വിവരണം – Vishnu A S Nair.
മലയാളികളുടെ ബീഫ് പ്രേമം വിശ്വപ്രസിദ്ധമാണല്ലോ… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബീഫെന്നത് നമുക്കതൊരു വിചാരമാണ്, കൂടെയൊരു വികാരവുമാണ്.നമ്മുടെ തിരുവനന്തപുരത്തിന്റെ തിരുമുറ്റത്ത് തട്ടുകട മുതൽ നക്ഷത്ര ഹോട്ടലുകളിൽ വരെ (കാശിന്റെ കാര്യത്തിൽ നമ്മളെയും നക്ഷത്രമെണ്ണിക്കും) പല രുചിയിലും ഭാവത്തിലുമുള്ള ബീഫ് വിഭവങ്ങൾ ലഭ്യമാണെന്നിരിക്കലും ബീഫ് ഫ്രൈയ്യോട് എന്തോ വല്ലാത്തൊരു ഇഷ്ടമാണ് നമുക്ക്. അങ്ങനെ നല്ല ഇഞ്ചിയുടെയും വെളുത്തുള്ളയുടെയും വീട്ടിൽ വാങ്ങിച്ചു പൊടിച്ചുണ്ടാക്കിയ നല്ല നാടൻ മസാലകൂട്ടിൽ പൂണ്ടു വിളയാടി അവസാനം വെളിച്ചെണ്ണയിൽ സ്ഫുടം ചെയ്തെടുത്ത് മണിക്കൂറുകളോളം തീയിൽ കിടന്നു പരുവം പറ്റിയ നല്ല കിടുക്കാച്ചി നാടൻ ബീഫ് ഫ്രൈ കഴിക്കണോ ?? എങ്കിൽ നേരെ വിട്ടോ മുതുവിളയിലെ ഹോട്ടൽ മാഷിലേക്ക്..
തിരുവനന്തപുരത്തു നിന്നും ഏതാണ്ട് 32 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നൊരു ഗ്രാമമാണ് മുതുവിള. ആധുനികതയുടെ വഴുക്കലുകളിലേക്ക് ഇനിയും പൂർണ്ണമായി കാലിടറാതെ ഗ്രാമീണ ഭംഗിയുടെയും നേർമ്മയുടെയും കവലകളുടെയും ഒരിറ്റ് പരിലാളനങ്ങൾ ഏറ്റു വാങ്ങുന്ന മുതുവിളയെന്ന കൊച്ചു ഗ്രാമം. ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ഹോട്ടൽ മാഷിന്റെ ആസ്ഥാനം. 23 വര്ഷത്തോളമുള്ള പ്രവർത്തിപരിചയമുണ്ട് ഹോട്ടൽ മാഷിന്. മുൻപ് മുതുവിള ജംഗ്ഷനിലായിരുന്നു സ്ഥാനമെങ്കിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി ജംഗ്ഷനിൽ നിന്നും ഒരു 100 മീറ്റർ മാറി കല്ലറ പോകുന്ന വഴിയിൽ വലതു വശത്തായാണ് ഹോട്ടലിന്റെ സ്ഥാനം. ഇക്കാലമത്രയും ഹോട്ടലിന്റെ കുശിനിയിലും വിളമ്പും എല്ലാം കൈകാര്യം ചെയ്യുന്നതും ഉടമയും എല്ലാം സണ്ണിച്ചായനാണ്.
ഇവിടുത്തെ ഹൈലൈറ്റ് എന്നത് നല്ല കിണ്ണം കിണ്ണം ബീഫ് ഫ്രൈയ്യും / കറിയും ഊണുമാണ്. നിർഭാഗ്യവശാൽ കേട്ടറിഞ്ഞ് ചെന്നെത്തിയത് വൈകിട്ടാണ്.. എന്നിരുന്നാലും കൊതിക്ക് കുറവൊന്നും ഇല്ലായിരുന്നതിനാൽ ദോശയും ബീഫ് ഫ്രൈയ്യും പറഞ്ഞു. നമ്മുടെയൊക്കെ വീട്ടിലെ കോഴിക്കൂട് ഉണ്ടാക്കിയിരിക്കുന്നത് പോലെ തടി അടുക്കി അടിച്ചുകൂട്ടിയ ഒരു ഹോട്ടലാണ് മാഷ്. ആമ്പിയൻസ് ലവലേശം പ്രതീക്ഷിക്കരുത് പക്ഷേ നാട്ടിന്പുറത്തിന്റെ അനുഭവങ്ങളും കൊച്ചു വർത്തമാനങ്ങളും ‘വിടൽസും’ കേൾക്കണമെങ്കിൽ മാഷ് ബെസ്റ്റാ. ഹോട്ടലിനുള്ളിൽ ആകെ രണ്ടു ബൾബുകൾ മാത്രം. ഫോട്ടോ എടുക്കാൻ ‘ശ്ശി’ ബുദ്ധിമുട്ടേണ്ടി വരും. ആകെപ്പാടെ പഴയൊരു കള്ളുഷാപ്പിലിരിക്കുന്ന അനുഭൂതി. ചുരുക്കിപ്പറഞ്ഞാൽ സിറ്റിയിലെ ജീവിതസാഹചര്യത്തിൽപ്പെട്ടവർക്ക് ദഹിക്കാൻ ഇത്തിരി പാടുള്ള ഹോട്ടലാണെന് സാരാംശം…പക്ഷെ ആഹാരം ഒരു രക്ഷയില്ല..
ഓർഡർ കൊടുത്തു നിമിഷങ്ങൾക്കുള്ളിൽ ഒരു വാഴയിലക്കീറ് എന്റെ മുന്നിൽ വീണു. അതിൽ 3 ദോശയും ഒരു പ്ലേറ്റിൽ ബീഫ് ഫ്രൈയ്യും കൂടെ ലേശം ഗ്രേവിയും. ആ ബീഫ് ഫ്രൈ മുന്നിൽകൊണ്ട് വയ്ക്കുമ്പോഴേ നല്ല കിടുക്കാച്ചി മസാലയുടെ മണം മൂക്കിലിങ്ങനെ അടിച്ചു കയറും. കൊതിയുടെ സർവ്വവിധ ബന്ധനങ്ങളും പൊട്ടിച്ചു കൊണ്ട് ആ തട്ട്ദോശ മുറിച്ചു ഒരു കഷ്ണം ബീഫ് ഉള്ളിൽ വച്ച് ആ ഗ്രേവി കൂട്ടി കഴിക്കണം.. “ന്റെ ദേവ്യേ” കിടുക്കാച്ചി ബീഫ്… നല്ല ഒന്നാംതരം മസാല അതിലും മികച്ചു നിന്നത് അതിന്റെ പരുവമാണ്… കടിച്ചാൽ റബ്ബർ പോലെ പല്ലിൽ ‘കിറു കിറു’ ശബ്ദമുണ്ടാക്കുന്ന ‘മാട്ട’ കഷ്ണങ്ങളൊന്നുമല്ല, പതുപതുത്ത നല്ല ഒന്നാംതരം കഷ്ണങ്ങൾ.. അതിൽ വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും മറ്റു മസാലകളുടെ കുത്തും (ഒരൽപ്പം കൂടുതലാണോ എന്നു ശങ്കിച്ചാൽ തെറ്റില്ല). കൂടെ നാവിനെ ത്രസിപ്പിക്കുന്ന എരിവും കൂടെയാകുമ്പോൾ ഡബിൾ കിടുക്കാച്ചി. സാധാരണ ഹോട്ടലുകളിൽ കിട്ടുന്നതിലധികം അളവുമുണ്ട്. വിലയും കുറവ്. തേങ്ങാകൊത്തുകൾ കണ്ടുകിട്ടിയില്ല എന്നൊരു കുറവൊഴിച്ചാൽ പക്കാ നാടൻ ബീഫ് ഫ്രൈ… Highly recommended..
ഇനി ഈ രുചിയുടെ ഗുട്ടൻസ് എന്താണെന്നറിയാമോ ?? തികച്ചും ലളിതം. ഏതാണ്ട് 90 ശതമാനം വിഭവങ്ങളും ഈ ഹോട്ടലിൽ നിർമ്മിക്കുന്നത് വിറകടുപ്പിലാണ്. പിന്നെ സ്വന്തമായി വാങ്ങി ഉണക്കി പൊടിക്കുന്ന മസാലകളും. നിവർത്തികേടിന്റെ സമയത്തല്ലാതെ കടകളിൽ നിന്നും നേരിട്ട് പൊടികൾ വാങ്ങി ഉപയോഗിക്കാറില്ല. പിന്നെ ഏറ്റവും വലിയ പ്രത്യേകത എന്നത് അടുക്കള കയ്യാളുന്നത് പാചകക്കാരൻ കൂടാതെ സണ്ണിച്ചായനും പെണ്ണുമ്പിള്ളയും കൂടിയാണ്. അവരുടെ കൈപ്പുണ്യം മതിയല്ലോ തനി നാടൻ മട്ടിലുള്ള ഭക്ഷണത്തിന്റെ രുചിക്കൂട്ടുകൾക്ക് മേന്മയേറാൻ.
വിലവിവരം : ബീഫ് ഫ്രൈ :- ₹.70/-, ദോശ :- ₹.5/-. വളരെ മിതമായ വിലയിൽ ഇത്രയും രുചികരമായ ആഹാരം കൊടുക്കുന്ന രുചിയിടങ്ങൾ പലയിടങ്ങളിലും അത്യപൂർവ്വമാണ്. ഒരു തനി നാട്ടിൻപുറത്തെ കടയാണ് മാഷ്.. പേരിനു തന്നെ ഒരു വെറൈറ്റി അല്ലേ… സണ്ണിച്ചായൻ മാഷൊന്നുമല്ല പകരം അടൂർ റവന്യു ടവറിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ ആയിരുന്നു. എംപ്ലോയ്മെന്റ് വഴി ജോലി ലഭിച്ചതിനാലും മന്ത്രിസഭ മാറിയപ്പോഴുണ്ടായ കല്ലുകടികൾ കാരണവും ജോലി പോയി. പിന്നീടാണ് ഹോട്ടൽ ബിസ്നസ്സിലേക്ക് കടന്നത്. പുള്ളിക്കാരന്റെ മൂത്ത മകന്റെ പേരാണ് ‘മാഷുണ്ണി’, അവനോടുള്ള വാത്സല്യം കാരണമാണ് ‘മാഷ്’ എന്ന പേര് ഹോട്ടലിനു നൽകിയതും അതൊരു വ്യത്യസ്തയുള്ള പേരായി നമ്മുടെ മുന്നിൽ നിലനിൽക്കുന്നതും..
അധ്വാനിച്ചു ജീവിക്കുന്നവനെ ബൂർഷ്വാ എന്നു വിളിക്കുന്നവരുടെ മുന്നിൽ നട്ടെല്ല് നിവർത്തി നടത്തിക്കൊണ്ട് പോകുന്ന ഹോട്ടലാണ്..വിശ്വസിക്കാം… അത്ര തന്നെ. മിന്നുന്ന ലൈറ്റും ആമ്പിയൻസും പ്രതീക്ഷിച്ചു പോകരുത്.. നിരാശപ്പെടേണ്ടി വരും.. പക്ഷേ ഫുഡ് അത് കിടുക്കാച്ചി. ലൊക്കേഷൻ :- Hotel Mash, Muthuvila, Kerala 695610, https://g.co/kgs/Nn9FGi.