200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശ്ശൂർ പൂരത്തിൻ്റെ ചരിത്രവും ആചാരങ്ങളും അറിയാം…

Total
146
Shares

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശൂർ പൂരം. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.

ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.

ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. 1796 ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (972 മേടം) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയുമാണ്.

തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തിൽ അവിടത്തെ ഒരു ഉപദേവതയായ ഭഗവതിയാണ് പൂരത്തിൽ പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.

പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണു് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്കു് അരങ്ങൊരുങ്ങുന്നത്‌. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നൈതിലക്കാട്ട് ഭഗവതി. ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.

പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു.

തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. പന്തലുകളൂം വെടിക്കെട്ടുകളും അവയിൽ പ്രധാനപ്പെട്ടതാണ് . പ്രദക്ഷിണ വഴിയിൽ പന്തലുയർത്താൻ ഇവർക്ക് മാത്രമെ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവർക്ക് തന്നെ. പഴയകാലങ്ങളിൽ ഈ രണ്ടുകൂട്ടർ തമ്മിൽ പലരീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ആനകളൂടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാം ക്രമീകരിച്ചിരിക്കുന്നു.

പ്രദക്ഷിണ വഴിയിൽ (തൃശൂർ റൌണ്ട്) പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലിൽ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കിൽ തിരുവമ്പാടിക്ക് നടുവിലാലും(പടിഞ്ഞാറ്) നായ്ക്കനാലിലും(വടക്ക്) പന്തലുകളുണ്ട്.

നടുവിലാലിലെ പന്തലിന് ആചാരപ്രകാരം ഏറെ പ്രധാന്യമുള്ളതാണ്. തിരുവമ്പാടി ഭഗവതി മഠത്തിൽ നിന്നെഴുന്നള്ളുമ്പോൾ ശ്രീ വടക്കുംനാഥൻറെ നടയ്ക്കൽ മുഖം കാട്ടുന്നത് നടുവിലാലിലെ പന്തലിൽ നിന്നു കൊണ്ടാണ്. ഈ മുഹൂർത്തത്തിൽ പഞ്ചവാദ്യം ‘ഇടത്തീർ’ കലാശം കൊട്ടും. പുലർച്ചെ പ്രധാന വെടികെട്ട് സമയത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിൻറെയും ഓരോ ആനകൾ തിടമ്പേറ്റി നിൽക്കുന്നത് നായ്ക്കനാൽ- മണികണ്ഠനാൽ പന്തലുകളിലാണ്.

പരസ്യവിപണി കടുത്ത മത്സര രംഗമായിട്ടും തൃശൂർ പൂരത്തിന്റെ പന്തലുകൾ പരസ്യക്കാർക്ക് ഇന്നും ബാലികേറാമലയാണ്. ബാനറുകളോ ഏതെങ്കിലും തരത്തിലുള്ള പരസ്യ ബോർഡുകളോ പന്തലിൽ അനുവദിക്കില്ല. ദേവസ്വത്തിന്റെ പേർ പോലും ഈ പന്തലുകൾക്കാവശ്യമില്ല. പന്തൽ ഏതു വിഭാഗത്തിന്റേതാണെന്ന് അറിയാത്തവരുമില്ല. അതുപോലെ പൂരം ദിവസങ്ങളിൽ തേക്കിൻകാട് മൈതാനിയിൽ ഈ രണ്ട് ദേവസ്വങ്ങൾക്കുമല്ലാതെ മറ്റാർക്കും വെടിക്കെട്ട് കത്തിക്കാൻ പറ്റില്ല.

തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിമരം പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ആശാരി ഭൂമിപൂജ നടത്തുന്നു. പൂജയ്ക്കുശേഷം കൊടിമരം തട്ടകത്തെ ജനങ്ങൾ ഏറ്റുവാങ്ങുന്നു. ഭഗവതിയുടെ കോമരം ചെമ്പട്ടുടുത്ത് ഈ അവസരത്തിൽ സന്നിഹിതനായിരിക്കും. കൊടിമരം പ്രതിഷ്ഠിക്കാനായി ഉയർത്തുമ്പോൾ ചുറ്റും കൂടിയിട്ടുള്ളവരിൽ സ്ത്രീകൾ കുരവയിടുന്നു. ചിലർ നാമം ജപിക്കുന്നു. ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു. ക്ഷേത്രം അടിയന്തരക്കാരായ വാദ്യക്കാർ ഈ സമയത്ത് മേളം തുടങ്ങുന്നു. തുടർന്ന് ഭഗവതിയുടെ തിടമ്പ് ചേർത്തു കെട്ടിയിട്ടുള്ള കോലം ആനപ്പുറത്തു കയറ്റുന്നു. കോലം വച്ച ആനയും മേളവുമായി ആളുകൾ മൂന്നുതവണ ക്ഷേത്രം വലംവയ്ക്കുന്നു. പാറമേക്കാവ് ക്ഷേത്രത്തിൽ ദീപസ്തംഭത്തിന്റെ അരികിലാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. പകൽ പതിനൊന്നുമണിക്കു ശേഷമാണ് കൊടിയേറ്റം നടക്കുന്നത്. തൃശൂർ പൂരത്തിൻറെ തലേ ദിവസം പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങൾ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനു വെയ്ക്കുന്നു.

കണിമംഗലം ശാസ്താവിൻറെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥൻ കണികണ്ടുണരുന്നത്. കണിമംഗലം ക്ഷേത്രത്തിൽ ദേവഗുരുവായ ബൃഹസ്പതിയാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. ശ്രീ വടക്കുംനാഥൻറെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കന്നു. വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം ആണീത്. ദേവഗുരുവായതുകൊണ്ടാണിത്. ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതിൽ തലേന്നു തുറന്നിടുന്നു. വർഷം മുഴുവൻ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്. പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്. ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്രിപുടയാവും. ത്രിപുടയോടെ ചുറ്റമ്പലത്തിൽ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച് തെക്കേഗോപുരത്തിലെത്തുമ്പോൾ ത്രിപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴൽ‌പറ്റ് ആവും. പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും. പൂര ദിവസം അവസാനം എത്തുന്ന ഘടകപൂരം ഇതാണ്.

പൂരത്തിൻറെ അവിഭാജ്യ ഘടകങ്ങളാണ് ചെറു പൂരങ്ങൾ. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും. ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ്‌ ഭഗവതി ക്ഷേത്രം , കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരണ് പൂരത്തിൽ പങ്കെടുക്കുന്നവർ. മൂന്നിൽ കൂടാതെ ആനകൾ ഓരോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതിനുശേഷമാണ്‌ തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവ്.

Photo – Arjun Unnikrishnan.

കണിമംഗലം ശാസ്താവ് : വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുയും ഏതാണ്ട് ഏഴരക്ക് ശ്രീമൂലസ്ഥാനത്ത് എത്തുകയും പൂരം അവസാനിപ്പിക്കുകയും ചെയ്യുന്നു.

പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം : തൃശ്ശൂർ പൂരത്തിന് കാലത്ത് 7 ന് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും. രാത്രിയിൽ സൂര്യഗ്രാമം വഴിയാണ് എഴുന്നെള്ളിപ്പ്.

ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി : പൂരം ദിവസം കാലത്ത് ഏഴുമണിക്ക് ദേവി വടക്കുംനാഥനിലേക്ക് പുറപ്പെടും.വെയിൽ മൂത്താൽ ദേവിക്ക് തലവേദന വരും എന്നതുകൊണ്ടാണ് നേരത്തെ എഴുന്നെള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൌൺഹാൾ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വാടക്കുംനാഥന്റെ കിഴക്കേ ഗൊപുരം വഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടക്കും. വൈകീട്ടും ഇതെപോലെ തന്നെ ദേവി വടക്കുംനാഥനിലെത്തി പോരും.പൂരത്തിന് പാഞ്ചാരിയോടുകുടിയ എഴുന്നെള്ളിപ്പ് ഈ ഘടകപൂരത്തിന്റെ മാത്രം പ്രത്യേകതയാണ്.

പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി : പൂരദിവസം കാലത്ത് 5.00 മണിക്ക് നാദസരവും നടപാണ്ടിയുമായി കുളശ്ശേരി അമ്പലത്തിലെത്തും. മൂന്നു ആനകളും 60 കലാകാരന്മാരടങ്ങുന്ന നാദസരവുമായി 8.00 മണിക്ക് മണികണ്ഠനാൽ പന്തലിലെത്തും. 9 ആനകളും 100ൽ പരം കലാകാരന്മാരുമായി പാണ്ടിമേളം തുടങ്ങും അത് 9.30ന് ശ്രീമൂല സ്ഥാനത്ത് ആവസാനിക്കും. ദേവി പടിഞ്ഞാറെ ഗോപുരം വഴി അകത്തു കടന്ന് വടക്കുംനാഥനെ വണങ്ങി, തെക്കെഗോപുരം വഴി പുറത്ത് കടക്കും. ദേവി, ശക്തൻ തമ്പുരാൻ പ്രതിമയെ ചുറ്റി കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങും.

ലാലൂർ കാർത്ത്യാനി ഭഗവതി : കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത്മാണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥറ്നിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.

ചൂരക്കോട്ടുകാവ് ഭഗവതി : തൃശൂർ പൂരത്തിന് 14 ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്. കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും. പൂങ്കുന്നം, കോട്ടപ്പുരം വഴി നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. അപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടി ഇവിടെ നടക്കും. പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ പാറമേക്കാവിലെത്തും. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു. രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും. വൈകീട്ട് ഏഴുമണിക്ക് കാലത്തെ പോലെ ആവർത്തിക്കുകയും 10 മണിക്ക് ശ്രീമൂലസ്ഥാനത്ത് മേളം അവസാനിപ്പിക്കുകയും 11 മണിക്ക് ദേവി മടങ്ങുകയും ചെയ്യും.

അയ്യന്തോൾ കാർത്ത്യായനി ഭഗവതി : പൂരദിവസം പുലർച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച പറകളും ഏറ്റു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ ഏഴാകുന്നു. 11മണിയോടെ നടുവിലാലിൽ നിന്നും പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, അയ്യന്തോളേക്ക് തിരിച്ച്, 1.30ഓടെ അമ്പലത്തിലെത്തും. രാത്രി എട്ടിനു് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തുമ്പോൾ കാലത്ത് ഏഴുമണി കഴിയും.

Photo – Gokuldas.

കുറ്റൂർ നെയ്തലക്കാവിലമ്മ : പൂരത്തിന്റെ ദിവസം കാലത്ത് 8.30 ന് നാദസ്വരത്ത്തിന്റെ അകമ്പടിയോടെ ആനപ്പുറത്ത് നടുവിലാലിലെത്തുന്ന അമ്മ, 11.30 പതിനൊന്ന് ആനകളുടെ അകമ്പടിയോടെ മേളത്തോടുകൂടി വാടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരം വഴികടന്നു് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തിൽ ഇറങ്ങും. രാത്രി 11.30 നടുവിലാലിലെത്തി 11 ആനകളുടെ അകമ്പടിയോടെ വ്വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു് നിലപാടുതരയിൽ വണങ്ങി നെയ്തലക്കാവിലേക്ക് തിരിക്കും.

മഠത്തിൽ വരവ് : മഠത്തിൽ വരവിനെക്കുറിച്ച്‌ രസകരമായൊരു ഐതിഹ്യമുണ്ട്. തൃശ്ശൂർ നടുവിൽ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു (വിദ്യാർത്ഥികൾ കുറവെങ്കിലും ഇപ്പോഴും അങ്ങനെ തന്നെ). ഈ മഠത്തിന്‌ രക്ഷാധികാരിയായിരുന്നത്‌ നടുവിൽ മഠം സ്വാമിയാർ ആണ്‌. ഈ മഠത്തിൻറെ കൈവശം സ്വർണ്ണത്തിൽ പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാൽ തിരുവമ്പാടി വിഭാഗത്തിന്‌ ഈ നെറ്റിപട്ടങ്ങൾ കിട്ടിയാൽ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാർ സ്വാമിയാരെ സമീപിച്ചപ്പോൾ, ആനകളെ മഠത്തിലേക്ക്‌ കൊണ്ടുവരികയാണെങ്കിൽ നെറ്റിപട്ടം അവിടെ വെച്ച്‌ അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടർന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ മഠത്തിലേക്ക്‌ വരാനും അവിടെ വെച്ച്‌ നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വർണം പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ്‌ തുടർന്നു വരുന്നു. നടുവിൽ മഠത്തിൽ ദേവ ചൈതന്യം ഉള്ളതു കൊണ്ട്‌ അവിടെ വെച്ച്‌ ഒരു ‘ഇറക്കി പൂജയും’ നടത്തുന്നു. രാവിലെ എട്ടു മണിക്കാണ്‌ മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. ‘ഇറക്കി പൂജ’ കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങൾ സ്വീകരണം) പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പൊൾ എണ്ണം 15 ആകുന്നു.

മഠത്തിൽ വരവ് അതിൻറെ പഞ്ചവാദ്യമേളത്തിലാണ്‌ പ്രസിദ്ധിയാർജ്ജിച്ചത്. ഇതിൽ നിരവധി പഞ്ചവാദ്യ വിദഗ്ദ്ധന്മാർ പങ്കെടുക്കുന്നു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഉണ്ടാകണം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ്‌ കണക്ക്. ഇത് തെറ്റുവാൻ പാടില്ല. മഠത്തിൽ വരവ് പഞ്ചവാദ്യം ലോക പ്രസിദ്ധമാണ്. ഈ പഞ്ചവാദ്യം നായ്ക്കനാലിൽ മധ്യകാലവും തീരുകാലശം കൊട്ടുന്നു. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു. ഇവിടെ നിന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.

പാറമേക്കാവിൻറെ പുറപ്പാട് : ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിൻറെ പൂരം തുടങ്ങുന്നത്. പൂരത്തിൽ പങ്കുചേരുവാനായി പതിനഞ്ച്‌ ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച് അതിനു ശേഷം പാണ്ടിമേളം തുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത്‌ വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തുന്നു.

ഇലഞ്ഞിത്തറ മേളം : വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ എഴുന്നള്ളത്ത്‌ അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ്‌ പങ്കെടുക്കാറ്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഈ മേളച്ചാർത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്.

Photo – Vishnu K.

വാദ്യക്കാരുടെ എണ്ണം മഠത്തിൽ വരവിലേത് പോലെതന്നെ നിരവധിയാണ്‌. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്. ഈ കണക്കിൽ മാത്രം 222 പേർ വരും എന്നാലും എല്ലാ വർഷവും ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്. മിക്കവർക്കും ഇതൊരു വഴിപാടാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടുന്നത്‌ തൃശൂർ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌. മേളത്തിൻറെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ്‌ ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടാറുള്ളത്‌.

പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്‌. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ്‌ മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്‌. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ്‌ വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.

തെക്കോട്ടിറക്കം : ഇലഞ്ഞിത്തറമേളത്തിന്‌ ശേഷമാണ്‌ തെക്കോട്ടിറക്കം. പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട്‌ മൈതാനത്തേക്ക്‌ പ്രവേശിക്കുന്ന ചടങ്ങാണിത്‌. പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി കോർപ്പറേഷൻ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നിൾക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.

Photo – Prasanth Kumar KP.

കൂടിക്കാഴ്ച – കുടമാറ്റം : ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. ഓരോ കുട ഉഅയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉഅയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും. എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകൾ ഉള്ള കുടകൾ അടുത്തകാലത്ത് അവതരിപ്പിച്ചതിൽ വ്യത്യസ്തതയുള്ള ഒന്നാണ്‌.

മുപ്പതാനകളുടെ (രണ്ടു ഭാഗത്തേയുംകൂടി) മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ പകലിന്‌ സുവർണപ്രഭ സമ്മാനിക്കും. മേളത്തിൻറെ അകമ്പടിയോടെ പിന്നീട്‌ വർണങ്ങൾ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങൾക്കും ആലവട്ടങ്ങൾക്കും മേലേ വർണക്കുടകൾ ഉൽസവം തീർക്കുകയായി.അലുക്കുകൾ തൂക്കിയത്‌, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു് പ്രദർശിപ്പിക്കും. ഇത് മത്സരബുദ്ധിയോടെയാണ്‌ ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്.കാണികൾ ആർപ്പുവിളിച്ചും ഉയർന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും. ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകൽപൂരം അവസാനിക്കുന്നു. എന്നാൽ രാത്രിയും ചെറിയ പൂരങ്ങൾ ആവർത്തിക്കും. പിന്നീട് പുലർച്ചയാണ് വെടിക്കെട്ട്.

വെടിക്കെട്ട് : പിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ്‌ പൂരത്തിൻറെ മറ്റൊരു ആകർഷണം. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ ദൃശ്യത്തിനാണു് ശബ്ദത്തേക്കാൾ കൂടുതൽ പ്രാധാന്യം.

പകൽ പൂരം : പൂരപിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂർക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.

Photo – Jithin Vijay.

പൂരക്കഞ്ഞി : പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും പപ്പടവും മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും.

ആനച്ചമയം : ആനച്ചമയം മറ്റൊരാകർഷണമാണ്‌. ആനയുടെ മസ്തകത്തിൽ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദർശനത്തിന്‌ വയ്ക്കുന്നു, കൂടെ വർണ്ണക്കുടകളും. പൂരത്തലേന്നാൾ രാവിലെ ആരംഭിക്കുന്ന പ്രദർശനം രാത്രി വൈകുവോളം നീളുന്നു.

തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വർഷങ്ങളായി തൃശ്ശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂർ പൂരം എക്‌സിബിഷൻ നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേർ ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്.

വാൽക്കഷ്ണം : പൂരം ഒരു ആനപ്പുറത്ത് ചടങ്ങുമാത്രമായി നടത്തിയ സന്ദർഭങ്ങളുമുണ്ട്. 1930ൽ കനത്ത മഴയെ തുടർന്ന് മുഴുവൻ ആനകളേയും എഴുന്നെള്ളിച്ചില്ല. 1948ൽ മഹാത്മാഗാന്ധിയുടെ മരണത്തെ തുടർന്ന് ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി. 1962ൽ ഇന്ത്യ- ചൈന യുദ്ധ സമയത്തും ചടങ്ങായി മാത്രം പൂരം നടത്തി. 1964 ൽ എക്സിബിഷൻ കമ്മിറ്റിയുമായുണ്ടായ തർക്കത്തെ തുടർന്ന് പൂരം നടന്നില്ല.

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

Youtube ൽ നിന്നും എങ്ങനെ Copyright ഇല്ലാത്ത മ്യൂസിക് ലഭിക്കും?

ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മിക്കയാളുകളും…
View Post