മിക്കയാളുകളും വിദേശത്തേക്ക് ഒരു ജോലി തേടി പോകുന്നത് ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് ഒരറുതി വരുത്തുവാനും സ്വപ്നങ്ങൾക്ക് നിറംപിടിപ്പിക്കുവാനുമാണ്. ഈ സ്വപ്നം എന്നു പറയുമ്പോൾ അതിൽ പ്രധാനമായി നിൽക്കുന്നത് സ്വന്തമായി ഒരു നല്ല വീട് എന്നതാണ്. എന്താ ശരിയല്ലേ? വിദേശത്തു പോയി സമ്പാദിച്ചിട്ടല്ലേ ഓരോ സാധാരണക്കാരായ പ്രവാസികളും തങ്ങളുടെ കുടുംബം കെട്ടിപ്പടുത്തുയർത്തുന്നത്. അത്തരത്തിൽ തൻ്റെ സ്വപ്നം സാക്ഷാത്കരിച്ച കഥ ഒരു കുറിപ്പായി ഫേസ്‌ബുക്കിൽ രേഖപ്പെടുത്തിയിരിക്കുകയാണ് തൃശ്ശൂർ സ്വദേശിയും പ്രവാസിയുമായ റാഫിൻ പോൾ. ഇദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകൾ വായിച്ചാൽ ഏതൊരു പ്രവാസിയ്ക്കും തങ്ങളുടെ കഴിഞ്ഞകാലത്തെ ഓർമ്മകൾ മനസ്സിൽ വരുമെന്നുറപ്പാണ്. എന്താണ് റാഫിൻ്റെ കുറിപ്പിൽ അടങ്ങിയിരിക്കുന്നത്? നമുക്കൊന്നു വായിച്ചു നോക്കാം.
“ഇത് എന്റെ കഥയാണ്. എത്ര പേർ മുഴുവൻ വായിക്കുമെന്നൊന്നും അറിയില്ല… ഞാൻ കണ്ട 1000 സ്വപ്നങ്ങളിൽ ഒന്നിന്റെ പൂർണതയിൽ എത്തിയ ഒരു പോരാട്ടം. തികച്ചും ദൈവ കൃപ എന്ന് മാത്രം പറയട്ടെ. എന്റെ കഥ എന്ന് പറഞ്ഞു സ്വയം അഹങ്കരിക്കാനുമല്ല. ഇതിലും താഴെതട്ടിലുള്ള ആളുകളും ഉണ്ടെന്നും അറിയാം. എനിക്ക് ഇത് എഴുതാൻ പ്രചോദനമായത് ഇത് പോലെ ഒരു പ്രവാസി എഴുതിയതിൽ നിന്നാണ്. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത എന്നെ അറിയാത്ത ഒരു സുഹൃത്. അദ്ദേഹത്തിന്റെ പേര് സന്ദീപ് എന്നാണ്.. സുഹൃത്തേ ആദ്യമേ താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി…!! ഞാൻ തുടങ്ങട്ടെ..
സ്വപ്നം എന്ന് പറഞ്ഞത് സ്വഭവനം തന്നെ ആയിരുന്നു. ആ സ്വപ്നത്തിലേക്കുള്ള പടവുകൾ കയറാൻ എന്റെ കൂടെ നിന്ന് കൈപിടിച്ചവർ, എനിക്ക് തുണയായവർ, കരുതൽ നൽകിയവർ, ഉപദേശങ്ങൾ നൽകിയവർ, ഒരുപാട് പേർ.. എല്ലാറ്റിനുമുപരി സർവശക്തനായ ദൈവത്തിനും എല്ലാവര്ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിക്കുന്നു. താമസിച്ചിരുന്ന വീടിന്റെ ജീർണ്ണിച്ച അവസ്ഥ പലപ്പോഴും ഭീതി സമ്മാനിക്കുന്നതായിരുന്നെങ്കിലും ദൈവ കടാക്ഷം കൊണ്ട് എല്ലാ കാലവർഷത്തെയും അതിജീവിച്ചു പോന്നു.
നാട്ടിൽ മാത്രം നിന്ന് കൊണ്ട് ഒരു പുതിയ ഭവനം അപ്രാപ്യമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. പക്ഷെ ചില അപരിചിതർ പരിചിതരായാൽ രക്തബന്ധത്തിനേക്കാൾ മുകളിലാണെന്നു തെളിയിക്കുന്നതിനു തുല്യമായിരുന്നു അപ്രതീക്ഷിതമായി വന്ന വിദേശ ജോലി വാഗ്ദാനം. അതിനു കാരണമായത് എന്റെ പ്രിയ സുഹൃത് Joshy Antony. എനിക്കും വീട് എന്ന സ്വപ്നം കാണാൻ അവസരം തന്ന എന്റെ ജീവിതത്തിലെ ആദ്യ മാലാഖ. അദ്ദേഹത്തിന്റെ പിതാവ് ആയിരുന്നു എനിക്ക് അതിനു അവസരമൊരുക്കിയത്. അന്യ രാജ്യത്തെ ആഗമന കാലത്തെ ആദ്യ കാലങ്ങളിൽ അദ്ദേഹം തന്നെ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്.. കാരണം വിദേശ ജോലി തന്നെയായിരുന്നു വീട് എന്ന സ്വപ്നത്തിന് ഏക ആശ്രയം..
അങ്ങനെ 09-11-2009 ൽ 21 വയസ്സിലാണ് ഞാൻ UAE യിൽ വരുന്നത് . ആദ്യമായി സ്വന്തം രാജ്യം വിട്ടു മറ്റൊരു രാജ്യത്ത്. നാട്ടിൽ പഠിച്ച പണി തന്നെ…ഫോട്ടോഗ്രാഫർ ആൻഡ് ഗ്രാഫിക് ഡിസൈനർ… ശമ്പളം 1500 AED, ഓവർ ടൈം ഇല്ല, Food and accomodation എല്ലാം കഴിച്ചു ചേര്ത്ത് വീട്ടില് ഒരു മാസ്സം 10000 രൂപ അയക്കാന് കഴിഞ്ഞാല് ഭാഗ്യം. എല്ലാ പ്രവാസിയെ പോലെ തന്നെ ഞാനും സ്വപ്നങ്ങൾക്ക് ചിറകു വിരിയിക്കാനും പ്രാരാബ്ധങ്ങളുടെ പിടിമുറുക്കങ്ങൾ അയക്കാനും തന്നെയാണ് വണ്ടി കയറിയത്. 21 വർഷത്തിൽ കാണാത്ത അപരിചിതരായ മുഖങ്ങൾ..പല രാജ്യക്കാർ..വന്ന അന്ന് തന്നെ തിരികെ ജന്മ നാട്ടിലേക്ക് തിരികെ വരാൻ വെമ്പൽ കൊണ്ടിരുന്ന മനസ്സ്..എന്നാലും മുന്നിലെ സ്വപ്നങ്ങൾ പാതിവഴിയിൽ ഉടയാതിരിക്കാൻ എന്നിലെ ദുഃഖങ്ങളെ എന്നാൽ തന്നെ കടിഞ്ഞാൺ ഇട്ടു.
വീട് വെക്കണം… പിന്നെ വിദേശത്തേക്കു കയറാൻ ചെലവായ കടം വീട്ടണം.. രണ്ട് കൊല്ലം കഴിയുമ്പോള് നിര്ത്തി പോകണം. പലരും പറയുന്നത് കേട്ടിടുണ്ട് പത്തു ഇരുപതു കൊല്ലം മരുഭൂമിയില് കിടന്നു കഷ്ട്ടപെട്ടു ഒരു വീടുപോലും ഉണ്ടാക്കാൻ കഴിഞ്ഞില്ല, ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല എന്നൊക്കെ. അതുകൊണ്ട് ഞാന് വന്നപ്പോൾ തന്നെ മനസ്സില് കുറിച്ചു അത്തരം ഒരു വാക്ക് ഞാന് പറയില്ല എന്ന്. അങ്ങനെ ജോലിയില് പ്രവേശിച്ചു ആദ്യം കടം എല്ലാം വീട്ടി. അതിനെടുത്തത് 2-3 കൊല്ലവും. അതിനു ശേഷം നാട്ടിൽ പോകാനുള്ള ചിന്തകൾ കൂടുകൂട്ടി തുടങ്ങിയിരുന്നു. വന്ന അന്ന് മുതൽ തന്നെ നാട്ടിൽ പോകാൻ ചിന്തിച്ചിരുന്നു എന്നത് പരമ സത്യം.
അങ്ങനെ മൂന്നര കൊല്ലം ആയപ്പോൾ കമ്പനി ചിലവിൽ ടിക്കറ്റ് + ലീവ് സാലറി വാങ്ങി നാട്ടില് പോയി 2 മാസം തകർത്താടി. കട്ടൻ കുടിക്കുന്ന ഫ്രണ്ട്സ് കുറവായതിനാൽ അധിക ചിലവൊന്നും നാട്ടിൽ ഉണ്ടായില്ല. അങ്ങനെ രണ്ടാം വെക്കേഷന് സമയം ആയി. 2015 ലായിരുന്നു അടുത്ത ഇന്ത്യ സന്ദർശനം. ആ വെക്കേഷനിൽ ഒരു ആശാരിയെ വിളിച്ചു സ്ഥലം നോക്കി കുറ്റി അടിച്ചു. പിന്നെ വീടിന്റെ തറ പണിയും കഴിച്ചു പോന്നു. മുന്പരിചയമില്ലാത്തത് കൊണ്ടോ എന്തോ വീട് പണിയേ കുറിച്ചു ഒരു മണ്ണാംകട്ടയും അറിയില്ല. ഏത് പ്ലാൻ വേണം എന്ന് പോലും അറിയാത്ത ഒരു അൽ കുൽത് ജന്മം(ഞാൻ തന്നെ). പക്ഷെ അവിടെയും ദൈവം എനിക്ക് ഒരു വഴികാട്ടിയെ നിയോഗിച്ചു. ജോയ് എന്ന എന്റെ സുഹൃത്തിന്റെ രൂപത്തിൽ.
തുടക്കം മുതൽ എന്റെ ഭവന നിർമാണത്തിന് ചുക്കാൻ പിടിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ജോയേട്ടൻ.! പിന്നീട് എന്നേക്കാൾ ധൃതിയും ലക്ഷ്യബോധവും അദ്ദേഹത്തിനായിരുന്നു.. വീട് പണി തറയിൽ നിന്നും പൊങ്ങാൻ അല്പം സമയമെടുത്തു. ഒരു സാധാരണ ഗൾഫുകാരന്റെ വീട് പണിയിൽ തറപണി മാത്രമാണ് റെഡി ക്യാഷിൽ ചെയ്യാൻ പറ്റുകയുള്ളൂ എന്ന് കൽപ്പണിക്കാർ തന്നെ പറഞ്ഞിരുന്നു. അത് അതെ പടി സംഭവിച്ചു. എന്നാലും ഒരു 6 മാസത്തിനു ശേഷം പണി തുടങ്ങി. Structure വർക്ക് വരെ കഴിഞ്ഞു. അതിനിടയിൽ ശമ്പളവും അല്പം കൂടിയിരുന്നു.. പിന്നെ ലീവിന് വരവ് വർഷത്തിൽ ആയി. മുന്നോട്ടുള്ള യാത്രക്ക് ബാങ്ക് ലോൺ ആശ്രയിക്കേണ്ടി വന്നു.
അങ്ങനെ 2016 ഡിസംബറിൽ എന്റെ മൂന്നാമത്തെ ഇന്ത്യ സന്ദർശനം. ഒരു മാസത്തെ അവധി. അതിൽ ലോണിന് വേണ്ടി ഓടി ദിവസങ്ങളും പോയി. SBT യിൽ തലവെച്ചു. അങ്ങനെ ഡോക്യൂമെന്റസ് എല്ലാം ഒപ്പിച്ചു കൊടുത്തു നോം തിരിച്ചു പോന്നു. ലോൺ ദിപ്പോ കിട്ടും എന്ന വിശ്വാസത്തിൽ UAE യിലെത്തി ജോലിയിൽ പ്രവേശിച്ചു. പിന്നീടാണ് SBT ക്കു SBI യുമായി പ്രണയത്തിലായി ലിങ്ക് ആകാൻ തോന്നിയത്. അത് ഇടിവെട്ടിയവന് കിട്ടിയ പാമ്പ് കടിയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. അങ്ങനെ ലോൺ ദിപ്പോ കിട്ടുമെന്ന് പറഞ്ഞു മോഹിപ്പിച്ച മാനേജർ സ്ഥലം മാറിപ്പോയി. എന്നിട്ടും ലോൺ മാത്രം കിട്ടിയില്ല. അങ്ങനെ ഒരു വർഷത്തിന് ശേഷം പുതിയ മാനേജരുടെ ഉറപ്പിൽ വീണ്ടും ഈ ഡോക്യൂമെന്റസ് ശേഖരിച്ചു കൊടുത്തു.
അങ്ങനെ അടുത്ത അവധി 2017 ൽ എടുത്തു. ലക്ഷ്യം ലോൺ മാത്രം. ദൈവാനുഗ്രം എന്ന് പറയട്ടെ ആ മാനേജരുടെ വാക്കുപോലെ 15 ദിവസത്തിനുള്ളിൽ ലോൺ റെഡി ആയി. ഞാൻ എന്റെ അവധി കഴിഞ്ഞു തിരിച്ചും പോന്നു. എന്നാൽ പൈസ കിട്ടിയപ്പോൾ പണികളും തകൃതിയായി തന്നെ നടന്നു. അതിനു മേൽനോട്ടം വഹിച്ച പ്രിയപ്പെട്ട എന്റെ സഹോദരനാണ് താരം. അദ്ദേഹത്തിന്റെ കൃത്യമായ ഊർജ സ്വലതയും ചടുലതയും പണിയെ മനോഹരമാക്കി.
അങ്ങനെ 2018 ഡിസംബർ എന്റെ അഞ്ചാമത്തെ അവധിക്കു വഴി വെച്ചു. അതെ ഈ പോക്കിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. ഗൃഹ പ്രവേശം…!! ദൈവാനുഗ്രഹം എന്ന് പറയട്ടെ. അങ്ങനെ 2019 ജനുവരി അഞ്ചിന് പൂർവികരുടെ അനുഗ്രഹം കൊണ്ടും, പ്രാർത്ഥന കൊണ്ടും ഞങ്ങളുടെ സ്വപ്നം കൊണ്ടു നെയ്ത എന്റെ പുതിയ ഗൃഹത്തിൽ എന്റെയും കുടുംബത്തിന്റെയും കാൽ പാടുകൾ പതിഞ്ഞു തുടങ്ങി….!! മാതാപിതാക്കളുടെ മുഖത്തു അന്നേരം കാണുന്ന ആ പുഞ്ചിരി കലർന്ന കണ്ണീരു മതി എനിക്കും എന്റെ അനുജനും ഈ ജീവിതം മുഴുവൻ ദീർഘ നിശ്വാസം വിട്ടു പുഞ്ചിരിക്കാൻ. ഒരുപാട് കാത്തിരുന്ന ആ പുഞ്ചിരികൾ..! ഞാന് ഗൾഫിൽ വരുമ്പോള് ഉള്ള എന്റെ വീടാണ് താഴെ കാണുന്ന ഒന്നാമത്തെ വീട്, രണ്ടാമത് ഉള്ളത് പുതിയ വീട് !!
ഇപ്പോള് UAE വന്നിട്ട് മൊത്തം 9 കൊല്ലം ആയി. ഒരു മുക്കുവന്റെ ഏറ്റവും വലിയ സ്വപ്നം നല്ല ഒരു വള്ളവും വലയുമാണ്. അത് രണ്ടും കിട്ടിയാൽ അവൻ തൃപ്തൻ ആയി.. അത് പോലെ ആണ് ഞാനും. ഒരു വീടും കടക്കാർ വന്നു വാതിലിനു മുട്ടാത്ത ഒരു ജീവിതവും, രണ്ടും ആയി സന്തോഷം..!! അപ്പോള് നിശ്ചയ ധാര്ഢൃഠവും ദൈവത്തിന്റെ അനുഗ്രഹവും വീടുകാരുടെ സഹകരണവും ഉണ്ട് എങ്കിൽ നമ്മൾ ആഹ്രഹിച്ചത് നടക്കും നമ്മൾ ഒന്ന് പരിശ്രമിച്ചാൽ മാത്രം മതി ..!!
പിന്നെ ചില നല്ല സൗഹൃദങ്ങൾ എന്നും ഒരു മുതൽകൂട്ടാണ്.. വിദേശത്തു എന്റെ റൂമിൽ സഹവാസികൾ ആയി കിട്ടിയ ചില സൗഹൃദങ്ങൾ. ആപത്തിൽ സഹായിക്കാനും ചോദിച്ചാൽ ചങ്ക് പറിച്ചു തരുന്ന, പുറകിൽ നിന്നും കുത്താത്ത എന്റെ പ്രിയപ്പെട്ട ചങ്ക് സുരേന്ദ്രൻ ബ്രോ. പ്രവാസ നാളുകളിൽ തുടക്കം മുതൽ വിശ്വാസം അർപ്പിച്ച എന്റെ സുഹൃത്ത്. പിന്നീട് കുറച്ചു ഇടവേളക്ക് ശേഷം റൂമിൽ ഞങ്ങളുടെ സഹവാസികളായി വന്ന സജീവ് ഏട്ടൻ , പ്രമോദ് ഏട്ടൻ, അജയൻ ചേട്ടൻ, ഉസ്മാൻ ഇക്ക, പിന്നെ സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ കരുതലേകിയ ശ്രീ സജീവ് ചേട്ടൻ. ഈ അന്യ രാജ്യത്ത് എന്റെ ബലവും അവർ ഒക്കെ തന്നെ ആയിരുന്നു..
പിന്നെ സമ്മർദ്ദം അടിച്ചേൽപ്പിക്കാത്ത, സ്വതന്ത്രനായി ജോലി ചെയ്യാൻ വിടുന്ന എന്റെ സ്റ്റുഡിയോ മുതലാളി ഷമീർക്ക.! പിന്നെ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കിട്ടുന്ന സാലറിക്കു എന്തോ ഒരു ബർകത്ത് ഉള്ളത് കൊണ്ടാണ് എല്ലാം സാധിച്ചത്. അല്ലെങ്കിൽ ആ പൈസ മുഴുവന് ഒരു ഉപകാരത്തില് പോലും എത്താതെ വെള്ളത്തില് വരച്ച വരെ പോലെ ആയി പോയെനേ !! ജോലിയുടെ കാര്യത്തിൽ എനിക്ക് നന്ദി പറയേണ്ടത് സ്വന്തമായി ഒരു പ്രൊഫഷൻ സായത്തമാക്കാൻ എന്നെ സഹായിച്ച എന്റെ നാട്ടിലെ ആദ്യ സ്റ്റുഡിയോ മുതലാളി ശ്രീ ശേഖർ ജി ക്കാണ്. പിന്നെ ഇവിടെ 2 വർഷം എന്റെ co-worker ആയിരുന്ന ലിയോൺ. ഒരുപാട് ഐഡിയകൾ അദ്ദേഹത്തിന്റെയും സംഭാവന ആയിരുന്നു.
ജീവിതത്തിൽ നാം കണ്ടു മുട്ടുന്ന അധ്യാപകരിൽ ചിലർ എന്നും ഓർമയിലുണ്ടാകും. എന്നാൽ ഒരു കാലയളവില് ശേഷം അതും നാം മറക്കും. എന്നാൽ എന്റെ ജീവിത വീഥിയിൽ ഉപദേശങ്ങളും പ്രാർത്ഥനകൾ കൊണ്ടും വിളക്ക് തെളിയിച്ച ഒരു ഗുരുനാഥ എനിക്കുമുണ്ടായിരുന്നു. ഞാൻ എപ്പോൾ വിളിച്ചാലും എനിക്കു മോട്ടിവേഷൻ മെസ്സജ്സ് മാത്രം തന്നിരുന്ന എന്റെ പ്രിയപ്പെട്ട ലവ്ലി ടീച്ചർ. പതിനായിരം വിദ്യാർത്ഥി മുഖങ്ങൾക്കിടയിലും എന്റെ മുഖത്തെ സ്ഥിരമായി മെമ്മറി യിൽ സേവ് ചെയ്ത എന്റെ ഗുരുനാഥക്കു പാദ പ്രണാമം. പിന്നെ ചങ്ക് ആയി കൂടെ നിന്നു പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്കു പോസിറ്റീവ് എനർജി തന്നിരുന്ന എന്റെ പ്രിയപ്പെട്ട Musthu Musthafa.
ഗൾഫിൽ ജോലി ചെയ്യാന് വേണ്ടത് ക്ഷമയാണ്. സ്വന്തം കാര്യങ്ങള് മാത്രം നോക്കുക, പലതും കണ്ടില്ല കേട്ടില്ല എന്ന മനോഭാവത്തോടെ നില്ക്കണം.!! പൈസ കൊടുത്താല് കിട്ടാത്ത ഒരു സാധനവും ഇവിടെ ഇല്ല, പെറ്റമ്മ ഒഴിച്ച് എല്ലാം കിട്ടും. അതിന്റെ പുറകെ പോയാൽ നിര്ത്തി പോകുമ്പോൾ കയ്യില് ഒന്നും ഉണ്ടാകില്ല എന്ന് മാത്രം !! ഒരു ചിന്ന പ്രവാസിയുടെ കഥ ഇവിടെ തീരുന്നു ..!!
ഞാന് എന്റെ പ്രവാസ്സ അനുഭവത്തെ പറ്റി പോസ്റ്റ് ഇടുമ്പോൾ പലർക്കും ഒരു സംശയം വന്നേക്കാം.. ഈ 1500 DHS കൊണ്ട് എങ്ങനെ നിങ്ങള് 15 ലക്ഷത്തിന്റെ വീട് പണിതു എന്ന് ? ആര്ക്കും തോന്നാവുന്ന സംശയം ആണ്. അപ്പോള് അതിനു മറുപടി കൊടുക്കണം എന്ന് തോന്നി. ഞാൻ ജോയിൻ ചെയ്തപ്പോൾ ആണ് 1500 DHS. അത് ഇപ്പോള് ഓരോ കൊല്ലം ഉള്ള സാലറി ഇന്ക്രിമെന്റില് 2200 DHS ആയി. പിന്നീട് ഒരു ഫ്ലാറ്റ് partnership ചേർന്നു. അത് മുഖേന താമസ ചിലവ് കുറച്ചു ലാഭം കിട്ടിയിരുന്നു.
പൈസയുടെ വില അറിഞ്ഞാണ് ചെറുപ്പം മുതൽ വളർന്നത്. കാരണം എന്നെ വളർത്തിയ മാതാപിതാക്കളെ വിഷമിപ്പിക്കാൻ പാടില്ല എന്നൊരു ധാരണ ഉണ്ടായിരുന്നു. പിന്നെ എനിക്ക് ഓര്മ വച്ച കാലം മുതൽ കഷ്ട്ടപെടുന്ന മാതാവും പിതാവും. അമ്മയുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു നനയാത്ത ഒരു വീട്. അമ്മയുടെ മാത്രം അല്ല എന്റെയും അപ്പന്റെയും അനിയന്റെയും, എല്ലാവരുടെയും സ്വപനം വാരി കെട്ടി ആണ് ഇങ്ങോട്ട് പോന്നത്.!! ഞാന് വന്നപ്പോൾ ഒരു ദിർഹം എന്നത് എത്ര ഇന്ത്യന് രൂപ ആണ് എന്ന് വിചാരിച്ചു ആയിരുന്നു ചിലവാക്കിയിരുനത്. ഡ്രിങ്ക്സ് അടി ഇല്ല. അതിൽ തന്നെ ഒരു സംഖ്യ ലാഭിക്കാം.
ഹോട്ടൽ ഫുഡ് കുറവായിരുന്നു. പിന്നെ സത്യം പറഞ്ഞാൽ ഫോൺ വിളി സ്വന്തം വീട്ടിലേക്കു മാത്രം. പിന്നെ ഫോൺ വിളിച്ചു പൈസ കളയാൻ പ്രേമം, മണ്ണാങ്കട്ട ഒന്നുമില്ലായിരുന്നു. എന്തോ തരുണീമണികൾക്കു നമ്മളോട് അത്ര താല്പര്യം ഇല്ലാത്തതുകൊണ്ടായിരിക്കും. എന്തായാലും ഉർവശി ശാപം ഉപകാരം..!! പിന്നെ പുഴുകുത്തലുകൾ പല ഭാഗത്തുനിന്നും വന്നേക്കാം. അതൊക്കെ ഒരു പഞ്ഞി(cotton) എടുക്കുന്ന ലാഘവത്തോടെ തട്ടി കളയുക. ആരുടേയും അർഹത പെടാത്ത ഒരു രൂപ നമ്മുടെ കയ്യിൽ ഇല്ല എന്ന് നമുക്ക് സ്വയം ഒരു ബോധം വേണം. അപ്പോൾ നമ്മളെ തളർത്താൻ ആര്ക്കും കഴിയില്ല. നമ്മള് ചെയ്യുന്നത് ശരിയാണ് എന്ന് ഉള്ളിന്റെയുള്ളില് നിന്ന് ഒരു വിശ്വാസം നമുക്കുണ്ട് എങ്കിൽ നമ്മൾ വിജയിക്കും !!
പിന്നെ വീട് പണി; പൈസ മുഴുവൻ കയ്യിൽ വന്നിട്ട് നമ്മളെ പോലെ ഉള്ളവര്ക്ക് പണി നടക്കില്ല.. ഞാന് തുടങ്ങിയത് വെറും 3 ലക്ഷം രൂപ കയ്യില് പിടിച്ചാണ്. പിന്നെ കുറച്ചു പൈസ വരുമ്പോൾ ഓരോരോ സാധനങ്ങൾ അടുപിച്ചു വെക്കും. മണൽ, കമ്പി ,മെറ്റല് തുടങ്ങിയവ. എന്റെ അനിയൻ കമ്പി, സിമന്റ് whole sale സ്ഥാപനത്തിൽ ജോലി ആയതിനാൽ വാർക്കയ്ക്കും തേപ്പിനും ആവശ്യമായ സിമന്റ്, കമ്പി എന്നിവ കുറച്ചു മാസത്തെ ക്രെഡിറ്റിൽ ലഭ്യമായി. ആദ്യം ലക്ഷ്യം തറ കെട്ടി ഇടുക എന്നത് ആയിരുന്നു. അത് കഴിഞ്ഞു മെയിന് വാർപ്പ്. അത് കഴിയുമ്പോൾ തേപ്പ്, പെയിന്റിംഗ് ഇങ്ങനെ സ്റ്റെപ് ബൈ സ്റ്റെപ് ആയി സ്വപ്നം കാണുക. അതുകൊണ്ടാണ് എനിക്ക് ഇത് പൂർത്തിയാക്കാൻ കഴിഞ്ഞത്. പിന്നെ കുറച്ചു ബാങ്ക് ലോൺ, ചെറിയ ഒന്ന് രണ്ട് ചിട്ടികൾ.. എല്ലാവര്ക്കും ഇത് വിജയിക്കും എന്ന് എനിക്ക് ഉറപ്പ് പറയാന് കഴിയില്ല.
വീടുപണിയുന്ന പണിക്കാരോട് മാന്യമായി ഇടപെടുക. കാരണം അവര് വിചാരിച്ചാല് നമ്മളെ കുളിപ്പിച്ചു കിടത്താന് പറ്റും. ഞാന് ഒരു ഗൾഫുകാരനാണ് എന്നുള്ള ഭാവത്തിൽ നിന്നാൽ അവർ നമ്മുടെ കട്ടയും പടവും മടക്കും. ഞാന് നാട്ടില് ഉള്ളപ്പോൾ ഞാന് ആയിരുന്നു അവരുടെ സഹായി ആയി നിന്നത്. അവര്ക്ക് നല്ല ഭഷണം കൊടുക്കുക, നാട്ടിൽ ലീവിന് പോകുമ്പോൾ ഒരു കുപ്പി മേടിച്ചു കൊടുക്കുക .അതുകൊണ്ട് നമ്മുക്ക് ലാഭം മാത്രമേ ഉണ്ടാകു. നമ്മള് അവരെ ബഹുമാനിച്ചില്ല എന്നുണ്ടെങ്കിൽ അവർ ടെസ്റ്റ് കളിക്കും. അവരുടെ കൂടെ അവരെപ്പോലെ ഒരാളായി നിന്നാൽ അവര് ട്വന്റി ട്വന്റി രീതിയില് ഒരാഴ്ച കൊണ്ട് തീര്കേണ്ട പണി 3 ദിവസം കൊണ്ട് തീര്ത്തു തരും.
പിന്നെ എന്ത് വന്നാലും തളരാന് പാടില്ല. അപ്പോള് നമ്മള് ചിന്തികേണ്ടത് നമ്മുടെ അതെ അവസ്ഥ ഉള്ള മറ്റൊരാളെ പറ്റി ആണ്. അവനു ചിലപ്പോള് ജോലിക്ക് പോകാന് കഴിവില്ലാത്തവന് ആയിരിക്കും. അംഗ വൈകല്യം ഉള്ളവന് ആയിരിക്കും. എന്നിട്ടും അവന് ജീവികുന്നില്ലേ, പിന്നെ എന്തുകൊണ്ട് എനിക്ക് പറ്റില്ല. അവനെ അപേക്ഷിച്ചു ഞാന് എത്ര ഭാഗ്യവാൻ ആണ് എന്ന് കരുതുക. അപ്പോള് നമ്മുടെ മനസ്സ് തളരില്ല. മനസ്സ് തളർന്നാൽ എല്ലാം പോയി.
നമ്മുടെ പൈസ ഇവിടെ തന്നെ തീർക്കാൻ നല്ല അവസ്സരം നമുക്ക് ഉണ്ട്. മദ്യം, മദിരാശി തുടങ്ങിയവ അങ്ങോട്ട് പോകണ്ട ഇങ്ങോട്ട് വന്നു വിളിച്ചു കൊള്ളും. ഇതിന്റെ ഒക്കെ രസം പിടിച്ചു പോയാല് തീര്ന്നു എല്ലാം. പിന്നെ ലീവിന് പോകുമ്പോള് എല്ലാവര്ക്കും കുറെ സാധനങ്ങള് വാങ്ങി കൊടുത്തു പൈസ ചിലവാക്കാന് പാടില്ല. പലരും മുഖം കറുപ്പിക്കും. അതൊന്നും കാര്യമാക്കണ്ട..ആദ്യം നമ്മുടെ ലക്ഷ്യം പൂര്ത്തികരിക്കുക. അതാവണം ചിന്ത. അല്ലങ്കിൽ അവസാനം നമ്മുക്ക് ആരും ഉണ്ടാവില്ല. ഈ മുഖം കറപ്പിച്ചവര് തന്നെ നാളെ പറയും കുറേ കാലം ഗൾഫിൽ പോയിട്ട് നീ എന്ത് ഉണ്ടാക്കി എന്ന്.
ഇതിനെല്ലാം നമുക്ക് പിന്തുണ വേണ്ടത് നമ്മുടെ വീട്ടിൽ നിന്നാണ്. എന്തോ എനിക്ക് അത് വേണ്ടുവോളം കിട്ടി. ഞാന് വേണ്ട എന്ന് പറഞ്ഞാല് പിന്നെ അതിനു ഒരു മറുവാക്ക് ഇല്ലായിരുന്നു. അവർ തന്നെ ഓരോ പൈസയും സൂക്ഷിച്ചു തന്നെയാണ് ചിലവാക്കിയിരുന്നത്. T-ഷർട്ട്, പാന്റ്സ് വാങ്ങുമ്പോൾ ബ്രാൻഡ് ഐറ്റം വേണമെന്ന വാശി കളയുക. ടി ഷർട്ടുകൾ അടിക്കടി മാറ്റാതെ, വലിയ കേടൊന്നുമില്ലെങ്കിൽ T ഷർട്ട് നമ്മളെ തെറി പറയുന്നത് വരെ ഉപയോഗിക്കുക. നല്ല ഒരു നാളേക്ക് വേണ്ടി അല്പസ്വല്പം പിശുക്ക് കാണിക്കുന്നതില് ഒരു തെറ്റും ഇല്ല.
ഹോസ്പിറ്റല് കേസ് ഒഴിച്ച് വേറെ എന്ത് വന്നാലും ഭഷണത്തില് പോലും ഞങ്ങള് പിശുക്ക് കാണിക്കുമായിരുന്നു. എന്ന് കരുതി പട്ടിണി ഒന്നും കിടന്നിട്ടില്ല. ആഴ്ചയിൽ വാങ്ങുന്ന മീൻ, കോഴി എന്നിവയൊക്കെ മാസത്തിൽ ഒരിക്കലാക്കും. ഒരു രൂപ റേഷൻ അരി വാങ്ങാത്ത അയൽവക്കത്തെ കാർഡ് മേടിച്ചു അമ്മ ആ അരി വാങ്ങുമായിരുന്നു. അങ്ങനെ എല്ലാവരും ഒത്തൊരുമിച്ചു, കൂട്ടത്തിൽ ദൈവ അനുഗ്രഹവും കൂടി ഉണ്ടായാൽ വിജയിക്കാം ഉറപ്പാണ്..!! പ്രാർത്ഥനക്കുള്ള ഒരു ശക്തി ഒരു പണത്തിനും കിട്ടില്ല …..!! എവിടെയോ ആരോ പറഞ്ഞ പോലെ ” PAISA TO SAB KAMATE HAIN .DUA BHI KAMAO…PHIR DEKNA JEET TUMHARI HOGA SIRF TUMHARI ” ഒന്ന് പരീക്ഷിച്ചു നോക്ക് .!! വിജയാശംസ്സകൾ ..!!”
മുഴുവനും വായിച്ചതില്ലേ? ഇപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു? ഉറച്ച വിശ്വാസവും പിന്തുണയും പ്രാർത്ഥനയും ഒക്കെ കൂടെയുണ്ടെങ്കിൽ നമുക്ക് നമ്മുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാം. എല്ലാ പ്രവാസികൾക്കും ഒരു പ്രചോദനം തന്നെയാണ് റാഫിൻ്റെ ഈ അനുഭവക്കുറിപ്പ്. അദ്ദേഹത്തെപ്പോലെ ജീവിത വിജയം നേടുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.