യുദ്ധങ്ങളെക്കുറിച്ച് നാം കൂടുതലായി കേട്ടറിഞ്ഞതൊക്കെ സ്‌കൂൾ കാലഘട്ടത്തിലെ ഹിസ്റ്ററി പാഠങ്ങളിൽ നിന്നുമായിരിക്കും. അവിടെ നിന്നുമാണ് നമ്മൾ ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം എന്നിവയൊക്കെ കേട്ടറിഞ്ഞത്. പണ്ടു പഠിച്ചതാണെങ്കിലും ചിലരൊക്കെ അതിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മറന്നു തുടങ്ങിയിട്ടുണ്ടാകും. ശരിക്കും എന്തായിരുന്നു ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും? ഇതാ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആ ചരിത്രം…
ഒന്നാം ലോകമഹായുദ്ധം : യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങളുടെ സാങ്കേതികവും വ്യാവസായികവുമായ വളർച്ചയും രാഷ്ട്രിയ ഇടപെടലുകളും യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ലോകം കണ്ട ഏറ്റവും ക്രുരമായ യുദ്ധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ യുദ്ധം പങ്കെടുത്ത രാജ്യങ്ങളിൽ വിപ്ലവങ്ങൾ ഉൾപ്പെടെ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിവച്ചു. ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി സ്ഥാനം പിടിച്ചു. ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്.
മൂന്നാം മുന്നണിയിൽ ഉൾപെട്ടിരുന്ന ഇറ്റലി കേന്ദ്രിയ ശക്തികളോടു ചേരാതെ സംഖ്യ കക്ഷികളോടു ചേർന്നു. പിന്നിട് സംഖ്യ കക്ഷികൾ പുനക്രമീകരിക്കപ്പെടുകയും യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച് കുടുതൽ രാജ്യങ്ങൾ അംഗങ്ങളാവുകയും ചെയ്തു. ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സംഖ്യകക്ഷികളോടും ഓട്ടോമൻ ചക്രവർത്തിയും ബൽഗരിയയും കേന്ദ്രിയ ശക്തികളോടും ചേർന്നു. 60 ദശലക്ഷം യൂറോപ്യന്മാർ ഉൾപ്പെടെ 70 ദശലക്ഷം സൈനിക ഉദ്യോഗസ്ഥരാണ്,, ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായ ഇതിൽ ഒന്നിച്ചു ചേർക്കപ്പെട്ടത്.
കാരണങ്ങൾ : ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങൾ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്.
ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു. ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.
നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.
രണ്ടാം ലോകമഹായുദ്ധം: രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു.
1914 മുതൽ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിനൊടുവിൽ വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി ജർമ്മനി സഖ്യകക്ഷികളുടെ മുൻപിൽ കീഴടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട് ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ദശലക്ഷക്കണക്കിനാളുകൾക്ക് ജീവഹാനിയും, ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകർന്നു. എന്നാൽ 14 വർഷത്തിന് ശേഷം 1933 ജനുവരിയിൽ അഡോൾഫ് ഹിറ്റ്ലറുടെ നാസി പാർട്ടി അധികാരത്തിൽ വന്നതോടെ, വെറും ആറു വർഷത്തിനുള്ളിൽ ജർമ്മനി സാമ്പത്തികവും സൈനികവുമായി വൻശക്തിയായി മാറി. ഫ്യൂറർ (നേതാവ്) എന്നത് ഹിറ്റലറുടെ ജനപ്രിയ പേരായി മാറി. 20 വർഷം മുൻപ് വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനും, ലോകത്തിൽ ശുദ്ധരക്തത്തിന് ഏക ഉടമകളെന്ന് ഹിറ്റ്ലർ അവകാശപ്പെട്ടിരുന്ന ആര്യന്മാരുടെ സമ്പൂർണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു.
1933 ഒക്ടൊബറിൽ ജർമനി ലീഗ് ഓഫ് നേഷൻസിൽ നിന്നു പിന്മാറി. 1934 ൽ വെഴ്‍സായ് ഉടമ്പടിയെ കാറ്റിൽ പറത്തിക്കൊണ്ടു ജർമനി, വായുസേന രൂപവത്കരിച്ചു. ഒപ്പം തന്നെ കര, നാവികസേനകളേയും വിപുലീകരിച്ചു. ഇതിനിടയിൽ 1935 ഒക്ടൊബറിൽ മധ്യധരണ്യാഴിയിൽ ആധിപത്യം ലക്ഷ്യമാക്കി, ഇറ്റലി അബിസ്സീനിയയെ ആക്രമിച്ച് കീഴ്പ്പെടുത്തി. 1937 ജനുവരിയിൽ ഹിറ്റ്ലർ വെർസായ് ഉടമ്പടിയെ അസാധുവയി പ്രഖ്യപിച്ചു. ഇതേ കൊല്ലം സെപ്റ്റംബറിൽ ജപ്പാൻ ചൈനയെ ആക്രമിച്ച് ഏഷ്യയിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ജർമൻ ഭാഷ സംസാരിക്കുന്ന ഭൂപ്രദേശങ്ങളെ ഏകീകരിച്ചു റൈൻലാൻഡ് വിപുലീകരിക്കുക എന്ന ലക്ഷ്യത്തിൽ 1938-ൽ ജർമനി ഓസ്ട്രിയയെ കീഴ്പ്പെടുത്തി. തുടർന്ന് ചെക്കൊസ്ലൊവക്യയിലെ ജർമൻ ഭൂരിപക്ഷപ്രദേശമായ സുറ്റെൻലാൻഡ് എന്ന പ്രവിശ്യയിൽ ജർമനി അവകാശം ഉന്നയിച്ചു. വെഴ്സൈൽസ് ഉടമ്പടി പ്രകാരം ചെക്കൊസ്ലൊവക്യയുടെ നിയന്ത്രണം ഫ്രാൻസ്, ബ്രിട്ടൺ, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൈവശമായിരുന്നു. യുറോപ്പിൽ ഒരു യുദ്ധം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തിൽ ഈ മൂന്നു രാജ്യങ്ങൾ ചേർന്ന് 1938-ൽ ജർമനിയുമായി നടത്തിയ മ്യൂനിച്ച് ഉടമ്പടി പ്രകാരം സുറ്റെൻലാൻഡ് ജർമനിയ്ക്കു കൈമാറി. തുടർന്ന് 1939 ജനുവരി മുതൽ ഏപ്രിൽ വരെ യഥാക്രമം ജർമനി ബൊഹീമിയയെയും, ഇറ്റലി അൽബേനിയയെയും, ജപ്പാൻ ഹൈനൻ ദ്വീപുകളേയും ആക്രമിച്ചു കീഴ്പ്പെടുത്തി.
1939 സെപ്റ്റംബർ 1-ന്, ജർമനി പോളണ്ടിനെ ആക്രമിക്കുന്നതോടു കൂടി രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭമായി. ഈ മിന്നലാക്രമണത്തിനു ജർമനി നൽകിയ പേരു ‘ഓപ്പറേഷൻ വെയിസ്സ്’ എന്നായിരുന്നു. ഇതേ തുടർന്നു സെപ്റ്റംബർ 3-ന് ബ്രിട്ടൺ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളും സെപ്റ്റംബർ 6 ന് ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളും ജർമനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പടിഞ്ഞാറു ഭാഗത്തു നിന്നും നാസി ജർമനി പൊളണ്ടിനെ ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ കിഴക്കു നിന്നും സോവിയറ്റ് യൂണിയനും പോളണ്ടിനെ ആക്രമിക്കുകയായിരുന്നു. ഒടുവിൽ സെപ്റ്റംബർ 27-നു പോളണ്ട് കീഴടങ്ങുകയും ഭൂപ്രദേശം ജർമനിയും സോവിയറ്റ് യൂണിയനും പങ്കിട്ടെടുക്കുകയും ചെയ്തു. 1940 ഏപ്രിൽ 9 നു നാസി ജർമനി ഓപ്പറേഷൻ വെസെൻബർഗ് എന്ന സൈനിക നടപടിയിലൂടെ ഡെന്മാർക്ക്, നോർവേ എന്നീ രാജ്യങ്ങളേയും മേയ് 10-ന് ഓപ്പറേഷൻ ഗെൽബ് എന്ന നടപടിയിലൂടെ ഹോളണ്ട്, ബെൽജിയം, ലക്സംബർഗ്ഗ് എന്നീ രാജ്യങ്ങളേയും ആക്രമിച്ചു കീഴ്പ്പെടുത്തി. തുടർന്ന് ഫ്രാൻസിനെ ആക്രമിക്കാൻ തുടങ്ങി. 1940 ജൂൺ 25-ന് ഫ്രാൻസ്, ജർമനിയുടെ മുൻപിൽ നിരുപാധികം കീഴടങ്ങി. ഫ്രാൻസ് അധിനിവേശത്തിനു ജർമനി നൽകിയ പേര് ഓപ്പറേഷൻ റെഡ് എന്നായിരുന്നു.
1940 സെപ്റ്റംബർ 27-ന് ബെർലിനിൽ ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങൾ ത്രിശക്തി ഉടമ്പടിയിൽ ഒപ്പു വച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ രൂപവത്കരണം ആയിരുന്നു അന്നു നടന്നത്. ത്രിശക്തി ഉടമ്പടിയിൽ പിന്നീടു 1940 നവംബർ 20 നു ഹംഗറിയും നവംബർ 23നു റൊമേനിയയും 1941 മാർച്ച് 1-ന് ബൾഗേറിയയും ഒപ്പ് വച്ചു. 1940 സെപ്റ്റംബർ 7-നു ജർമനി ഇംഗ്ലണ്ട് ആക്രമിച്ചു . ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചതോടെ ജപ്പാൻ നിരുപാധികം കീഴടങ്ങുകയായിരുന്നു.
കടപ്പാട് – വിക്കിപീഡിയ, ചിത്രങ്ങൾ-ഗൂഗിൾ.