പട്ടായയ്ക്കും ബാങ്കോക്കിനും അപ്പുറമുള്ള ‘തായ്‌ലാൻഡ് ചരിത്രം’ അറിയാമോ?

Total
8
Shares

കിങ്ങ്ഡം ഓഫ് തായ്‌ലാന്റ് ചുരുക്കത്തിൽ തായ്‌ലാന്റ് തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ്. കിഴക്ക് ലാവോസ്, കംബോഡിയ, തെക്ക് തായ്‌ലാന്റ് ഉൾക്കടൽ, മലേഷ്യ, പടിഞ്ഞാറ് ആൻഡമാൻ കടൽ, മ്യാന്മാർ എന്നിവയാണ് തായ്‌ലാന്റിന്റെ അതിരുകൾ. തായ്‌ലാന്റിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ബാങ്കോക്ക് ആണ്. ഈ രാജ്യം പണ്ട് സയാം എന്ന പേരിലും അറിയപ്പെട്ടിരുന്നു.

1939 ജൂൺ 24 വരെ ഈ രാജ്യത്തിന്റെ ഔദ്യോഗികനാമം സയാം എന്നായിരുന്നു. 1945 മുതൽ 1949 മെയ് 11 വരെയും ഈ രാജ്യം സയാം എന്ന് അറിയപ്പെട്ടു. 1949-ൽ രാജ്യത്തിന്റെ പേര് വീണ്ടും ഔദ്യോഗിക വിജ്ഞാപനത്തിലൂടെ തായ്‌ലാന്റ് എന്ന് മാറ്റി. തായ് എന്ന പദം സ്വാതന്ത്ര്യം എന്ന് അർത്ഥമുള്ള റ്റായ് എന്ന തായ് ഭാഷാപദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. രാജ്യത്തിലെ ഏറ്റവും വലിയ ആദിമ ജനവിഭാഗത്തിന്റെ പേരും തായ് എന്നാണ്.

ചരിത്രം : തായ്ലൻഡിന്റെ പ്രാക് ചരിത്രത്തെക്കുറിച്ച് പരിമിതമായ അറിവേ ലഭ്യമായിട്ടുള്ളൂ. ശിലായുഗം മുതൽതന്നെ തായ്ലൻഡിൽ മനുഷ്യാധിവാസം തുടങ്ങിയതായി അനുമാനമുണ്ട്. പുരാതന കാലം തൊട്ടേ തായ്ലാൻഡിൽ മനുഷ്യവാസമുണ്ടായിരുന്നു. ബി.സി. 3600 മുതലുള്ള ചരിത്രാവശിഷ്ടങ്ങൾ ബൻ ചിയാങ് പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. നെൽകൃഷിയും ചെമ്പ് ആയുധ നിർമ്മാണവും അക്കാലത്തു തന്നെ ഉണ്ടായിരുന്നു. സുമാത്ര ദ്വീപിൽ നിന്നും മലായ് ഉപ ദ്വീപിലേക്ക് വ്യാപിച്ച ശ്രീ വിജസാമ്രാജ്യവും കംബോഡിയയിലെ ഖമർ സാമ്രാജ്യവുമെല്ലാം തായ് പ്രദേശങ്ങളുടെ അധീനതയിലായിരുന്നു. ഹിന്ദുക്കളായ ഖമറുകളുടെ കീഴിലായിരുന്നു തായ് വംശജർ.തായ്ലൻഡിലെ വ. കിഴക്കൻ ഭാഗങ്ങളിൽ നടന്ന പുരാവസ്തുപഠനങ്ങളുടെ വെളിച്ചത്തിൽ കൃഷിയെക്കുറിച്ച് അറിവുള്ള ജനതയായിരുന്നു .

1939-ൽ തായ്ലൻഡ് എന്ന നാമം സ്വീകരിക്കുന്നതുവരെയും ഈ പ്രദേശം സയാം എന്ന പേരിലാണ് അറിയപ്പെട്ടത്. ചരിത്രാരംഭം മുതൽ നിരവധി ഗോത്ര വർഗക്കാരുടെ നിയന്ത്രണത്തിലായിരുന്നു സയാം. 3-ആം ശതകത്തിൽ സയാം ഫുനാൻ സാമ്രാജ്യത്തിന്റെ ഭാഗമായി. സാംസ്കാരികമായി ഇന്ത്യയോടു താദാത്മ്യമുണ്ടായിരുന്ന ഈ സാമ്രാജ്യത്തിന്റെ ആസ്ഥാനം കംബോഡിയയായിരുന്നു. ഫുനാൻ സാമ്രാജ്യം ശിഥിലമായതോടെ ദക്ഷിണ ചൈനയിൽ നിന്നെത്തിയ മോൺ ജനത സയാമിൽ നിരവധി രാജ്യങ്ങൾ സ്ഥാപിച്ചു. ദ്വാരാവതി, ഹരിപുഞ്ചായ എന്നിവയായിരുന്നു അവയിൽ പ്രമുഖം. ഇന്ത്യൻ രാഷ്ട്രീയ തത്ത്വങ്ങളിൽ അധിഷ്ഠിതമായ ഈ രാജ്യങ്ങളിലെ ജനത സാംസ്കാരികമായി ഹൈന്ദവ-ബൗദ്ധമതങ്ങളോടു കടപ്പെട്ടിരുന്നു. 10-ആം ശതകത്തിൽ ദ്വാരാവതിയും ചാവേഫ്രയാ താഴ്വരയും കംബോഡിയയിലെ ഖ്മർ സാമ്രാജ്യത്തിന്റെ അധീനതയിലായി.

11-ആം ശതകത്തിൽ ദക്ഷിണ ചൈനയിൽ നിന്നുള്ള തായ് ജനത തായ്ലൻഡിലേക്കു കുടിയേറ്റമാരംഭിച്ചു. ചാവേഫ്രയാ തടത്തിലെ ഫലഭൂയിഷ്ടമായ മണ്ണാണ് ഇവരെ തായ്ലൻഡിലേക്ക് ആകർഷിച്ചത്. ഖ്മറുകളുടെ മേൽക്കോയ്മ സ്വീകരിച്ച തായ് ഗോത്ര തലവന്മാർ നിരവധി സ്വരൂപങ്ങൾ ഇവിടെ സ്ഥാപിക്കുകയുണ്ടായി. ഖ്മർ-മോൺ ജനതയുമായുള്ള സഹവർത്തിത്വം മൂലം ഹൈന്ദവ ബൗദ്ധ സ്വാധീനം ഇവരിൽ രൂഢമൂലമായിത്തീർന്നു. തായ്ലൻഡിൽ നിലവിലുള്ള പല സ്ഥലനാമങ്ങളും സംസ്കൃത ഭാഷയോടു ബന്ധമുള്ളവയാണ്; ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാധീനതയാണ് ഇതിലൂടെ പ്രകടമാകുന്നത്. 13–ആം ശതകത്തിൽ ഖ്മറുകളുടെ അധികാരനിയന്ത്രണങ്ങൾ ദുർബലമായതോടെ തായ്ഗോത്രത്തലവന്മാർ, ഖ്മർ ഗവർണർമാരെ പുറത്താക്കിക്കൊണ്ട് ഇന്നത്തെ ബാങ്കോക്കിനു 322 കി.മീ. വടക്കായിട്ടുള്ള സുഖോതായ് കേന്ദ്രമാക്കി ഒരു തായ് രാജ്യത്തിന് അടിത്തറയിട്ടു.

രാമഖാംഹെങ്ങായിരുന്നു (1277-1317) സുഖോതായ് രാജ്യത്തെ ഏറ്റവും പ്രബലനായ രാജാവ്. തെക്ക് നകോൺ സിതമരാട്ട് വരെയുള്ള ഖ്മർ പ്രദേശങ്ങളെ പിടിച്ചെടുത്ത ഇദ്ദേഹത്തിന് ബർമ (മ്യാൻമർ), ലാവോസ് എന്നീ രാജ്യങ്ങൾ കപ്പം നല്കിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ദുർബലരായ പിൻഗാമികളുടെ കീഴിൽ ശിഥിലമായ സുഖോതായ് രാജ്യത്തിനു ദക്ഷിണ തായ്ലൻഡിൽ 1350-ൽ സ്ഥാപിതമായ ആയൂതിയ എന്ന പുതിയ തായ് രാജ്യത്തിന്റെ ഭീഷണി നേരിട്ടു. രാമാതിബോധി സ്ഥാപിച്ച ഈ രാജ്യത്തിന് വടക്കേ ഇന്ത്യയിലെ അയോദ്ധ്യയുടെ പേരാണ് നല്കപ്പെട്ടത്. 1360-ൽ ഥേരാവാദബുദ്ധമതത്തെ ആയൂതിയയുടെ ഔദ്യോഗിക മതമായി സ്വീകരിച്ച ഇദ്ദേഹം ഇന്ത്യൻ ധർമശാസ്ത്രത്തിന്റെ മാതൃകയിൽ ഒരു നിയമാവലിയും രൂപവത്കരിച്ചിരുന്നു. 19-ാം ശതകംവരെ ഈ നിയമാവലിയാണ് തായ്ലൻഡിൽ പ്രാബല്യത്തിലിരുന്നത്. തായ് രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ സമൂർത്ത സ്വാധീനമായി ഇന്നും ബുദ്ധമതം നിലനില്ക്കുന്നു. 1378-ൽ സുഖോതായ് രാജ്യത്തെ കീഴടക്കിയ ആയൂതിയ ക്രമേണ തെക്കു കിഴക്കൻ ഏഷ്യയിലെ പ്രബല ശക്തിയായി മാറി. 1431-ൽ അങ്കർ പിടിച്ചെടുത്ത ആയൂതിയ രാജാക്കന്മാർ കംബോഡിയയിലെ മിക്ക പ്രദേശങ്ങളേയും അധീനപ്പെടുത്തിയതോടെ ഖ്മർ സാമ്രാജ്യം ശിഥിലമായി.

17-ആം ശതകത്തിൽ വ്യാപാരാവശ്യങ്ങൾക്കായി വന്ന ഡച്ചുകാരായിരുന്നു സയാമിൽ എത്തിയ ആദ്യത്തെ യൂറോപ്യന്മാർ (1608). ഇവരെത്തുടർന്ന് ഫ്രാൻസ്-ഇംഗ്ളണ്ട് എന്നിവിടങ്ങളിൽ നിന്നും വ്യാപാരികൾ ഇവിടെ എത്തുകയുണ്ടായി. ആയൂതിയ രാജാവായ നാറയെ (ഭ.കാ. 1657-88) ക്രിസ്തുമതത്തിൽ ചേർക്കാൻ ഫ്രഞ്ചുകാർ ശ്രമിച്ചത് യാഥാസ്ഥിതിക ബുദ്ധമതക്കാരുടെ എതിർപ്പിനിടയാക്കിയതോടെ ഒട്ടുമിക്ക വിദേശികളും രാജ്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. 18-ാം ശ.-ത്തിൽ ബർമക്കാർ ആയൂതിയ രാജ്യത്തെ കീഴടക്കിയെങ്കിലും തക്സിൻ എന്ന തായ് സൈനികൻ ബർമീസ് ആധിപത്യത്തിൽ നിന്ന് ആയൂതിയയെ മോചിപ്പിച്ചു. ആയൂതിയയിലെ രാജാവായി സ്വയം പ്രഖ്യാപിച്ച ഇദ്ദേഹം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ സഹോദരനായ ഫ്രയ ചക്രി, രാമ – I എന്ന പേരിൽ രാജാവായി. തുടർന്നു വന്ന ചക്രി രാജാക്കന്മാരും രാമ എന്ന പേരിലാണ് അറിയപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിൻതലമുറക്കാരാണ് ഇന്നും തായ്ലൻഡ് ഭരിക്കുന്നത്.

ധിഷണാശാലികളായ ചക്രി രാജാക്കന്മാർ സ്വീകരിച്ച ഭരണപരിഷ്കാരങ്ങൾ, സാമ്രാജ്യ ശക്തികൾക്ക് അടിമപ്പെടാതെ സ്വതന്ത്രമായി നില്ക്കാൻ തക്കവണ്ണം തായ്ലൻഡിനെ ശക്തമാക്കി. രാമ-III ബ്രിട്ടൻ, യു.എസ്. എന്നീ രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ വഴി മികച്ച വാണിജ്യ-വ്യാപാര കേന്ദ്രമായി മാറിയ തായലൻഡ് സാമ്പത്തിക ഭദ്രത കൈവരിക്കുകയും ചെയ്തു. രാജ്യത്തെ ആധുനികവത്കരിക്കുവാനും ശക്തിപ്പെടുത്തുവാനും പര്യാപ്തമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകവഴി സ്വാതന്ത്യ്രം കാത്തുസൂക്ഷിക്കാൻ രാമ-കഢ, രാമ-ഢ എന്നിവർക്കു കഴിഞ്ഞു. പാശ്ചാത്യ രാഷ്ട്രീയതത്ത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പറ്റം പുരോഗമനവാദികൾ പരമാധികാര രാജഭരണത്തിനെതിരെ (Absolute Monarchy) നടത്തിയ രക്തരഹിതമായ വിപ്ളവത്തിന്റെ ഫലമായി 1932-ൽ ഭരണഘടനാനുസൃത രാജഭരണത്തെ അനുകൂലിക്കുവാൻ രാജാവായ പ്രജാധിപോക് നിർബന്ധിതനായി. പുതിയതായി രൂപവത്കരിക്കപ്പെട്ട ജനറൽ അസംബ്ളിയെ പിരിച്ചുവിടാൻ 1933-ൽ പ്രജാധിപോക് നടത്തിയ നീക്കത്തെ പട്ടാളം എതിർത്തതോടെ തായ് രാഷ്ട്രീയത്തിലെ നിർണായക ഘടകമായി പട്ടാളം മാറുകയായിരുന്നു. 1933-ൽ ഇദ്ദേഹം സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്ന് അനന്തരവനായ ആനന്ദ മഹിദോൾ അടുത്ത രാജാവായി.

രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ പക്ഷം ചേർന്ന തായ്ലൻഡ് യു.എസ്സിനെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും യുദ്ധാനന്തരം യു.എസ്സുമായി സഖ്യത്തിലായി. യു.എസ്സുമായി ഊഷ്മളമായ ബന്ധം ഇന്നും നിലനിർത്തിപ്പോകുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്ലൻഡ്.

1946-ൽ രാമ-VIII ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞതിനെ ത്തുടർന്ന് പട്ടാളം അധികാരം പിടിച്ചെടുത്തു. ഫീൽഡ് മാർഷൽ പിബുൺ സോൺഗ്രാമിന്റെ നേതൃത്വത്തിലുള്ള ഈ സൈനിക ഭരണകൂടം 1957-ൽ മറ്റൊരു സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെടുന്നതുവരെ നിലനിന്നു. ഫീൽഡ് മാർഷൽ സരിത് താനാരട്ട് (1957-63), ജനറൽ താനം കിട്ടികച്ചോൺ (1963-73) എന്നിവരുടെ സൈനിക ഭരണകൂടങ്ങളാണ് പിന്നീട് തായ്ലൻഡിൽ അധികാരത്തിലിരുന്നത്. 1973-ൽ കിട്ടികച്ചോണിന്റെ സൈനിക ഭരണകൂടത്തെ പുറത്താക്കിയ വിദ്യാർഥിപ്രക്ഷോഭത്തിനു ശേഷംവന്ന സിവിലിയൻ കൂട്ടുകക്ഷി സർക്കാരുകൾ ഫലപ്രദമല്ലാതെ വന്നപ്പോൾ പട്ടാളം വീണ്ടും അധികാരത്തിലേറി (1976). 1976-നു ശേഷം മാറിമാറി വന്ന ജനകീയ സൈനിക ഭരണകൂടങ്ങൾക്ക് ഒടുവിൽ 1992-ൽ ചുവാൻ ലിക്പെയുടെ നേതൃത്വത്തിലുള്ള ജനകീയ ഗവൺമെന്റ് അധികാരത്തിൽ വന്നു. അഴിമതി ആരോപണത്തിന്റെ പേരിൽ ലിക്പെ 1994-ൽ രാജിവച്ചെങ്കിലും 1997-ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷിമന്ത്രിസഭ വീണ്ടും അധികാരത്തിലേറി. 2001-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തക്സിൻ ഷിനാമാത്രയുടെ നേതൃത്വത്തിലുള്ള തായ് രാക് തായ് പാർട്ടിയാണ് വിജയിച്ചത്.

കാലാവസ്ഥ : വർഷകാലവും വേനൽക്കാലവും വ്യതിരിക്തമായി അനുഭവപ്പെടുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് തായ്ലൻഡിലേത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വർഷത്തിൽ മൂന്ന് വ്യത്യസ്ത ഋതുക്കൾ അനുഭവപ്പെടുക സാധരണമാണ്. വരണ്ട വേനൽക്കാലം മേയ് മാസത്തോടെ അവസാനിക്കുന്നു. ജൂൺ മുതൽ ഒക്ടോബർ വരെ ഈർപ്പമുള്ള വരണ്ട കാലാവസ്ഥയും, നവംബർ മുതൽ ഫെബ്രുവരി വരെ തണുത്തുവരണ്ട കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്. ഡിസംബറിൽ 25º-ഉം ഏപ്രിലിൽ 33º-ഉം ആണ് ശരാശരി താപനില. പർവതപ്രദേശങ്ങളിൽ എല്ലായ്പ്പോഴും താരതമ്യേന തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുക. മേയിൽ ആരംഭിച്ച് ഒക്ടോബറിൽ അവസാനിക്കുന്ന മൺസൂൺകാലത്ത് തായ്ലൻഡിലുടനീളം ശക്തിയായ മഴ ലഭിക്കുന്നു. ദക്ഷിണ ഉപദ്വീപിൽ വർഷത്തിൽ 250 സെ.മീറ്ററിൽ കൂടുതൽ മഴ ലഭിക്കാറുണ്ട്. ബാങ്കോക്കിലെ ശരാശരി വർഷപാതം 140 സെ.മീ. ആണ്.

ജനങ്ങളും ജീവിതരീതിയും : 1-ആം ശതകത്തിൽ ചൈനയിൽ നിന്നു തെക്കോട്ടു സഞ്ചരിച്ച് ചാവേഫ്രയാ-മീക്കോങ് നദീ തടങ്ങളിൽ ആവാസമുറപ്പിച്ച തായ് വംശജരാണ് തായ്ലൻഡിലെ ആദിമ നിവാസികൾ. തായ് വംശീയ വിഭാഗത്തിൽപ്പെടുന്ന ഇവർ തായ്ലൻഡ് ജനസംഖ്യയുടെ ഭൂരിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു. ഇൻഡോ-ചൈനീസ് ഭാഷാ കുടുംബത്തിൽപ്പെട്ട തായ് ആണ് ഇവരുടെ മുഖ്യ വ്യവഹാര ഭാഷ. ചൈനീസ് വംശജർക്കാണ് ജനസംഖ്യയിൽ രണ്ടാം സ്ഥാനം; മലയ്, ഖ്മർ എന്നീ വിഭാഗങ്ങൾക്ക് മൂന്നാം സ്ഥാനവും. ശേഷിക്കുന്നവരിൽ ചൈനീസ് ഗോത്ര വർഗങ്ങൾ, ലാവോ, ഗിരിവർഗക്കാർ, ഇന്ത്യൻ വംശജർ, വിയറ്റ്നാമീസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു.

ജനസംഖ്യയുടെ 80 ശതമാനം രാജ്യത്തെ പ്രധാന നെല്ല് ഉത്പാദന കേന്ദ്രമായ മധ്യസമതലത്തിലെ 44,600-ലേറെ ഗ്രാമങ്ങളിലും, 20 ശതമാനം നഗരങ്ങളിലും പട്ടണങ്ങളിലുമായും കേന്ദ്രീകരിച്ചിരിക്കുന്നു. പ്രധാന നഗരവും തലസ്ഥാനവുമായ ബാങ്കോക്കിലെ ജനസംഖ്യ 6 ലക്ഷത്തിലേറെയാണ്. താൺബുരി, ചിയാൻമൈ, നവോൺ രാച്ചസിമ എന്നിവയാണ് ജനസംഖ്യയിൽ മുന്നിൽ നില്ക്കുന്ന മറ്റ് നഗരങ്ങൾ. പൊയ്ക്കാലുകൾക്കു മേൽ തടികൊണ്ടു നിർമിച്ച വീടുകളിലാണ് ഗ്രാമീണരിൽ അധികവും താമസിക്കുന്നത്. വെള്ളപ്പൊക്കത്തിൽ നിന്നു സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി തറയിൽ നിന്ന് 2 മുതൽ 3 വരെ മീറ്റർ ഉയരത്തിലാണ് ഇത്തരം വീടുകൾ നിർമ്മിക്കുന്നത്. ബുദ്ധമതാരാധനാലയങ്ങൾ തായ്ലൻഡ് ഗ്രാമങ്ങളുടെ മുഖമുദ്രയാണ്. തായ് ജനതയുടെ ജീവിതരീതിയിലും ബുദ്ധമതത്തിന്റെ ശക്തമായ സ്വാധീനം കാണാം. ഗ്രാമീണരുടെ സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ് ബുദ്ധവിഹാരങ്ങൾ. ആചാരാനുഷ്ഠാനങ്ങൾക്കും ആഘോഷങ്ങൾക്കും വേണ്ടി ജനങ്ങൾ വിഹാരങ്ങളിൽ ഒത്തുചേരുന്നു. നഗരങ്ങളിലും പട്ടണങ്ങളിലും കോൺക്രീറ്റു കെട്ടിടങ്ങൾക്കാണ് മുൻതൂക്കം. ബാങ്കോക് പോലുള്ള വൻ നഗരങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ട വീടുകളിലെന്നപോലെ, അപ്പാർട്ടുമെന്റുകളിലും താമസിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾക്കു മുകളിൽ വാസഗേഹമൊരുക്കുന്നതും സാധാരണമാണ്. പരമ്പരാഗതവും ആധുനികവുമായ ജീവിതരീതികളുടെ സമ്മിശ്രഭാവങ്ങൾ പ്രതിഫലിക്കുന്ന തായ്ലൻഡിൽ ജനങ്ങൾ വസ്ത്രധാരണത്തിൽ യൂറോപ്യൻ രീതിയെയാണ് കൂടുതൽ പിൻതുടരുന്നതെങ്കിലും ആഘോഷവേളകളിലും മതസംബന്ധമായ ചടങ്ങുകളിലും തായ് സിൽക്കിൽ നെയ്ത പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുകയാണ് പതിവ്.

നെല്ലരിയാണ് തായ്ജനതയുടെ മുഖ്യാഹാരം. ചോറിനോടൊപ്പം കായ്കറികൾ, മത്സ്യം, മാംസം, മുട്ട തുടങ്ങിയവയും കഴിക്കുന്നു. പോഷകസമൃദ്ധവും രുചികരവുമായ തായ്ലൻഡ് വിഭവങ്ങൾക്ക് തായ്ലൻഡിനകത്തും പുറത്തും ധാരാളം ആവശ്യക്കാരുണ്ട്. ലോകത്തിൽ ഏറ്റവും അധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് തായ്‌ലന്റ്.

1960-കളിൽ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള യുവാക്കളുടെ വ്യാപകമായ കുടിയേറ്റം നഗരജനസംഖ്യ ഗണ്യമായി വർധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും തേടിയുള്ള ഈ കുടിയേറ്റം ബാങ്കോക് പോലുള്ള വൻ നഗരങ്ങളിൽ വിദ്യാസമ്പന്നരായ മധ്യ വർഗത്തിന്റെ ആധിക്യത്തിനു തന്നെ കാരണമായി.

ഇന്തോ-ചൈനീസ് ഭാഷാ കുടുംബത്തിൽപ്പെട്ട തായ് (Thai) ആണ് തായ്ലൻഡിന്റെ ഔദ്യോഗിക ഭാഷ. ജനങ്ങളുടെ മുഖ്യ വ്യവഹാരഭാഷയും തായ്തന്നെ. തായ് ഭാഷയ്ക്ക് നാല് പ്രധാന വകഭേദങ്ങൾ ഉണ്ടെങ്കിലും മധ്യതായ് വിഭാഗത്തെയാണ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്. വിദ്യാലയങ്ങളിൽ, പ്രത്യേകിച്ച് സ്കൂളുകളിൽ മാധ്യമമായി ഉപയോഗിക്കുന്നതും മധ്യതായ് തന്നെ. ജനങ്ങളിൽ അധികവും തങ്ങളുടെ പ്രാദേശിക, വംശിയ-ഗോത്ര ഭാഷകൾക്കു പുറമേയാണ് മധ്യതായ് ഉപയോഗിക്കുന്നത്. ഇംഗ്ളീഷ്, മലായ്, ചൈനീസ് എന്നീ ഭാഷകളും പ്രചാരത്തിലുണ്ട്. ഇംഗ്ളീഷ് മാധ്യമമായി സ്വീകരിച്ചിട്ടുള്ള സ്കൂളുകളും തായ്ലൻഡിൽ പ്രവർത്തിക്കുന്നുണ്ട്. വാണിജ്യ-ഭരണ നിർവഹണ ആവശ്യങ്ങൾക്കാണ് പ്രധാനമായും ഇംഗ്ളീഷ് ഉപയോഗിക്കുന്നത്.

ജനസംഖ്യയുടെ 95 ശതമാനവും ബുദ്ധമതവിശ്വാസികളാണ്. ഥേരവാദബുദ്ധിസത്തിനാണ് തായ്ലൻഡിൽ കൂടുതൽ പ്രചാരം. ഇവിടത്തെ പ്രത്യേക മതാചാര പ്രകാരം യുവാക്കളിൽ ഭൂരിഭാഗവും ഏതാനും മാസക്കാലം വിഹാരങ്ങളിൽ പീത വസ്ത്രമണിഞ്ഞ് ബുദ്ധഭിക്ഷുക്കളായി ധ്യാനത്തിന്റേയും പഠനത്തിന്റേയും പാത പിൻതുടരുക പതിവാണ്. തായ്ലൻഡിലെ ചൈനീസ് വംശജരിൽ അധികവും കൺഫ്യൂഷ്യനിസത്തിന്റെ പിൻതുടർച്ചക്കാരാണ്. ഇസ്ളാമാണ് മലായ് വംശജരുടെ മതം, ജനസംഖ്യയുടെ 5 ശതമാനം ഇസ്ളാം മതവിശ്വാസികളാണ്. 16-ആം ശതകത്തിൽ പോർച്ചുഗീസുകാർ തായ്ലൻഡിൽ ക്രിസ്തുമതം സന്നിവേശിപ്പിച്ചു; ജനസംഖ്യയിൽ ഒരു ശതമാനത്തോളം റോമൻ കത്തോലിക്കരാണ്.

ബൗദ്ധ സംസ്കാരത്തിന്റെ പാരമ്പര്യവും സ്വാധീനവും ആഴത്തിൽ പ്രതിഫലിക്കുന്നതാണ് തായ്ലൻഡിന്റെ കലയും സംസ്കാരവും. ജനങ്ങളുടെ നിത്യ ജീവിതത്തിൽ എന്ന പോലെ തായ്ലൻഡിലെ കലയിലും സാഹിത്യത്തിലും ബുദ്ധമതത്തിന്റെ നൈതികതയും ലാളിത്യവും ദർശിക്കാം. കലാരംഗത്തെയാണ് ബുദ്ധിസം വളരെയധികം സ്വാധീനിച്ചിട്ടുള്ളത്. ബൗദ്ധ കലാപാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ഇവിടത്തെ ബുദ്ധവിഹാരങ്ങൾ തായ് വാസ്തു ശില്പകലാ വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണങ്ങളായി പ്രശോഭിക്കുന്നു. തായ് ചിത്രകലയിലും ബൗദ്ധ പാരമ്പര്യം പ്രകടമാണ്. പരമ്പരാഗത മതസങ്കല്പങ്ങളും ആധുനിക രീതികളും സമന്വയിപ്പിച്ച ആധുനിക തായ് പെയിന്റിങ് ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സിൽക്ക് വസ്ത്രനിർമ്മാണ രംഗത്തും തായ് ജനത തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ബൗദ്ധ പാരമ്പര്യത്തേയും ചരിത്രത്തേയും സ്വാംശീകരിച്ചു കൊണ്ടാണ് തായ്ക്ളാസ്സിക്കൽസാഹിത്യം വികസിപ്പിച്ചത്. നാടകങ്ങളും ഇതിഹാസകാവ്യങ്ങളും ഉൾപ്പെടുന്ന തായ്ക്ളാസ്സിക്കൽ സാഹിത്യം കൊട്ടാരസാഹിത്യം എന്ന നിലയ്ക്കാണ് ആവിർഭവിച്ചത്. പാശ്ചാത്യ ശൈലി പിന്തുടരുന്ന ആധുനിക സാഹിത്യ പ്രസ്ഥാനം വിഖ്യാതരായ നിരവധി എഴുത്തുകാരെ സംഭാവന ചെയ്തിട്ടുണ്ട്.

തായ്ലൻഡിന്റെ സമ്പദ്ഘടനയിൽ അപ്രധാനമല്ലാത്ത സ്ഥാനമാണ് വിനോദ സഞ്ചാരത്തിനുള്ളത്. ഇവിടത്തെ ചേതോഹരങ്ങളായ ബുദ്ധവിഹാരങ്ങൾ, ചരിത്രസ്മാരകങ്ങൾ, കടലോരം, ജലപാതങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ തുടങ്ങിയവ കാണാൻ പ്രതിവർഷം ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്നു. യു.എസ്., മലേഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ തായ്ലൻഡ് സന്ദർശിക്കാൻ എത്തുന്നത്. തലസ്ഥാന നഗരമായ ബാങ്കോക് ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പട്ടായ ലോകശ്രദ്ധ നേടിയിട്ടുണ്ട്.

തായ്ലൻഡിന്റെ ഗതാഗത ശൃംഖല വികസിതമാണ്. രാജ്യത്തുടനീളം റോഡുകളും റെയിൽപാതകളും കാണാം. 3,755 കി.മീ. ദൈർഘ്യമുള്ള തായ് റെയിൽപാതയുടെ സേവനം ഗവൺമെന്റ് നേരിട്ട് കൈകാര്യം ചെയ്യുന്നു. ബാങ്കോക്കാണ് തായ് റെയിൽവേയുടെ ആസ്ഥാനം. ഗതാഗതയോഗ്യമായ നദികളും കനാലുകളും ഉൾനാടൻ ഗതാഗതത്തിൽ നിർണായക പങ്കുവഹിക്കുന്നു. തായ്ലൻഡിലെ ഏറ്റവും തിരക്കേറിയ തുറമുഖം കൂടിയാണ് ബാങ്കോക്. ദേശീയ- അന്തർദേശീയ സർവീസുകൾ നടത്തുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളവും ബാങ്കോക്കിൽ പ്രവർത്തിക്കുന്നുണ്ട്. ദേശീയ സർവീസുകൾ മാത്രം നടത്തുന്ന നിരവധി വിമാനത്താവളങ്ങളും തായ്ലൻഡിലുണ്ട്.

രണ്ട് ഇംഗ്ളീഷ് ദിനപത്രങ്ങളും 6 ചൈനീസ് പത്രങ്ങളും ഉൾപ്പെടെ 20-ൽ അധികം പത്രങ്ങളും തായ്, ഇംഗ്ളീഷ്, ചൈനീസ് ഭാഷകളിൽ മുദ്രണം ചെയ്യുന്ന നിരവധി ആഴ്ചപ്പതിപ്പുകളും ബാങ്കോക്കിൽ നിന്നു പ്രസിദ്ധീകരിക്കുന്നു. രാജ്യത്തെ മിക്ക നഗരങ്ങളേയും പട്ടണങ്ങളേയും ടെലിഫോൺ ശൃംഖല മുഖേന ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളിലും ടെലിഫോൺ സൌകര്യം ലഭ്യമല്ല.

രാജവാഴ്ച നിലനില്ക്കുന്ന ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് തായ്ലൻഡ്. രാഷ്ട്രത്തലവനായ രാജാവിന് പരിമിതമായ അധികാരമേ ഉള്ളൂ. നിയതാർഥത്തിൽ ഒരു ഉപദേശകന്റെ സ്ഥാനമാണ് രാജാവിന്റേത്. പ്രധാനമന്ത്രി ഗവൺമെന്റിനെ പ്രതിനിധാനം ചെയ്യുന്നു. നാഷണൽ അസംബ്ളിയാണ് രാജ്യത്തെ പരമോന്നത നിയമനിർമ്മാണസഭ. 360 അംഗ പ്രതിനിധിസഭയും 270 അംഗ സെനറ്റും ഉൾപ്പെടുന്ന നാഷണൽ അസംബ്ളിക്ക് രണ്ട് മണ്ഡലങ്ങളുണ്ട്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നാഷണൽ അസംബ്ളി അംഗങ്ങളുടെ കാലാവധി 4 വർഷമാണ്. സെനറ്റിലെ ഭൂരിപക്ഷം അംഗങ്ങളുടേയും നിയമനാധികാരം ഭരണത്തിലേറുന്ന കക്ഷിക്കാണ്. നാഷണൽ അസംബ്ളിയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത്. പ്രധാനമന്ത്രി 48 അംഗ ക്യാബിനറ്റിനെ നിശ്ചയിക്കുന്നു.

ഭരണ സൗകര്യാർഥം തായ്ലൻഡിനെ എഴുപത്തിയഞ്ച് പ്രവിശ്യകളായും പ്രവിശ്യകളെ 600-ൽ അധികം ജില്ലകളായും ജില്ലകളെ 6,600-ൽ അധികം പ്രാദേശിക ഭരണ നിർവഹണ യൂണിറ്റുകളായും 60,000-ൽ അധികം ഗ്രാമങ്ങളായും വിഭജിച്ചിരിക്കുന്നു. ഗവർണർമാരാണ് പ്രവിശ്യാതലവന്മാർ; ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഹെഡ്മാൻ ഗ്രാമത്തലവനും. പ്രായപൂർത്തി വോട്ടവകാശം നിലവിലുള്ള രാജ്യമാണ് തായ്ലൻഡ്. പലപ്പോഴും സൈനിക അട്ടിമറികളിലൂടെ ഗവൺമെന്റുകൾ അധികാരത്തിൽ വന്നിട്ടുണ്ട്.

ഒരു ചീഫ് ജസ്റ്റിസും 21 ജഡ്ജിമാരും ഉൾപ്പെടുന്ന സുപ്രീം കോടതിയാണ് തായ്ലൻഡിലെ പരമോന്നത കോടതി. നിരവധി കീഴ്കോടതികളും ഇവിടെ പ്രവർത്തിക്കുന്നു. ജുഡീഷ്യൽ കമ്മിഷനാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം. രാജാവ് നിർദ്ദേശിക്കുന്ന ജഡ്ജിമാരെ പ്രധാനമന്ത്രിയാണ് നിയമിക്കുന്നത്.

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post