അശോക് ലൈലാന്റ് ചെയ്സിസ് വാങ്ങി പലരും ബോഡി കെട്ടി ആ ബസിന് അവരുടെ മക്കളുടെ പേരിടുന്നത് കാണാറുണ്ടല്ലൊ.പക്ഷെ എല്ലാ ബസിനും മുൻപിൽ “ASHOK LEYLAND” എന്നും കാണും ഇവരുടെ എന്ജിൻ ആണെങ്കിൽ. പക്ഷെ ആരാണ് ഈ ‘അശോക്’ എന്ന് ഇതുവരെ ആരും അന്വേഷിക്കുന്നത് കണ്ടിട്ടില്ലാ.എന്നാൽ അതും ഒരു അച്ഛനു മകനോടുളള സ്നേഹം കൊണ്ട് ഉണ്ടായ പേരാണ്.
പഞ്ചാബുകാരനായ പഴയ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് രഘുനന്ദൻ ശരൺ.അദ്ദേഹമാണ് 1948-ൽ ഇംഗ്ലണ്ടില്‍ നിന്നുള്ള ഓസ്റ്റിന്‍ കാറുകളുടെ അസംബ്ലിംഗിന് വേണ്ടി അശോക് മോട്ടോഴ്സ് ആരംഭിച്ചത്. അദ്ദേഹത്തിന്റ്റെ മകനാണ് അശോക് ശരൺ. അങ്ങനെയാണ് അശോക് മോട്ടോഴ്സ് എന്ന പേരു വന്നത് ഇതിന്. കമ്പനി സ്ഥാപിച്ച രഘുനന്ദൻ ശരൺ എന്ന വ്യവസായിയെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവാണ് വാഹനനിർമാണരംഗത്തേയ്ക്ക് തിരിച്ചുവിട്ടത്.സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭാവിയെക്കുറിച്ച് നെഹ്രുവിന് ഉണ്ടായിരുന്ന ദീർഘവീക്ഷണം അശോക് ലെയ് ലൻഡിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.
മദ്രാസിലെ രാജാജി ശാലയില്‍ ഹെഡ്ഡ് ഓഫീസും നഗരത്തിന് അല്‍പം അകലെ, എന്നൂരില്‍ ഒരു പ്ലാന്റുമായാണ് അശോക് മോട്ടോഴ്സിന്റെ തുടക്കം. ഓസ്റ്റിന്‍ എ40 കാറുകളുടെ നിര്‍മ്മാണവും വിപണനവുമായിരുന്നു ആദ്യം. ഇന്ത്യയില്‍ കച്ചവടത്തിന് കൂടുതല്‍ ഭാവി വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ നിര്‍മ്മാണത്തിനാണ് എന്ന ദീര്‍ഘദര്‍ശിത്വത്തിന്റെ വെളിച്ചത്തില്‍ ഇംഗ്ളണ്ടിലെ നിര്‍മ്മാതാക്കളായ ലൈലാന്റ് മോട്ടോഴ്സുമായി രഘുനന്ദന്‍ ശരണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ദൗര്‍ഭാഗ്യകരമായി രഘുനന്ദൻ ശരൺ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെങ്കിലും കമ്പനി സര്‍ക്കാര്‍ ഇടപെടലുകളിലൂടെ പ്രതിസന്ധികളെ തരണം ചെയ്തു. വാണിജ്യ വാഹന നിർമാതാക്കളിൽ ഇന്ത്യയിലെ രണ്ടാം സ്ഥാനക്കാരാണ് അശോക് ലെയ് ലൻഡ്(ഒന്നാം സ്ഥാനം ടാറ്റാ മോട്ടോഴ്സ്).ദിവസേന 6 കോടിയോളം ജനങ്ങൾ ഇവരുടെ ബസുകളിൽ യാത്ര ചെയ്യുന്നു എന്ന് അശോക് ലെയ് ലൻഡ് അവകാശപ്പെടുന്നു.
ചരിത്രം : 1948 ൽ അശോക് മോട്ടോഴ്സ് എന്നപേരിൽ തുടങ്ങിയ കമ്പനി ആദ്യം ഓസ്റ്റിൻ കാറുകളുടെ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിച്ച് വിൽപന ആരംഭിച്ചു.രാഷ്ട്ര നിർമാണത്തിന് അവിഭാജ്യ ഘടകമായ വാണിജ്യ വാഹനങ്ങളുടെ നിർമാണത്തിനായി ബ്രിട്ടീഷ് ലെയ് ലാൻഡുമായി പങ്കാളിത്തമുണ്ടാക്കുന്നത് 1955ലാണ്. അങ്ങനെ അശോക് മോട്ടോഴ്സും ലൈലാന്റ് മോട്ടോഴ്സ് ലിമിറ്റഡും തുല്ല്യ പങ്കാളിത്തത്തോടെ അശോക് ലൈലാന്റ് എന്ന പുതിയ പേര് സ്വീകരിച്ചു. തദ്ദേശീയമായി നിര്‍മ്മിച്ച പകുതിയോളം വാഹനഭാഗങ്ങള്‍ ഉപയോഗിച്ച ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ഡബിള്‍ ഡക്കര്‍ ബസ് 1967ല്‍ അശോക് ലൈലാന്റ് പുറത്തിറക്കി. പവര്‍ സ്റ്റീയറിംഗ് ആദ്യമായി വാണിജ്യ വാഹനങ്ങളില്‍ സൗകര്യപ്പെടുത്തിയത് 1969ലാണ്.
ട്രക്ക് ഷാസിയിൽ നിർമിച്ച കോമറ്റ് ബസുകളായിരുന്നു ആദ്യ ഉൽപന്നം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ ആയിരുന്നു പ്രഥമ ഉപഭോക്താക്കൾ.ക്രമേണ സ്വകാര്യരംഗത്തും അനവധി ബസ് സർവീസുകൾ ലെയ് ലാൻഡ് ബസുകളുമായി രംഗത്തെത്തി.ഒരിക്കലെങ്കിലും ലെയ് ലാൻഡ് കോമെറ്റിൽ യാത്ര ചെയ്തിട്ടില്ലാത്തവർ പഴയതലമുറയിൽ ചുരുക്കമാണ്. കോൺസ്റ്റന്റ്റ് മെഷ് ഗിയർ ബോക്സായതിനാൽ അടിക്കടി ക്ലച്ചിൽ ആഞ്ഞാഞ്ഞു ചവിട്ടി കടോരമായ ശബ്ദത്തോടെ ഗിയർ മാറ്റുന്ന കാഴ്ച അക്കാലത്തെ നിത്യ സംഭവമായിരുന്നു. 1968ൽ ബ്രിട്ടണിൽ നിർമാണം നിർത്തിയ ലെയ് ലാൻഡ് ടൈറ്റൻ ഇന്ത്യയിൽ പുനർജനിച്ചപ്പോഴും ഡബിൾ ഡീക്ലച്ചിംഗ് ഗിയർ ബോക്സ് മാറിയിരുന്നില്ല. അൽപം കാലഹരണപ്പെട്ട സാങ്കേതിക വിദ്യയായിരുന്നെങ്കിലും ഈടുനില്പിനും ദൃഡതയ്ക്കും പേരുകേട്ടവയായിരുന്നു ലെയ് ലാൻഡ് ബസുകൾ. ബ്രിട്ടീഷ് ലെയ് ലാൻഡ് പകർന്നുകൊടുത്ത വിട്ടുവീഴ്ചയില്ലാത്ത നിർമാണശൈലിയായിരുന്നു ഇതിനുപിന്നിൽ.
അശോക് ലെയ് ലാൻഡ് സാങ്കേതികവിദ്യയ്ക്കും നിർമാണ സൗകര്യങ്ങൾക്കും ആശ്രയിച്ച ഇംഗ്ലണ്ടിലെ ലെയ് ലാൻഡ് മോട്ടോർ കമ്പനിക്ക് ലോക വാഹനചരിത്രത്തിൽ പ്രധാന സ്ഥാനമുണ്ട്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലെയ് ലാൻഡ് നഗരത്തിൽ 1896ൽ ലങ്കാഷയർ സ്റ്റീം മോട്ടോർ കമ്പനി എന്നപേരിലാണിത് നിലവിൽ വന്നത്. ആദ്യ ഉൽപന്നം ആവി എഞ്ചിനോട് കൂടിയ 1.5 ടൺ ശേഷിയുള്ള വാനായിരുന്നു. ആദ്യകാല ആവി എഞ്ചിൻ മോഡലുകൾ 1905ൽ പെട്രോൾ എഞ്ചിനുകൾക്ക് വഴിമാറി.
1907ൽ കമ്പനിയുടെ ലെയ് ലാൻഡ് മോട്ടോർ കമ്പനി എന്നാക്കി ഇവർ രണ്ടാമതൊരു നിർമാണശാല കൂടി തുടങ്ങിയിരുന്നു. 1920 ൽ ലെയ് ലാൻഡ് 8 എന്നൊരു ആഡംബരകാർ നിർമിച്ചെങ്കിലും വാണിജ്യവാഹനങ്ങളിലായിരുന്നു എന്നും ഇവരുടെ ശ്രദ്ധ. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിപ്പോ, റിട്രീവർ എന്നീ ട്രക്കുകളും ക്രോംവെൽ, സെഞ്ചൂറിയൻ എന്നീ ടാങ്കുകളും ഇവർ നിർമിച്ചിരുന്നു. യുദ്ധാനന്തരം രണ്ടു ദശകത്തോളം ഇംഗ്ലണ്ടിലെ ചില ചെറുകിട വാണിജ്യവാഹനനിർമാണ കമ്പനികൾ കൂടി ഏറ്റെടുത്ത ലെയ് ലാൻഡ് മോട്ടോർ കമ്പനി മികച്ചനിലയിൽ പ്രവർത്തിച്ചു.
എന്നാൽ 1968ൽ നിരവധി വാഹനകമ്പനികൾ ചേർന്ന് ബ്രിട്ടീഷ് മോട്ടോർ ഹോൾഡിംഗുമായി നടന്ന ലയനം വൻപരാജയമായിരുന്നു. ബ്രിട്ടീഷ് ലെയ് ലാൻഡ് എന്ന പേരിൽ നിലവിൽവന്ന കമ്പനി ഒട്ടേറെ പരസ്‌പരം മത്സരിക്കുന്ന ബ്രാൻഡുകളുടെ സംയോജനമായിരുന്നു.കൂടാതെ ബി എം എച്ചിലെ അംഗങ്ങൾ മിക്കവയും കാലഹരണപ്പെട്ട സാങ്കേതികവിദ്യയും നിർമാണരീതികളും ഉപയോഗിക്കുന്നവയായിരുന്നു. ഇവരുടെ പ്രധാന ഉല്പന്നങ്ങളായ കാറുകൾ (മോറിസ് മറീന, ഓസ്റ്റിൻ അലെഗ്രോ) പലതും വിപണിയിൽ പിന്തള്ളപ്പെട്ടു.
ഇതോടൊപ്പം തൊഴിൽ പ്രശ്നങ്ങളും 1973 ലെ ആഗോള എണ്ണപ്രതിസന്ധിയും കൂടിയായപ്പോൾ കമ്പനി തീരെ പരുങ്ങലിലായി. അങ്ങനെ 1975ൽ ബ്രിട്ടീഷ് ലെയ് ലാൻഡ് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ പലരും നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. അവസാനം 1987ൽ ഇപ്പോൾ PACCAR ഗ്രൂപ്പിലെ പ്രധാനിയായ Doorne’s Aanhangwagen Fabriek (DAF) ബ്രിട്ടീഷ് ലെയ് ലാൻഡിനെ തങ്ങളിൽ ലയിപ്പിച്ചു. എങ്കിലും നീലനിറത്തിൽ വൃത്തത്തിനുള്ളിൽ ഇംഗ്ലീഷ് അക്ഷരം ‘L’ എന്ന ലോകപ്രശസ്തമായ ബ്രിട്ടീഷ് ലെയ് ലാൻഡിന്റെ ലോഗോ അശോക് ലെയ് ലാൻഡിലൂടെ ഇന്നും നിലനിൽക്കുന്നു.
ഇന്ത്യൻ വിജയഗാഥ : ഇംഗ്ലണ്ടിൽ കമ്പനി തകർന്നടിഞ്ഞപ്പോഴും ഇന്ത്യയിൽ കഥ മറിച്ചായിരുന്നു.ഇവിടെ കമ്പനി പുരോഗതിയുടെ പാതയിലായിരുന്നു.ബ്രിട്ടീഷ് സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യകാല ഡീസൽ എഞ്ചിനുകൾ കുറഞ്ഞ എഞ്ചിൻ വേഗതയിലും മികച്ച ടോർക്ക് നൽകുന്ന ലോങ്ങ്സ്ട്രോക്ക് രൂപകൽപന ഉള്ളവയായിരുന്നു. പക്ഷേ ബ്രിട്ടീഷ് ലെയ് ലാൻഡിന്റെ പതനം എഞ്ചിൻ സാങ്കേതികവിദ്യയ്ക്കായി മറ്റിടങ്ങളിലേയ്ക്ക് തിരിയാൻ അശോക് ലെയ് ലൻഡിനെ പ്രേരിപ്പിച്ചു. തുടർന്ന് ജപ്പാനിലെ ഹിനോ നിർമിത എച്ച് സീരീസ് 4, 6 സിലിണ്ടർ എൻജിനുകൾ ഇവർ ഉപയോഗിക്കാൻ തുടങ്ങി.
രാജ്യത്തെ മിലിട്ടറിക്കായി 1970ല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രക്കുകള്‍ നിര്‍മ്മിച്ച് നല്‍കി അശോക് ലൈലാന്റ് മികവ് തെളിയിച്ചു. പ്രതിവര്‍ഷം പതിനായിരം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് കമ്പനി നേടുന്നത് 1972ലാണ്. കമ്പനിയുടെ ടേണോവര്‍ ചരിത്രത്തിലാദ്യമായി ആയിരം മില്ല്യണ്‍ കടന്നു. വൈക്കിംഗ്, ചീറ്റാ തുടങ്ങി വിവിധതരത്തിലുള്ള പാസഞ്ചര്‍ ബസ്സുകളും ട്രക്കുകളും തുടര്‍ന്ന് അശോക് ലൈലാന്റ് ഇന്ത്യന്‍ നിരത്തുകളിലിറക്കി.
1980 ല്‍ ഹൊസൂരില്‍ കമ്പനിയുടെ പുതിയ പ്ലാന്റ് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. ജി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അതേ വര്‍ഷം ഇന്ത്യയിലെ ആദ്യത്തെ 13ടണ്‍ ഭാരശേഷിയുള്ള ട്രക്ക് ടസ്ക്കര്‍ എന്ന പേരിലും ആദ്യത്തെ മള്‍ട്ടി ആക്സില്‍ ട്രക്ക് ടോറസ് എന്ന പേരിലും പുറത്തിറങ്ങി. മഹാരാഷ്ട്രയിലെ ഭണ്ടാരയിലും രാജസ്ഥാനിലെ ആല്‍വാറിലുമായി രണ്ട് പ്ലാന്റുകള്‍ കൂടി 1982ല്‍ ആരംഭിച്ചു. 1990ല്‍ ചെന്നൈയിലെ വെള്ളിവൊയല്‍ചാവടിയില്‍ പൂര്‍ണ്ണ സജ്ജമായ സൗകര്യങ്ങളും അത്യാവശ്യമായിരുന്ന ടെസ്റ്റിംഗ് ട്രാക്കുകളോടും കൂടി ഒരു ടെക്നിക്കല്‍ സെന്റര്‍ അശോക് ലൈലാന്റ് സ്ഥാപിച്ചു. 1993ല്‍ ഐ. എസ്. ഒ. നേടുന്ന ആദ്യത്തെ ഓട്ടോമൊബൈല്‍ കമ്പനിയായി അശോക് ലൈലാന്റ്.
1987ൽ ഇറ്റലിയിലെ ഐവെക്കോയും എൻആർഐ വ്യവസായ ഗ്രൂപ്പായ ഹിന്ദുജയും ചേർന്ന് അശോക് ലെയ് ലൻഡിനെ സ്വന്തമാക്കി.അതേത്തുടർന്ന് ഫാക്ടറി നിർമിത ക്യാബിനുകൾ ഉള്ള കാർഗോ ശ്രേണി ട്രക്കുകൾ ഇവർ പുറത്തിറക്കിത്തുടങ്ങി. മിലിട്ടറിക്കായി സ്റ്റാലിയണ്‍ എന്ന മോഡല്‍ നിര്‍മ്മിച്ചും ആദ്യത്തെ സി. എന്‍. ജി. ഇന്ധനമായി ഉപയോഗിക്കുന്ന ബസ് നിര്‍മ്മിച്ചും തൊണ്ണൂറുകളുടെ അവസാനം കമ്പനി ശ്രദ്ധ നേടി. നിലവിൽ ഐവെക്കോയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെങ്കിലും ക്യാബിനുകൾ അശോക് ലെയ് ലാൻഡ് തങ്ങളുടെ ecomet ശ്രേണി ട്രക്കുകളിൽ ഉപയോഗിച്ചുവരുന്നു. 2006 ൽ ചെക്ക് കമ്പനിയായ അവിയ ഇവർ ഏറ്റെടുത്തു.നിസ്സാനുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിൽ പിറന്ന ദോസ്ത് എന്ന ചെറുപിക്കപ്പ് ട്രക്ക് ഇന്ത്യൻ നിരത്തുകളിലെ താരമാണ്.ഇതേ കൂട്ടുകെട്ടിൽ പിറന്ന സ്റ്റൈൽ എന്ന എം പി വി പക്ഷേ അമ്പേ പരാജയമായിരുന്നു.
1997 ൽ തന്നെ സി എൻ ജിയിൽ ഓടുന്ന ബസ് ഇവർ നിർമിച്ചിരുന്നു.പുത്തൻ സാങ്കേതികവിദ്യ വിപണിയിലെത്തിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് അശോക് ലെയ് ലാൻഡ്. മൾട്ടി ആക്സിൽ ട്രക്കുകൾ ,എയർ ബ്രേക്കുകൾ, റിയർ എഞ്ചിൻ ബസുകൾ , വെസ്റ്റിബ്യൂൾ ബസുകൾ എന്നിവയൊക്കെ ഇവരാണ് ആദ്യം ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത്.ഒരു വർഷം മുൻപ് ഇവർ നിരത്തിലിറക്കിയ ബോസ്സ് , പാർട്ട്‌ണർ എന്നീ ട്രക്കുകൾ ,മിത്ര് ,ലക്ഷുറാ എന്നീ ബസുകൾ തുടങ്ങിയവ വിപണിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവയാണ്.
പല വിദേശ രാജ്യങ്ങളിലേയ്ക്കും തങ്ങളുടെ ഉൽപന്നങ്ങൾ ഇവർ കയറ്റി അയയ്ക്കുന്നു. പലതരം പ്രതിരോധ വാഹനങ്ങളും ഇവർ നമ്മുടെ സൈന്യത്തിനുവേണ്ടിയും ഇവർ നിർമിക്കുന്നുണ്ട്.ബ്രിട്ടീഷ് പാരമ്പര്യമുള്ള വ്യാപാര നാമത്തിൽ തുടരുമ്പോഴും ആധുനിക വാഹനരംഗത്ത് ഇന്ത്യയുടെ അഭിമാനമായി അനുസ്യൂതം മുന്നേറുകയാണ് അശോക് ലെയ് ലാൻഡ്. “അശോക്” എന്ന പേരു തലമുറകൾ ഏറ്റു പറയുമെന്ന് ഉറപ്പാണ്. അതാകും വിമാനപകടത്തിൽ മരിച്ച ആ അച്ഛനും (രഘുനന്ദൻ ശരൺ) അങ്ങു മുകളിൽ ഇരിക്കുമ്പോൾ ഏറ്റവും വലിയ സന്തോഷം.
വിവരങ്ങൾക്ക് കടപ്പാട് – തോമസ് സെബാസ്റ്റ്യൻ, മോഹൻ ദാസ് സൂര്യനാരായണൻ, ചരിത്രാന്വേഷികൾ ഗ്രൂപ്പ്.