വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

കാതങ്ങൾ എത്ര താണ്ടിയാലും വേണ്ടില്ല, തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് അൻസാരിയിലേക്ക് വരിക മട്ടൺ ചാപ്സ് ഒന്ന് ഓർഡർ ചെയ്യുക അതിലെ ഓരോ കഷ്ണവും വായിൽ ഇട്ട് തട്ടിക്കളിച്ചു പല്ലുകൾ കൊണ്ട് ഓരോ ചെറു കഷ്ണങ്ങളാക്കി ഊറി വരുന്ന ഉമിനീരിൽ ലയിപ്പിച്ചു നൊട്ടി നൊണച്ചു ഇറക്കുക. ആഹാ ഇതാണ് അനുഭൂതി. ഇതാണ് മട്ടൺ എന്ന് വിളിച്ചു കൂവി പോകുന്ന സ്വർഗീയ നിമിഷങ്ങൾ. വമ്പന്മാരുടെ പല സ്ഥലത്തു നിന്നും മട്ടൺ കഴിച്ചിട്ടുണ്ട്, ആവോളം ആസ്വദിച്ചിട്ടുണ്ട്. അവരോടെല്ലാം അണുവിട വിടാതെ മുട്ടി നിൽക്കും തല ഉയർത്തി നിൽക്കും അൻസാരിയിലെ ഈ മട്ടൺ.

മട്ടൺ ചാപ്സിൽ നിർത്തിയില്ല മട്ടന്റെ കുടല് തോരനും, സൂപ്പും എല്ലാം രുചിച്ചു. എല്ലാം ഇഷ്ടപ്പെട്ടു . കൂട്ടത്തിൽ രാജാധിരാജൻ മട്ടൺ ചാപ്സ് തന്നെ. കൂടെ കഴിച്ച അരി ഉറട്ടി, പെറോട്ട, ഇടിയപ്പവും എല്ലാം മട്ടന്റെ രുചിയിൽ ചേർന്നമർന്നു. ആവോളം സുഖിച്ചു സംതൃപ്തിയിൽ ആറാടിയാണ് അവിടെ നിന്ന് ഇറങ്ങിയത്.

വലിയ ആമ്പിയൻസൊക്കെ പ്രതീക്ഷിച്ചാണ് പോകുന്നതെങ്കിൽ ഇവിടെ പോകണ്ട. മറിച്ച് വയറും മനസ്സും നിറയുവോളം മട്ടൺ രുചി ആസ്വദിക്കണമെങ്കിൽ ഈ ചെറിയ നാടൻ ഹോട്ടലിലോട്ടു ധൈര്യപൂർവം പ്രവേശിക്കാം. കുടുംബസമേതമാണ് നമ്മൾ കേറി മേഞ്ഞത്.. എല്ലാവരും ഹാപ്പി. ഇപ്പോഴും ആ രുചിയുടെ കെട്ട് വിട്ടിട്ടില്ല.

വില വിവരം: മട്ടൺ ചാപ്സ് – ₹ 160, മട്ടൺ കുടൽ തോരൻ – ₹ 50, മട്ടൺ സൂപ്പ് – ₹ 30, ഉറട്ടി – ₹ 10, പെറോട്ട – ₹ 10, ഇടിയപ്പം – ₹ 10, ചായ – ₹ 7.

വീട്ടിലെ കൈയൊപ്പ്‌ പതിഞ്ഞ മട്ടൺ : ഹോട്ടൽ എന്ന് തുടങ്ങി എന്ന് ചോദിച്ചാൽ തുടങ്ങിയിട്ട് 50 വർഷത്തിന് പുറത്താകും എന്നേ ഉടമസ്ഥനായ ശ്രീ സലീമിന് പറയാൻ ഉള്ളു. അദ്ദേഹത്തിന്റെ വാപ്പ ശ്രീ അബ്ദുൾ ഹമീദ് തുടങ്ങി വച്ചതാണ് രുചിയുടെ ഈ ഈറ്റില്ലം. അദ്ദേഹം ഇപ്പോഴും ഇവിടെ രാവിലെ വരാറുണ്ട്. പ്രധാനമായും ശ്രീ സലീമാണ് ഹോട്ടൽ നടത്തുന്നത്.എന്തെങ്കിലും അത്യാവശ്യം ഉള്ളപ്പോൾ സഹോദരനും സഹായിക്കാനുണ്ടാവും.

മട്ടൺ ഉൾപ്പെടെ ഊണ് എല്ലാം വീട്ടിലെ വിറക് അടുപ്പിലാണ് തയ്യാറാക്കുന്നത്. ചിക്കനും പെറോട്ടയുമാണ് റെസ്റ്റോറന്റിലെ ഗ്യാസ് അടുപ്പിൽ ചെയ്യുന്നത്. വീട്ടിലെ പാചകപ്പുരയിൽ ശ്രീ സലീമിന്റെ അമ്മ, ശ്രീ ഐഷ ബീവി , കൊണ്ടു വന്ന രുചിയിലെ തഴക്കവും കയ്യടക്കവും ഇപ്പോഴും കൈമോശം വന്നിട്ടില്ല. 2 വർഷം മുൻപ് കാല യവനികക്കുള്ളിൽ ആ അമ്മ മറഞ്ഞ് പോയി.

ഈ അമ്മയിൽ നിന്നും ആ രുചിയുടെ മർമ്മം മനസ്സിലാക്കിയ മകൾ, ശ്രീ നസീറ ബീവിയിൽ നിക്ഷിപ്തമാണ് അൻസാരിയിൽ വർഷങ്ങളായുള്ള ഇവിടത്തെ മട്ടണിലെ പാചകത്തിന്റെ രുചി. മസാല കൂട്ടുകൾ തക്കോലം, ഗ്രാമ്പു, പട്ട, ഏലയ്ക്ക, പെരും ജീരകം മുതലായവ മാത്രമല്ല മുളക്, മല്ലി, വെളുത്തുള്ളി എല്ലാം ഇവിടെ പ്രത്യേകം പ്രത്യേകം വാങ്ങിച്ചു പൊടിച്ചു എടുക്കുകയാണ് ചെയ്യുന്നത്. 100% ഹലാലാണ്.

ആദ്യം പോത്തൻകോട് ബസ് സ്റ്റോപ്പിനരികിൽ സ്വന്തമായുള്ള 2 സെൻറ് സ്ഥലത്തായിരുന്നു കടയുടെ തുടക്കം. ആ സ്ഥലം ചന്തയ്ക്ക് പോയപ്പോൾ വാടകയ്ക്ക് പലയിടത്തും മാറേണ്ടി വന്നു. ഇപ്പോൾ ഇരിക്കുന്ന സ്ഥലവും വാടകയ്ക്ക് ആണ്.

രാവിലെ 7 മണിക്ക് തുറക്കും. അപ്പം, പുട്ട്, പയർ, പപ്പടം, ഉരുള കിഴങ്ങു കറി തുടങ്ങിയവ. ചിക്കൻ കറിയൊക്കെ രാവിലെ 8 – 8:30 മണി മുതൽ കിട്ടും. മട്ടൺ രാവിലെ ഒരു 9:15 – 9:30 ഒക്കെ ആകുമ്പോൾ റെഡി ആകും. ഉച്ചയ്ക്ക് ഊണ് ഉണ്ട്. വൈകുന്നേരം 4 മണി മുതൽ ചിക്കൻ ഫ്രൈ കിട്ടും, അല്ലാതെ ഒറട്ടി ഇടിയപ്പം പെറോട്ട ചപ്പാത്തി, മട്ടൺ വിഭവങ്ങളും ലഭ്യമാണ്.

മട്ടന്റെ ചൂരും രുചിയും അറിയണം എന്നുള്ളവർക്ക് രുചിയുടെ ഒരു ലോകത്തിലേക്ക് അൻസാരി കൊണ്ടു പോകുമെന്നതിൽ ഒരു സംശയവും ഇല്ല. അൻസാരിയിലേക്ക് മട്ടൺ പ്രേമികൾക്ക് സഹർഷം സ്വാഗതം. Seating Capacity: 22, Timings: 7:00 AM to 10 PM.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.