എഴുത്ത് – അശ്വിൻ കെ.എസ്.

ഇന്ത്യയിലെ ഒരുകാലത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായിരുന്നു ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്. ഇന്ത്യയിൽ അന്നുമിന്നും ഒരേയൊരു നിർമാണശാലയാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന് ഉള്ളത്. കൊൽക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് റോഡിലാണ് അത് സ്‌ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ഇന്ത്യ അടക്കിഭരിച്ച അംബാസിഡർ കാറുകൾ നിർമിച്ചിരുന്നത് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ആയിരുന്നു. ലാഭം കുമിഞ്ഞുകൂടിക്കൊണ്ടിരുന്ന കാലമായിരുന്നു അത്.

1957 ൽ ലണ്ടൻ ബേസ്‌ഡ് വാഹനം ആയ ഓക്സ്ഫോർഡ് മോറിസ് എന്ന മോഡലിന്റെ ആകൃതിയിലായിരുന്നു ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ മുഖമുദ്രയായ അംബാസിഡർ കാറിന്റെ നിർമാണം. അവിടെനിന്നു തുടങ്ങിയ ഉത്പാദനം പിന്നീട് ധൃതഗതിയിൽ വളർന്നുപടർന്നു. ഇന്ത്യയൊട്ടാകെ അംബാസിഡർ കാറുകളുടെ ഓളം അലയടിക്കാൻ തുടങ്ങിയിരുന്നു. എല്ലാ സംസ്‌ഥാനങ്ങളിലെയും സാമ്പത്തികമായി അല്പം മുന്നിൽ നിൽക്കുന്നവർ അംബാസിഡർ വാങ്ങി തുടങ്ങി, അന്നത്തെ കാലത്തു അംബാസിഡർ കാർ സ്വന്തമായി ഉള്ളവർക്ക് സമൂഹത്തിൽ ഒരു ഉന്നതപദവി ഉണ്ടായിരുന്നു. ഇതുകൂടാതെ വിവിധയിടങ്ങളിലെ കേന്ദ്ര, സംസ്‌ഥാന, പോലീസ്, ആർമി, നേവി സ്‌ഥാപനങ്ങളിലേക്ക് വൻതോതിൽ അംബാസിഡർ കാറുകളുടെ വില്പന പൊടിപൊടിച്ചു.

അന്നത്തെ കാലത്ത് വലിയ ഗതാഗത സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ കൊൽക്കത്തയിൽ നിന്ന് രാജ്യത്തിൻറെ വിവിധ സംസ്‌ഥാനങ്ങളിലേക്ക് കാറുകൾ എത്തിച്ചിരുന്നത് ഓരോ ഡ്രൈവർമാർ സ്വന്തമായി ഓടിച്ചായിരുന്നു. വാഹനങ്ങളെ വഹിക്കാൻ ശക്തിയുള്ള ട്രക്കുകൾ നിരത്തിലിറങ്ങും മുൻപേ അംബാസിഡർ ഇന്ത്യയുടെ നിരത്തുകളിൽ ഓടികളിച്ചുനടന്നു. അങ്ങനെ ഏതാണ്ട് മുപ്പതു വർഷത്തോളം അംബാസിഡർ യുഗമായിരുന്നു. പൊടുന്നനെയായിരുന്നു അംബാസിഡറിന്റെ വളർച്ചയ്ക്ക് തടയിട്ടുകൊണ്ട് മാരുതി ഉദ്യോഗിന്റെ ഉദയം. 1982 ൽ മാരുതി പരിചയപ്പെടുത്തിയ ‘ മാരുതി 800 ‘ എന്ന മോഡലിന് വൻ ജനപ്രീതി ലഭിച്ചു. അംബാസിഡറിനേക്കാൾ താരതമ്യേന വലിപ്പക്കുറവും അന്നത്തെ നൂതനസാങ്കേതിക വിദ്യകൾ കൊണ്ട് സമ്പന്നവുമായിരുന്നു മാരുതി 800.

അംബാസിഡറിനേക്കാൾ ഇന്ധനക്ഷമതയുള്ളതും കുറഞ്ഞ വിലയിലും എത്തിയ മാരുതി 800 വൻ തോതിൽ വിറ്റുപോയിത്തുടങ്ങിയതോടെ അംബാസഡറിന് വില്പന കുറഞ്ഞു. മാരുതി – സുസൂക്കിയുമായി കരാർ ഒപ്പിട്ടതോടെ കൂടുതൽ ഉത്പാദനം മാരുതി ആരംഭിച്ചു. അംബാസിഡറിന് പുറമെ കോണ്ടസ, പ്യൂഗോട്ട് തുടങ്ങിയ മോഡലുകൾ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് കരാർ അടിസ്ഥാനത്തിൽ പുറത്തിറക്കിയിട്ടുണ്ട്. ഓരോവർഷവും താഴേക്ക് കൂപ്പുകുത്തികൊണ്ടിരുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്, ഇന്ന് വർഷങ്ങൾക്കിപ്പുറം ഒരു കെട്ടുകഥയാണ്. 58 വർഷം ഒരേയൊരു മോഡൽ കാർ ഇന്ത്യൻ സമൂഹത്തിനിടയിൽ ഹൃദയത്തോട് ചേർന്ന് നിലകൊണ്ടിരുന്നു അതായിരുന്നു അംബാസിഡർ.. 2015 തുടക്കത്തോടെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് അംബാസഡറിന്റെ ഉത്പാദനം അവസാനിപ്പിച്ചു.

ഇന്ത്യൻ റോഡുകളുടെ രാജാവ് എന്ന് അഭിമാനത്തോടെ ഒരുകാലത്ത് നമ്മൾ വിളിച്ചിരുന്ന അംബാസിഡർ ഇന്ന് മണ്മറഞ്ഞു പോയിരിക്കുന്നു. ഏതാണ്ട് വംശനാശം നേരിടുന്ന ജീവികൾക്ക് സമാനമാണ് ഇന്നവ. കേരളത്തിൽ നന്നേ കുറവാണ് അംബാസിഡറുകൾ. ദില്ലിയിലും മുംബൈയിലും ടാക്‌സികൾ ആയി കുറച്ചു കാറുകൾ ഇന്നും ഉണ്ട്. കൊൽക്കത്തയിൽ മാത്രമാണ് അംബാസിഡറുകൾ കൺകുളിർക്കെ ഇന്ന് കാണുവാൻ കഴിയുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും ദിനവും കേടാവുന്ന കാറുകളാണ്. സ്പെയർ പാർട്ട്സിന്റെ ദൗർലഭ്യവും സർവീസിന്റെ അഭാവവുമാണ് അതിനു കാരണം. ടൊയോട്ട ഇന്നോവയുടെ കടന്നുവരവോടെ സർക്കാർ സ്‌ഥാപനങ്ങളും അംബാസിഡറിനെ ഉപേക്ഷിച്ചു. ഇപ്പോൾ നിലവിലുള്ള അംബാസിഡറുകൾക്ക് കേടുപറ്റിയാൽ ശരിയാക്കിയെടുക്കാൻ പണിയറിയുന്ന മെക്കാനിക്കുകൾ അല്ലാതെ ഒരു കമ്പനിയുടെ സുരക്ഷ ഇല്ല.

ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് എന്ന സ്‌ഥാപനം ഇന്ന് ആരും നോക്കാനില്ലാതെ അങ്ങനെ കിടക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ കവാടം ഇനി ഒരുകാറിന്റെ ആദ്യയോട്ടത്തിനായി തുറക്കില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപുവരെ ഓടിയിരുന്ന മെഷീനുകൾ ഇനി പ്രവർത്തിക്കില്ല. അംബാസിഡറിന്റെ പ്രൗഢിയിൽ വന്നിറങ്ങിയിരുന്നവർ ഇനിയുണ്ടാവില്ല. പുതുതായി പണിതെടുത്ത വണ്ടികൾ പാർക്ക് ചെയ്തിരുന്ന ഇടം ഇപ്പോൾ പുല്ലുപിടിച്ചിരിക്കുന്നു, അവിടെ ഇഴജന്തുക്കൾ സ്വര്യവിഹാരം നടത്തുന്നുണ്ടാകും. ഒരു കാലത്തിന്റെ മുഴുവൻ ചരിത്രം ഉറങ്ങുന്ന ആ കെട്ടിടം ഇനിയൊരു പ്രേതാലയമായി നിലനിൽക്കുമോ?

അംബാസിഡർ ഉപയോഗിച്ചവരും അതിൽ യാത്ര ചെയ്തവരും എല്ലാം അതിന്റെ സീറ്റിങ്, ബോഡിബില്ഡിങ് എന്നീ മേഖലകളിലെ മേന്മകളെ കുറിച്ച് എപ്പോഴും പരാമർശിക്കാറുണ്ട്. ഇന്ന് കമ്പനികൾ ഇന്ധനക്ഷമത നിലനിർത്താൻ വണ്ടിയുടെ ഭാരം കുറയ്ക്കാൻ പരമാവധി കഷ്ടപ്പെടുന്നു. ഒരുപക്ഷെ ഈ നെട്ടോട്ടത്തിന്റെ പിന്നാലെ ഓടാൻ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന് കഴിഞ്ഞില്ലായിരിക്കാം. എവിടെയെങ്കിലും നശിച്ചു തുരുമ്പെടുത്തു കിടക്കുന്ന അംബാസിഡർ കാർ കണ്ടാൽ മനസ്സിലെങ്കിലും വിചാരിക്കുക. ഒരുകാലത്ത് ഇന്ത്യയുടെ റോഡുകളുടെ രാജാവായിരുന്നു ഇവനെന്നു.. ഇവനിലൂടെയാണ് ചരിത്രം കടന്നുപോയതെന്നു !

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.