ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത് , ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ.

ട്രെയിനുകളിൽ യാത്ര ചെയ്തിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ട്രെയിനിൽ യാത്ര ചെയ്യുവാനായി റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് അനൗൺസ്മെന്റുകൾ കേൾക്കാവുന്നതാണ്. ഇനി സ്റ്റേഷനിലേക്ക് പ്രവേശിക്കുവാൻ പോകുന്ന ട്രെയിനുകൾ ഏതൊക്കെയാണെന്നും ട്രെയിൻ സ്റ്റേഷനിൽ പ്രവേശിച്ചു കഴിഞ്ഞാൽ അത് ഏത് പ്ലാറ്റ്‌ഫോമിൽ ആണെന്നുമൊക്കെ റൂട്ടും ട്രെയിൻ നമ്പറും കൃത്യമായി പറഞ്ഞുതരും ഈ അനൗൺസ്മെന്റുകൾ.

മിക്കവാറും ഒരു സ്ത്രീശബ്ദത്തിലായിരിക്കും ഇത്തരം അനൗൺസ്മെന്റുകൾ നാം സാധാരണയായി കേൾക്കുന്നത്. എങ്ങനെയാണ് ഇത്തരം അനൗൺസ്മെന്റുകൾ പുറപ്പെടുവിക്കുന്നത്? ബസ് സ്റ്റാൻഡുകളിലെപ്പോലെ ഒരാൾ ഇതിനായി ഇരിക്കുകയാണോ? ഇങ്ങനെ പലതരം സംശയങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട്. അവയ്ക്കുള്ള ഉത്തരം ചുവടെ കൊടുക്കുന്നു.

ഓരോ സ്റ്റേഷനിലും കമ്പ്യൂട്ടറുകളുടെ സഹായത്തോടെയാണ് ഇത്തരം അനൗൺസ്മെന്റുകൾ പുറപ്പെടുവിക്കുന്നത്. സ്റ്റേഷൻ മാസ്റ്റർക്ക് ആയിരിക്കും ഇതിന്റെ ചുമതല. അനൗൺസ്മെന്റുകളെ രണ്ടു രീതികളിലായി തരംതിരിയ്ക്കാം. 1. പ്രീ റെക്കോർഡഡ് അനൗൺസ്‌മെന്റ്, 2. സ്പൊണ്ടേനിയസ് അനൗൺസ്‌മെന്റ്.

മുന്നേതന്നെ റെക്കോർഡ് ചെയ്യപ്പെട്ട അനൗൺമെന്റുകളാണ് പ്രീ റെക്കോർഡഡ് അനൗൺസ്‌മെന്റ്. ഒരു അനൗൺസ്‌മെന്റ് മൊത്തമായി റെക്കോർഡ് ചെയ്യുകയല്ല ഈ രീതിയിൽ നടക്കുന്നത്. എല്ലാ അനൗണ്സ്മെന്റിലും ഉപയോഗിക്കാവുന്ന വാക്കുകൾ ഓരോന്നായി റെക്കോർഡ് ചെയ്യപ്പെടുന്നു. ഉദാഹരണത്തിന് “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ നമ്പർ ______ (From) ൽ നിന്നും (to) യിലേക്ക് പോകുന്ന _______ (ട്രെയിനിന്റെ പേര്) __ ആം നമ്പർ പ്ലാറ്റഫോമിൽ എത്തിച്ചേരുന്നു.” ഈ വാചകം ഓരോരോ വാക്കുകളായി റെക്കോർഡ് ചെയ്യും.

ട്രെയിനുകളുടെ നമ്പർ, സമയം എന്നിവയ്ക്കായി പൂജ്യം മുതൽ ഒൻപത് വരെയുള്ള അക്കങ്ങളും പ്രത്യേകം റെക്കോർഡ് ചെയ്യപ്പെടും. സമയം പറയുന്നതിനാൽ ഒന്ന് മുതൽ 59 വരെയുള്ള അക്കങ്ങളും റെക്കോർഡ് ചെയ്യപ്പെടും. സ്റ്റേഷനുകളുടെ പേരുകളും സ്ഥലപ്പേരുകളും ഇങ്ങനെ പ്രത്യേകമായി റെക്കോർഡ് ചെയ്യുന്നു. എന്നിട്ട് അവയെല്ലാം കൂട്ടി യോജിപ്പിച്ചാണ് ഓരോരോ സ്റ്റേഷനിലും നമ്മളെ കേൾപ്പിക്കുന്നത്. ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ഇന്ന് ഇതൊക്കെ ചെയ്യുന്നത്. വലിയ സ്റ്റേഷനുകളിലാണ് ഇത്തരത്തിലുള്ള പ്രീ റെക്കോർഡഡ് അനൗൺസ്മെന്റുകൾ പുറപ്പെടുവിക്കുന്നത്. ഇത്തരം സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണവും നിർത്തുന്ന ട്രെയിനുകളുടെ ഏറ്റവും കൂടുതലായിരിക്കും.

ഇനി ഇത്തരം സംവിധാനങ്ങൾ ഒന്നുമില്ലാത്ത ചില ചെറിയ സ്റ്റേഷനുകളിൽ ആളുകൾ മൈക്കിലൂടെ നേരിട്ട് അനൗൺസ്‌മെന്റ് നടത്തുന്നു. ഇതിനെയാണ് സ്പൊണ്ടേനിയസ് അനൗൺസ്‌മെന്റ് എന്നു പറയുന്നത്. തത്സമയം അനൗൺസ് ചെയ്യുന്ന രീതിയാണിത്. സ്റ്റേഷനുകളിലെ അനൗൺസ്മെന്റുകൾ ശ്രദ്ധിച്ചാൽത്തന്നെ നിങ്ങൾക്ക് ഈ വ്യത്യാസങ്ങൾ മനസ്സിലാകും. പ്രീ റെക്കോർഡഡ് അനൗൺസ്മെന്റുകൾ അധികം ഒഴുക്കില്ലാതെ നിർത്തി നിർത്തിയായിരിക്കും പറയുക. ഇനി റെയിൽവേ സ്റ്റേഷനിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുമല്ലോ അല്ലേ.

ട്രെയിനുകളുടെ വരവും പുറപ്പാടും അറിയിക്കുന്ന സ്റ്റേഷനുകളിലെ അനൗൺസ്മ​െൻറ് സംവിധാനം നിശ്ശബ്ദമാക്കി പകരം സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ വന്നിരിക്കുകയാണ്. ട്രെയിൻ വിവരങ്ങൾക്കൊപ്പം പരസ്യങ്ങളും പ്രദർശിപ്പിച്ച് വരുമാനമുണ്ടാക്കുകയും ഇത് സ്വകാര്യ കമ്പനികളുമായി പങ്കിെട്ടടുക്കുകയാണ് ചെയ്യുക.

പുതിയ സംവിധാനത്തിൽ ട്രെയിനുകളുടെ തൽസമയ വിവരങ്ങളും സീറ്റ് ഒഴിവുമടക്കം സർവതും എൽ.ഇ.ഡി സ്ക്രീനുകൾവഴി വിവിധ ഭാഷകളിൽ നൽകും. സ്റ്റേഷനുകളിലെ നടപ്പാലങ്ങൾ, പ്ലാറ്റ്ഫോമുകൾ, വിശ്രമമുറികൾ, അടക്കം എല്ലാ പ്രധാന ഭാഗങ്ങളിലും സ്ക്രീനുകൾ സ്ഥാപിക്കും. ട്രെയിനുകളുടെ എല്ലാ കോച്ചുകളിലുള്ളവർക്കും കാണാവുന്നവിധത്തിലാവും എൽ.ഇ.ഡി സ്ക്രീനുകൾ വിന്യസിക്കുക. പുതിയ ടെക്‌നോളജിയുടെ കടന്നുവരവോടെ ഇനി റെയിൽവേ സ്റ്റേഷനുകളിലെ അനൗൺസ്മെന്റുകൾ ഇല്ലാതായേക്കാം. എങ്കിലും ഒരു കാലഘട്ടത്തിന്റെ മുഴുവൻ തീവണ്ടിയോർമ്മകളിൽ അനൗൺസ്മെന്റുകളും ഉണ്ടായിരിക്കും.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.