വിവരണം – Nidhin Jose Iritty.
ഏതാണ്ട് 2 കൊല്ലം മുമ്പ് നടത്തിയ ഒരു യാത്ര…യാത്ര എന്നു പറയുമ്പോൾ ഹണിമൂൺ യാത്ര എന്നതാണ് അതിലെ മറ്റൊരു ഇത്. അങ്ങനെ പതിവ് ഹണിമൂൺ സ്പോട്ടുകൾ മാറ്റി മറിച്ചു ഞങ്ങൾ ഒരു വിത്യസ്ഥതക്കു വേണ്ടി സിംഗപ്പൂർ ആക്കാൻ തീരുമാനിച്ചു. മറ്റു സ്ഥലങ്ങൾ ഒന്നു ചികഞ്ഞു നോക്കിയിരുന്നെങ്കിലും ഞങ്ങൾ ഒറ്റക്കാരുന്നത് കൊണ്ട് സിംഗപ്പൂർ വളരെ സുരക്ഷിതമായ ഒരു സ്ഥലം ആണെന്ന് മുമ്പേ പോയ നാട്ടിലെ ആസ്ഥാന യാത്രക്കാർ വിവരം തന്നു സഹായിച്ചു,അതുക്കും മേലെ ആണെന്ന് അവിടുത്തെ കാര്യങ്ങൾ എന്നു അവിടെ ചെന്നപ്പോൾ മനസ്സിലായി.
അങ്ങനെ എല്ലാം പ്ലാൻ ചെയ്ത് ഞങ്ങൾ യാത്രക്കായി കൊച്ചിയിൽ എത്തി. യാത്ര നിരക്ക് കുറയ്ക്കാൻ മലേഷ്യ വഴിയുള്ള മലിൻഡോ എയർ ആരുന്നു തിരഞ്ഞു എടുത്തത്. നിരക്ക് കുറച്ചു കൂടിയാലും നേരിട്ടുള്ള വിമാനങ്ങൾ മാത്രമേ തിരഞ്ഞെടുക്കാവൂ എന്നു ഈ യാത്രയിലൂടെ മനസ്സിലായി, എയർപോർട്ടുകളിൽ KSEB യേക്കാൾ വലിയ പോസ്റ്റ് ആകും നമ്മൾ എന്നു ഞാൻ ആ യാത്രയിലൂടെ ഞാൻ മനസ്സിലാക്കുകയും ചെയ്തു. അവിടെ മലിൻഡോ നോക്കി ഇരുന്നപ്പോൾ സിൽക്ക് എയർ മോൻ എന്നെ നോക്കി പല്ലിളിച്ചു കാട്ടി. ക്യാഷ് നോക്കി പോയവൻ വടിപിടിച്ചു നിക്കുന്നത് കണ്ടാരിക്കും ആ ഇളിയുടെ അർത്ഥം.
അങ്ങനെ ഫ്ലൈറ്റിൽ കയറിയപ്പോൾ ആണ് ആ ചോദ്യം എന്റെ കാതുകളിൽ മുഴങ്ങിയത്. അതേ അത് അവൾ തന്നെ എന്റെ ഭാര്യ. ആദ്യമായി ഫ്ലൈറ്റിൽ കേറുന്ന ഒരാളുടെ നിഷ്ക്കളങ്കമായ ഒരു ചോദ്യം.ഇതുങ്ങാലും ആകാശത്തു വെച്ചു തകർന്നു വീഴുവോ എന്തോ? ഇത്രയും കാലം വിമാനത്തിൽ കേറിയിട്ടു ഈ ചോദ്യം എന്റെ മനസ്സിൽ വന്നില്ല. വീട്ടിലേക്കു ഒന്നും കൂടി ഒന്നു വിളിച്ചു. ഒന്നും ഉണ്ടായിട്ടല്ല, വെറുതെ. വിമാനം തകർന്നാൽ 75 ലക്ഷത്തോളം രൂപ ഇൻഷുറൻസ് ആയി ലഭിക്കും എന്നു കേട്ടപ്പോൾ അവൾക്കൊരു സമാധാനം.
അങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച, വലിയ ഒരു വിമാനത്താവളം ആയി കണക്കാക്കപെടുന്ന സിംഗപ്പൂർ ആണ് ഞാൻ വന്നിറങ്ങിയിരിക്കുന്നത് എന്നോർത്തപ്പോൾ ഡ്രിന്തങ്ങപുളകിതനായി നിന്നു ഞാൻ. വളരെ മനോഹരമായ ഒരു വിമാനത്താവളം എങ്ങനെ അതി മനോഹരം ആക്കി മാനേജ് ചെയ്യണം എന്ന് അവിടുന്ന് പഠിക്കണം നമ്മൾ. വന്നിറങ്ങിയപ്പോ ആകപ്പാടെ ഒരു കൻഫ്യൂഷൻ. സിംഗപ്പൂരിൽ കൊണ്ടുവരാം എന്നു പറഞ്ഞു ചെന്നൈയിൽ ആണോ എന്നൊരു സംശയം ഭാര്യ ഉന്നയിച്ചു. ദുബായ് കടപ്പുറം വഴി കാലിഫോർണിയയിൽ പോയ ഉരു ദാസനെയും വിജയനേയും പറ്റിച്ച പോലെ ഞാൻ അവളെ പറ്റിച്ചോ എന്നൊരു നോട്ടം നോക്കി. അവളെ കുറ്റം പറയാൻ പറ്റില്ല. എയർപ്പോർട്ടിൽ ഔദ്യോതിക ഭാഷ തമിഴും കൂടിയാണ്. നമ്മൾ ദുബായിയിൽ പോയ പോലെ തമിഴ് മക്കൾ പോയത് സിംഗപ്പൂരും മലേഷ്യയിലും ആണ് എന്ന നഗ്ന സത്യം ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കി.
ഇന്ത്യക്കാർ വാഴും ഇടം.അതാണ് സിംഗപ്പൂർ.
അങ്ങനെ 8 മണിക്കൂറത്തെ യാത്രക്ക് ശേഷം എയർപോർട്ടിനു പുറത്തിറങ്ങി. ചെറുതല്ലാത്ത വലിയൊരു അസൂയ എനിക്ക് പൊട്ടി പുറപ്പെട്ടു.ആലപ്പുഴയുടെ പകുതി മാത്രം വിസ്തീർണം ഉള്ള ഒരു രാജ്യം കൈവരിച്ച നേട്ടങ്ങൾ കണ്ടിട്ട് സഹിക്കാൻ ആയില്ല.ലോകോത്തര നിലവാരത്തിൽ ഉള്ള പാതകൾ,വിമാനത്താവളം,ഷിപ്യാർഡ്. സാധാരണ ഏതൊരു മലയാളിയെ പോലെ സ്വന്തം നാടിനോട് കണ്ടു പഠിക്കാൻ പറയണം എന്നുണ്ടായിരുന്നു,പക്ഷെ അങ്ങോട്ടു തന്നെ ആണല്ലോ തിരിച്ചു പോകുന്നേ എന്നോർത്തപ്പോ ഒന്നും പറയേണ്ട എന്നു വിചാരിച്ചു. പറയേണ്ട ഒരു കാര്യം ഉണ്ട്. ഇന്ത്യയിലെ ടോയ്ലറ്റ് പരസ്യം കാണുമ്പോൾ നമ്മൾ കുറെ കുറ്റം പറയും, കളിയാക്കും. പക്ഷെ ഇവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം എന്നൊരു നയം സിംഗപ്പൂർ ഉണ്ട്. വളരെ വൃത്തിയുള്ള ഓരോ 5 മിനിട്ടും വൃത്തിയാക്കുന്ന ഓരോ മുക്കിലും മൂലയിലും ഉണ്ടാവും ടോയ്ലറ്റ്.
ആദ്യമായി പോയത് സിംഗപ്പൂർ flyer എന്നറിയപ്പെടുന്ന ഒരു ജയന്റ് വീലിൽ ആണ്. അതിൽ കയറിയാൽ വളരെ മനോഹരം ആയി സിംഗപ്പൂർ കാണാം എന്നതാണ് അതിലെ ഒരു നല്ല വശം. ഉയരങ്ങളിൽ നിന്നു സിംഗപ്പൂർ വളരെ സുന്ദരി ആയി അനുഭവപ്പെട്ടു. എന്റെ പ്രിയപ്പെട്ട ഭാര്യേ നീയും വേറൊരു സുന്ദരി തന്നെ .ഇനി അതിന്റെ പേരിൽ ഒരു വഴക്കു വേണ്ട൦. രാത്രിയിലെ ഭക്ഷണം കഴിഞ്ഞു ടാക്സി പിടിക്കാതെ ഒരു 3 കിലോ മീറ്റർ ദൂരം ഉള്ള ഹോട്ടലിലേക്ക് നടക്കാൻ തീരുമാനിച്ചു. എല്ലാം നടന്നു വിശദമായി അറിയാൻ തീരുമാനിച്ച ഞങ്ങൾ രാത്രി 12 മണിക്ക് നടപ്പു ആരംഭിച്ചു. ഏകദേശം 1.5 KM കഴിഞ്ഞപ്പോഴേ പൊതുവെ നടക്കാൻ മടിയനായ ഞാൻ ടാക്സി വിളിച്ചു പോകാൻ ആരംഭിച്ചെങ്കിലും ലോകം കാണാനുള്ള ഭാര്യയുടെ വ്യഗ്രത അതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചു. രാത്രി ആണെങ്കിലും ട്രാഫിക് ലൈറ്റ് തെളിഞ്ഞാൽ നിർത്തുന്ന വാഹനങ്ങൾ എനിക്കൊരു അത്ഭുതം ആയി. നീയൊക്കെ ഇന്ത്യയിൽ വന്നു വണ്ടി ഓടിച്ചു പഠിക്ക്, ട്രാഫിക് ലൈറ്റ് എങ്ങനെ കട്ടു ചെയ്തു പോകണം എന്ന് ഞങ്ങൾ പഠിപ്പിക്കാം.സിംഗപ്പൂർ ആണത്രേ സിംഗപ്പൂർ,ഇതൊന്നും അറിയില്ലല്ലേ.. അങ്ങനെ വിയർത്തു കുളിച്ചു രാത്രി 12 മണിക്ക് നടക്കാൻ തീരുമാനിച്ച എന്റെ തീരുമാനത്തെ പഴിച്ചു ഒരു വിധത്തിൽ ഹോട്ടലിൽ തിരിച്ചെത്തി.
രണ്ടാം ദിവസത്തെ അത്ഭുതദ്വീപ് : അടുത്ത ദിവസം ആണ് സെന്റോസ എന്നറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ട്രെമ്പും കൊറിയൻ ഏകാധിപതി ഉന്നും കൂടിക്കാഴ്ച നടത്തിയ സ്ഥലം. അതിമനോഹരം അത്ഭുതകരം എന്ന വാക്കുകൾക്ക് മുകളിൽ മറ്റൊന്ന് ഇല്ലാത്തതു കൊണ്ടു ആ വികാരങ്ങൾക്ക് മറ്റൊരു വാക്കില്ല. കേബിൾ കാറും, ഫിലിം സിറ്റിയും എല്ലാം കൂടി നമ്മളെ ആ നാട്ടിൽ നിന്ന് തിരിച്ചു പോകാൻ തോന്നാത്ത വിധം നമ്മെ തളച്ചിടാൻ ശ്രെമിക്കും. പക്ഷെ ഞങ്ങൾ വേറെ നിവൃത്തി ഇല്ലാത്തതു കൊണ്ട് തിരിച്ചു പോരും. മടങ്ങി വരാൻ മാതൃരാജ്യത്തു നിന്നു മമ്മി നിർബന്ധിച്ചാൽ എന്നാ ചെയ്യും. 2 വര്ഷങ്ങൾക്കപ്പുറം ഈ കുറിപ്പ് എഴുതുമ്പോൾ സിംഗ്‌പ്പോർ ഒരു സ്വപ്ന തുല്യ നഗരമായി ഓർമകളിൽ നിൽക്കുന്നു.
ഈ കുറിപ്പെഴുതാൻ കുറെ താമസിച്ചു പോയി എന്നത് എന്നെ ഓർപ്പിച്ചത് എന്റെ 6 മാസം പ്രായം ആയ മോളാണ്. ഹണിമൂണിന് പോയിട്ടു ഇപ്പോഴാണോ ഡാഡി ഇതൊക്കെ എഴുതി കൂട്ടുന്നെ എന്നൊരു ചോദ്യ ചിഹ്നം അവളുടെ മുഖത്തു ഉണ്ടോ എന്നൊരു സംശയം? മരിക്കും മുൻപ് നമ്മൾ മലയാളികൾ ഉറപ്പായും യാത്ര ചെയ്യേണ്ട ഒരിടം തന്നെ ആണ് സിംഗപ്പൂർ. ഒരു കൊച്ചു നഗരം എങ്ങനെ പരിപാലിക്കാം എന്നു നമുക്ക് സിംഗപ്പൂരിനെ കണ്ടു പഠിക്കാം. രാഷ്ട്രീയക്കാർ കണ്ടു പഠിക്കാൻ യൂറോപ്പിലും അമേരിക്കയിലും പോകും മുൻപ് ഒരാഴ്ച സിംഗപ്പൂർ പോയി പഠിക്കട്ടെ, ഒരുപാടുണ്ട് നമുക്ക് മാതൃക ആക്കാൻ.