വിവരണം – വിഷ്ണു എ.എസ്.നായർ.
പൂരിയും മുളക് കറിയും ദാലും കിഴങ്ങു കറിയും പിന്നെ പപ്പടവും ഉൾപ്പെടുന്ന ഒരു കിടുക്കാച്ചി ശാപ്പാടടിക്കണോ.. ?? എങ്കിൽ നേരെ വിട്ടോ തിരുവനന്തപുരത്തെ പവർ ഹൗസ്സ് റോഡിലെ ഹോട്ടൽ സൗരാഷ്ട്രയിലേക്ക്. ഇവിടത്തെക്കുറിച്ചു പറയും മുൻപ് ഈ ഗുജറാത്തിയെങ്ങനെ പദ്മനാഭന്റെ നാട്ടിൽ വന്നതെന്ന് നോക്കാം. ഇന്നത്തെ ഗുജറാത്തിലെ തെക്കൻ പ്രദേശത്തിലെ 217 നാട്ടുരാജ്യങ്ങളും ഗിർ വനവും ഗിർനാർ പർവതപ്രദേശങ്ങളും ഉൾപ്പെടുന്ന നാടായിരുന്നു സൗരാഷ്ട്രാ അഥവാ ‘യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് ഖാതിയവാർ’. സ്വാതന്ത്രാനന്തരം രൂപം കൊണ്ട ഈ ഉപദ്വീപിയ രാജ്യത്തിന്റെ ആസ്ഥാനം രാജ്‌കോട്ടായിരുന്നു.
1956 ൽ ഇന്ത്യയുടെ ബിസ്മാർക്കായ ശ്രീ.സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃതത്തിൽ സംസ്ഥാന രൂപീകരണം ആരംഭിച്ചപ്പോൾ സൗരാഷ്ട്രയെ ബോംബെയുടെ കൂടെ കൂട്ടിച്ചേർത്തു. എന്നാൽ 1960ൽ ബോംബെ ഭാഷാ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയപ്പോൾ സൗരാഷ്ട്ര ഗുജറാത്തിനോട് ചേർക്കപ്പെട്ടു, അതിന്നും അങ്ങനെതന്നെ നിലനിൽക്കുന്നു. അങ്ങനെയുള്ള ചില സൗരാഷ്ട്രാ മാർവാടികൾ 1956ന് മുൻപ് കേരളത്തിലും കച്ചവടം ചെയ്തു ജീവിച്ചുപോന്നിരുന്നു. എന്നാൽ 1958ൽ ശ്രീ. ഇ. എം.എസ്സിന്റെ നേതൃത്വത്തിൽ ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നതിനു ശേഷം ഭൂപരിഷ്കരണ നിയമവും കൂടെ മണ്ണിന്റെ മക്കൾ എന്ന വാദവും ശക്തമായി ഉയർത്തെഴുന്നേറ്റു. ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട സംസ്ഥാനങ്ങളുടെ ജോലികളും മറ്റ് പദവികളും തദ്ദേശിയർക്കായി വിട്ടുകൊടുക്കണം എന്നതാണ് മണ്ണിന്റെ മക്കൾ വാദത്തിന്റെ അന്തസത്ത.
തൽഫലമായി തിരുവനന്തപുരത്തു പ്രവർത്തിച്ചിരുന്ന അല്ലെങ്കിൽ കച്ചവടം ചെയ്തിരുന്ന പല സൗരാഷ്ട്രക്കാരും കിടക്കയും പ്രമാണവുമായി സ്ഥലം വിടേണ്ട അവസ്ഥ വന്നു. അത്തരമൊരു സാഹചര്യത്തിൽ ശ്രീ. റാംജി ലാൽ സേട് എന്ന ഗുജറാത്തിയുടെ പക്കൽ നിന്നും ശ്രീ.വീരാ റെഡ്ഢിയാർ 1963ൽ ഏറ്റെടുത്തതാണ് നാമിന്ന് കാണുന്ന സൗരാഷ്ട്രാ ഹോട്ടൽ. ഇന്നതിന്റെ സാരഥി വീരാ റെഡ്ഢിയാരുടെ മകൻ ശ്രീ. പാർത്ഥസാരഥി റെഡ്ഢിയാരാണ്. തകരപ്പറമ്പ് ഫ്ലൈഓവറിന് കീഴെയുള്ള പാർത്ഥാസിന് സമീപമാണ് ഹോട്ടൽ സൗരാഷ്ട്രയുടെ സ്ഥാനം. ഫ്ലൈഓവറിന് താഴെ ട്രാഫിക് പൊലീസിന് രണ്ടു രൂപ കൊടുത്തു വണ്ടി പാർക്ക് ചെയ്തിട്ട് ഇടവഴിക്കുള്ളിലെ ഈ രുചിവഴി തേടിപോണം.
വൈകിട്ട് മൂന്നരയോടെ പ്രവർത്തനമാരംഭിച്ച് രാത്രി ഒമ്പതര-പത്തരയോടെ മംഗളം പാടി അവസാനിപ്പിക്കുന്ന ചെറിയൊരു ഹോട്ടലാണിത്. ഉദ്ദേശം ഇരുപത് പേർക്ക് ഒരേസമയം ഇരിക്കാമെന്ന് തോന്നുന്നു. ഇടുങ്ങിയ ചുറ്റുപാടാണ് അതിനാൽ കൂടുതൽ ആമ്പിയൻസ് പ്രതീക്ഷിക്കണ്ട. ഇവിടുത്തെ ഹൈലൈറ്റെന്നത് നല്ല രസ്യൻ പൂരിയും കറികളുമാണ്. നല്ല മൊരിഞ്ഞു നിവർന്ന ചൂട് പൂരിയുടെ കൂടെ മുളക് കറിയും, ദാൽ കറിയും, ഉരുളക്കിഴങ്ങ് കറിയും പുളിപ്പുള്ള നെല്ലിക്കാ അച്ചാറും പപ്പടവും പിന്നെ കുനുകുനാ അരിഞ്ഞിട്ട ഒരു ലോഡ് സവാളയും. പപ്പടം പൊട്ടിക്കും പോലെ പൂരി മുറിച്ചെടുത്ത് അകത്ത് കുറച്ച് സവാള വയ്ക്കുക. ശേഷം അതിനെ ഏതേലും ഒരു കറിയിൽ മുക്കി ചവച്ചു കഴിക്കണം. ആ അച്ചാറിന്റെ പുളിയും സവാളയും കറിയും എല്ലാംകൂടെയാകുമ്പോൾ കിടുക്കാച്ചിയേ.
ഇടയ്ക്കിടയ്ക്ക് പപ്പടം പൊട്ടിച്ച് കഴിക്കണം.. അടുത്ത തവണ അടുത്ത കറി… സവാള-അച്ചാർ നോ change…. ഏറ്റവും അവസാനം മസാല ചായ… ഏലയ്‌ക്കയ്യൊക്കെയിട്ട ജലാംശം കൂടുതലുള്ള ചായ… കുറിക്ക് വച്ച മധുരം.. അടിപൊളി അനുഭവം… ഒരൊറ്റ അഭിപ്രായം മാത്രം കറികളിലെ ജലത്തിന്റെ അസാമാന്യമായ പ്രഭാവം അതൊരു പ്രശ്നമാണ്.. എന്നിരുന്നാലും രുചിയുടെ കാര്യത്തിൽ എനിക്കിഷ്ടപ്പെട്ടു…
വിലവിവരം – ഒരു സെറ്റ് പൂരി & കറികൾ(3 പൂരി) :- ₹.50/- എസ്ട്രാ പൂരി :- ₹.15/- മസാല ചായ :- ₹.10/- . പാർക്കിങ് സ്ഥലം കുറവാണ്. ഫ്ലൈഓവറിന് താഴെ വണ്ടി വച്ചിട്ട് പോകേണ്ടി വരും. ലൊക്കേഷൻ :- Gujarati Saurashtra Hotel Power House Rd, East Fort, Chalai Bazaar, Chalai, Thiruvananthapuram, Kerala 695036 https://maps.app.goo.gl/1KN93.