വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).
ഇത്രയടുത്ത് ബീഫിന്റെ ഇങ്ങനെയൊരു രുചി. ഒട്ടും പ്രതീക്ഷിച്ചില്ല, ഞെട്ടിച്ചു കളഞ്ഞു. പേര് കേട്ട ബീഫ് വമ്പന്മാരോടെല്ലാം മുട്ടി നില്ക്കുന്നത്. ഇത് പേയാടുള്ള രജിത ഹോട്ടൽ. പേയാട് നിന്ന് ഒരു കിലോമീറ്റർ വിളപ്പിൽ ശാല പോകുന്ന വഴി ഇടത് വശത്തായി വിജയ് സ്ക്കൂളിന്റെ താഴെ. കുറച്ച് ദൂരം താണ്ടി ബീഫ് പ്രിയർ ഇവിടെ വന്നാലും ഒട്ടും നിരാശപ്പെടില്ല. അത് കട്ടായം.
ഒരു നട്ടുച്ച സമയം, ബീഫിനായിട്ടുള്ള മൂന്നാമത്തെ വരവാണ്. ഭാഗ്യം തുണച്ചു, ഇപ്രാവശ്യം മുൻപത്തെ ബീഫ് പോലെ തീർന്നിട്ടില്ല. നേരെ പോയി ബെഞ്ചിൽ ഉപവിഷ്ടനായി.
ഇലയിൽ ഊണെത്തി. ബീഫ് പറയാൻ മറന്നില്ല. മീനും. അതും കൂടി പറഞ്ഞപ്പോൾ സപ്ലയർ ചേട്ടൻ എന്നെയൊന്ന് നോക്കി. കറികൾ ഓരോന്നും ഒന്നാന്തരം. എന്തൊരു കൈ പുണ്യം. അന്നെന്റെ ദിവസം തന്നെയായിരുന്നു. അടിപൊളി അവിയൽ, വെള്ളരിക്ക കിച്ചടി, വീട്ടിലെ മാങ്ങാ അച്ചാറും. പരിപ്പും സാമ്പാറും ഒന്നും പറയണ്ട, എല്ലാം ഒന്നിനൊന്നു മെച്ചം. പൊരിച്ച മീനും മരിച്ചിനിയും കൂടിയായപ്പോൾ മൃഷ്ടാന്ന ഭോജനം. ആ കഞ്ഞി വെള്ളവും രസവും ഇലയിലെ ആ ഊണും എങ്ങനെ മറക്കും.
എല്ലാം കിടുക്കി. ഇതിലെ താരം ആരാ നമ്മുടെ ബീഫ് തന്നെ. പൊളിച്ചടുക്കി എന്ന് വച്ചാൽ പൊളിച്ചടുക്കി പിമ്പിരിയാക്കി കളഞ്ഞു. ബീഫ് അതും എണ്ണം പറഞ്ഞ ഇത് പോലത്തൊരു ബീഫ് ഞാൻ പേയാട് പ്രതീക്ഷിച്ചില്ല. തകർത്ത് വാരി എടുത്തടിച്ചു കളഞ്ഞു. വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ ചേർന്ന നല്ല തുടു തുടാന്നുള്ള ബീഫ്. നല്ല സ്വയമ്പൻ മുദുലമാർന്ന കഷ്ണങ്ങൾ.
ഓരോ കഷ്ണവും എടുത്ത് വായിൽ വയ്ക്കുമ്പോൾ ഇനിയും താ ഇനിയും താ എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്ന വായിലെ ഉമിനീരുകളുടെ ബഹളം. ബീഫും കൂടി ആയപ്പോൾ എല്ലാം കൂടി ചേരുംപടി ചേർന്ന് ആനന്ദതുന്ദില്ലതനായി ഞാൻ ഇറങ്ങി. വില വിവരം: ഊണ് 40Rs, മീൻ പൊരിച്ചത് : 20 Rs, ബീഫ്: 60 Rs.
വാഴയിലയിൽ നിന്ന് തുടങ്ങിയ രുചി : സെബാസ്റ്റ്യൻ ഫിലിപ്പ് മാമനും ഭാര്യ രാധാമ്മയും കൂടി ചേർന്ന് മകളുടെ പേരായ രജിത എന്ന ഈ രുചിയിടം ഇവിടെ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി.
ഹോട്ടൽ തുടങ്ങുന്നതിന് മുമ്പ് മണക്കാട് ചന്തയിൽ വാഴയില വില്ക്കുകയായിരുന്നു ജോലി. അവിടെ തുടങ്ങുന്നു ഭക്ഷണയിടങ്ങളുമായുള്ള ബന്ധം. സ്വതവേയുള്ള കൈപുണ്യവും രജിത ഹോട്ടൽ തുടങ്ങാനുള്ള മുതൽക്കൂട്ടായി മാറി. ആദ്യം ചായക്കടയായിട്ടായിരുന്നു തുടക്കം. ഊണൊഴിച്ച് പുട്ട് , പപ്പടം, പയർ, ദോശ, പെറോട്ട, ബീഫ് തുടങ്ങിയ ഇറച്ചി വിഭവങ്ങളെല്ലാം ഉണ്ടായിരുന്നു. ഊണ് തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി. ഓണത്തിന് കട ഒന്ന് മിനുക്കി.
രാവിലെ ദോശ, ഇടിയപ്പം, പെറോട്ട, ചിക്കൻ കറി, ബീഫ് റോസ്റ്റ്. ഉച്ചയ്ക്ക്, ഊണ്, മരിച്ചിനി, മീൻ കറി വച്ചതും പൊരിച്ചതും, ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി. ഇവിടുത്തെ ബിരിയാണിയും പൊളി എന്നാണ് അറിഞ്ഞത്. ബിരിയാണിയെല്ലാം 100 രൂപയാണ് വില. കൂടിയ ബസ്മതി അരിയിൽ തയ്യാറാക്കുന്നത്. വൈകുന്നേരം വാഴയ്ക്കപ്പം, പരിപ്പ് വട, ചായ, പിന്നെ പെറോട്ട, ചിക്കൻ ഫ്രൈ.
ബീഫ് സെബാസ്റ്റ്യൻ ചേട്ടന്റെ സ്വന്തം കൈ കൊണ്ട് തന്നെ. ബീഫ് രാവിലെ എട്ടരയ്ക്കേ തയ്യാറാകും ഉച്ചയാകുമ്പോൾ തീരും. ഗ്യാസ് ഉണ്ടെങ്കിലും കൂടുതൽ പാചകവും വിറകടുപ്പിൽ തന്നെ. ബീഫും ഊണും കറികളും എല്ലാം വിറകടുപ്പിൽ ആണ്. ദോശ, പെനേട്ട, ചിക്കൻ ഫ്രൈ, ചുരുങ്ങിയ സന്ദർഭങ്ങളിൽ ബിരിയാണിക്കും ഗ്യാസ് ഉപയോഗിക്കും.
സെബാസ്റ്റ്യൻ മാമനും രാധാമ്മയും അല്ലാതെ മൂന്ന് പണിക്കാർ കൂടി സഹായത്തിനുണ്ട്. വാടകയ്ക്കല്ല എന്നതു കൊണ്ട് കൂടിയാണ് സാധാരണക്കാറന്റെ കീശയിൽ ഒതുങ്ങുന്ന വിലയിൽ ഇത്ര നല്ല വിഭവങ്ങൾ നമുക്ക് ലഭ്യമാകുന്നത്. വൃത്തിയുടെ കാര്യം എടുത്ത് പറയണം. എല്ലാം പക്കാ നീറ്റ് & ക്ലീൻ.
കളർ, അജിനാമോട്ടോ തുടങ്ങിയവയൊക്കെ ഇവിടെ കണ്ടത്തിന് പുറത്ത്. വായ്ക്ക് രുചിയുള്ള മായം ചേരാത്ത സാധാരണക്കാരന്റെ ഭക്ഷണം വേണമെന്നുള്ളവർക്ക് ധൈര്യമായി ഇവിടെ വരാം.
Timings: 5:30 AM to 8:30 PM, Seating Capacity: 16. ഞാറായഴ്ച കട ഉണ്ട്; ഞായറാഴ്ച മാത്രം ഊണ് ഇല്ല, ബാക്കി എല്ലാ പതിവ് വിഭവങ്ങളും ഉണ്ട്. അഡ്രസ്സ് : Rejitha Hotel, Peyad – Vellanad Rd, Peyad.