തൃശ്ശൂരിന്റെ മോട്ടോർ ഗതാഗത ചരിത്രം നോക്കിയാൽ അതിൽ ഒരു ബസ് ഓപ്പറേറ്റർ പ്രധാനപ്പെട്ട ഒരു സ്ഥാനം പിടിച്ചിരിക്കുന്നതായി കാണാം. ‘കെ.കെ. മേനോൻ.’ ഓർമ്മ വച്ച കാലം മുതൽ തൃശ്ശൂർ പട്ടണത്തിൽ കാണാറുള്ള വണ്ടി. കെകെ മേനോൻ ബസ് സർവ്വീസിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് ഇന്നും അധികമാർക്കും അറിയാത്ത കാര്യമാണ്. എങ്കിലും തൃശ്ശൂരിൻറെയും കൊടുങ്ങല്ലൂരിന്റെയും തൃപ്രയാറിന്റെയുമൊക്കെ വീഥികളിൽ ഒരു തമ്പുരാനെപ്പോലെ വാണിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവർക്ക്.
വെറും ബസ്സുകള്‍ക്കപ്പുറം ഒരു ‘പ്രസ്ഥാന’മായിരുന്നു അന്നാട്ടുകാര്‍ക്ക് കെ.കെ.മേനോന്‍. അന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് കൃത്യമായി നല്‍കുന്ന തൃശ്ശൂര്‍ ജില്ലയിലെ അപൂര്‍വ്വം ബസ്സ് സര്‍വീസുകളിലൊന്നായിരുന്നു കെ.കെ.മേനോന്‍. മറ്റുള്ള പ്രൈവറ്റ് ബസ്സുകളിൽ നിന്നും കെ.കെ. മേനോനെ വ്യത്യസ്തമാക്കുന്ന ചില വസ്തുതകളുണ്ട്. ഒരേ പാറ്റേണിലുള്ള ബോഡി, കടുംനീലയും, ഇളംനീലയും, മഞ്ഞയും, പച്ചയും ചേർന്ന കളർകോഡ് എന്നിവ കെ.കെ.മേനോൻ ബസുകളുടെ സവിശേഷതയായിരുന്നു.
ഇരിക്കുന്ന യാത്രക്കാരുടെ കാൽമുട്ട് മുന്നിലെ സീറ്റില്‍ മുട്ടാത്ത അന്നത്തെ പ്രൈവറ്റ് ബസ് എന്ന വിശേഷണവും മേനോന് തന്നെയായിരുന്നു. അതുപോലെത്തന്നെ ക്ളീനർ അഥവാ ഡോർചെക്കർ ഈ വണ്ടികളിൽ ഉണ്ടായിരുന്നില്ല. എല്ലാം കെഎസ്ആർടിസിയിലേതുപോലെ കണ്ടക്ടറുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. ആനവണ്ടിയെ ഓർമ്മിപ്പിക്കുന്ന ടിക്കറ്റ് റാക്ക് കയ്യിലേന്തി, കൃത്യമായി വേ ബിൽ എഴുതിയിരുന്ന കണ്ടക്ടറുള്ള, പിൻഭാഗം വരെ നീണ്ടു ചെന്നിരുന്ന മണിച്ചരടുള്ള, കമ്പനിയുടെ സ്വന്തം ചെക്കർ കയറാറുള്ള കെ.കെ.മേനോൻ ബസ്സുകൾക്കിടയിലൊരു വ്യത്യസ്‌തൻ തന്നെ ആയിരുന്നു.
എൺപതുകളുടെ അവസാനം തൃശ്ശൂർ – പാലക്കാട് പാതയിലെ രാജാവ് ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ – കെകെ മേനോൻ. വണ്ടികൾ ഏറെയുണ്ടായിരുന്നെങ്കിലും എൻ.റ്റി.പിയും പി.എസ്സ്.എൻ ഉം ഒന്നും പ്രതാപത്തിൽ മേനോന്റെ അടുത്തു നിൽക്കില്ലായിരുന്നു. കെ.കെ.മേനോന്റെ മിക്ക വണ്ടികളും ടൈമിംഗ് കൊണ്ട് നല്ല ഒന്നാന്തരം പെർമിറ്റുകളും ആയിരുന്നു. അന്ന് അത്ഭുതത്തോടെയായിരുന്നു ഈ ബസുകളുടെ ഗാംഭീര്യത്തെ നോക്കി കണ്ടിരുന്നത്.
91 – 92 കാലഘട്ടത്തിൽ തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ തൃപ്പാളൂർ, കണ്ണാടി എന്നിവിടങ്ങൾ സ്പർശിക്കാതെ നേരിട്ട് ദേശീയപാത പെർമിറ്റുണ്ടായിരുന്ന ആദ്യ വണ്ടികളിലൊന്നായിരുന്നു മേനോൻ. ഒന്നേകാൽ മണിക്കൂറായിരുന്നു അന്നത്തെ തൃശ്ശൂർ – പാലക്കാട് റണ്ണിംഗ് ടൈം. മൽസരിച്ചോടിയാൽ ചിലപ്പോൾ ഒരു മണിക്കൂറിലൊക്കെ എത്താറുണ്ടായിരുന്നു മേനോൻ. തൃശ്ശൂരു നിന്നും പാലക്കാടു നിന്നും ഓഫീസ് വിട്ടിറങ്ങുന്നവർക്ക് പാകമായി ചില വണ്ടികൾ വൈകുന്നേരം അഞ്ചിനും ഏഴിനുമിടയിൽ സ്റ്റാൻഡിൽ നിന്നും പുറപ്പെടാറുണ്ട്. സ്ഥിരം യാത്രക്കാർ നിരവധിയുണ്ടായിരുന്നു മേനോന്. പാലക്കാട് യാത്രക്കാർ, നിൽക്കേണ്ടി വന്നാൽ പോലും തൃശ്ശൂർ സ്റ്റാൻഡിൽ നിന്നും കെ.കെ.മേനോൻ വരുന്നതു വരെ കാത്തു നിൽക്കാറുണ്ടായിരുന്നു.
പണ്ടുകാലത്ത് 99 ബസ്സുകൾ വരെ കെ.കെ.മേനോൻ ഗ്രൂപ്പിന് ഉണ്ടായിരുന്നു എന്നൊരു കഥ ആളുകൾക്കിടയിൽ പ്രചരിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അൻപതോളം ബസ്സുകൾ മാത്രമായിരുന്നു കെ.കെ.മേനോന് ഉണ്ടായിരുന്നത്. തൃപ്രയാർ – പാലക്കാട്, തൃശ്ശൂർ – പാലക്കാട്, കൊടുങ്ങല്ലൂർ – പാലക്കാട്, മലമ്പുഴ – കൊടുങ്ങല്ലൂർ, വലപ്പാട് – മലമ്പുഴ, ഗുരുവായൂർ – മലമ്പുഴ തുടങ്ങിയവയെല്ലാം പ്രസിദ്ധമായ കെ.കെ. മേനോൻ റൂട്ടുകളിൽ ചിലത് മാത്രം. ഓടിയിരുന്ന റൂട്ടുകളിലെല്ലാം വെന്നിക്കൊടി പാറിച്ച ചരിത്രമായിരുന്നു കെ.കെ.മേനോന്റേത്.
കെ.കെ.മേനോൻ ബസ്സുകളെല്ലാം നല്ലവണ്ണം ‘മെയ്ന്റൈന്‍’ ചെയ്തിട്ടുള്ളവയായിരുന്നു. ഇതിനായി പലയിടങ്ങളിൽ ഇവർക്ക് സ്വന്തമായി ഷെഡുകളും ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ബസ്സുകളായിരുന്നു കെ.കെ.മേനോൻ ബസ്സുകൾ. മാത്രമല്ല, അമിത വേഗത്താലുള്ള അപകടങ്ങള്‍ക്ക് ദുഷ്പേരു കേട്ട തൃശ്ശൂരിലെ ബസ്സുകളുടെ കൂട്ടത്തില്‍ കെ.കെ.മേനോന്‍ അന്നുമിന്നും ഉണ്ടാവാനിടയില്ല.
തൊണ്ണൂറുകളിൽ കണ്ണപ്പ ഗ്രില്ലുമായി ആഡംബര ബസ്സുകളെ അനുസ്മരിപ്പിക്കുന്ന പുത്തൻ ബസ്സുകൾ നിരത്തിലിറങ്ങിയെങ്കിലും വിശ്വാസ്യതയുടെ പ്രതീകമായി കെ.കെ.മേനോൻ അജയ്യനായി തന്നെ നിലകൊണ്ടു. എന്നാൽ പ്രമുഖ ബസ്സുകളെ ബാധിച്ച ആ ശാപം ഒടുവിൽ കെ.കെ.മേനോനെയും തേടിയെത്തി. യൂണിയൻ പ്രശ്നവും മറ്റു കാരണങ്ങൾ കൊണ്ടുമൊക്കെ കെ.കെ.മേനോൻ ബസ്സുകൾ ഓരോന്നായി സർവ്വീസ് നിർത്തുവാൻ നിർബന്ധിതരായി. ചില പെർമിറ്റുകൾ മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തു. അതോടൊപ്പം തന്നെ തൃശ്ശൂർ – പാലക്കാട് റൂട്ടിൽ കെഎസ്ആർടിസിയുടെ ചെയിൻ സർവ്വീസുകൾ സ്ഥാനം പിടിക്കുകയും ചെയ്തു. പഴയ തൃശ്ശൂർ ബോഡിയുടെ ആഢ്യത്തവും പ്രതാപവും ഒന്നുമില്ലെങ്കിലും ഇന്നും വിരലിലെണ്ണാവുന്ന സർവ്വീസുകളുമായി ലിമിറ്റഡ് സ്റ്റോപ്പ് കളർകോഡിലുള്ള പുതിയ കെ.കെ.മേനോൻ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.
കാലമെത്ര കഴിഞ്ഞാലും കെ.കെ. മേനോൻ എന്ന പേര് തൃശ്ശൂരിലെ മാത്രമല്ല, കേരള ബസ് ചരിത്രത്തിലെ തന്നെ മാറ്റിയെഴുതപ്പെടാത്ത ഒന്നായി നിലനിൽക്കും.
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഫേസ്‌ബുക്ക് പേജുകൾ, കെ.കെ. മേനോനെക്കുറിച്ചുള്ള ചെറുലേഖനങ്ങൾ, അതെഴുതിയ ആളുകൾ…