കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നമ്മുടെ ആലപ്പുഴ… തീർച്ചയായും കണ്ടിരിക്കേണ്ട ലോകത്തിലെ 50 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ നമ്മുടെ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക ടൂറിസം രംഗത്ത് കേരളത്തെ ഇത്രയധികം പ്രസിദ്ധമാക്കിയതിൽ ആലപ്പുഴയ്ക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. കേരളത്തിലേക്ക് വരുന്ന സഞ്ചാരികളിൽ 70% മുകളിൽ ആളുകൾ തങ്ങളുടെ ഇഷ്ടമേഖലയായി തിരഞ്ഞെടുക്കുന്നത് ആലപ്പുഴയെയാണ്.
ആലപ്പുഴയുടെ ദൃശ്യഭംഗിയും, ജലാശയങ്ങളും, നെല്‍പാടങ്ങളും പകർന്നു നൽകുന്ന മനോഹാരിത അവര്‍ണ്ണനീയമാണ്. ആലപ്പുഴയെ ലോക വിനോദ സഞ്ചാര മേഖലയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് ഹൗസ്‌ബോട്ടുകളുടെ കടന്നു വരവാണ്.
ആലപ്പുഴയിലെ പള്ളാത്തുരുത്തിയിലാണ് ഭൂരിഭാഗം ഹൗസ്ബോട്ടുകളുടെയും സ്റ്റാർട്ടിങ് പോയിന്റ്. അതിഥികളെ ഇവിടെ നിന്നും ഹൗസ്ബോട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. യാത്ര തുടങ്ങുന്നതിനു മുൻപായി വെൽക്കം ഡ്രിങ്ക് കൊടുത്താണ് സഞ്ചാരികളെ ബോട്ടുകാർ സ്വീകരിക്കുന്നത്.
പിന്നെ കായലിലൂടെയും ചെറിയ തോടുകളിലൂടെയുമൊക്കെ യാത്ര തുടങ്ങുകയായി. ബോട്ട് യാത്ര ആസ്വദിക്കുന്നതിനൊപ്പം കുട്ടനാടൻ ജനതയുടെ ജീവിതം നേരിട്ട് കണ്ടുമനസ്സിലാക്കുവാനും ഇത്തരം യാത്രകളിൽ സാധിക്കും. നെഹ്‌റു ട്രോഫിവള്ളംകളി നടക്കുന്ന പുന്നമടക്കയാലും, കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായലുമെല്ലാം ഈ യാത്രയിൽ കടന്നുപോകും.
കേരളത്തിൽ ഹൗസ്ബോട്ടുകളുടെ തുടക്കം എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? 1980 കളുടെ ആരംഭത്തിൽ ടൂര്‍ ഇന്ത്യ എ കമ്പനിയുടെ സ്ഥാപകനായ ബാബു വര്‍ഗ്ഗീസിന്റെ മനസ്സിലേക്കാണ് അതുവരെ സഞ്ചാരത്തിനും, ചരക്കു നീക്കത്തിനും മാത്രമായി ഉപയോഗിച്ചിരു കെട്ടുവള്ളങ്ങളെ അത്യാവശ്യ സൗകര്യങ്ങള്‍ വരുത്തി ഒരു വീടിന്റെ മനോഹാരിതയില്‍ ചലിക്കുന്ന വഞ്ചി വീടുകളാക്കി മാറ്റിയത്.
കാശ്മീരും മറ്റും ഹൗസ് ബോട്ടുകളുണ്ടെങ്കിലും കുട്ടനാടിന്റെ മനോഹാരിത മൊത്തത്തില്‍ ആസ്വദിക്കാവുന്ന ചലിക്കുന്ന വഞ്ചിവീടുകള്‍ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണർവ്വായി. ഒത്തിരി വെല്ലുവിളികള്‍ നിറഞ്ഞ ഈ സ്ഥാപനം ബാബു വര്‍ഗ്ഗീസ് യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ അത് ആലപ്പുഴയുടെ മാത്രമല്ല, കേരളത്തിന്റെയും, ഭാരതത്തിന്റെയും ടൂറിസം മേഖലയ്ക്ക് ഒരു പൊന്‍തൂവലായി ആലപ്പുഴ ഹൗസ്‌ബോട്ട് യാത്ര ലോക ടൂറിസത്തിലേയ്ക്ക് ഇടം പിടിച്ചു.
തുടക്കത്തിൽ വളരെ പരിമിതങ്ങളായ സൗകര്യങ്ങളില്‍ ആരംഭിച്ച വഞ്ചിവീടു യാത്ര കാലക്രമേണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ഇന്ന് എല്ലാ ആഢംബര സൗകര്യങ്ങളുമുള്ള ഹൗസ്‌ബോട്ടുകളും ലഭ്യമാണ്. 10 മുറികള്‍ വരെയുള്ള, ഏകദേശം 200 ന് മുകളില്‍ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായി സഞ്ചരിക്കുവാന്‍ സാധിക്കുന്ന വഞ്ചിവീടുകളും ലഭ്യമാണ്.
ഹൗസ്ബോട്ട് വ്യവസായം ആലപ്പുഴയിലെ എല്ലാ വ്യവസായ സംരംഭങ്ങളെയും പ്രത്യക്ഷത്തിലും പരോക്ഷത്തിലും സഹായിക്കുന്നുണ്ട്. ചെറുതും വലുതുമായ ധാരളം വ്യവസായ സ്ഥാപനങ്ങള്‍ തഴച്ചു വളരുവാനും കൂടുതല്‍ വിദേശ നിക്ഷേപം ഇവിടേയ്ക്കു കൊണ്ട് വരുവാനും, അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും ഈ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ ഉള്‍നാടന്‍ ജനതയ്ക്ക് സ്ഥിരം വരുമാനമുളള ജോലികള്‍ ഈ മേഖല കൊണ്ടുണ്ടായി എന്ന് നിസ്സംശയം പറയാം.
ഒരു സുരക്ഷിത നിക്ഷേപ മേഖലയായാണ് ഹൗസ് ബോട്ട് ബിസിനസ്സിനെ കരുതുന്നത്. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മൂന്നു മുതല്‍ ആറു സീസണുകള്‍ കൊണ്ട് നിക്ഷേപകന്റെ മുടക്കു മുതല്‍ ഒരു പരിധിവരെ തിരിച്ചു പിടിക്കാം. അതോടൊപ്പം ആലപ്പുഴയില്‍ സ്വന്തമായി ഒരു ഹൗസ്‌ബോട്ട് ഉണ്ട് എന്നു പറയുന്നതില്‍ അഭിമാനിക്കുന്ന വിദേശ മലയാളികളും ഈ മേഖലയില്‍ നിക്ഷേപം കൂട്ടിവെയ്ക്കുന്നു.
ഹണിമൂൺ ദമ്പതികളെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവമാണ് ഹൗസ്‌ബോട്ട് ഉല്ലാസയാത്ര നല്‍കുന്നത്. അവരുടെ മധുവിധു കാലഘട്ടത്തിലെ ഏറ്റവും മികച്ച, പ്രണയാതുരമായ അനുഭവമാണ് ഈ യാത്രയില്‍ അവര്‍ക്ക് ലഭിക്കുന്നത്. ഹൗസ്‌ബോട്ട് യാത്രയിലെ ഏറിയ പങ്കും ദമ്പതികളാണ്. ബോട്ടിലെ ഹണിമൂൺ പാക്കേജുകളിലെ ഫ്‌ളവര്‍ ബെഡും, കാന്റില്‍ ലൈറ്റ് ഡിന്നറും, കേക്കുമുറിയുമൊക്കെ ആനന്ദമേകുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നു.
കുടുംബ സംഗമങ്ങളും, ചെറിയ ചെറിയ ആഘോഷങ്ങളും ഒക്കെ ഹൗസ്‌ബോട്ടില്‍ സംഘടിപ്പിക്കാവുന്നതാണ്. എല്ലാവരെയും ഒരേസമയം നിയന്ത്രിച്ചുകൊണ്ടു പോകാമെന്നുള്ളതും യാത്ര തുടങ്ങുന്നതു മുതല്‍ അവസാനം വരെ എല്ലാവരും ഉണ്ടാകുന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ഇത്തരത്തിലുള്ള പരിപാടികൾ മറ്റു കൺവന്‍ഷന്‍ സെന്ററുകളിലും ഹോട്ടലുകളിലും സംഘടിപ്പിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൗസ്‌ബോട്ട് യാത്ര കൂടുതല്‍ സൗകര്യപ്രദവും സാമ്പത്തിക ലാഭവും നല്‍കുന്നതായി കാണാം. നൂറിനു മേല്‍ ആളുകള്‍ക്ക് ഒരേ സമയം യാത്രചെയ്യാവുന്ന ആധുനിക സൗകര്യങ്ങളുള്ള ബോട്ടുകളില്‍ ഒരു മലയാളിയുടെ എല്ലാ ആഘോഷങ്ങളും സംഘടിപ്പിക്കാമെന്നത് അനേകം മലയാളി കുടുംബങ്ങളെ അവരുടെ ആഘോഷങ്ങള്‍ അവസ്മരണീയമാക്കുവാന്‍ ഹൗസ് ബോട്ടുകൾ തിരഞ്ഞെടുക്കുവാൻ താല്പര്യപ്പെടുത്തുന്നു.
ഹൗസ് ബോട്ടുകളിലെ ഉച്ചയൂണിനു കരിമീൻ ഫ്രൈ, കുട്ടനാടൻ സ്പെഷ്യൽ താറാവ് റോസ്റ്റ്, ചിക്കൻ, മറ്റു കേരള സ്റ്റൈൽ കറികൾ തുടങ്ങിയ വിഭവങ്ങളോടൊപ്പം സഞ്ചാരികൾ മുൻകൂട്ടി ആവശ്യപ്പെടുന്നതനുസരിച്ച് എന്തും സ്പെഷ്യലായി ലഭിക്കുന്നതാണ്. ഇതിനു സ്പെഷ്യൽ ചാർജ്ജ് കൊടുക്കേണ്ടി വരികയും ചെയ്യും.
മണിക്കൂറുകൾ മാത്രം നീണ്ട യാത്ര, ഒരു പകൽ നീണ്ട യാത്ര, ഒരു പകലും രാത്രിയും നീണ്ട യാത്ര എന്നിങ്ങനെ പലതരത്തിലുള്ള ഹൗസ്ബോട്ട് പാക്കേജുകൾ ഇന്ന് നിലവിലുണ്ട്. വൈകുന്നേരം അഞ്ചു മണിയോടെ ഹൗസ്‌ബോട്ടുകൾ കരയ്ക്കടുപ്പിക്കും. പിന്നെ കായലിൽ മീൻപിടുത്തക്കാരുടെ ഊഴമാണ്. രാത്രി പാക്കേജുകൾ എടുക്കുന്നവർക്ക് ഇങ്ങനെ കരയ്ക്കടുപ്പിച്ച ഹൗസ്ബോട്ടുകളിൽ താമസിക്കാം. അടുത്ത ദിവസം ആ കരയിലൂടെ നടന്ന് കുട്ടനാടൻ പുലർകാല കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം.
ആലപ്പുഴയിൽ ഇന്ന് രണ്ടായിരത്തിലധികം ഹൗസ് ബോട്ടുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആലപ്പുഴയിലെ റിസോർട്ടുകളിൽ താമസിക്കുവാനെത്തുന്നവരും കുട്ടനാടൻ ജലയാത്രയും കാഴ്ചകളും ആസ്വദിക്കുവാനായി ഹൗസ്ബോട്ട് യാത്ര തിരഞ്ഞെടുക്കുന്നു. ഓരോ ഓപ്പറേറ്റർമാരുടെയും വെബ്‌സൈറ്റുകൾ മുഖേനയോ, ഫോൺ മുഖേനയോ നമുക്ക് ഹൗസ്ബോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ശിക്കാര വള്ളങ്ങളാണ് ആലപ്പുഴയുടെ മറ്റൊരു സവിശേഷത. വളരെ ചുരുങ്ങിയ ചെലവില്‍ കായൽ യാത്രയും കുട്ടനാടിന്റെ ഗ്രാമീണ ഭംഗിയും ആസ്വദിക്കാന്‍ ശിക്കാര വള്ളങ്ങള്‍ സഞ്ചാരികളെ സഹായിക്കുന്നു. ഇതോടൊപ്പം ജലഗതാഗതവകുപ്പിന്റെ യാത്ര ബോട്ടുകളും കുറഞ്ഞചെലവിൽ കായൽയാത്ര സാധ്യമാക്കുന്ന ഒന്നാണ്.
ദൈവം കനിഞ്ഞു നല്‍കിയ ഈ ഭംഗി നഷ്ടപ്പെടാതെ നമ്മുടെ അടുത്ത തലമുറയ്ക്കായി കരുതിവയ്ക്കാം. ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രകൃതി അറിഞ്ഞു നല്‍കിയ ഈ സമ്പത്ത് പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ നാം ഒന്നായി പരിശ്രമിച്ചാല്‍ തീര്‍ച്ചയായും കേരളാ ടൂറിസത്തിന്റെ ചരിത്രത്തില്‍ മുടിചൂടാമന്നനായി ഈ മേഖലയ്ക്കു എന്നും നിലനില്‍ക്കാന്‍ സാധിക്കും.