ഇന്ന് നമുക്ക് ഒരാളെ പരിചയപ്പെടാം. അങ്കമാലി സ്വദേശിയായ ജെഫിൻ ഇട്ടിച്ചൻ. ദിവസങ്ങൾക്ക് മുൻപ് നമ്മുടെ ഒരു പോസ്റ്റിനു താഴെ ഇട്ട കമന്റ് കണ്ടാണ് ജെഫിനെ പരിചയപ്പെടുന്നത്. ജന്മനാ നടക്കാൻ ശേഷിയില്ലാത്ത ജെഫിൻ പത്താം ക്‌ളാസ്സ്‌ വരെ പഠിച്ചിട്ടുണ്ട്. അതിനു ശേഷം എന്തെങ്കിലും സ്വയം തൊഴിൽ കണ്ടെത്തണം എന്ന ഉറച്ച ഉദ്ദേശ്യത്തോടു കൂടി കുടനിർമ്മാണം പഠിക്കാൻ പോകുകയായിരുന്നു ജെഫിൻ.

വീട്ടിലെ കഷ്ടപ്പാടുകൾ മൂലം കഴിഞ്ഞ ഏഴു വർഷത്തോളമായി കുട നിർമ്മാണം, ലോട്ടറിക്കച്ചവടം, മൊബൈൽ പൗച്ച് വിൽപ്പന തുടങ്ങി ജെഫിൻ തന്നാൽ കഴിയുന്ന എല്ലാ ജോലികളും ചെയ്യാറുണ്ട്. വീട്ടിലിരുന്ന് ഉണ്ടാക്കുന്ന കുടകൾ ആവശ്യക്കാർക്ക് വീടുകളിൽ നേരിട്ട് എത്തിച്ചും, കൊറിയർ അയച്ചുമായിരുന്നു വിൽപ്പനകൾ. കൂടാതെ കേട്ടറിഞ്ഞു ചിലരൊക്കെ വീട്ടിൽ വന്നു കുടകൾ വാങ്ങാറുമുണ്ട്.

എന്നാൽ നാടെങ്ങും ഭീതി വിതച്ചുകൊണ്ട് കോവിഡ് പരന്നതോടെ ജെഫിന്റെ വരുമാനമാർഗ്ഗത്തിന്മേലായിരുന്നു ഇരുൾ വീണത്. ലോക്ക്ഡൌൺ കാലത്ത് കൂലിപ്പണിക്കാരനായ അച്ഛനും കൂടി ജോലിയില്ലാതെ വീട്ടിൽത്തന്നെ ആയതോടെ വീട്ടിലിരുന്നു കൊണ്ടുള്ള കുട നിർമ്മാണത്തിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ജെഫിൻ തീരുമാനിക്കുകയായിരുന്നു. ആവശ്യക്കാർക്ക് അവരുടെ വീടുകളിൽ പോസ്റ്റ് അല്ലെങ്കിൽ കൊറിയർ വഴി കുടകൾ എത്തിച്ചു കൊടുക്കുക്കുകയും ചെയ്തു.

സാധാരണ നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന കുടകൾ പോലെത്തന്നെ ഈടും ഉറപ്പും ഭംഗിയുമുള്ളവയാണ് ജെഫിൻ ഉണ്ടാക്കുന്ന കുടകൾ. പ്രധാനമായും മൂന്നു തരത്തിലുള്ള കുടകളാണ് ജെഫിൻ നിർമ്മിക്കുന്നത്. ത്രീ ഫോൾഡ് (കറുത്തത്), ത്രീ ഫോൾഡ് (കളർഫുൾ), കാലൻ കുട എന്നിവയാണവ. മഴയത്തും വെയിലത്തും ഒരേപോലെ ഉപയോഗിക്കാവുന്ന, നല്ല ക്വാളിറ്റിയുള്ള സിൽവർ കോട്ടിംഗ് കുടകളാണ് ഇവ.

ജെഫിൻ ഉണ്ടാക്കുന്ന കുടകളുടെ വിലവിവരങ്ങൾ – കറുത്ത നിറത്തിലുള്ള ത്രീ ഫോൾഡ് കുടയ്ക്ക് 330 രൂപ, പല നിറത്തിലുള്ള ത്രീ ഫോൾഡ് കുടയ്ക്ക് 340 രൂപ, ഡിസൈനുകളുള്ള ത്രീ ഫോൾഡ് കുടയ്ക്ക് 390 രൂപ, കാലൻ കുടയ്ക്ക് 420 രൂപ എന്നിങ്ങനെയാണ്. തൻ്റെ പക്കൽ നിന്നും ചെറുപ്പക്കാർ കൂടുതലായും കാലൻ കുടകളാണ് വാങ്ങാറുള്ളത് എന്നാണ് ജെഫിൻ പറയുന്നത്. ഏഴു വർഷമായി താനുണ്ടാക്കി വിൽക്കുന്ന കുടകളെക്കുറിച്ച് ഇതുവരെ യാതൊരുവിധ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ജെഫിൻ പുഞ്ചിരിയോടെ പറയുന്നു.

അപ്പോൾ എല്ലാവരോടുമായി ഞാൻ ഒരു കാര്യം അഭ്യർത്ഥിക്കുകയാണ്. പറ്റുമെങ്കിൽ നിങ്ങൾ ജെഫിന്റെ കയ്യിൽ നിന്നും ഒരു കുട വാങ്ങി ജെഫിനെ സഹായിക്കുക. കുടയുടെ വില ഗൂഗിൾ പേ വഴിയോ, അക്കൗണ്ട് വഴിയോ അയയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് ജെഫിനെ നേരിട്ടു വിളിക്കാം – 9544668550, 8075456925.

വിധിയ്ക്ക് മുന്നിൽ തളരാതെ, സ്വയം അദ്ധ്വാനിച്ച് ജീവിക്കുന്ന ജെഫിനെപ്പോലുള്ളവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. കഴിവതും നമ്മളെക്കൊണ്ട് ആകുന്ന വിധത്തിൽ അവരെ സഹായിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.