്നവർക്ക് നിസ്സംശയം ബോധ്യമുണ്ടായിരുന്നു.
പുറത്ത് അന്തരീക്ഷമാകെ മാറിമറിഞ്ഞു കഴിഞ്ഞിരുന്നു. പോലീസുകാർ ആ ഏരിയ മുഴുവൻ വളഞ്ഞു. ജനസമുദ്രമായി മാറിയ ലോഖണ്ഡ് വാല കോളനിയിലേക്ക് അനുനിമിഷം ആൾക്കാർ ഒഴുകിയെത്തിക്കൊണ്ടിരുന്നു. സംഭവമറിഞ്ഞു സകല പത്രക്കാരും ചാനലുകാരും സ്ഥലത്തെത്തിയിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു അത്. അന്തരീക്ഷം വെടിയൊച്ചകളാൽ മുഖരിതമായി. രണ്ടു മണിയോടെ സംഭവസ്ഥലത്തേയ്ക്ക് ഒരു പോലീസ് വാഹനം സൈറൺ മുഴക്കിക്കൊണ്ട് പാഞ്ഞെത്തി.അതിൽ നിന്നിറങ്ങിയ ആളെക്കണ്ട് പോലീസ് മുഴുവൻ അറ്റൻഷനായി. A.C.P അഫ്താബ് അഹമ്മദ് ഖാൻ! ഇരയെ കെണിയിലാക്കിയ വേട്ടക്കാരന്റെ ഭാവം ആ കണ്ണുകളിൽ ഉണ്ടായിരുന്നു..
സിറ്റുവേഷൻ റിപ്പോർട്ട് തത്സമയം അറിഞ്ഞിരുന്ന ഖാൻ തന്റെ ഫോഴ്‌സിന് നടുവിലൂടെ അപ്പാർട്ട്മെന്റിനെ സമീപിച്ചു. പൊടുന്നനെ, ബിൽഡിംഗിന്റെ ജനലിൽ ഒരു തല പ്രത്യക്ഷപ്പെട്ടു. അയാൾ കുഴൽ പോലെ എന്തോ പുറത്തേക്ക് നീട്ടിപ്പിടിച്ചു. അപകടം മണത്ത ഖാൻ കണ്ണടച്ച് തുറക്കുന്ന നേരത്തിൽ വശത്തേക്ക് ചാടിയൊഴിഞ്ഞു. പാഞ്ഞു വന്ന തീഗോളം ഒരു പോലീസ് വാനിൽ പതിച്ചു. RPG(റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ് ) ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഖാൻ പിസ്റ്റളുയർത്തി നിമിഷാർധം കൊണ്ട് നിറയൊഴിച്ചു. ദിലീപ് ബുവയുടെ വലംകൈയായ അനിൽ പവാറിന്റെ നെഞ്ചുതുളച്ചാണ് ആ ബുള്ളറ്റ് കടന്നു പോയത്.
മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി. ഖാന്റെ അഭ്യർത്ഥന പ്രകാരം ഒരു കമ്പനി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കൂടി രംഗത്തെത്തിയതോടെ നിലക്കാത്ത വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടിരുന്നു. തന്റെ .9 mm ബ്രൗണിംഗ് പിസ്റ്റൾ ഷർട്ടിനു പിറകിൽ തിരുകി ഖാൻ ഒരു A.K.47 കൈയിലെടുത്തു. കില്ലിംഗ് റേഞ്ച് മാത്രം 350 മീറ്റർ ലഭിയ്ക്കുന്ന ആ തോക്കുപയോഗിച്ചു ഖാൻ തന്റെ ഫോഴ്‌സിനെ, മുന്നിൽ അടി പതറാതെ നിന്ന് നയിച്ചു. ഇതേ സമയം പുറകിലെ വാതിൽ തുറന്നു സ്റ്റെയർ വഴി ടെറസിലെത്തിയ ദിലീപ് ബുവ മുകളിൽ നിന്ന് ആക്രമണമാരംഭിച്ചു. രണ്ടാം നിലയിൽ നിന്നും മൂന്നാം നിലയിൽ നിന്നും യഥാക്രമമായി ഡോലാസും, രാജു പൂജാരി, അശോക് നാദ്കർണി എന്നിവരും തങ്ങളുടെ AK 47 റൈഫിളും ഇസ്രായേൽ നിർമിതമായ Uzi ഹാൻഡ് ഗണ്ണുകളും ഉപയോഗിച്ച് തുരുതുരാ വെടിവെച്ചു കൊണ്ടിരുന്നു.
കോപം പൂണ്ട മായ പോലീസുകാരെയും ഖാനെയും കേട്ടാൽ അറയ്ക്കുന്ന തെറികൾ കൊണ്ട് അഭിഷേകം ചെയ്തു. ധൈര്യമുണ്ടെങ്കിൽ മുന്നോട്ടു വരാൻ വെല്ലുവിളിക്കുകയും ചെയ്ത മായയും മറ്റുള്ളവരും ഇടയ്ക്കിടെ പൊസിഷൻ മാറ്റിക്കൊണ്ടിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ഓരോരുത്തരായി വെടിയേറ്റു വീണു. ദിലീപ് ബുവയ്ക്കും തുടയിൽ വെടിയേറ്റു. മൂന്ന് മണിയോടെ A.C.P. ഗോബ്‌സെയുടെ നേതൃത്വത്തിൽ ഒരു പോലീസ് സംഘം സ്ഥലത്ത് എത്തി. വെടി നിർത്താൻ അവർ ആവശ്യപ്പെട്ടുവെങ്കിലും A.T.S ഓഫിസേഴ്സ് അതിനു തയ്യാറായില്ല. യഥാർത്ഥത്തിൽ, ഖാൻ തന്റെ വിശ്വസ്‌തരായ ഉദ്യോഗസ്ഥരോട് നിർദേശം കൊടുത്തിരുന്നു..”Shoot To Kill..! ”
ബുള്ളറ്റുകളുടെ ഒഴിഞ്ഞ കെയ്സുകൾ മഴ പെയ്ത പോലെ നിലത്ത് ചിതറിക്കിടന്നു. മുറിവേറ്റ ദിലീപ് ബുവയ്ക്കും അധികം പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ബോംബെ അധോലോകത്തിന്റെ യുവരക്തവും വെടിയുണ്ടകൾ ഏറ്റു പിടഞ്ഞു വീണു. ഏതാണ്ട് നാലെ കാലോടെ വെടിയൊച്ചകൾ കുറഞ്ഞു. തനിച്ചായ മായ ഡോലാസ് കീഴടങ്ങി പിടി കൊടുക്കാൻ തീരുമാനിച്ചു. സുഹൃത്തുക്കളെല്ലാം വെടിയേറ്റു വീണെന്ന് മനസിലായ മായ കൈകൾ ഉയർത്തി നിരായുധനായി പുറത്തേക്ക് നടന്നു. കൈകളുയർത്തിപ്പിടിച്ചു പുറത്തേക്കു വന്ന മായയെ കണ്ട് പോലീസ് ഫയറിംഗ് നിർത്തി.
“വെടി വെയ്ക്കരുത്..!! ഞാൻ കീഴടങ്ങുന്നു.. കവിരാജിന്റെയും ഖാന്റെയും കണ്ണുകൾ തമ്മിൽ ഒരു നിമിഷം സംസാരിച്ചു. അടുത്ത നിമിഷം ഇരുവരും ട്രിഗറമർത്തി. ഡസൻ കണക്കിന് തോക്കുകളും കൂടെ ശബ്ദിച്ചു. മൂളിപ്പറന്നു വന്ന ബുള്ളറ്റുകൾ മായ ഡോലാസിന്റെ ദേഹം തുളച്ചു കടന്നു പോയി. നൂറോളം വെടിയുണ്ടകളാണ് മായയുടെ ദേഹത്ത് കയറിയത് എന്ന് പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. നാലര മണിക്കൂർ നീണ്ട ,1755 റൗണ്ട് ഫയറിംഗ് നടന്ന പോരാട്ടം അവസാനിച്ചപ്പോൾ ആയിരക്കണക്കിന് ബുള്ളറ്റുകൾ തുളച്ചു കയറിയ ഭിത്തികൾക്കിടയിൽ രക്തപ്പുഴയുടെ നടുക്ക് വെടിയേറ്റു നെഞ്ചും തലയും തകർന്ന ഏഴു യുവാക്കളുടെ ശവങ്ങൾ മാത്രം അവശേഷിച്ചു. പോലീസുകാരുടെ കർശന നിയന്ത്രണം ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലെ ആദ്യ ഡെ ലൈറ്റ് എൻകൗണ്ടർ പലരും ലൈവ് കാണിച്ചു. ഫുൾ വീഡിയോ ഫുട്ടെജ് ഇന്നും പല സീനിയർ റിപ്പോർട്ടെഴ്സിന്റെ കൈകളിൽ ഉണ്ട്.
1993 മാർച്ച് 3. ഉയരമുള്ള ഒരു മനുഷ്യനെ ബോംബെയിലെ നാവ്പട പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യാനായിരുന്നു അത്. ഗുൽമുഹമ്മദ് എന്ന അയാൾ ഗ്യാംഗ് വാറുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന ബോംബെ കലാപങ്ങളിലെ ഒരു പ്രധാനിയായിരുന്നു ഗുൽ. 19 ഫെബ്രുവരി മുതൽ മാർച്ച് ആദ്യം വരെ ഗുൽ അപ്രത്യക്ഷമായതാണ് പോലീസിന് സംശയം ജനിക്കാൻ കാരണം. തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ ഗുൽ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു.വരാൻ പോകുന്ന ഏപ്രിലിൽ, ബോംബെ അസംഖ്യം ജനങ്ങളെക്കൊണ്ടു തിങ്ങിനിറയുന്ന ശിവ്ജയന്തി ആഘോഷങ്ങളുടെ അന്ന് ദലാൽ സ്ട്രീറ്റിലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും,സാഹർ എയർപോർട്ടിലും(ഇപ്പോഴത്തെ ഛത്രപതി ശിവാജി എയർപോർട്ട്) ദാദറിലെ ശിവ്‌സേന ഭവനിലുമടക്കം പ്രധാനസ്ഥലങ്ങളിലെല്ലാം ബോംബ് വയ്ക്കാൻ #Dകമ്പനി പദ്ധതിയിട്ടിരിക്കുന്നു.!
അതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത് 19 പേരാണ്. അവരെയെല്ലാം ദുബായ് വഴി പാകിസ്ഥാനിലേക്ക് കടത്തി ISI (ഇന്റർ സർവീസ് ഇന്റലിജൻസ് എന്ന പാകിസ്ഥാൻ ചാരസംഘടന) ബോംബ് നിർമാണത്തിൽ ട്രെയിനിംഗ് നൽകിയിട്ടുണ്ട്. അവരിൽ ഒരാളായിരുന്നു ഗുൽ മുഹമ്മദും. അവൻ കുറച്ച് ദിവസം അപ്രത്യക്ഷമായതും അതുകൊണ്ടു തന്നെയായിരുന്നു. പക്ഷേ, ബോംബെ പോലീസിന്റെ വിവരക്കേടോ D കമ്പനിയുടെ സ്വാധീനമോ.. അവർ ആ വിവരങ്ങൾക്ക് യാതൊരു പ്രാധാന്യവും കൊടുത്തില്ല.
1993 മാർച്ച്12..വെള്ളിയാഴ്ച. സമയം ഏതാണ്ട് ഒന്നര മണി. കാതടപ്പിക്കുന്ന വലിയൊരു മുഴക്കവും സ്ഫോടനശബ്ദവും കേട്ടാണ് ആൾക്കാർ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ബിൽഡിങ്ങിലേക്ക് പാഞ്ഞത്. ആകാശം മൂടിക്കൊണ്ടിരിക്കുന്ന പൊടിപടലത്തെ ദൂരെ നിന്നെ അവർ കണ്ടു. ബേസ്മെന്റിൽ കിടക്കുന്ന ഒരു കാറിൽ വച്ച ബോംബ് പൊട്ടിത്തെറിച്ചതായിരുന്നു അത്. 28 നിലയുള്ള ബിൽഡിംഗ് ഭാഗികമായി തകർന്നു.സ്ഫോടനത്തിന്റെ ആഘാതത്തിൽ ചുറ്റുമുണ്ടായിരുന്ന കെട്ടിടങ്ങൾക്ക് വരെ കേടുപാടുകൾ സംഭവിച്ചു. അൻപതോളം പേർ ആ ദാരുണസംഭവത്തിൽ കൊല്ലപ്പെട്ടു. മുപ്പതു മിനിറ്റിനുള്ളിൽ മസ്ജിദിൽ, മണ്ഡവി കോർപറേഷന് മുന്നിൽ അടുത്ത സ്ഫോടനമുണ്ടായി.സ്റ്റാൻഡിൽ നിർത്തിയിരുന്ന ഒരു മോട്ടോർസൈക്കിൾ അഗ്നിഗോളമായി ആകാശത്തേക്കുയർന്നു..
മസ്ജിദ് സ്ഫോടനം നടന്ന് മിനിറ്റുകൾക്കുള്ളിൽ സാവേരി ബസാറിൽ നിർത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ആ സ്ഫോടനത്തിന്റെ ശക്തിയിൽ അതോടൊപ്പം നിർത്തിയിട്ടിരുന്ന ഒരു ഡബിൾഡക്കർ ബസും ചിതറിത്തെറിച്ചു. ഒന്ന് നിലവിളിക്കാനുള്ള സമയം പോലും കിട്ടാതെ 90 പേർ ആ സ്‌ഫോടനത്തിൽ കഷണങ്ങളായി മരിച്ചു വീണു. അടുത്ത ബോംബ് പൊട്ടിയത് എയർഇന്ത്യയുടെ നരിമാൻ പോയിന്റിലെ 23 നില കെട്ടിടത്തിലായിരുന്നു. പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ഒരു കാർ വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചു.കെട്ടിടത്തിൽ സ്ഥിതി ചെയ്തിരുന്ന “ബാങ്ക് ഓഫ് ഒമാൻ” ഓഫിസ് പരിപൂർണ്ണമായി തകർന്നു. ഇരുപത് പേർക്കാണ് അതിൽ ജീവൻ നഷ്ടപ്പെട്ടത്. അരമണിക്കൂറിനകം സഹർ എയർപോർട്ടിൽ ചില അക്രമികൾ ഗ്രനേഡ് വലിച്ചെറിഞ്ഞു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു..
ഏതാണ്ട് രണ്ടുമണിയോടെ ദാദറിൽ ശിവസേനാ ഭവന് സമീപം ഒരു വാനിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു നാലുപേർ തിരിച്ചറിയാനാവാത്ത വിധം തുണ്ടം തുണ്ടമായി.അമ്പതോളം പേർക്ക് പരിക്കേറ്റു. പാസ്പോർട്ട് ഓഫിസ്, കത്ത ബസാർ,പ്ലാസ സിനിമ,സെഞ്ചുറി ബസാർ,മാഹിമിലെ കോസ്‌വേയിലുള്ള ഫിഷർമെൻ കോളനി,ഹോട്ടൽ സീ റോക്ക് എന്നിവിടങ്ങളിലായി ഒന്നിന് പിറകെ ഒന്നായി ബോംബെ നഗരത്തിന്റെ മർമപ്രധാനമായ പതിമൂന്നിടത്ത് സ്ഫോടനങ്ങൾ അരങ്ങേറി. വളരെ വെൽ പ്ലാൻഡായ മഹാരാഷ്ട്രയെ ചോരയിൽ മുക്കിയ ദുരന്തങ്ങൾ. മിനിറ്റുകൾക്കുള്ളിൽ ബോംബെ രക്തക്കളമായി മാറിയിരുന്നു. സർവദിക്കിലും അന്തരീക്ഷം മുഴുവൻ കറുത്ത പുകപടലങ്ങളുയർന്നു. എങ്ങും ചിതറിക്കിടക്കുന്ന കൈകാലുകൾ, തിരിച്ചറിയാനാവാത്ത വിധം ചിന്നഭിന്നമായ ശവശരീരങ്ങൾ,റോഡിൽ മുഴുവൻ ഒഴുകിപ്പരന്നു കൊണ്ട് ഓവുചാലിലേക്ക് നീണ്ടു കിടക്കുന്ന കൊഴുത്ത ചോര, പ്രിയപ്പെട്ടവരുടെ ശരീരം പോലും അവസാനമായി കാണാൻ പറ്റാതെ പോയ ദാരുണമായ വിധിയെ നേരിടുന്ന ശേഷിച്ചവർ..
ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ സ്ഫോടനപരമ്പരയായിരുന്നു ബോംബെയിൽ നടന്നത്. രണ്ട് മണിക്കൂറുകൊണ്ട് നടന്ന പന്ത്രണ്ട് ബോംബ് സ്ഫോടനങ്ങൾ ബോംബെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞു.. ഈ രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി റിസർച് ഡെവലൊപ്മെന്റ് എക്സ്പ്ലോസീവ് അഥവാ RDX ഉപയോഗിച്ചത് ബോംബെ സ്ഫോടനങ്ങളിലായിരുന്നു. പിൽക്കാലത്തു തീവ്രവാദികളുടെ പ്രധാന ഇനമായി അത് മാറി. ഇരുനൂറ്റി അമ്പതിലധികം പേർ കൊല്ലപ്പെട്ട ബോംബെ സ്ഫോടനങ്ങൾ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കി. അധോലോകമെന്ന് ചെല്ലപ്പേരിട്ടു വിളിച്ചവർ വളർന്നു തീവ്രവാദമെന്ന കളികളിച്ചു തുടങ്ങിയെന്നു മഹാരാഷ്ട്ര ഗവണ്മെന്റിനു മനസിലായി.
മുംബൈ പോലിസ് കടന്നലു പോലെ ഇളകി. ദിവസങ്ങൾക്കുള്ളിൽ നൂറുകണക്കിനുപേരെ അറസ്റ്റ് ചെയ്തു. 1993 ഏപ്രിൽ 19ന് സർവരെയും ഞെട്ടിച്ചു കൊണ്ട് 117 -മത്തെ പ്രതിയായ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് അറസ്റ്റിലായി. 4 നവംബറോടെ, പതിനായിരം പേജ് വരുന്ന, സഞ്ജയ് ദത്തടക്കം 189 പേർക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കപ്പെട്ടു. പക്ഷേ, ഭാരതത്തിന്റെ വിരിമാറിൽ ബോംബ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത മാസ്റ്റർമൈൻഡുകൾ ഇന്ത്യ വിട്ടിരുന്നു.