വിവരണം – വിഷ്‌ണു എ.എസ്.നായർ.
തിരുവനന്തപുരം നഗരത്തിനൊരു പ്രത്യേകതയുണ്ട്. ഉഴുതുമറിച്ചിട്ടിട്ട മണ്ണിൽ പെയ്തൊഴിഞ്ഞ പുതുമഴയ്ക്ക് ശേഷമെന്ന പോലെ അവൻ എല്ലാരേയും സ്വീകരിക്കും, എന്നാൽ ആൾക്കിഷ്ടപ്പെട്ടവയെ മാത്രമേ അവൻ നിലനിർത്തൂ, പിന്നീട് വളർത്തൂ.. വളർന്നാൽ പിന്നെ അത് ഒന്നൊന്നര വളർച്ചയുമായിരിക്കും.
അതിപ്പോൾ മാനായാലും മരമായാലും മനുഷ്യനായാലും. അതാണീ പത്മനാഭന്റെ മണ്ണ്.
അങ്ങനെയുള്ള നമ്മുടെ മുന്നിൽ അരനൂറ്റാണ്ട് കാലം പലരുടെയും വിശപ്പ് മാറ്റിയ ചരിത്രം പറയുകയാണ് വഴയിലയിലെ അമ്മച്ചിയുടെ കട. ശെരിയാണ്, അധികമാർക്കും ഈ കടയെക്കുറിച്ചറിയാൻ ഇടയില്ല. സിനിമാ നടന്മാരുടെയും തലത്തൊട്ടപ്പന്മാരുടെയും മേലങ്കിയിൽ വളർന്ന സിറ്റിയിലെ കടകൾ നമ്മുടെ നാവിൽ കപ്പലോട്ടം നടത്തുമ്പോൾ ഈ പാവം മാധവിയമ്മയുടെ കട പിൻതാളുകളിലേക്ക് മറയപ്പെടും. തികച്ചും സ്വാഭാവികം…
പേരൂർക്കടയിൽ നിന്നും വഴയില പോകുന്ന വഴിക്ക് സെന്റ്. ജൂഡ് പള്ളിയെത്തുന്നതിനു ഒരമ്പത് മീറ്റർ പുറകിലായാണ് ഇടതു വശം ചേർന്നു ഒരു കുഴിയിൽ ഹോട്ടൽ ശിവാസ് എന്ന സ്ഥാപനം. അഞ്ചു ദശാബ്ദക്കാലം മുൻപ് സദാശിവൻ അപ്പൂപ്പനും മാധാവിയമ്മൂമ്മയും ചേർന്നു ഇന്നത്തെ ഹോട്ടൽ ശിവാസിന് എതിരെയുള്ള ആലിനോട് ചേർന്ന് ഒരു മാടം അടിച്ചു കൂട്ടി തുടങ്ങിയ ഒരു ഭക്ഷണശാലയാണ്. ഇപ്പോഴത്തെ പുതിയ സ്ഥാനത്ത് വന്നിട്ട് മുപ്പത്തഞ്ചു വർഷങ്ങൾക്ക് മേലെയാകും. വഴയിലയിലെ അമ്മച്ചീടെ കടയെന്നു പറഞ്ഞാൽ അന്നും ഇന്നും അറിയുന്ന കുറേപേർ കാണും…
മുപ്പതു വർഷം മുമ്പ് അനാരോഗ്യം കാരണം മാധവിയമ്മ തന്റെ കൈപുണ്യത്തിന്റെ താക്കോൽ മകൾ കുമാരിയെ ഏൽപ്പിച്ച് അടുക്കളയിൽ നിന്നും കാഷ്യർ സ്ഥാനത്തേക്ക് ജോലികയറ്റം നൽകപ്പെട്ടു. ചെറുമക്കളായ ശിവകുമാറും ശിവപ്രസാദും ഹോട്ടൽ പ്രവർത്തികളിൽ വ്യാപൃതനായ ശേഷം ഹോട്ടലിന് “ശിവാസ്” എന്ന പേരും ചാർത്തി നൽകി…
അങ്ങനെ ഒരൂണ് സമയം ഞാനും ഹോട്ടൽ ശിവാസിലേക്ക് എത്തിച്ചേർന്നു. സത്യത്തിൽ മൂന്നു മുറിയും അടുക്കളയും വരാന്തയും ചേർന്നൊരു പഴയ വീടാണ് ഇന്നത്തെ ശിവാസായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്…
ചെന്നു കയറിയപ്പോൾ കണ്ടത് സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഒരു അമ്മൂമ്മ തന്റെ മുറുക്കാനുള്ള അടയ്ക്ക നുറുക്കുന്നതാണ്. പിന്നീടാണ് മനസ്സിലായത് അതായിരുന്നു മാധവി മുത്തശ്ശിയെന്ന്. അകത്തെ മുറിയിലിരുന്നു കാലബോധത്തോടെ ഒരൂണ് പറഞ്ഞു. കൂടെ ഭംഗിക്ക് ബീഫ് റോസ്റ്റും അയല മീൻ പൊരിച്ചതും.
ആവശ്യകത അറിയിച്ചതോടെ മുന്നിലൊരു വാഴയില പ്രത്യക്ഷമായി. അതിൽ നെല്ലിക്കാ അച്ചാറും ബീറ്റ്റൂട്ട് പച്ചടിയും ഒടച്ചുകറിയും തോരനും പപ്പടവും പിന്നാലെ ആവി പറക്കുന്ന വടിയരി ചോറുമെത്തി. മുന്നിലെ തൂക്കിൽ കറികളുണ്ട്. പരിപ്പും സാമ്പാറും മോരും. എല്ലാത്തിലും ജലാംശം ശരാശരിയിൽ കൂടുതലുണ്ടെങ്കിലും പരിപ്പ് രുചിയുടെ കാര്യത്തിൽ മുന്നിട്ട് നിന്നു. സാമ്പാർ ചെറിയ തോതിൽ തോൽവിയായിരുന്നു.
മുന്നിലെ ചോറിൽ കിണർ കുത്തി പരിപ്പൊഴിച്ചു പപ്പടവും ചേർത്തു പരുവം പറ്റിച്ചു നിന്നപ്പോൾ അതാ വരുന്നു ബീഫ് റോസ്റ്റ്. ഇതിലും നല്ല ബീഫ് റോസ്റ് ഞാൻ കഴിച്ചിട്ടുണ്ട് എന്നത് പരമാർത്ഥം, എന്നിരുന്നാലും തിരുവനന്തപുരത്തു കിട്ടാവുന്ന ഏറ്റവും മികച്ച ഹോംലി ബീഫ് റോസ്റ്റാണിതെന്നു ഞാൻ പറയും(എതിരഭിപ്രായം ഉണ്ടാകാം). വേറൊന്നും കൊണ്ടല്ല ഇവിടുത്തെ ബീഫ് റോസ്റ്റിൽ കുറച്ചു വാത്സല്യവും സ്നേഹവും കൂടി ചേർത്താൽ എന്റെ അമ്മ ഉണ്ടാക്കുന്ന ബീഫ് കറി പോലിരിക്കും. വെന്തു നല്ല വെണ്ണപോലെ പാകപ്പെട്ട ബീഫ് കഷ്ണങ്ങൾ. ഒരു കഷ്ണം പോലും എന്റെ ഭാഗ്യത്തിന് പല്ലിന്റിടയിൽ കയറാൻ തക്ക വണ്ണം ഉണ്ടായില്ല. നല്ല എരിവുള്ള അരപ്പ്. വീട്ടിലുണ്ടാക്കുന്നത് പോലെ മല്ലിയില തണ്ടും കറിവേപ്പിലയും തങ്ങളുടെ സാന്നിധ്യമറിയിച്ചു.
നേരത്തെ പാകപ്പെടുത്തി വച്ചിരുന്ന ചോറിൽ ബീഫും ചേർത്തൊരു പിടി പിടിച്ചു. കിടുക്കാച്ചിയെന്നു പറഞ്ഞാൽ പോരാ ഡബിൾ കിടുക്കാച്ചി. എരിവ് മണ്ടയിൽ കയറും മുമ്പേ വെള്ളം കുടിക്കാനായി ജാറിലെ വെള്ളം നോക്കിയപ്പോൾ നല്ല തെളിഞ്ഞ ചൂട് കഞ്ഞിവെള്ളം. കൂടെതന്ന അയല പൊരിച്ചതും സൂപ്പറായിരുന്നു. പക്ഷെ കൊഴുത്ത ബീഫിങ്ങനെ മുന്നിലിരിക്കുമ്പോഴെന്റെ സാറേ, ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ല…
വീട്ടിലിരുന്ന് കഴിക്കുന്ന ആമ്പിയൻസ് – ഇലയിലെ ഊണ് – പരിപ്പ് – ഹോംലി ബീഫ് – കഞ്ഞിവെള്ളം… ഒന്നും പറയാനില്ല. വയറിനെക്കാൾ മനസ്സു നിറച്ച അപൂർവ്വം ഹോട്ടലുകളിലൊന്ന്…
ഉച്ച സമയമായതിനാൽ വലിയ താമസമില്ലാതെ ഇരിപ്പിടങ്ങളെല്ലാം ആവശ്യക്കാർ കയ്യേറി. ഞാൻ ഇരുന്ന അരമണിക്കൂർ സമയം കൊണ്ട് മാത്രം ഏതാണ്ട് 30-35 ഊണിനു മേലെ പാർസൽ പോയി. സ്ഥിരം ആൾക്കാർ ധാരാളമുള്ള കടയാണിതെന്നു അറിയാൻ കഴിഞ്ഞു. വയറും മനസ്സും നിറഞ്ഞ ഭക്ഷണത്തിന് ശേഷം അടുക്കള കാണണമെന്ന എന്റെ മോഹത്തിന് അവിടെ ഓടി നടന്ന ശിവപ്രസാദ് ചേട്ടൻ നിവർത്തിയുണ്ടാക്കി.
ഒരു സാദാ നാട്ടിൻപുറത്തെ വീടിന്റെ അടുക്കള അവിടെ ഹിസ് ഹൈനസ് കുമാരിയമ്മയും മകൻ ശിവകുമാർ ചേട്ടനും കയ്യൊഴിവില്ലാതെ പാർസൽ കെട്ടുന്നതിന്റെയും തീർന്ന വിഭവങ്ങൾ നിറയ്ക്കുന്നതിന്റെയും തിരക്കിലാണ്. ഒരു പടമെടുത്തോട്ടെ എന്ന ചോദ്യത്തിന് പുതുപെണ്ണിന്റെ നാണത്തോടെ കുമാരിയമ്മ നമ്രശിരസ്‌കയായി നിന്നു.
വിലവിവരം : ഊണ് – Rs.50, ബീഫ് റോസ്റ്റ് – Rs. 70, അയല പൊരിച്ചത് – Rs.40. കാശുകൊടുത്ത് ഇറങ്ങാൻ നേരത്ത് ഇതിന്റെ തുടക്കകാരിയായ മാധവി മുത്തശ്ശിയുടെ ഫോട്ടോയെടുക്കണമെന്നു ആഗ്രഹമുണ്ടായെങ്കിലും നാട്ടുകാരുടെ മുന്നിൽ വച്ച് അമ്മച്ചി വല്ല “വീണത്തരവും” വിളിച്ചു പറഞ്ഞാലോ എന്ന് ശങ്കിച്ച് അമ്മച്ചിയുടെ രണ്ടു candid ചിത്രങ്ങളെടുത്ത് ഞാൻ വീണ്ടും മാതൃകയായി.
ഹോംലി മീൽസ് എവിടെ കിട്ടും എന്നന്വേഷിക്കുന്നവർ വഴയില വഴി പോവുകയാണെങ്കിൽ അമ്മച്ചിയുടെ കട നിങ്ങളെ നിരാശപ്പെടുത്തില്ല, അതു ഡെഫിനിറ്റാ..
ലൊക്കേഷൻ :- Hotel siva’s, Vazhayila – Kallayam Road, Winners Nagar, Peroorkada, Thiruvananthapuram, Kerala 695005, Ph : 90200 22366. Map : https://g.co/kgs/1qreY9.