ചോര ചിന്തിയ മരതകദ്വീപ്; ശ്രീലങ്കൻ ആഭ്യന്തര കലാപത്തിൻ്റെ ഞെട്ടിക്കുന്ന ചരിത്രം…

Total
0
Shares

എഴുത്ത് – വിപിൻ കുമാർ.

ബിസി ആറാം നൂറ്റാണ്ടു മുതല്‍ സിംഹള-തമിഴ് തര്‍ക്കം ആരംഭിച്ചതായാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. തങ്ങളാണ് ശ്രീലങ്കയിലെ ആദിമവംശജരെന്നു സിംഹളരും തമിഴരും അവകാശവാദമുന്നയിക്കുന്നു. സിംഹള-തമിഴ് രാജാക്കന്മാര്‍ മാറിമാറി ഭരിച്ചിരുന്ന രാജ്യമാണ് ശ്രീലങ്ക. ആര്യന്‍ സംസ്കാരം പിന്തുടരുന്ന സിംഹളരും ദ്രാവിഡ സംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാരായ തമിഴരും തമ്മിലുള്ള സംസ്കാരിക സ്വരച്ചേര്‍ച്ചയില്ലായ്മയും യുദ്ധങ്ങളെ തുടര്‍ന്നുണ്ടായ ശത്രുതയുമാണ് ചരിത്രത്തേക്കാള്‍ പഴക്കമുള്ള സിംഹള-തമിഴ് വൈര്യത്തിന്റെ അടിസ്ഥാനം. ദക്ഷിണേന്ത്യയിലെ സമര്‍ഥരായ ചോള/പാണ്ഡ്യരാജാക്കന്മാര്‍ പലപ്പോഴും ലങ്ക അടക്കി ഭരിച്ചിരുന്നു. സിംഹള രാജാവും തമിഴ് രാജാവും ഒരേസമയം പ്രവിശ്യകളില്‍ അയല്‍ക്കാരായും ഭരണം നടത്തി. തമിഴ് രാജാക്കന്മാരെ ഭയന്ന് സിംഹളസാമ്രാജ്യം തെക്കോട്ട് നീങ്ങിനീങ്ങി കാന്‍ഡി വരെ യെത്തി.

വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍ തമിഴ് രാജാക്കന്മാരുടെ സ്വയം ഭരണത്തില്‍ തമിഴര്‍ സമാധാനമായി കഴിഞ്ഞിരുന്നതായി 13-ആം നൂറ്റാണ്ടിലെ രേഖകളില്‍ കാണുന്നു. യൂറോപ്യന്മാര്‍ കീഴടക്കുന്നതുവരെ ലങ്കന്‍ ചരിത്രത്തിലെ സമാധാനകാലം തുടര്‍ന്നു. 1505 ല്‍ എത്തിയ പോര്‍ച്ചുഗീസുകാര്‍ സിംഹളര്‍ക്കും തമിഴര്‍ക്കും പ്രത്യേകം സാമ്രാജ്യം നല്‍കിയതായി ചരിത്രമുണ്ട്. 1619 ല്‍ തമിഴ് രാജാവായ ശങ്കിലികുമാരനെ പോര്‍ച്ചുഗീസുകാര്‍ സ്ഥാനഭ്രഷ്ടനാക്കുകയും ഗോവയില്‍ കൊണ്ടുവന്ന് തൂക്കിലേറ്റുകയും ചെയ്തതോടെ സ്ഥിതി മാറി. പിന്നീട് വന്ന ഡച്ചുകാര്‍ സിംഹളരുടെയും തമിഴരുടെയും വംശീയത മാനിച്ച് രണ്ടുകൂട്ടര്‍ക്കും വിവിധ ഭരണമേഖലകള്‍ തിരിച്ചു നല്‍കി. പിന്നീടാണ് ബ്രിട്ടീഷുകാര്‍ എത്തിയത്.

ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച സിംഹളര്‍ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ കൂട്ടാക്കിയില്ല. സിംഹളരെ ഒരു പാഠം പഠിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ തെക്കേ ഇന്ത്യയില്‍ നിന്ന് തമിഴരെ ഇറക്കാന്‍ തീരുമാനിച്ചു. തമിഴ്-സിംഹള വംശീയതയെ മാനിക്കാതെ എല്ലാ പ്രവിശ്യകളും ലയിപ്പിച്ച് ഇരുകൂട്ടരെയും ഭിന്നിപ്പിച്ച് കാര്യം സാധിക്കാനും ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ആദിതമിഴര്‍ക്കും സിംഹളര്‍ക്കും ഇടയിലേക്ക് പകയുടെ പുതിയ അദ്ധ്യായം രചിച്ച് ഇന്ത്യയില്‍ നിന്നും തമിഴ് തോട്ടം തൊഴിലാളികളുടെ വന്‍തോതിലുള്ള കുടിയേറ്റമുണ്ടായി. 1825ല്‍ ആദ്യ ബാച്ച് തൊഴിലാളികള്‍ കടല്‍ കടന്നു. 1860 ആയപ്പോഴേക്കും കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു.

തിരുച്ചിറപ്പള്ളി മേഖലയില്‍ നിന്നുള്ളവരായിരുന്നു ആദ്യമെത്തിയ തൊഴിലാളികളേറെയും. പിന്നീട് കേരളം, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും കുടിയേറി. തൊഴിലാളികളെ വന്‍ തോതില്‍ ദ്വീപിലേക്ക് കടത്തിയ കരാറുകാര്‍ ഇവരെ ചതിക്കുകയായിരുന്നു. രാമേശ്വരത്തുനിന്ന് ബോട്ടുകളിലും ചെറുകപ്പലുകളിലും ശ്രീലങ്കയിലെ തലൈമന്നാറില്‍ ഇറങ്ങി ദിവസങ്ങളോളം വനത്തിലൂടെ നടന്നാണ് തൊഴിലാളിസംഘങ്ങള്‍ കാന്‍ഡിയിലെയും കൊളോബോയിലെയും തേയിലത്തോട്ടങ്ങളില്‍ എത്തിയിരുന്നത്. ദാരിദ്ര്യമാണ് ഈ പലായനത്തിന് അവരെയന്ന് നിര്‍ബന്ധിതരാക്കിയത്. തുച്ഛമായ വേതനത്തില്‍, ദുര്‍ഘട സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട ആയിരങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബ്രിട്ടീഷുകാരായ തോട്ടമുടമകള്‍ തയ്യാറായില്ല. പരിതാപകരമായ അവസ്ഥയില്‍ സായിപ്പിന്റെ മാത്രമല്ല, കങ്കാണിമാരുടെ പീഢനവും സഹിച്ചായിരുന്നു തൊഴിലാളികള്‍ തോട്ടങ്ങളില്‍ ജോലി ചെയ്തത്. എന്നാല്‍ ലങ്കന്‍ തമിഴരുടെ സ്ഥിതി താരതമ്യേന ഭേദമായിരുന്നു. അവരില്‍ പലരും മിഷനറി വിദ്യാലയങ്ങളില്‍നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ഉയര്‍ന്ന ജോലികളിലെത്തി.

1948ല്‍ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ശ്രീലങ്ക സ്വതന്ത്രമായി. കേംബ്രിജ്ഡ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യുഎന്‍പിയുടെ നേതൃത്വത്തിലേക്കു വന്ന ഡോണ്‍ സ്റ്റീഫന്‍ സേനനായകെ ആദ്യ പ്രധാനമന്ത്രിയായി. എന്നാല്‍ ദൈന്യത നിറഞ്ഞ നാളുകള്‍ മാറി പ്രത്യാശയുടെ പുലരി എത്തുമെന്ന്‍ സ്വപ്നം കണ്ടിരുന്ന തോട്ടം തൊഴിലാളികളുടെ പ്രതീക്ഷ അസ്ഥാനത്തായി. തമിഴ് തോട്ടം തൊഴിലാളികള്‍ക്ക് പൗരത്വം നിഷേധിച്ചുകൊണ്ടായിരുന്നു തുടക്കം. 1949ല്‍ തമിഴര്‍ക്ക് വോട്ടവകാശവും നിഷേധിച്ചുകൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കി. രണ്ടു തമിഴ് വംശജരെ എം.പി.മാരാക്കി പ്രശ്നമ്പരിഹരിക്കാന്‍ പിന്നീട് ശ്രമമുണ്ടായി. ലങ്കന്‍ തോട്ടങ്ങളില്‍ തലമുറകളോളം അടിമകളെപ്പോലെ പണിയെടുത്ത തമിഴരുടെ അവകാശനിഷേധത്തിനെതിരെ ഏതാനും ഇടതനുഭാവികളായ സിംഹള എം.പി.മാരും രംഗത്തുവന്നു. സിലോണ്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് ലേബര്‍ യൂണിയന്റെ ആവിര്‍ഭാവം ഇങ്ങനെയായിരുന്നു. ഗാന്ധിയനായ സാമുവല്‍ ജെയിംസ് ശെല്വനായകത്തിന്റെ നേതൃത്വത്തില്‍ സിലോണ്‍ തമിഴ് സ്റ്റേറ്റ് പാര്‍ട്ടിയും ഈ സമയത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

തമിഴ്നാട്ടുകാരുടെ സഹായത്തോടെ ലങ്കയില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന നുഴഞ്ഞുകയറ്റക്കാരെന്ന മനോഭാവമായിരുന്നു തമിഴ് വംശജരെക്കുറിച്ച് സിംഹളര്‍ പുലര്‍ത്തിയത്. സിലോണിന്റെ സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാതൃകയില്‍ രൂപീകരിച്ച സിലോണ്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും തമിഴ് വംശജനായ സ്ഥാപകനും മന്ത്രിയുമായ പൊന്നമ്പലം അരുണാചലത്തിന്റെയും മറ്റും ദേശസ്നേഹനിലപാടുകള്‍ സിംഹളസ്പര്‍ധയില്‍ മുങ്ങിപ്പോയി. 1953ല്‍ സര്‍ ജോണ്‍ കൊത്ലേവാലയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ സര്‍ക്കാര്‍ പൊന്നമ്പലത്തെയും മറ്റും മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി. തമിഴും സിംഹളവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് ജാഫ്നയില്‍ പ്രസംഗിച്ചതോടെ കൊത്ലേവാലയ്ക്കെതിരെ സിംഹളര്‍ തിരിഞ്ഞു. 1956 ല്‍ ലങ്കയില്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. അധികാരം ലഭിച്ചാല്‍ 24 മണിക്കൂറിനകം സിംഹളയെ ഭരണഭാഷയായി പ്രഖ്യാപിക്കുമെന്നായിരുന്നു യുഎന്‍പി വിട്ട് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി രൂപീകരിച്ച സോളമന്‍ ബന്ദാരനായകെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. തിരഞ്ഞെടുപ്പില്‍ യുഎന്‍പിയെ പരാജയപ്പെടുത്തി ഫ്രീഡം പാര്‍ട്ടി അധികാരത്തിലെത്തി.

1956- അഹിംസ ഉപദേശിച്ച ബുദ്ധന്‍ ജനിച്ചിട്ട് 2500 വര്‍ഷം തികയുന്നു. ലങ്കയില്‍ ഹിംസയുടെ യുഗത്തിന് തുടക്കം കുറിച്ച നിയമഭേദഗതി നിലവില്‍ വന്നതും ആ വര്‍ഷമാണ്. സിംഹളയെ ശ്രീലങ്കയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സിംഹള വണ്‍ലി ആക്ട് (Sinhala Only Act of 1956) സിംഹള-തമിഴ് വംശീയപ്രശ്നത്തെ രൂക്ഷമാക്കി. ഭരണപക്ഷമായ ഫ്രീഡം പാര്‍ട്ടി കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷമായ യുഎന്‍പിയും പിന്തുണച്ചു. സിംഹളവികാരത്തിന്റെ തള്ളലില്‍ കാട്ടുന്ന ഈ അനീതി രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയാകുമെന്ന് ലങ്കാ സമസമാജ പാര്‍ട്ടി എംപിമാരായ ലെസ്ലി ഗുണവര്‍ധനെയും കാല്‍വിന്‍ ആര്‍ ഡിസില്‍വയും മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരുമത് ചെവികൊണ്ടില്ല. 1956 ജൂണില്‍ ലങ്കന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വന്ന ബില്ലിനെതിരെ തമിഴ് കക്ഷിയായ ഫെഡറല്‍ പാര്‍ട്ടിയുടെ അംഗങ്ങള്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബില്ലിനെ അനുകൂലിച്ച് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ സിംഹളര്‍ കുത്തിയിരുന്നവര്‍ക്കിടയിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു.തമിഴ് വംശജര്‍ വ്യാപകമായി അക്രമിക്കപ്പെട്ടു. അവരുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടു. പോലീസ് പലയിടത്തും നോക്കുകുത്തിയായി. കലാപം അവസാനിച്ചപ്പോഴേക്കും സ്ത്രീകളും കുട്ടികളുമടക്കം 150 തമിഴ് വംശജരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ശ്രീലങ്കന്‍ സ്വാതന്ത്ര്യദിനമായ ഫെബ്രുവരി 4 വിലാപത്തിന്റെ ദിനമായി തമിഴര്‍ ആചരിച്ചു. സര്‍ക്കാര്‍ സര്‍വീസുകളില്‍ മാത്രമല്ല, ഭൂമി പതിച്ചുനല്‍കുന്നതുള്‍പ്പെടെ എല്ലാ മേഖലകളിലും തമിഴര്‍ രണ്ടാം പൗരന്മാരായി പരിഗണിക്കപ്പെട്ടു. തമിഴ് മേഖലകളില്‍ സിംഹള നമ്പര്‍പ്ലേറ്റുകള്‍ മായ്ച്ചും ബോര്‍ഡുകള്‍ക്ക് കറുപ്പടിച്ചും തമിഴര്‍ തിരിച്ചടിച്ചു. സംഗതി കൈവിട്ട് പോകുന്നതുകണ്ട് ബന്ദാരനായകെ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. ശെല്വനായകത്തിന്റെ നേതൃത്വത്തില്‍ തമിഴ് എം പിമാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തമിഴ് ഉപയോഗിക്കുന്നതിലുണ്ടായിരുന്ന ചില വിലക്കുകള്‍ക്ക് അയവു വരുത്തി. തമിഴ് പ്രദേശങ്ങളില്‍ സ്വതന്ത്ര കൗണ്‍സിലുകള്‍ രൂപീകരിക്കാനും നിയമം പാസാക്കി. പക്ഷേ സിംഹളരുടെ എതിര്‍പ്പ് മൂലം ശെല്വനായകം-ബന്ദാരനായകെ കരാറുകളും പിന്‍വലിക്കേണ്ടിവന്നു. കലാപം പൊട്ടിപ്പുറപ്പെട്ടു. തമിഴര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. വരീന്ദ്ര ടാര്‍സി വിറ്റാച്ചിയെപ്പോലുള്ള പ്രശസ്തരായ ലങ്കന്‍ പത്രപ്രവര്‍ത്തകര്‍ ഇതിനെതിരെ ശബ്ദിച്ചു. സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1959 സെപ്റ്റംബര്‍ 25ന് ലങ്കയിലെ ആദ്യത്തെ രാഷ്ട്രീയകൊലപാതകം അരങ്ങേറി. പ്രധാനമന്ത്രി ബന്ദാരനായകെയെ ഒരു ബുദ്ധഭിക്ഷു വെടിവെച്ചു കൊന്നു.

അടുത്ത തിരഞ്ഞെടുപ്പില്‍ സഹതാപതരംഗത്തിന്റെ ആനുകൂല്യത്തില്‍ ബന്ദാരനായകെയുടെ വിധവ സിരിമാവോ ജയിച്ചുകയറി. ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാപ്രധാനമന്ത്രിയായി ചരിത്രം തിരുത്തിയെഴുതി.ശെല്‍വനായകത്തിന്റെ നേതൃത്വത്തില്‍ ജാഫ്നയിലും മറ്റും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരുന്നു. കന്‍കേശന്‍തുറയില്‍ അദ്ദേഹത്തിന്റെ പ്രേരണയില്‍ തപാല്‍ സര്‍വീസ് ആരംഭിച്ചു. എന്നിട്ടും തമിഴരുടെ ജനനസര്‍ട്ടിഫിക്കറ്റുപോലും സിംഹളത്തില്‍ നല്‍കി സിരിമാവോ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ തുടര്‍ന്നു. സത്യാഗ്രഹങ്ങളെ അടിച്ചമര്‍ത്തിയതോടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ തമിഴ് യുവാക്കള്‍ സിംഹളഭാഷ പഠിച്ചു.

അധികാരം നിലനിര്‍ത്താനുള്ള ഉപാധിയായി മാത്രം സിംഹള-തമിഴ് പ്രശ്നത്തെ കണ്ട ലങ്കയിലെ രാഷ്ട്രീയകക്ഷികള്‍ക്ക് ഭാവിയില്‍ വരാനിരിക്കുന്ന തീവ്രവാദത്തെ മുന്‍കൂട്ടി കാണാനുള്ള ദീര്‍ഘവീക്ഷണമില്ലാതെപോയി. ഇടയ്ക്ക് തമിഴര്‍ക്ക് എന്തെങ്കിലും ഇളവ് നല്‍കാന്‍ ഒരു പാര്‍ട്ടി ശ്രമിച്ചാല്‍ സിംഹളര്‍ അനീതി നേരിടുന്നു എന്നു മുറവിളി കൂട്ടി അത് റദ്ദാക്കിക്കുന്നതിലായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രദ്ധ. തമിഴരുടെ ഉള്ളില്‍ പ്രതികാരവാഞ്ഛ വളരുന്നത് ആരും ശ്രദ്ധിച്ചില്ല.

1965ല്‍ ദദ്ലീ സേനാനായകെയുടെ നേതൃത്വത്തില്‍ യുഎന്‍പി ഭരണത്തിലേറി. 1970 ല്‍ സിരിമാവോ അധികാരത്തില്‍ തിരിച്ചെത്തി. 1972ല്‍ സിരിമാവോ നടപ്പാക്കിയ ഭരണഘടനാപരിഷ്കാരത്തിലെ പ്രധാന നിര്‍ദേശം വഴിത്തിരിവായി. അന്നുമുതല്‍ സിലോണ്‍ ശ്രീലങ്ക എന്ന്‍ വിളിക്കപ്പെട്ടു.

മോസ്കോയില്‍ പഠനം പൂര്‍ത്തിയാക്കിയ റോഹന വിജയവീരയുടെ നേതൃത്വത്തില്‍ തീവ്ര ഇടതുപക്ഷമായ ജനതാ വിമുക്തി പെരമുന (ജെവിപി) ആഭ്യന്തരകലാപം ആരംഭിച്ചത് ഇതിനിടെയാണ്. 1971ഏപ്രിലില്‍ സ്വന്തമായി ആയുധമുണ്ടാക്കി ജെവിപിക്കാര്‍ സൈന്യത്തെ നേരിട്ടതോടെ ലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെ സഹായം തേടി. കലാപം 30,000 പേരുടെ ജീവനെടുത്തു.

സർവകലാശാലകളിൽ സിംഹള രേക്കാൾ കൂടുതൽ മാർക് വാങ്ങുന്ന തമിഴർക്കു മാത്രം പ്രവേശനം എന്ന നിയമവും ഇതിനിടെ പാസായി. തമിഴ്നാട്ടിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളും തമിഴ് സിനിമയും ലങ്കയിൽ പാടില്ലെന്ന് സർക്കാർ ശഠിച്ചു. പാർലമെന്റിൽ തമിഴരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ശെൽവനായകത്തിന്റെയും മറ്റും പരിശ്രമങ്ങൾക്ക് സിംഹളർ ചെവികൊടുത്തതേയില്ല. ജാഫ്നയിലും മറ്റും ഡിഎംകെയുടെ പ്രവർത്തനം നിരോധിച്ചു കൊണ്ട് സിരിമാവോ സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചു. മുതിർന്ന തമിഴ് നേതാക്കൾ ഗാന്ധിസവും അഹിംസയും ചെയ്യുമ്പോൾ സായുധ പോരാട്ടത്തിലൂടെ സിംഹള ആധിപത്യത്തെ ചെറുക്കാൻ യുവാക്കൾ വിവിധ ഗ്രൂപ്പുകളായി സംഘടിച്ചു തുടങ്ങുകയായിരുന്നു.

1970കളുടെ തുടക്കം വരെ സ്വതന്ത്ര തമിഴ് രാഷ്ട്രവാദത്തിന് വ്യക്തമായ രൂപം ഉണ്ടായിരുന്നില്ല. 1971 ൽ ബംഗ്ലാദേശിന്റെ രൂപീകരണം സ്വതന്ത്ര തമിഴ് ഈഴം എന്ന സ്വപ്നത്തിന് മിഴിവേകി. 1974 ജനുവരി, സിംഹള – തമിഴ് പ്രശ്നത്തിൽ നിർണായകമായി. ജാഫ്നയിൽ സംഘടിപ്പിക്കപെട്ട ആഗോള തമിഴ് ഭാഷാ സമ്മേളനത്തിനു നേരെ പ്രകോപനമില്ലാതെയുണ്ടായ പോലീസ് അതിക്രമത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. തിരിച്ചടിക്കു തമിഴ് ന്യൂ ടൈഗേഴ്സ് (പുലിപ്പടൈ) എന്ന രഹസ്യ സംഘടന തയ്യാറെടുത്തു. 1975 ജൂലൈയിൽ ജാഫ്ന മേയറും സിരിമാവോയുടെ വിശ്വസ്തനുമായ തമിഴ് വംശജൻ ആൽഫ്രഡ് ദുരിയപ്പ ന്യൂ ടൈഗേഴ്സ് പോരാളികളായ നാൽവർ സംഘത്തിന്റെ വെടിയേറ്റു മരിച്ചു. തുടർന്ന് ഒളിവിലായിരുന്ന ടൈഗർ പോരാളികൾ 1976 മേയ് അഞ്ചിന് ജാഫ്നയിലെ ഒരു രഹസ്യ താളത്തിൽ വീണ്ടും ഒത്തുചേർന്നു. ആ പ്രതികളിൽ ഒരാളിൽ നിന്നാണ് തമിഴ് വിമോചന പോരാട്ടത്തിന്റെ നവചരിത്രം ആരംഭിക്കുന്നത്. വേലുപ്പിള്ള പ്രഭാകരൻ ആയിരുന്നു ആ ഒരാൾ. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുറ്റ ഗറില്ലാ സംഘടനകളിലൊന്ന് – തമിഴ് ഈഴ വിടുതലൈ പുലികൾ അഥവാ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (LTTE) അവിടെ പിറവിയെടുക്കുകയായിരുന്നു.

ഉമാമഹേശ്വരനായിരുന്നു എല്‍ടിടിഇയുടെ ചെയര്‍മാന്‍. വേലുപ്പിള്ള പ്രഭാകരൻ സൈനിക കമാൻഡറായി. സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഞ്ചംഗ ഉന്നതതല സമിതിയും ഉണ്ടാക്കി. സ്വതന്ത്ര തമിഴ് ഈഴം എന്ന ലക്ഷ്യം നേടുംവരെ പോരാടാൻ പുലികൾ പ്രതിജ്ഞയെടുത്തു. തമിഴ് ഈഴവാദത്തിൽ നിന്ന് അണുവിട വ്യതിചലിക്കാൻ എൽടിടിഇ തയ്യാറായിരുന്നില്ല. ഈഴ ലക്ഷ്യത്തിൽ നിന്ന് പിൻമാറിയാൽ തന്നെയും വെടിവച്ചു കൊല്ലണമെന്നാണ് പ്രഭാകരൻ അണികൾക്ക് നൽകിയ നിർദേശം.

തമിഴ് സംഗമത്തിനു നേതൃത്വം നല്‍കിയ യുവനേതാവായിരുന്നു ഉരുമ്പിറൈ സ്വദേശി പൊന്‍ ശിവകുമാരന്‍. 1974ല്‍ ജാഫ്നയില്‍ ഒരു ബാങ്ക് കൊള്ളയടിക്കു ശ്രമിക്കുമ്പോള്‍ പൊലീസ് പിടിയിലായ ശിവ സയനൈഡ് ഗുളിക വിഴുങ്ങി. 17ആം വയസ്സില്‍ ജീവന്‍ വെടിഞ്ഞ ശിവ ഈഴപ്പോര്‍ ഏടുകളിലെ ആദ്യ സയനൈഡ് മരണചരിതമായി. ഇയാളില്‍ നിന്നാണ് പ്രഭാകരന്‍ സയനൈഡിന്റെ സാധ്യത തിരിച്ചറിഞ്ഞത്.

1978 ല്‍ ജാഫ്നയില്‍ നിന്നു കൊളംബോയിലേക്ക് പറന്ന ആവ്റോ വിമാനത്തില്‍ റ്റൈംബോംബ് പൊട്ടിച്ച് എല്‍ടിടിഇ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ഒട്ടേറെ സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു. പില്‍ക്കാലത്ത് ‘ആവ്റോ ബേബി’യെന്നറിയപ്പെട്ട പ്രഭാകരന്റെ വിശ്വസ്തന്‍ ബേബിയായിരുന്നു ഇതിന്റെ പിന്നില്‍.

ശ്രീലങ്കയിലെ രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെ പുതിയൊരു അധ്യായത്തിന് 1983 ജൂലൈ 23 ന് തുടക്കമായി. ജാഫ്നയിൽ പെട്രോളിങ്ങ് നടത്തുകയായിരുന്ന ലങ്കൻ സൈനികർക്കു നേരെ പുലികൾ ഒളിയാക്രമണം നടത്തി. ഒരു ഓഫീസറടക്കം 13 സൈനികർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരവരുടെ ഗ്രാമങ്ങളിൽ തന്നെ സംസ്കരിക്കുന്ന സിംഹളീയ ആചാരം മാറ്റിനിർത്തി കൊളംബോയിലെ കനാട്ടെ ശ്മശാനത്തിൽ മൃതദേഹങ്ങൾ ഒരുമിച്ചു സംസ്കരിക്കാനായിരുന്നു സർക്കാർ തീരുമാനം. മനസ്സിൽ പുലികളോടുള്ള പകയും വിദ്വേഷവും നിറച്ച് കാത്തിരുന്ന ആയിരക്കണക്കിന് സിംഹളർ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ശ്മശാനത്തിലേക്ക് ഒഴുകിയെത്തി. പുലികൾക്കെതിരെയുള്ള വികാരം മൂർധന്യാവസ്ഥയിലെത്തിയ സമയത്താണ് രാജ്യത്ത് വീണ്ടും പുലികൾ ആക്രമണം നടത്തിയെന്ന കിംവദന്തി പരന്നത്. സംസ്കാര ചടങ്ങുകൾക്കെത്തിയ ജനം അതോടെ അക്രമാസക്തമായി. തമിഴരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപെട്ടു. കൊള്ളയും കൊലയും ബലാൽസംഘവുമായി ലഹള തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് പടർന്നു. രാജ്യമെമ്പാടും കുട്ടികളുൾപ്പെടെ തമിഴ് വംശജർ അക്രമത്തിനിരയായി.

അക്രമം അവസാനിപ്പിക്കാൻ പൊലീസിന്റെയോ സൈന്യത്തിന്റെയോ ഭാഗത്ത് നിന്ന് ചെറുശ്രമം പോലും ഉണ്ടായതുമില്ല. ഒടുവിൽ കലാപം കെട്ടടങ്ങുമ്പോഴേക്കും മൂവായിരത്തിലേറെ തമിഴ് വംശജർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അതിനും എത്രയോ ഇരട്ടി ആളുകൾ ജീവച്ഛവങ്ങളായി മാറി. ‘കറുത്ത ജൂലൈ’ എന്നറിയപ്പെടുന്ന ഈ സംഭവം ലങ്കയിലെ വംശീയബന്ധങ്ങളില്‍ ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചത്. രാജ്യം ഇതോടെ രണ്ടായി വെട്ടിമുറിക്കപ്പെടുകയായിരുന്നു. തമിഴ് യുവാക്കള്‍ കൂട്ടത്തോടെ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകി. രാജ്യത്തെ ഈ അരക്ഷിതാവസ്ഥ മുതലെടുത്ത പുലികളാവട്ടെ കൂടുതല്‍ ശക്തരാവുകയും ചെയ്തു.

ഇതിനിടെ പ്രഭാകരനുമായി തെറ്റിയ ഉമാമഹേശ്വരൻ എൽടിടിഇ വിട്ട് പ്ലോട്ട് (പീപ്പിൾസ് ലിബറേഷൻ ഓർഗനൈസേഷൻ ഓഫ് തമിഴ് ഈഴം) രൂപീകരിച്ചു. ആൾബലത്തിൽ ഉമാമഹേശ്വരനായിരുന്നു മുന്നിൽ. നിരാശനായ പ്രഭാകരൻ ലങ്ക വിട്ട് തമിഴ്നാട്ടിലേക്ക് പ്രവർത്തനം മാറ്റി. ചാൾസ് ആൻറണി, മഹാതയ്യ, രഘു എന്നിവരാണ് പ്രഭാകരന്റെ അഭാവത്തിൽ സംഘടനയെ നിയന്ത്രിച്ചിരുന്നത്.

ശ്രീലങ്ക ബന്ധമുള്ള മാലദ്വീപ് പൌരനായ കള്ളക്കടത്ത് ബിസിനസ്സുകാരൻ അബ്ദുള്ള ലുത്തൂഫിയുടെ നേതൃത്വത്തിൽ 1988 നവംബർ മാസം സായുധരായ 80 പ്ലോട്ട് പോരാളികൾ ഒരു കപ്പലിൽ മാലിയിലെത്തി. നേരത്തെ തന്നെ കുറെപ്പേർ സന്ദർശകരെന്ന വ്യാജേനയും എത്തിയിരുന്നു. പ്രസിഡന്റ് അബ്ദുൾ ഗയൂമിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രസിഡന്റിനെ തടവിലാക്കാൻ അവർക്കായില്ല. ഗയൂമിന്റെ സഹായാഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1600 സൈനികരെ വിമാനമാർഗ്ഗം മാലിദ്വീപിലെത്തിച്ചു. ഇന്ത്യൻ പട്ടാളത്തിന്റെ വരവോടെ തന്നെ അക്രമികൾ പലായനം ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ മരിച്ചു. ബന്ദികളാക്കപ്പെട്ട ഏതാനും പേർക്കും ജീവൻ നഷ്ടമായി. മൂന്നു ദിവസത്തിനകം അക്രമികളുടെ കപ്പൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. തടവുകാരായ അക്രമികൾക്ക് മാലിദ്വീപിൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ഓപ്പറേഷൻ കാക്റ്റസ് എന്നറിയപ്പെട്ട ഈ മാലദ്വീപ് ദൗത്യം ഇന്ത്യയ്ക്കേറെ അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നതിനിടയാക്കി. 1989 ജൂലൈയിൽ ഉമാമഹേശ്വരന്റെ വെടിയേറ്റ മൃതദേഹം ശ്രീലങ്കയിലെ മാലദ്വീപ് ഹൈക്കമ്മീഷന്റെ സമീപത്തു നിന്നു കണ്ടെത്തി. ഇന്ത്യൻ രഹസ്യാന്വേഷണ സംഘടന റോയുടെ പിന്തുണയോടെ രൂപീകരിച്ച തമിഴ് സായുധ സംഘമായ ENDLF (ഈഴം നാഷണൽ ഡെമോക്രാറ്റിക്ആ ലിബറേഷൻ ഫ്രണ്ട്) ആണ് കൃത്യം നിർവഹിച്ചത്.

എൺപതുകളിൽ എൽടിടിഇയ്ക്കു സമാനമായ മുപ്പതോളം ഗറില്ലാ സംഘടനകളാണു രൂപം കൊണ്ടത്. ഉമാമഹേശ്വരന്റെ പ്ലോട്ട്, സബരത്നത്തിന്റെ നേതൃത്വത്തിലുള്ള ടെലോ (തമിഴ് ഈഴം ലിബറേഷൻ ഓർഗനൈസേഷൻ), കെ.പത്മനാഭയുടെ കീഴിലുള്ള EPRLF (ഈഴം പീപ്പിൾസ് റവല്യൂഷണറി ലിബറേഷൻ ഫ്രണ്ട്), വി.ബലകുമാറിന്റെ EROS (ഈഴം റവല്യൂഷനറി ഓർഗനൈസേഷൻ ഓഫ് സ്റ്റുഡന്റ്സ്) എന്നിവ ശക്തമായ സാന്നിധ്യം അറിയിച്ചു.

പ്ലോട്ട് ഒഴികെയുള്ള ഗ്രൂപ്പുകൾ ചേർന്ന് ഇടക്കാലത്ത് ENLF (ഈഴം നാഷണൽ ലിബറേഷൻ ഫ്രണ്ട് ) രൂപീകരിച്ചു. 1986 ൽ എൽടിടിഇ സഖ്യം വിട്ടതോടെ ഇഎൻഎൽഎഫ് അപ്രസക്തമായി. അതിനിടെ ടെലോയുമായി എൽടിടിഇയെ ലയിപ്പിക്കാനും നീക്കമുണ്ടായി. അതും ലക്ഷ്യം കണ്ടില്ല. പിന്നീട് എൽടിടിഇ സ്വന്തം നിലയില്‍ വേരുറപ്പിച്ചു. ശേഷം എൽടിടിഇയാൽ ഈ സംഘടനകളെല്ലാം തന്നെ ഉൻമൂലനം ചെയ്യപ്പെട്ടു. തമിഴ് ചെറുത്തുനിൽപ്പിന്റെ ഏക ജിഹ്വയായി എൽടിടിഇ മാറി. സംഘടനയുടെ രാഷ്ട്രീയ – സൈനിക വിഭാഗങ്ങളുടെ നേതൃത്വം തമിഴ്‌നാട്ടിൽ നിന്ന് മടങ്ങിയെത്തിയ പ്രഭാകരൻ സ്വയം ഏറ്റെടുത്തു. സൈനിക കമാൻഡറായി ചാൾസ് ആന്റണി ഉയർത്തപ്പെട്ടു. തമിഴന്റെ ദേശീയ പ്രസ്ഥാനമായി എൽടിടിഇയും ദേശീയ നേതാവായി പ്രഭാകരനും മാറുകയായിരുന്നു. സർക്കാറുമായി തുടങ്ങിയ സമാധാന ചർച്ചകളിലും പ്രധാന തമിഴ് വക്താവിന്റെ റോളിൽ എൽടിടിഇ ശ്രദ്ധിക്കപ്പെട്ടു.

ശ്രീലങ്കൻ പ്രശ്നത്തിൽ ഇന്ത്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായിരുന്നു 1987 ജൂലൈ 29 ന് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ലങ്കൻ പ്രസിഡന്റ് ജെ.ജയവർധനയും ഒപ്പുവെച്ച ഇന്ത്യാ- ലങ്കാ കരാർ. പിന്നീട് രാജീവിന്റെ കൊലപാതകത്തിനു വരെ കാരണമായത് ഈ കരാറായിരുന്നു. കരാറനുസരിച്ച് 6000-ഓളം വരുന്ന ഇന്ത്യൻ സമാധാന സേന അന്ന് ജാഫ്നയിലെത്തി. 48 മണിക്കൂറിനുള്ളിൽ വെടിനർത്തലും 72 മണിക്കൂറിനുള്ളിൽ ആയുധം വെച്ചു കീഴടങ്ങലും എന്ന വ്യവസ്ഥ പക്ഷേ, ഒരു തമിഴ് തീവ്രവാദ സംഘടനയും അംഗീകരിച്ചില്ല. വെടിനിർത്തലിനു മുന്നോടിയായുള്ള ചർച്ചയ്ക്കായി പ്രഭാകരൻ ഡൽഹിയിൽ വന്നിരുന്നു. എന്നാൽ ഇന്ത്യയുടെ നീക്കത്തെ പുലികൾ ആശങ്കയോടെയാണ് കണ്ടത്. പ്രഭാകരനെ തിരികെ വിടണമെന്നാവശ്യപ്പെട്ട് പുലികൾ ജൂലൈ 30ന് ജാഫ്നയിൽ പ്രകടനം നടത്തി. കൊളംബോയിലെത്തിയ രാജീവ് ഗാന്ധിയെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിനിടെ ലങ്കൻ ഭടൻ തോക്കിന്റെ പാത്തിവെച്ച് അടിക്കാൻ ശ്രമിച്ചു.

ശ്രീലങ്കയുടെ ആഭ്യന്തര കാര്യത്തില്‍ അയലത്തെ വല്യേട്ടനായ ഇന്ത്യ ഇടപെടുന്നതില്‍ സിംഹളര്‍ക്കുള്ള അമര്‍ഷമായിരുന്നു ഈ ഭടനിലൂടെ പ്രകടമായത്. ഓഗസ്റ്റ് രണ്ടിന് പ്രഭാകരൻ ശ്രീലങ്കയിൽ തിരിച്ചെത്തി. ഭരണഘടനയുടെ 13 -ആം ഭേദഗതിയുടെ അടിസ്ഥാനത്തിൽ അധികാരവികേന്ദ്രീകരണം കൊണ്ട് തൃപ്തിപ്പെടാമെന്ന് എൽടിടിഇ ഒഴികെയുള്ള സംഘടനകൾ സമ്മതിച്ചു. കരാർ അടിസ്ഥാനത്തിൽ വടക്കൻ ലങ്കയിൽ ഇറങ്ങിയ ഇന്ത്യൻ സമാധാന സംരക്ഷണ സേനയ്‌ക്കെതിരെ എൽടിടിഇ പുതിയ പോർമുഖം തുറന്നു. ഇന്ത്യയുടെ കേൾവികേട്ട സൈനികശക്തി പുലികളുടെ ഗറില്ലാ പോരാട്ട വീര്യത്തിനു മുന്നിൽനിന്നു വിയർത്തു. 1990 ൽ മൂന്നുവർഷം നീണ്ടുനിന്ന കൊടുംയുദ്ധത്തിനു ശേഷം കനത്ത നഷ്ടവും ക്ഷീണവുമായാണ് ഇന്ത്യൻ സൈന്യത്തിന് പിൻവാങ്ങേണ്ടി വന്നത്. ഓപ്പറേഷൻ പവൻ എന്നു പേരിട്ടു വിളിച്ച ഈ യുദ്ധത്തിൽ ആയിരത്തിലധികം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഈ ‘ശ്രീലങ്കൻ സാഹസം’ ഇന്ത്യൻ രാജ്യതന്ത്രജ്ഞതയുടെയും സൈനിക തന്ത്രജ്ഞതയുടെയും പരാജയമായി കണക്കാക്കപ്പെട്ടു.

IPKF -നൊപ്പം വിവിധ തമിഴ് ഗ്രൂപ്പുകളെയും എൽടിടിഇ നേരിട്ടു. ഇന്ത്യൻ സൈന്യം പിൻമാറിയതോടെ തമിഴ് വിമോചനത്തിന്റെ ഏക പ്രതീക്ഷ എൽടിടിഇ എന്നു തമിഴ് വംശജർക്കു തോന്നാൻ തുടങ്ങി. സംഘടനയുടെ സ്വാധീനം ശ്രീലങ്ക കടന്നു ലോകമെങ്ങുമുള്ള തമിഴർക്കിടയിലേക്കു വ്യാപിച്ചു. ലണ്ടനിൽ ഇന്റർനാഷണൽ സെക്രട്ടേറിയറ്റ് അടക്കം എൽടിടിഇക്ക് ആഗോള ശൃംഖലയുമായി. ജാഫ്നയുടെ വടക്കൻ മേഖലകൾ പൂർണമായും എൽടിടിഇ പിടിച്ചടക്കി. അവിടം കേന്ദ്രീകരിച്ച് എൽടിടിഇയുടെ സമാന്തര ഭരണകൂടവും നിലവിൽ വന്നു. പോലീസ് സ്റ്റേഷനും കോടതിയും റവന്യു ഓഫീസുകളും ബാങ്കുകളും മാധ്യമ സ്ഥാപനങ്ങളുമൊക്കെ എൽടിടിഇയുടെ രാജ്യത്ത് പ്രവർത്തിക്കാൻ തുടങ്ങി.

1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ചാവേര്‍ ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്.

1991 മെയ് 21 സമയം രാത്രി 10.20: പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച് രാജീവിനരികിലേക്കെത്തി. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടഞ്ഞു. രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തി. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.

1991 ഏപ്രിൽ 7ന് ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗത്തിൽ തീവ്രവാദികൾ രാജീവിനെ വധിക്കേണ്ട പദ്ധതിയുടെ ഒരു പരിശീലനം നടത്തിനോക്കിയിരുന്നു. ഇത് ചിത്രങ്ങളിലാക്കി ശേഖരിച്ചുവെക്കാനായി ഹരിബാബു എന്ന ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറേയും തീവ്രവാദികൾ വാടകക്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീപെരുംപുത്തൂറിൽ ഹരിബാബുവിന്റെ ക്യാമറയിൽ നിന്നും കിട്ടിയ ചിത്രങ്ങളാണ് കൊലപാതകികളെ തിരിച്ചറിയാൻ സഹായിച്ചത്. ഹരിബാബു ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നുവെങ്കിലും അയാളുടെ ക്യാമറക്കോ അതിനുള്ളിലെ ഫിലിമുകൾക്കോ യാതൊരു കേടും പറ്റിയിരുന്നില്ല.

രാജീവ് ഗാന്ധിവധത്തെ തുടര്‍ന്ന് എല്‍ടിടി ഇ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ഇന്ത്യയില്‍ തമ്പടിച്ചിരുന്ന എല്‍ടിടിഇ നേതാക്കളെല്ലാം ശ്രീലങ്കയിലെ വന്നി താവളത്തിലേക്ക് മടങ്ങി. രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കൻ വംശജരായ എൽ.ടി.ടി.ഇ. അംഗങ്ങളും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യൻ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിവധം എല്‍ടിടിഇക്ക് തമിഴ്നാട്ടില്‍ നിന്നുള്ള പിന്തുണ ഗണ്യമായി കുറയാനിടയാക്കി. 2006 വരെ എൽടിടിഇ രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006 ൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽടിടിഇയുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു.

1993 മേയ് 1-നു വടക്കന്‍ കൊളംബോയിൽ ഒരു മേയ്ദിന റാലിയില്‍ പങ്കെടുക്കവേ ഒരു എൽടിടിഇ ചാവേര്‍ നടത്തിയ ബോബ് സ്ഫോടനത്തിൽ ശ്രീലങ്കന്‍ പ്രസിഡെന്റ് രണസിംഗെ പ്രേമദാസ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. പുലികള്‍ വധിച്ച രണ്ടാമത്തെ രാഷ്ട്രത്തലവനായി പ്രേമദാസ.

യുദ്ധങ്ങളും രാഷ്ട്രീയക്കൊലപാതകങ്ങളും ചാവേര്‍ അക്രമണങ്ങളുമായി രക്തരൂക്ഷിതമായി 1990കള്‍ പിന്നിട്ടു. ശ്രീലങ്കന്‍ സൈന്യവുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലുകളില്‍ ഞെട്ടിക്കുന്ന ചില മുന്നേറ്റങ്ങളും എൽടിടിഇ നടത്തി. രണ്ട് ഈഴപ്പോരുകളിലായി ശ്രീലങ്കയുടെ തമിഴ് ഭൂവിഭാഗത്ത് എൽടിടിഇ നിര്‍ണായക സ്വാധീനമുറപ്പിച്ചു. 2000 ഏപ്രിലില്‍ എലിഫന്റ് പാസ് എൽടിടിഇ പിടിച്ചെടുത്തത് ലോകമെങ്ങുമുള്ള സാമ്പ്രദായിക സൈനിക സംവിധാനങ്ങളെ ഞെട്ടിച്ചു. സുസംഘടിതമായ കര, നാവിക, വ്യോമ സേനകളും എൽടിടിഇക്കു വികസിപ്പിക്കാനായി. എൽടിടിഇയുടെ വാനപ്പുലികള്‍ ലോകത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ട സ്റ്റേറ്റിതര വ്യോമസേനയാണ്.

ലെബനോൻ, സിറിയ, ലിബിയ എന്നിവിടങ്ങളിൽ പുലികൾക്ക് പരിശീലനം ലഭിച്ചിരുന്നു. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ സഹായവും പരിശീലനവും പുലികൾക്ക് സഹായകമായി. എൺപതുകളുടെ തുടക്കത്തിൽ റോയുടെ കീഴിൽ പുലികൾക്ക് ഇന്ത്യയുടെ അറിവോടെ ആയുധ പരിശീലനം നൽകിയെന്ന ആരോപണം ഉയർന്നിരുന്നു.

2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണം അന്തർദേശീയ രാഷ്ട്രീയത്തിൽ പല തിരുത്തലുകൾക്കും കാരണഭൂതമായി. ഈ സംഭവത്തോടെ ആഗോള ഭീകരവാദം (Global Terrorism) എന്ന പ്രതിഭാസം ലോകം നേരിടുന്ന മുഖ്യ വെല്ലുവിളിയായി തിരിച്ചറിപ്പെടുകയായിരുന്നു. രാജ്യാന്തര ഭീകര സംഘടനകളുടെ പട്ടികയിൽ എൽടിടിഇയും ഉൾപ്പെട്ടു. പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ എൽടിടിഇക്ക് നിരോധനം ഏർപ്പെടുത്തി. എൽടിടിഇയുടെ പ്രധാന വരുമാന സ്രോതസ്സുകൾ ഇതോടെ അടഞ്ഞു.

വിദേശ രാജ്യങ്ങളിൽ കുടിയേറിയ തമിഴ് വംശജർ എൽടിടിഇയ്ക്ക് സാമ്പത്തിക പിന്തുണ നൽകിയിരുന്നു. ലഹരി കടത്ത്, ആയുധക്കടത്ത്, അധോലോകവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ ക്വട്ടേഷൻ, ക്രെഡിറ്റ് കാർഡ് ക്ലോണിങ്, തമിഴ് സിനിമകളുടെ വ്യാജ സിഡി/ഡിവിഡി വിതരണം തുടങ്ങിയവ പുലികൾ ധനസമാഹരണ മാർഗങ്ങളാക്കി. തീവ്രവാദമുഖമില്ലാതെ വ്യവസായ ശൃംഖലകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയുടെ മറവിലും ധനസമാഹരണം നടത്തി. കോടികൾ സമാഹരിക്കുന്നതിനു മാത്രമല്ല, അതു കൈകാര്യം ചെയ്യുന്നതിലും കുറ്റമറ്റ സംവിധാനം എൽടിടിഇ സ്വീകരിച്ചിരുന്നു. കിളിനോച്ചിയിലെ ആസ്ഥാനത്തുനിന്നാണ് ഓരോ രാജ്യത്തിന്റെയും ബജറ്റ് വിഹിതം തീരുമാനിച്ചിരുന്നത്.

രാജ്യാന്തര രംഗത്ത് എൽടിടിഇ ഒറ്റപ്പെടുമ്പോൾ, ലോകരാജ്യങ്ങൾ സാങ്കേതിക സഹായങ്ങളും അത്യാധുനിക പടക്കോപ്പുകളും നൽകി ലങ്കൻ സൈന്യത്തെ ശക്തിപ്പെടുത്തി. തീവ്രവാദ ആക്രമണങ്ങളുമായി മുന്നോട്ടു പോയാൽ അന്തർദേശീയ സമൂഹത്താൽ ശിക്ഷിക്കപ്പെടും എന്ന് പുലികൾ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് 2002 ൽ നോർവെയുടെ മധ്യസ്ഥതയിൽ സമാധാനചർച്ചകൾ ആരംഭിക്കുന്നത്. പിന്നീട് വെടിനിർത്തലിന്റെയും സമാധാനകരാറിന്റെയും നാലു വർഷങ്ങൾ. സ്വതന്ത്ര തമിഴ് ഈഴത്തിനു പകരം തമിഴ് ഭൂരിപക്ഷ മേഖലകൾക്ക് സ്വയംഭരണം എന്ന ആവശ്യം എൽടിടിഇ മുന്നോട്ടുവച്ചു.

2004 ഡിസംബറിലെ സുനാമി എൽടിടിഇയുടെ പ്രഹരശേഷി ഗണ്യമായി കുറയാനിടയാക്കി. പട്രോളിങ് ബോട്ടുകൾ തകർന്നു. ആയുധപ്പുരകളിലും ബങ്കറുകളിലും വെള്ളം കയറി നശിച്ചു. പ്രഭാകരന്റെ ഭൂഗർഭ വസതിയിൽ വരെ വെള്ളം കയറി. 2005 ൽ എൽടിടിഇയുടെ കിഴക്കൻ മേഖല കമാൻഡർ കേണൽ കരുണ നേതൃത്വത്തോട് തെറ്റിപ്പിരിഞ്ഞ് സംഘടന വിട്ടു. ഏകദേശം 60,000 ആളുകൾ കരുണയ്ക്കൊപ്പം പോന്നു. കരുണയുടെ കൂറുമാറ്റം പുലികളുടെ സൈനിക തന്ത്രങ്ങൾ ചോർത്തുന്നതിൽ ലങ്കൻ സൈന്യത്തിനു തുണയായി. വടക്കൻ മേധാവിത്തത്തിലുള്ള നേതൃത്വം കിഴക്കൻ മേഖലയോടു വിവേചനം കാട്ടുകയാണെന്ന കരുണയുടെ ആരോപണം തമിഴന്റെ ഏകജിഹ്വ എന്ന എൽടിടിഇ വളരെക്കാലം കൊണ്ടുണ്ടാക്കിയെടുത്ത പ്രതിച്ഛായയിലും വിള്ളൽ വീഴ്ത്തി.
സമാധാന ചർച്ചകളിൽ എൽടിടിഇ സംഘത്തെ നയിച്ചിരുന്ന ആന്റൺ ബാലശിങ്കത്തിന്റെ വേർപാടും പുലികളെ തളർത്തി.

അതിനിടെ, ശ്രീലങ്കൻ രാഷ്ട്രീയത്തിലും പുതിയ അടിയൊഴുക്കുകൾ രൂപപ്പെട്ടു. പുലികളോടു മൃദുസമീപനമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന റനിൽ വിക്രമസിംഗെ യുടെ നേതൃത്വത്തിലുള്ള യുഎൻപി സർക്കാർ 2005 ഡിസംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തമിഴർക്ക് സ്വയംഭരണാവകാശം നൽകില്ലെന്നും പുലികളുമായുള്ള ഒത്തുതീർപ്പു വ്യവസ്ഥകൾ പുനപരിശോധിക്കുമെന്നും പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട മഹിന്ദ രജപക്ഷെയുടെ നേതൃത്വത്തിലുള്ള ഫ്രീഡം പാർട്ടി സർക്കാർ അധികാരത്തിലെത്തി. എൽടിടിഇയെ ഉൻമൂലനം ചെയ്യണമെന്ന അഭിപ്രായത്തിന് ഇതോടെ ലങ്കൻ ഭരണകൂടത്തിൽ മേൽക്കൈ കിട്ടി.

2006 ഏപ്രിൽ 26ന് ലങ്കൻ സൈനിക മേധാവി ശരത് ഫൊൻസേകയ്‌ക്കെതിരെ എൽടിടിഇയുടെ വിഫലമായ ചാവേർ ആക്രമണശ്രമം ഉണ്ടായി. 2006 ജൂലൈയിൽ മാവിലാറ് ഡാമിന്റെ നീർച്ചാലുകൾ പുലികൾ അടച്ചത് 15,000 ഓളം ശ്രീലങ്കൻ ഗ്രാമങ്ങളിലെ ജലവിതരണം തടസപ്പെടുത്തി. വെടിനിർത്തൽ കരാർ അട്ടിമറിക്കാൻ തക്കം പാർത്തിരുന്ന രജപക്ഷെ ഭരണകൂടത്തിന് ഇവ മതിയായ ന്യായീകരണങ്ങളായി. 2006 ആഗസ്റ്റിൽ പൂർണതോതിലുള്ള യുദ്ധം (നാലാം ഈഴപ്പോര് ) പൊട്ടിപ്പുറപെട്ടു.

തമിഴ് വംശജരെ മുഴുവൻ ശത്രുക്കളായി കണ്ട് മാറ്റി നിർത്താതെ പുലികളെ ഒറ്റപ്പെടുത്തി അവരോട് മാത്രമാണ് യുദ്ധമെന്ന് രാജ്യത്തെ ഓർമപ്പെടുത്താൻ രജപക്ഷെയ്ക്കായി. പുലികൾ ഭീകരവാദികളാണെന്നും അവരെ ഉൻമൂലനം ചെയ്യേണ്ടത് രാഷ്ട്രസുരക്ഷയ്ക്ക് അനിവാര്യമാണെന്നും ലോകരാജ്യങ്ങളെ ഒരു പരിധി വരെ ബോധ്യപ്പെടുത്താൻ രജപക്ഷെയ്ക്ക് കഴിഞ്ഞു. ചൈന അടക്കമുള്ള രാജ്യങ്ങൾ പുലികളുമായുള്ള അന്തിമയുദ്ധത്തിന് ഉറച്ച പിന്തുണ ലങ്കൻ ഭരണകൂടത്തിന് നൽകി. പ്രഹരശേഷിയിൽ കാര്യമായ ക്ഷീണം സംഭവിക്കുമ്പോൾ അനുനയം എന്ന വ്യാജേന വെടിനിർത്തൽ പ്രഖ്യാപിക്കുക എൽടിടിഇയുടെ പതിവു തന്ത്രമായിരുന്നു. എന്നാൽ ഒരു തരത്തിലുള്ള സന്ധിക്കും രജപക്ഷെ തയാറായിരുന്നില്ല. കീഴടങ്ങുക, അല്ലെങ്കിൽ കൊല്ലപ്പെടാൻ ഒരുങ്ങുങുക എന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം പുലികൾക്ക് നൽകിയത്. ഈ നിലപാട് താൽക്കാലിക ഒത്തുതീർപ്പുകൾ കാരണം ചിന്താക്കുഴപ്പത്തിലായിരുന്ന ലങ്കൻ സൈന്യത്തിന് ചെറുതല്ലാത്ത ആത്മവീര്യം പകർന്നു.

2006 ആഗസ്റ്റ് 15 ന് ശ്രീലങ്കൻ സൈന്യം മാവിലാറിന്റെ നിയന്ത്രണം പിടിച്ചെടുത്തു. സംപൂർ, ബട്ടിക്കലോവ, തൊപ്പിഗാല തുടങ്ങി പുലികളുടെ ശക്തികേന്ദ്രങ്ങൾ ഒന്നൊന്നായി വീഴുന്ന കാഴ്ചയാണു പിന്നീട് കാണുന്നത്. പലാലി സൈനിക കേന്ദ്രത്തിൽ നടത്തിയ ആക്രമണമൊഴിച്ചാൽ കാര്യമായ തിരിച്ചടികളൊന്നും എൽടിടിഇയുടെ ഭാഗത്തു നിന്നുണ്ടായില്ല. ചാവേർ ആക്രമണങ്ങളിൽ പലതും ലക്ഷ്യം തെറ്റി. 2009 ജനുവരി 2 ന് എൽടിടിഇയുടെ ഭരണസിരാകേന്ദ്രമായ കിളിനോച്ചി സൈന്യം പിടിച്ചെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. പുലികൾക്ക് കീഴടങ്ങാനുള്ള അന്ത്യശാസനവും നൽകി. പ്രഭാകരനും കൂട്ടരും മുല്ലൈത്തീവിലേക്ക് രക്ഷപ്പെട്ടു.

2009 മേയ് 20: “മരിച്ചു, സംശയം വേണ്ട” എന്ന തലക്കെട്ടോടെ ആ വാർത്ത ശ്രീലങ്കൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചു. പ്രഭാകരനെ വധിച്ചതായും തീരദേശ മേഖലയുടെ സമ്പൂർണ നിയന്ത്രണം സൈന്യം നേടിയെന്നുമുള്ള വെളിപ്പെടുത്തൽ. പ്രഭാകരന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ ശ്രീലങ്കൻ സൈന്യം പുറത്തുവിട്ടു. തന്റെ മുഖമുദ്രയായ കട്ടിമീശയോടെ, എൽടിടിഇ യൂണിഫോമിലാണു പ്രഭാകരന്റെ ശവശരീരം. മുഖത്തിനു കാര്യമായ പരുക്കേറ്റിട്ടില്ലെങ്കിലും തലയോട്ടിയുടെ വശങ്ങൾ വെടിയേറ്റു ചിന്നിച്ചിതറിയിട്ടുണ്ട്. കണ്ണുകൾ തുറന്ന നിലയിലാണ്. യൂണിഫോമിൽ പ്രഭാകരന്റെ എൽടിടിഇ ഐഡന്റിറ്റി കാർഡുമുണ്ട് – നമ്പർ 0 – 01.

മൂന്നു പതിറ്റാണ്ടോളം ശ്രീലങ്കൻ തമിഴരുടെ ഭാഗധേയം നിർണയിച്ചിരുന്ന വേലുപ്പിള്ള പ്രഭാകരൻ എന്ന മാസ്മരിക നേതൃത്വം തിരോഭവിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ഗറില്ലാപോരാട്ടസേനയാണ് ചരിത്രത്തിൽ നിന്നു ഇതോടെ തുടച്ചുമാറ്റപ്പെട്ടത്. രാഷ്ട്രീയ നേതാക്കളും സൈനിക മേധാവികളും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം മനുഷ്യ ജീവനുകളെടുത്ത, ലോകത്തു തന്നെ ഏറ്റവും ദൈർഘ്യമേറിയ ആഭ്യന്തര കലാപത്തിന്റെ പരിസമാപ്തി ഇവിടെ കുറിക്കപ്പെടുകയായിരുന്നു.

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post