വിവരണം – വിഷ്ണു A.S നായർ.
കുടപ്പനക്കുന്നെന്നു കേട്ടാൽ മലയാളികൾക്ക് ഒരുപക്ഷേ ആദ്യം ഓർമ വരുന്നത് ദൂരദർശൻ കേന്ദ്രമാകും. ഏകദേശം പത്തു പതിനഞ്ചു വർഷം പുറകോട്ട് പോയാൽ അയല മീനിന്റെ നടുമുള്ളു പോലുള്ള ആന്റിന കറക്കിയും തിരിച്ചും ടെലിവിഷന്റെ സെലക്ടർ അടിച്ച് ട്യൂണർ കറക്കി കുരുകുരുപ്പ് മാറ്റി കുളിച്ചു കുറിതൊട്ടു ചമ്രം പടിഞ്ഞിരുന്നു കാണുന്ന രാമായണവും ചിത്രഗീതവും ഞായറാഴ്ച രാവിലെ 7.30 മുതലുള്ള പരിപാടികളും വൈകിട്ടത്തെ മലയാള സിനിമയും പിന്നെ ‘മധുമോഹൻ’ സീരിയൽ പ്രളയങ്ങളും തുടങ്ങിയ മറ്റു പരിപാടികൾ.
ദാരിദ്രരേഖയ്ക്ക് താഴെ നിൽക്കുന്ന ഒരു കുടുബത്തിന്റെ ഒഴിവു സമയം നിറവുറ്റതാക്കിയ ചാനൽ അതാണ് ദൂരദർശൻ. ഇന്നത്തെ ഒരു രൂപ മുതൽ പത്തു രൂപ വരെയുള്ള പേ ചാനലിൽ ‘പേ’ പിടിച്ച പോലുള്ള അമ്മായിയമ്മപ്പോരും ലോനപ്പൻ ചേട്ടന്റെ പൂക്കുറ്റിയും കണ്ട് കണ്ണീർ വാർക്കുന്നവർക്ക് പഴയ ദൂരദർശന്റെ മഹത്വം പറഞ്ഞാൽ മനസിലാകില്ല. അങ്ങനെ അധികമാരും ശ്രദ്ധിക്കാത്തൊരു ഹോട്ടൽ തേടി കുടപ്പനക്കുന്ന് വഴി പോയപ്പോഴാണ് പഴയതെല്ലാം തികട്ടി വന്നത്. വെറും നൊസ്റ്റാൾജിയ !!
കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്നും ലൈഫ്റ് എടുത്തു പോയാൽ പാതിരിപ്പള്ളിയെന്ന സ്ഥലമെത്തും അവിടെ കഷ്ടി-പിഷ്ടി 8 പേർക്ക് മാത്രം ഇരിക്കാവുന്നൊരു കുഞ്ഞു ഹോട്ടലുണ്ട് – ഹോട്ടൽ ചിന്നൂ. ആ വഴിയിൽ ആകപ്പാടെ ഞാൻ കണ്ട ഒരേയൊരു ഹോട്ടലാണ്. അടയാളമായി ഒരു ഫ്ളക്സ് വലിച്ചു കെട്ടിയിട്ടുണ്ട്.
രാവിലെയൊരു എട്ട്-എട്ടര മണിക്ക് പോവുക. നല്ല നാല് പൊറോട്ടയും ബീഫ് ഫ്രൈയും പറയുക കൂടെ ഭംഗിക്ക് ഒരു ഉള്ളിവടയും കട്ടനും. ലൈവായി ചുട്ട വിരല് പൊള്ളുന്ന ചൂടുള്ള കിടിലം പൊറോട്ടയും പച്ചമുളക് അരിഞ്ഞിട്ട് ‘കുനുകുനാ’ നുറുക്കിയ സവാള കൊണ്ട് അലംകൃതമായ നല്ല കിടുക്കാച്ചി ബീഫ് ഫ്രൈയും ക്ഷണനേരത്തിനുള്ളിൽ നമ്മുടെ മുന്നിലെത്തും.
മൊരിഞ്ഞ പ്രതലം തട്ടിയുടച്ചാൽ ആവി പറക്കുന്ന പൊറോട്ട വലിച്ചു കീറി ബീഫ് ഫ്രൈ വരെഞ്ഞെടുത്തു പതിയെ നാവിലേക്ക് വയ്ക്കണം. അടിപൊളി രുചി. പച്ചമുളക് കൂടുതൽ ചേർക്കുന്നത് കൊണ്ടാണോ എന്നറിയില്ല മുളകിന്റെ രുചി(എരിവല്ല) മുന്നിട്ട് നിന്നത്പോലെ തോന്നി. എന്നിരുന്നാലും ചുമ്മാ പെറുക്കി പെറുക്കി തിന്നാം. ശേഷം ഭംഗിക്ക് പറഞ്ഞ തൊട്ടാൽ പൊടിഞ്ഞു വീഴുന്ന പരുവത്തിൽ മൊരിഞ്ഞ ഉള്ളിവടയും ഡബിൾ സ്‌ട്രോങ് കട്ടനും. ആഹാ… എന്താ അനുഭൂതി.
എഴിക്കാൻ നേരത്താണ് ആ കടയിലെ സ്ഥിരം സന്ദര്ശകനാണെന്നു തോന്നുന്നൊരു ചേട്ടൻ ഡ്രിങ്ക്‌സ് പറയുന്നത് കേട്ടത്. വർഷങ്ങൾക്ക് മുൻപ് അന്യം നിന്നുപോയൊരു ഐറ്റമാണ് ഡ്രിങ്ക്‌സ്. അടുത്തിരുന്ന ഡ്രിങ്ക്‌സ് കണ്ട് വീണ്ടും നൊസ്റ്റാൾജിയ തള്ളിക്കയറി വന്നപ്പോൾ ഞാനും പറഞ്ഞൊരു ഡ്രിങ്ക്‌സ്.
പണ്ട് തിരുമല സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് അച്ഛൻ ആഴ്ചയിൽ 10 രൂപ തരും. അത് സ്കൂൾ ഡയറിയുടെ മടക്കിന്റെ അടിയിൽ വച്ചിട്ട് എന്തേലും അത്യാവശ്യം വന്നാൽ മാത്രം ഉപയോഗിക്കാൻ ആ പാവം ഉപദേശിക്കും. ആ പൈസ കൊണ്ട് സ്കൂളിന് അടുത്തുള്ള ‘കുളിർമ്മയിൽ’ കയറി രണ്ടര രൂപയുടെ ഡ്രിങ്ക്‌സും അൻപത് പൈസയുടെ സിപ്പപ്പും വാങ്ങും. അന്ന് കുടിച്ചിരുന്ന ഡ്രിങ്ക്സിന്റെ അതേ രുചി. കെമിക്കൽ കലക്കിയതാണെന്നൊക്കെ അറിയാം. എന്നിരുന്നാലും ചില ബ്ളാക്ക് & വൈറ്റ് തിരിച്ചു പോക്കുകൾക്ക് അത് ഗുണം ചെയ്തു.
വിലവിവരം : പൊറോട്ട – 8 Rs, ബീഫ് ഫ്രൈ – 90 Rs, ഉള്ളിവട – 5 Rs, കട്ടൻ – 5 Rs, ഡ്രിങ്ക്‌സ് – 5 Rs. നല്ല ബീഫ് ഫ്രൈ തേടി നഗരത്തിൽ അലയുമ്പോൾ കുടപ്പനക്കുന്ന് വഴി പോയാൽ മറക്കണ്ട. നമ്മുടെ ‘പ്രതികരണം’ കാത്ത് ഹോട്ടൽ ചിന്നൂ ഇവിടുണ്ട്. അപ്പോൾ കിടുക്കാച്ചി ബീഫ് വിഭവങ്ങൾ കിട്ടുന്ന രുചിയിടങ്ങളുടെ ലിസ്റ്റിൽ ഈയൊരു പേരുംകൂടെ എഴുതിചേർക്കാം – ‘ചിന്നൂ ഫാസ്റ്റ്ഫുഡ്.’
രാവിലെ 7 മണിക്ക് ഹോട്ടൽ തുടങ്ങും. ചില ദിവസങ്ങളിൽ നേരത്തേ ബീഫ് ലഭിക്കുമെങ്കിലും പറയാനാകില്ല. 10 മണിയോടെ ഉറപ്പായും ബീഫ് ലഭിക്കും. വൈകുന്നേരം വരെ കാക്കാൻ നിൽക്കണ്ട എപ്പോഴാണ് വിഭവം തീരുന്നതെന്നു പറയാൻ പറ്റില്ല. ലൊക്കേഷൻ :- Near Madathunada-Pathirippally Road, Chenkallur, Thiruvananthapuram, Kerala 695043.