വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
ഒരു ഉച്ച സമയമാണ് മീനിനും നാടൻ വിഭവങ്ങൾക്കും പേരു കേട്ട വെമ്പായത്തിലെ രാജ ഹോട്ടലിൽ കേറി ചെന്നത്. അപ്പോൾ മനസ്സിൽ രണ്ടു സംശയങ്ങൾ ആണ് ഉണ്ടായിരുന്നത്. ഒന്ന് സമയം 2:30 ആയത് കൊണ്ട് ഊണ് കിട്ടുമോ? ഇനി ഉണ്ടെങ്കിൽ തന്നെ എത്ര നേരം പുറത്തു കാത്തു നിൽക്കേണ്ടി വരുമെന്നത്.
ഭാഗ്യം ഊണ് ഉണ്ട്. പലരും പല സ്ഥലത്തായിട്ടു ഇരിക്കാൻ പറ്റില്ലല്ലോ എന്ന് ആലോചിച്ചു നിൽക്കേ ഒരു മുൻ പരിചയവും ഇല്ലെങ്കിലും കട മുതലാളി ശ്രീ ഗോപകുമാർ തന്നെ മുൻകൈ എടുത്ത് അപ്പോളൊഴിഞ്ഞ ഒരു ടേബിളിലേക്കു നമ്മളേയും ക്ഷണിച്ചിരുത്തി.
നാല് സീറ്റുള്ള ടേബിളിനു ചുറ്റും നമ്മൾ മൂന്ന് പേർ ഇരിക്കേ, നാലാമത്തെ സീറ്റ് ആരും ഇരിക്കാത്ത രീതിയിൽ നോക്കിക്കോളാൻ പറഞ്ഞു, ഒരു സ്വകാര്യതയ്ക്ക് ഇടം തരാനും ഗോപകുമാർ ചേട്ടൻ ശ്രദ്ധ വച്ചു. എല്ലാം കൂടെ സീറ്റ് കിട്ടാൻ ഒരു 5 മിനിറ്റ് കാത്തു നിൽക്കേണ്ടി വന്നോളു. സമയം ഇത്രയും താമസിച്ചത് കൊണ്ടാണ്, അല്ലെങ്കിൽ കുറച്ചു നേരം കാത്തു നിൽക്കേണ്ടി വരും എന്ന് തന്നയാണ് എനിക്ക് തോന്നുന്നത്.
തിരക്ക് ആണെങ്കിലും അകത്തു ഇരുന്നു കഴിക്കാൻ ഒരു പ്രശ്നവും തോന്നിയില്ല. നല്ല കംഫർട്ടായാണ് ഇരുന്നു കഴിച്ചത്. പ്രധാനമായും അതിന്റെ കാരണം ആഹാരത്തിലുപരി ഗോപകുമാർ ചേട്ടന്റെ സ്വഭാവമാണ്. ഒരു വ്യക്തിത്വം ഉള്ള മനുഷ്യൻ. തനം എത്തേണ്ടടിത്തു തനം എത്തും, മനം എത്തേണ്ടടിത്തു മനം എത്തും. കടയിൽ എല്ലായിടത്തും ചേട്ടന്റെ കണ്ണും കാതും തുറന്നു ഇരിപ്പുണ്ട്. കടയിൽ വരുന്നവരെ എല്ലാം സ്വന്തം മക്കളെ പോലെ കണ്ടു ഊട്ടാനുള്ള ആ കഴിവ്, ആ മനസ്സ്. അതു പ്രത്യേകം എടുത്തു പറയേണ്ടത് കൊണ്ട് ഇവിടെ കുറിച്ചതാണ്.
ചോറും കറികളും മീനുകളുമൊന്നും വിളമ്പാൻ അധികം താമസമുണ്ടായില്ല. പരിപ്പ്, പപ്പടം, അവിയൽ, സ്വയമ്പൻ മരിച്ചീനി, അച്ചാറ്. കറികൾ എല്ലാം തകർപ്പൻ. വേളാപ്പാര, കൊഞ്ച്, കണവ, പൊന്നാര മീൻ ഇവയെല്ലാമാണ് മീനായി കഴിച്ചത്. രുചി എന്ന് പറഞ്ഞാൽ ഇതാണ് രുചി. ഇപ്പോഴും ആലോചിക്കുമ്പോൾ വായിൽ കപ്പലോടും. എല്ലാം നല്ല പിടയ്ക്കുന്ന ഫ്രഷ് മീനുകൾ. വ്യക്തിപരമായി മൽസ്യ വിഭവങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിച്ച് എവിടെയാണ് കഴിച്ചിട്ടുള്ളത് എന്ന് ചോദിച്ചാൽ നമ്മളെ സംബന്ധിച്ചു നിസ്സംശയം ആദ്യം വരുന്ന പേരു വെമ്പായത്തെ രാജ ഹോട്ടൽ ആയിരിക്കും.
എന്താണ് ഇതിന്റെ രഹസ്യം എന്ന് ചോദിച്ചാൽ വർഷങ്ങൾ കുറച്ചു പുറകിലേക്ക് പോകേണ്ടി വരും. ഏകദേശം 40 വർഷങ്ങൾക്കു മുൻപ് രാജ എന്ന പേരിൽ ഹോട്ടൽ തുടങ്ങിയ നടരാജപിള്ള എന്ന മനുഷ്യന്റെ മുന്നിൽ ആയിരിക്കും അത് എത്തി നിൽക്കുക. തന്റെ പേരിലുള്ള രാജയും മൂത്ത മകൻ രാജശേഖരൻ എന്ന പേരിലെ രാജയുമൊക്കെയാണ് ഈ ഹോട്ടലിന്റെ പേരിനു നിദാനമായി വന്നിട്ടുള്ളതു.
വെമ്പായം ജംഗ്ഷനിൽ ഇപ്പോൾ Deen മെഡിക്കൽസൊക്കെ ഇരിക്കുന്ന സ്ഥലത്തു ഒരു ഓലക്കടയിൽ ആയിരുന്നു രാജയുടെ തുടക്കം. തന്റെ മരണ ശേഷം തന്റെ മക്കളിൽ അഞ്ചാമനായ ഗോപകുമാറിലൂടെ രാജ അടുത്ത തലമുറ അറിയണം എന്നായിരുന്നു ശ്രീ നടരാജപിള്ളയുടെ ആഗ്രഹം. എങ്കിലും മക്കൾ ആരെയും മാറ്റി നിർത്താൻ അദ്ദേഹം വിചാരിച്ചിരുന്നില്ല. കയ്യിലെ അഞ്ചു വിരലുകൾ പോലെ എല്ലാവരും ഒരുമിച്ചു വേണം എന്നും അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹം പോലെ തന്നെ കാര്യങ്ങൾ നടക്കുന്നു. എല്ലാവരും ഒരുമിച്ചു ഉണ്ട്. അടുക്കളയിൽ പാചകത്തിന് സഹോദരിമാരും അളിയന്മാരും അവരുടെ മക്കളും എല്ലാം എല്ലാത്തിനുമായി ഹോട്ടലിൽ തന്നെയുണ്ട്.
അച്ഛൻ നടരാജപിള്ളയുടെ മരണ ശേഷം 23 വർഷം മുൻപ് പുതിയ സ്ഥലത്തു, പുതിയ വാടക കെട്ടിടത്തിൽ ഗോപകുമാർ ചേട്ടൻ മുൻകൈ എടുത്ത് ഹോട്ടൽ വീണ്ടും തുടർന്ന് നടത്താൻ ഒരുങ്ങിയപ്പോൾ കെട്ടിടം വാടകയ്ക്ക് കൊടുത്ത Al-Ameen Driving സ്കൂളിന്റെ ഓണർ ശ്രീ നസറുദ്ധീന് ഒരു കാര്യം മാത്രമെ പറയാൻ ഉണ്ടായിരുന്നുള്ളു. ഒരു കാരണവശാലും രാജ എന്ന ആ പഴയ പേര് മാറ്റരുത്. അതെ രാജ ഇപ്പോഴും രാജ തന്നെ. ആ പഴയ രുചിയും മാറ്റമില്ലാതെ തുടരുന്നു.
മീനൊക്കെ കഴിച്ചു തീർന്നപ്പോൾ അതാ വരുന്നു കട്ട തൈര്. മീനും തൈരും എന്തൊക്കെ പേരിൽ ഒരുമിച്ചു കഴിക്കാത്തവർ ഉണ്ടെങ്കിൽ പോലും ആ തൈര് തൊട്ടൊന്നു നാക്കിൽ വച്ചാൽ അത് കഴിച്ചിട്ടേ അവിടെന്നു ഇറങ്ങു. അത്രയ്ക്ക് പൊളപൊളപ്പനാണ് ആ തൈര്.
എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ കേട്ടു ബില്ലിന്റെ വില എല്ലാം കൂടി ഒമ്പതിനായിരം ചില്ലറ. നൂറിനെ ആയിരം എന്ന് പറയുന്ന രീതിയിൽ ആണ് ചേട്ടൻ കണക്കു കൂട്ടുന്നത്. അതാണ് തൊള്ളായിരം ഒമ്പതിനായിരമായി മാറിയത്. ഇങ്ങനെ ആയിരത്തിന്റെ കണക്ക് പറയുന്നത് ചിലയിടത്തൊക്കെ ഉണ്ടെങ്കിലും ചേട്ടൻ എവിടെ നിന്നും കേട്ടു പഠിച്ചതല്ല. അതു എപ്പോഴോ ആ നാക്കിൽ വന്നതാണ്. എങ്കിലും ഇന്ന സ്ഥലത്തു നിന്ന് കേട്ടു ഉപയോഗിച്ചതല്ലേ എന്ന് ആരെങ്കിലും ചോദിച്ചാലും തർക്കിക്കാൻ ഒന്നും നിൽക്കാതെ അത് അങ്ങ് സമ്മതിച്ചു കൊടുക്കും. അത് പോലെ മീനിന്റെ എണ്ണം അനുസരിച്ച് ഹാഫ് പ്ലേറ്റും ഫുൾ പ്ലേറ്റും കണക്കാക്കി പൈന്റ്, ഫുൾ എന്ന പദങ്ങളും ഉപയോഗിക്കാറുണ്ട്.
₹ 900+ ആയിരുന്നു യഥാർത്ഥ ബിൽ. കറക്റ്റ് വില ഓർമയില്ല. ഓരോന്നിന്റെ വിലയും അപ്പോഴത്തെ തിരക്കിൽ ചോദിക്കാനും നിന്നില്ല. പൊന്നാര മീൻ കുറച്ചു ഉള്ളത് കാരണമായിരിക്കാം അതിന്റെ വില എടുത്തില്ല എന്ന് പറഞ്ഞു.
ഇവിടെ എല്ലാം പ്രധാനമായും വിറകു അടുപ്പിലാണ്. പ്രത്യേകിച്ചു മീൻ കറികൾ. മീനു പൊരിക്കുന്നതും വിറകടുപ്പിൽ തന്നെയാണെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ പൊരിക്കാൻ ഗ്യാസും ഉപയോഗിക്കാറുണ്ട്. ഫ്രഷ് മീനിന്റെ രഹസ്യം അറിയണമെങ്കിൽ രാവിലെ ഒരു ഏഴു മണി മുതൽ 11 മണി വരെയുള്ള സമയം. കടയുടെ തൊട്ട് അടുത്തുള്ള ഗോപകുമാർ ചേട്ടന്റെ വീട്ടിൽ പോയാൽ മതി. നല്ല പിടയ്ക്കുന്ന മീനിനെ കാണാം. പല പല കടപ്പുറത്തായി പല ഏജന്റുമാരെ ഏർപ്പെടുത്തിയിട്ടുണ്ട് മീൻ കൊണ്ടു വരാൻ. കടയിൽ നിന്ന് ഇറങ്ങിയാലും 24 മണിക്കൂറും രാജ ആ മനസ്സിൽ ഉണ്ട്.
ഒരു കച്ചവടം എന്ന രീതിയിൽ അല്ല ഗോപകുമാർ ചേട്ടൻ എല്ലാം കാണുന്നത്. കാശില്ലാത്തവർക്കു അത്രയും ദൈന്യത ഉള്ളവർക്ക് വെറുതെയും കൊടുക്കാറുണ്ട്. അഗതി മന്ദിരങ്ങളിലും രാജയുടെ കാരുണ്യത്തിന്റെ കരങ്ങൾ എത്താറുണ്ട്.
ഉച്ചയ്ക്ക് 12 മണി മുതൽ ഊണ് തുടങ്ങും. അതു സാധാരണ ഒരു മൂന്നു മൂന്നര വരെ കാണും. തീരുന്നതു അനുസരിച്ചു. അതിനു ശേഷം രാത്രി 11 മണി വരെ കാണും. പെറോട്ട, ദോശ, ഇടിയപ്പം, പുട്ടു തുടങ്ങി നാടൻ ചിക്കൻ പെരട്ടു, ബീഫ്, താറാവ്, പോത്തു തുടങ്ങിയ വിഭവങ്ങൾ നമ്മൾ ഭക്ഷണ പ്രിയരെയും കാത്തു ഇരിപ്പുണ്ടാവും. ഓണത്തിന് ഒന്നാം ഓണം മുതൽ അഞ്ചു ദിവസം അവധി ആയിരിക്കും എന്നത് ഒഴിച്ചാൽ പ്രത്യേകിച്ചു അങ്ങനെ അവധി ദിവസം ഒന്നും ഇല്ല.
Raja Hotel & Thattukada, SH 1, Vembayam, Kerala 695615. 09446172640, Timings 12 AM to 11 PM, Seating Capacity: 32.