ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒത്തിരി കേൾക്കുന്ന ഒരു പേരാണ് വ്‌ളോഗർ എന്നത്. എന്താണത്? അങ്ങനെയാണെങ്കിൽ ആദ്യം ബ്ലോഗ് എന്താണെന്നു അറിയണം. ബ്ലോഗ് എന്നാൽ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണ്. എന്നാൽ എഴുത്തുകളല്ലാതെ വീഡിയോ ഉപയോഗിച്ച് നടത്തുന്ന ബ്ലോഗിങിനെയാണ് വീഡിയോ ബ്ലോഗിങ് അഥവാ വ്ലോഗിങ് എന്നു വിളിക്കുന്നത്. ആശയവിനിമയത്തിനു കഴിവുണ്ടെങ്കിൽ ഏതൊരാൾക്കും ഒരു വീഡിയോ ബ്ലോഗർ ആകാവുന്നതാണ്. അതിനു പഠിപ്പും ജേര്ണലിസവും ഒന്നും വേണ്ട. ഒരാൾക്ക് എങ്ങനെ ഒരു നല്ല വ്ലോഗർ ആകാം? ഈ ചോദ്യത്തിന് എന്റേതായ രീതിയിൽ ഞാൻ മറുപടി പറയാം.

പ്രധാനമായും സോഷ്യൽ മീഡിയകളാണ് ഒരു വ്‌ളോഗറുടെ പ്ലാറ്റ്ഫോം. നിങ്ങൾ ഒരു വ്ലോഗർ ആകുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രമുഖ സോഷ്യൽ മീഡിയകളായ യൂട്യുബിലും ഫേസ്ബുക്കിലും ഒരു അക്കൗണ്ട് ഉണ്ടാക്കുക എന്നതാണ്. ഫേസ്‌ബുക്ക് അക്കൗണ്ട് പലർക്കും ഉണ്ടാകുമല്ലോ. നമ്മുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഒരു ഫേസ്‌ബുക്ക് പേജ് ആണ് വ്ലോഗിങിനായി നാം ഉണ്ടാക്കേണ്ടത്. പേജിനും യുട്യൂബ് ചാനലിനും നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നൽകാം. ചിലർ അവരുടെ സ്വന്തം പേരായിരിക്കും ചാനലിനും പേജിനും നൽകുക. ഉദാഹരണം – രതീഷ് ആർ. മേനോൻ, ഇബാദ് റഹ്‌മാൻ എന്നിവരുടെ പേജുകൾ നോക്കുക. മറ്റു ചിലർ തങ്ങളുടെ വ്‌ളോഗിംഗ് വിഷയത്തിനു ചേർന്ന പേരുകളായിരിക്കും നൽകുന്നത്. ഉദാഹരണമായി ഒരു കുക്കറി വ്‌ളോഗിംഗ് ആണ് നിങ്ങൾ ചെയ്യുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ ‘Shwetha’s Kitchen’, ‘അടുക്കള വിശേഷങ്ങൾ’ എന്നിങ്ങനെയുള്ള പേരുകളും ഇടാം. എല്ലാം നിങ്ങളുടെ ഇഷ്ടം.

ഇനി വേണ്ടത് വ്ലോഗിങ്ങിനായി ആവശ്യമുള്ള ഉപകരണങ്ങൾ സജ്ജമാക്കുന്ന എന്നതാണ്. ആദ്യം വേണ്ടത് ഒരു നല്ല ക്യാമറയാണ്. നല്ല വീഡിയോ ക്വാളിറ്റിയുള്ള മൊബൈൽഫോൺ ഉപയോഗിച്ചും നിങ്ങൾക്ക് വീഡിയോ ബ്ലോഗിങ് ചെയ്യാവുന്നതാണ്. അതുകൂടാതെ പ്രമുഖ കമ്പനികൾ വ്‌ളോഗിംഗ് സ്പെഷ്യൽ ക്യാമറകളും വിപണിയിൽ ഇറക്കുന്നുണ്ട്. എന്നാൽ DSLR ക്യാമറകൾ വ്‌ളോഗിംഗിന് അത്ര അനുയോജ്യമല്ല. ക്യാമറ വാങ്ങുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്തോ ആരോടെങ്കിലും അന്വേഷിച്ചോ ഒക്കെ നിങ്ങൾക്കു ചേർന്ന നല്ല ക്യാമറ ഏതാണെന്നു കണ്ടുപിടിക്കുക. ഇന്ത്യയ്ക്ക് വെളിയിൽ നിങ്ങളുടെ പരിചയക്കാരോ ബന്ധുക്കളോ ഉണ്ടെങ്കിൽ അവർ മുഖാന്തിരം അവിടെ നിന്നും ക്യാമറ വാങ്ങിപ്പിക്കുകയാണെങ്കിൽ ചിലപ്പോൾ വിലക്കുറവിൽ കിട്ടാൻ സാധ്യതയുണ്ട്. ഇതൊക്കെ ഒന്ന് അന്വേഷിച്ചിട്ട് ചെയ്യുക.

ക്യാമറ റെഡിയായാൽ ഇനി നിങ്ങൾക്ക് സ്വന്തമായി വ്‌ളോഗിംഗ് വീഡിയോകൾ ഷൂട്ട് ചെയ്യാവുന്നതാണ്. എന്തു വിഷയത്തെയാണ് നിങ്ങളുടെ വ്‌ളോഗിംഗ് ചാനൽ പ്രധാനമായും പ്രതിനിധീകരിക്കുന്നതെന്ന് ഒരു തീരുമാനമുണ്ടാക്കുക. വ്‌ളോഗിംഗ് ചാനലിന് നിങ്ങളുടെ പേരാണ് കൊടുത്തിരിക്കുന്നതെങ്കിൽ നിങ്ങൾക്ക് എന്തു വിഷയത്തെക്കുറിച്ചും വീഡിയോകൾ നിർമ്മിക്കാവുന്നതാണ്. ട്രാവൽ, ഭക്ഷണം, ടെക്‌നോളജി എന്നിവയാണ് പ്രധാനമായും വ്‌ളോഗിംഗിന് ഉപയോഗിക്കുന്ന വിഷയങ്ങൾ. ഇവയല്ലാതെ നിങ്ങൾക്ക് യോജിക്കുന്നത് എന്താണോ ആ വിഷയങ്ങളും വ്‌ളോഗിംഗിൽ ഉൾപ്പെടുത്താം. ചില ഡോക്ടർമാർ മെഡിക്കൽ ടിപ്‌സ് ഉൾപ്പെടുത്തി വ്ലോഗ് നിർമ്മിക്കാറുണ്ട്.

വ്ലോഗ് ഷൂട്ട് ചെയ്യുമ്പോൾ ക്യാമറയിൽ നോക്കി വേണം സംസാരിക്കുവാൻ. തപ്പലും തടയലും ചമ്മലുകളും ഒന്നുമില്ലാതെ വേണം നിങ്ങളുടെ പ്രകടനം. മുൻപരിചയം ഇല്ലെങ്കിൽ പലതവണ റിഹേഴ്‌സലുകൾ നടത്തി നോക്കാവുന്നതാണ്. ആരും ആദ്യം തന്നെ വലിയ ക്വാളിറ്റി വ്ലോഗർ ആയിട്ടൊന്നുമല്ല ചെയ്തു തുടങ്ങുന്നത്. പതിയെപ്പതിയെ നിങ്ങൾ അങ്ങനെ ആയിക്കോളും. അതോർത്ത് ഒരിക്കലും വിഷമിക്കേണ്ട കാര്യമില്ല.

വീഡിയോ ഷൂട്ട് ചെയ്തു കഴിഞ്ഞാൽ അതേപടി അത് എടുത്ത് അപ്‌ലോഡ് ചെയ്യുവാൻ പാടില്ല. വേണ്ടാത്ത ഭാഗങ്ങളൊക്കെ എഡിറ്റ് ചെയ്ത ശേഷം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി നിങ്ങൾക്ക് നല്ലൊരു ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ ആവശ്യമാണ്. മിനിമം i3 (ഐ ത്രീ), 2GB യ്ക്ക് മുകളിൽ RAM എന്നീ കോൺഫിഗറേഷനുള്ള സിസ്റ്റം ഉപയോഗിക്കുക. കാരണം നിങ്ങളുടെ സിസ്റ്റത്തിന്റെ സ്പീഡിനെ ആശ്രയിച്ചിരിക്കും എഡിറ്റിങ് വേഗത. വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി പലതരം സോഫ്റ്റ് വെയറുകൾ ലഭ്യമാണ്. നിങ്ങൾക്ക് യോജിച്ചവ തിരഞ്ഞെടുക്കുക. ആ സോഫ്റ്റ് വെയർ ഉപയോഗിച്ച് പരിചയമുള്ളവരിൽ നിന്നും അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു മനസ്സിലാക്കുക. പിന്നീടുള്ള സംശയങ്ങൾ യൂട്യൂബിലോ മറ്റോ നോക്കി മനസ്സിലാക്കാവുന്നതുമാണ്.

നിങ്ങളുടെ വീഡിയോയിൽ കോപ്പിറൈറ്റ് ഉള്ള മ്യൂസിക് കൊടുക്കാതിരിക്കുക. ഫേസ്ബുക്കിലും യുട്യൂബിലും ഇത് പ്രശ്നമുണ്ടാക്കും. കോപ്പിറൈറ്റ് ഫ്രീയായ നിരവധി മ്യൂസിക്കുകൾ ഇന്റർനെറ്റിൽ തിരഞ്ഞാൽ ലഭ്യമാകും. എഡിറ്റിങ് പൂർത്തിയായാൽ നിങ്ങൾക്ക് വീഡിയോ അപ്‍ലോഡ് ചെയ്യാവുന്നതാണ്. ഫേസ്‌ബുക്ക് പേജിലും യുട്യൂബിലും വെവ്വേറെ അപ്‌ലോഡ് ചെയ്യുന്നതാണ് ഉത്തമം.

ഇപ്പോൾ മനസ്സിലായില്ലേ? കഴിവും പരിശ്രമിക്കുവാൻ മനസ്സും ഉണ്ടെങ്കിൽ ആർക്കും നല്ലൊരു വീഡിയോ ബ്ലോഗർ ആയി മാറാം. ഇന്ന് ധാരാളം ആളുകൾ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. പക്ഷെ ഒരു കാര്യം, യുട്യൂബിൽ നിന്നും എളുപ്പം കാശുണ്ടാക്കാം എന്നുകരുതി ആരും വീഡിയോ ബ്ലോഗിങ് ചെയ്തു തുടങ്ങേണ്ട. പതിയെപ്പതിയെ നിങ്ങളുടെ കഴിവും വീഡിയോയുടെ ക്വാളിറ്റിയും അനുസരിച്ചായിരിക്കും ഈ മേഖലയിൽ വരുമാനമാർഗ്ഗങ്ങൾ തുറക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാനും പഠിക്കുവാനും വ്‌ളോഗർമാർ നടത്തുന്ന ക്‌ളാസ്സുകളും വർക്ക്ഷോപ്പുകളും Attend ചെയ്യുക. അപ്പോൾ എല്ലാവർക്കും ആശംസകൾ നേരുന്നു… ഹാപ്പി വ്‌ളോഗിംഗ്…

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.