ബസ്സിലും ലിഫ്റ്റടിച്ചും 70 km നടന്നും ഹിമാലയം കാണാം; എങ്ങനെ?

Total
2
Shares

വിവരണം – Jabir Dz.

ബൈക്കിലല്ലാതെ, പരമാവധി ചെലവ് കുറച്ച് എങ്ങനെ ഹിമാലയം പോകാം ?? ഹിന്ദി അറിയാതെ ഡൽഹിയിൽ നിന്നും 12 ദിവസം വെറും 4420 രൂപ യാത്രാ ചിലവിൽ + 2500 രൂപ താമസ ചെലവിൽ + ഭക്ഷണ ചിലവിൽ ഞാൻ പോയി വന്നു. റെക്കോങ് പിയോ വഴി ചിത്ഗുൽ ഗ്രാമം, കല്പ, റോഘി ഗ്രാമം, ടാബോ, നാക്കോ വഴി സ്പിറ്റി_വാലി മുഴുവൻ കണ്ടു. അതേ, ലേയും ലഡാകും പാങ്ങോങ്ങും മാത്രമല്ലട്ടോ ഹിമാലയം…

പതിനായിരങ്ങൾ കയ്യിൽ ഇല്ലാത്തതിനാൽ ഹിമാലയമെന്ന ആഗ്രഹം മനസ്സിൽ ഒതുക്കി നടക്കുന്ന എന്റെ കൂട്ടുകാർക്ക് വേണ്ടി ഈ യാത്രയിൽ ഞാൻ ശേഖരിച്ച വിവരങ്ങളാണിവ…എല്ലാവരെയും പോലെ കഴിഞ്ഞ രണ്ടു കൊല്ലമായി എനിക്കും ആഗ്രഹമായിരുന്നു ഹിമാലയം പോകാൻ. ആദ്യ ഓപ്ഷൻ ബൈക്ക് തന്നെ ആയിരുന്നു. അങ്ങനെ ഞാൻ കണക്കു കൂട്ടിയപ്പോൾ ഏറ്റവും കുറഞ്ഞത് ഒരു 35,000 രൂപയില്ലാതെ പണി നടക്കില്ല. പിന്നെന്തു ചെയ്യും ?? Backpacking , അഥവാ പക്കാ ലോക്കലായി അങ്ങു പോകുക.

ഡൽഹിയിൽ നിന്ന് എങ്ങനെ, എങ്ങോട്ട് ?? കേരളത്തിലെ ചില “പ്രമുഖ” ഹിമാലയൻ ലോക്കൽ യാത്രികരോട് ചോദിച്ചപ്പോൾ പലർക്കും വിവരങ്ങൾ പറഞ്ഞു തരാൻ വല്ലാത്ത മടി പോലെ. ഒരു ഐഡിയുമില്ലാതെ നട്ടം തിരിഞ്ഞു നിന്ന എനിക്ക് വഴിത്തിരിവായത്, നമ്മുടെ സഞ്ചാരി അംഗവും ഹിമാലയൻ റൈഡറുമായ Nabeel Mappas S R ഭായിയെ വിളിച്ചു കാര്യം പറഞ്ഞതാണ്. ആ ഒറ്റ ഫോണിൽ ഈ യാത്രയ്ക്കായുള്ള മുഴുവൻ ഊർജ്ജവും പകർന്നു തന്നു സ്പിറ്റി വാലി suggest ചെയ്ത നബീൽ ഇക്ക All India backpackers ന്റെ ഒരു കൂട്ടായ്മയിൽ എന്നെ അംഗമാക്കി.

അവിടുന്ന് പിന്നെ തീരുമാനങ്ങൾ പലതും മാറി മറിഞ്ഞു. എന്നെ അറിയാത്ത ആ സുഹൃത്തുക്കൾ മത്സരിച്ചു എനിക്കായി ഈ യാത്രാ പ്ലാൻ തയാറാക്കി തന്നു. റെക്കോങ് പിയോ, ടാബോ, നാക്കോ, ധങ്കർ, ലാലുങ്, ലാങ്സ, ഹിക്കിം, കാസ….. എന്നിങ്ങനെ ജീവിതത്തിൽ ഇന്നേ വരെ ഞാൻ കേട്ടിട്ടില്ലാത്ത പല സ്ഥലങ്ങളുടെയും പേരും താമസ ഡീറ്റൈൽസും വരെ പറഞ്ഞു തന്ന് എന്നെ സഹായിച്ചു.

അങ്ങനെ യാതൊരു ബുദ്ധിമുട്ടും കൂടാതെ ബസ്സിലും ലിഫ്റ്റടിച്ചും 70 കിലോമീറ്ററോളം നടന്നും ഞാനെന്റെ യാത്ര പൂർത്തിയാക്കി. വിശദമായ യാത്രാ വിവരണം എഴുതും മുമ്പ് ഇത് തയാറാക്കുന്നത്, പലരും ഈ സീസണിൽ സ്പിറ്റി വാലി പോകാൻ ഉദ്ദേശിക്കുന്നുണ്ട് എന്നറിഞ്ഞു. അവർക്ക് ഇതൊരു സഹായമാകണം. എന്റെ യാത്രയിൽ ശേഖരിച്ചതും backpackers കൂട്ടുകാർ പകർന്നു തന്നതുമായ വിലപ്പെട്ട വിവരങ്ങൾ കൂട്ടുകാർക്ക് പങ്കുവെക്കട്ടെ… എല്ലാവർക്കും പോകാൻ കഴിയണം.

സ്പിറ്റി വാലിയിലേക്ക് 2 വഴി എത്താം. 1) ഡൽഹി – ഷിംല – റെക്കോങ് പിയോ – നാക്കോ – ടാബോ – കാസ. 2) ഡൽഹി – മണാലി – കാസ. Backpackers ടീം suggest ചെയ്ത പ്രകാരം ഷിംല വഴിയാണ് ഞാൻ തിരഞ്ഞെടുത്തത്. ഞാൻ പോയ വഴികളും ചെലവും: Day1 ഡൽഹിയിൽ നിന്നും ചണ്ഡീഗഡ് ട്രെയിൻ : 120 /-, ചണ്ഡീഗഡ് – ഷിംല ബസ്സ് എപ്പോഴും ഉണ്ട്. ഏകദേശം 4-5 മണിക്കൂർ : 170/-.

ഷിംലയിൽ നിന്നും റെക്കോങ് പിയോയിലേക്ക് ദിവസം ഒരു HRTC (Himachal Road Transport Corporation) ബസ് ഉള്ളൂ. ടിക്കറ്റ് 330/- രൂപ. Shimla- Recong pio : 244 km. വൈകിട്ട് 6:30 നു പുറപ്പെടുന്ന ബസ്സ് പിറ്റേന്ന് വെളുപ്പിന് 3-4 മണിയോടെ പിയോയിൽ എത്തും. അപ്പൊ ഈ ബസ്സ് പിടിച്ചാൽ ഒരു രാത്രി താമസ ചിലവ് ലാഭം. സീറ്റ് ഓൺലൈനായി ബുക് ചെയ്താൽ റിസ്‌കില്ല, ഞാൻ ഷിംലയിൽ ചെന്ന് എടുക്കാൻ നേരം 2 സീറ്റെ ഒഴിവുണ്ടായിരുന്നുള്ളൂ. ഇരിക്കാൻ സ്ഥലം കിട്ടിയില്ലെങ്കിൽ ഈ യാത്ര വളരെ ബുദ്ധിമുട്ടാകും. വലിയ ചുരങ്ങളിലൂടെ അതിവേഗം ചലിക്കുന്ന ഈ ബസ്സിൽ നിന്നു യാത്ര ചെയ്യുന്ന കാര്യം ആലോചിക്കാൻ വയ്യ.

ഈ ബസ്സ് റെക്കോങ് പിയോയിൽ നിന്നും കാസ റൂട്ടിൽ കണക്ട് ചെയ്യുന്നു. അപ്പൊ പിയോയിൽ സമയം ചിലവഴിക്കാതെ നേരെ സ്പിറ്റി വാലിയിലേക്ക് പോകാനാണ് പ്ലാനെങ്കിൽ ഈ ബസ്സ് റെക്കോങ് പിയോ എത്തും മുമ്പ് കണ്ടക്ടർ വന്ന് കാസയ്ക്ക് പോകുന്നവരുടെ ലിസ്റ്റെടുക്കും. അപ്പോ പറഞ്ഞാൽ അതേ സീറ്റ് കിട്ടും. 3:30 നു പിയോയിൽ എത്തുന്ന ബസ്സും ഡ്രൈവറും കണ്ടക്ടറും മാറി വേറെ വണ്ടി ഇടും. പിന്നീട് 7 മണിക്ക് പുറപ്പെടുന്ന വണ്ടിയിൽ നേരത്തെ ഇരുന്ന അതേ സീറ്റ് നമ്പറിൽ യാത്ര തുടരാം.

ചിത്ഗുൽ ഗ്രാമം : റെക്കോങ് പിയോയിൽ നിന്നും എല്ലാ ദിവസവും രാവിലെ 9:30’ന് ചിത്ഗുൽ ഗ്രാമത്തിലേക്ക് ബസ്സുണ്ട്. ടിക്കറ്റ് : 120 രൂപ. Recong pio – chuthkul : 65 km (4-5 hrs). ബാസ്‌പാ നദിയുടെ ഓരം പറ്റി കർച്ചം പാസ്സ് വഴി അപകടകരമായ ഒരു യാത്ര. ഏകദേശം 1 മണിക്ക് sangla യിലും 2:30 ഓടെ ചിത്ഗുലിലും എത്തുന്ന ബസ്സ് അരമണിക്കൂറിനു ശേഷം തിരിച്ചു പിയോയിലേക്ക് യാത്ര തിരിക്കും..
അന്ന് ചിത്ഗുലിൽ താമസിക്കുകയാണെങ്കിൽ പിറ്റേന്ന് രാവിലെ 6 മണിക്ക് ഒരു പ്രൈവറ്റ് ബസ്സുണ്ട്, പിയോയിലേക്ക്. ടിക്കറ്റ് 100 രൂപ.

ചിത്ഗുൽ ഗ്രാമത്തിൽ നിരവധി ഹോംസ്റ്റേകൾ ലഭ്യമാണ്. ( റൂം എടുക്കും മുമ്പ്‌ നന്നായി ബാർഗെയ്ൻ ചെയ്യുക ). ബാസ്‌പാ നദിയുടെ ചാരെ മഞ്ഞു മലകളും കണ്ട് ടെന്റ് സ്റ്റേ ചെയ്യാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക. 089882 10475, 094187 01460, 094597 74783. സ്വന്തം ടെന്റ് കയ്യിലുണ്ടെങ്കിൽ ആൾക്ക് 150 രൂപ കൊടുത്താൽ അവരുടെ അടുത്തായി പിച്ച് ചെയ്യാം. ഗുണം : രാത്രി ഭക്ഷണം അവിടെ ലഭ്യമാണ്, മൊബൈൽ / പവർ ബാങ്ക് ചാർജ് ചെയ്യാം. Available network : BSNL only. പിയോയിൽ നിന്നു ചിത്ഗുലിലേക്ക് പോകുമ്പോ വലതു വശത്തു ഇരിക്കുക (driver side). തിരിച്ചു വരുമ്പോ ഇടതു വശത്തും. ഗ്രാമത്തിൽ നിന്നു നോക്കിയാൽ ബാസ്‌പാ നദിയുടെ കുറുകെ ഒരു പാലം കാണാം, അതു കടന്ന് അപ്പുറത്തേക്ക് ഒരു നടപ്പ് മറക്കരുത്, വെറുതെയാവില്ല.

കല്പ, റോഘി ഗ്രാമം : രാവിലെ 6 മണിക്കുള്ള ചിത്ഗുൽ – പിയോ ബസ്സിൽ കയറി റെക്കോങ് പിയോയിൽ എത്തി. റെക്കോങ് പിയോയിൽ നിന്നും കൽപ്പയിലേക്ക് എപ്പോഴും ബസ്സുണ്ട്. പിയോ ബസ്റ്റാന്റിൽ നിന്ന് ഏതെങ്കിലും ബസ്സ് പിടിച്ചു മെയിൻ റോഡിൽ വന്ന് കല്പ ബസ്സിനെ കുറിച്ച് ആരോടെങ്കിലും ചോദിക്കുക. ടിക്കറ്റ് : 15 രൂപ, ഇരുപതു മിനിറ്റ് യാത്ര. ഇടതു വശത്തായി കിന്നർ കൈലാസ മലനിരകളും കണ്ടു കൊണ്ട് കൽപ്പയിലെത്താം. ബസ്സിറങ്ങി അല്പം മുകളിലേക്കു നടന്നാൽ കല്പ ഗ്രാമത്തിന്റെ ഭംഗി കാണാം.

കൽപ്പയിൽ നിന്നും റോഘി ഗ്രാമത്തിലേക്ക് 5 കിലോമീറ്ററുണ്ട്. 2 മണിക്കൂർ ഇടവിട്ട് ബസ്സുണ്ടെന്നു പറയുന്നു.. എങ്കിലും പരമാവധി നടക്കാൻ ശ്രമിക്കുക. കൽപ്പയിൽ നിന്ന് റോഘിയിലേക്ക് നടന്നാൽ ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി തിരിച്ചു പോരാം. അന്ന് റെക്കോങ് പിയോയിൽ തിരിച്ചെത്തിയാൽ ബസ്റ്റാന്റിനോട് ചേർന്ന് കുറഞ്ഞ ചിലവിൽ താമസം ലഭ്യമാണ്. ഡോർമിറ്ററി : 100/- രൂപ,
094590 88448. സാമാന്യം നല്ല റൂം : 250-300 രൂപ, 094595 23100.

എത്ര ക്ഷീണമുണ്ടെങ്കിലും പിയോയിൽ രാവിലെ 5 മണിക്ക് അലാറം വച്ച് എഴുന്നേൽക്കുക. 7 മണിക്കുള്ള കാസ ബസ്സിൽ സീറ്റ് കിട്ടണമെങ്കിൽ 6 മണിക്കെങ്കിലും ബസ്റ്റാന്റിൽ പോയി ടിക്കറ്റെടുക്കണം.(എല്ലാ HRTC ബസ്റ്റാന്റുകളിലും നേരത്തെ/തലേന്നു പൈസ കൊടുത്തു സീറ്റ് റിസർവ്വ് ചെയ്യാവുന്നതാണ്, ഈ ബസ്സിൽ തലേന്നത്തെ ബുക്കിങ് ഇല്ല).Recong pio : All mobile networks available (jio also ).

നാക്കോ : റെക്കോങ് പിയോയിൽ നിന്നും 7 മണിയുടെ കാസ ബസ്സിൽ കയറിയാൽ 11:30 ഓടെ നാക്കോ എത്തും. പർവത നിരയിലെ അതിമനോഹരമായൊരു ഹിമാലയൻ ഗ്രാമമാണിത്. കഴിയുമെങ്കിൽ ഒരു ദിവസം നാക്കോയിൽ താമസിക്കുക. എന്റെ യാത്രയിൽ എനിക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടം, നാക്കോയിലെ സ്റ്റേ. കാരണം ഞാൻ താബോയിലേക്ക് യാത്ര തുടരാൻ തീരുമാനിച്ചു. സത്യം പറഞ്ഞാൽ നാക്കോയാണ് കൂടുതൽ ഭംഗി.

നാക്കോയിലെ ചെലവ് കുറഞ്ഞ ഹോംസ്റ്റേക്കായി 094594 80784, 094597 88644. Dormitory : 100/-,Thakur kangri dhaba, near nako bus stop. നാക്കോയിൽ ഒരു ദിവസം ചിലവഴിച്ചാൽ പിറ്റേന്ന് 11 മണിയോടെ വരുന്ന കാസ ബസ്സിൽ മുന്നോട്ട് യാത്ര തുടരാം. (ലിഫ്റ്റടിക്കാൻ തയാറാണെങ്കിൽ നേരത്തെ എഴുന്നേറ്റു റോഡിൽ നിൽക്കുക, നാക്കോ ധാബയിൽ എല്ലാ വണ്ടികളും നിർത്തും. ഏതെങ്കിലും ഒരു വണ്ടിയിൽ ഒരു സീറ്റ് കിട്ടും.. ഉറപ്പ്, യാത്രികർ എല്ലാവരും സഹായ മനഃസ്ഥിതി ഉള്ളവരാണ് ). പിയോയിൽ നിന്ന് നാക്കോയിലേക്കുള്ള വഴിയിൽ ബസ്സിന്റെ ഇടതു വശത്തിരിക്കുക, സത് ലജ് നദിയുടെ അരികിലൂടെ ഭീതിജനകമായ/മനോഹരമായ ഒരു ബസ് യാത്ര ആസ്വദിക്കാം. Nako – Available network : BSNL only.

താബോ : റെക്കോങ് പിയോയിൽ നിന്നും ഞാൻ താബോ ടിക്കറ്റെടുത്തു. 220 രൂപ. പച്ചപ്പു നിറഞ്ഞ പർവ്വതങ്ങൾ , മാറി അപകടകരമായ പാറകൾ നിറഞ്ഞ വഴികൾ താണ്ടി പൂ (pooh) ഗ്രാമവും കടന്ന് സത് ലജ് നദിയെ സാക്ഷിയാക്കി നേരെ നാക്കോ (Nako) വഴി താബോയിലേക്ക് 9 മണിക്കൂർ ബസ് യാത്ര. 7 മണിക്ക് പിയോയിൽ നിന്ന് പുറപ്പെടുന്ന ബസ്സ് വൈകിട്ട് നാലു മണിയോടെ താബോയിൽ എത്തുന്നു. ഈ ഓട്ടത്തിലാണ് പരമാവധി ആൾട്ടിറ്റൂട് കയറുന്നത്..

AMS അസുഖ ഭീതിയുള്ളവർ ധാരാളം വെള്ളം കുടിക്കുക. ഈ കയറ്റത്തിൽ ഓക്സിജൻ കുറയുന്നത് നന്നായി ഫീൽ ചെയ്യും. ചെറിയ തലവേദന പോലെയും. വെള്ളം കുടിക്കുക. 1000 വർഷം പഴക്കമുള്ള ബുദ്ധ മോണാസ്റ്ററിയാണ് പ്രധാനമായും കാണാനുള്ളത്. സന്യാസിമാർ തപസ്സു ചെയ്യാൻ ഉപയോഗിച്ചിരുന്ന ഗുഹകളും കാണാം..

താബോയിൽ താമസത്തിനായി 094189 84340, 089881 07473. ഡോർമിറ്ററി : 100/-, സാമാന്യം നല്ല റൂം : 350-400 (താബോ മൊണാസ്റ്ററി). പിയോയിൽ നിന്ന് താബോയിലേക്കുള്ള വഴിയിൽ ബസ്സിന്റെ ഇടതു വശത്തിരിക്കുക, സത് ലജ് നദിയുടെ അരികിലൂടെ ഭീതിജനകമായ/മനോഹരമായ ഒരു ബസ് യാത്ര ആസ്വദിക്കാം. Tabo – Available network : BSNL only. താബോ എത്തുന്നതിനു മുൻപ് വലത്തോട്ടു തിരിഞ്ഞ് അര മണിക്കൂർ സഞ്ചരിച്ചാൽ GEU മമ്മി സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താം. വർഷങ്ങളായി കേടു കൂടാതെ ഇരിക്കുന്ന ഒരു ബുദ്ധ സന്യാസിയുടെ മമ്മി കാണാം.

ധങ്കർ മൊണാസ്റ്ററി : സ്പിറ്റി വാലിയുടെ മനോഹരമായ കാഴ്ചകൾ ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത് ധങ്കറിലേക്കുള്ള വഴിയിലാണ്. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം. താബോയിൽ നിന്നും കാസയിലേക്കുള്ള വഴിയിൽ ഷിച്ചലിങ് (Shichling) എന്ന സ്ഥലത്തിറങ്ങി 8 കിലോമീറ്റർ മുകളിലേക്ക് സഞ്ചരിച്ചാൽ ധങ്കർ എത്താം. അവിടം വരെ ബസ്സില്ല. ഷിച്ചലിങ്ങിൽ നിന്ന് ലിഫ്റ്റടിച്ചോ നടന്നോ എത്താവുന്നതാണ്. അതല്ലെങ്കിൽ കാസയിൽ നിന്ന് ഒരു സ്കൂട്ടർ/ബൈക്ക് വാടകയ്ക്ക് എടുത്താൽ ധങ്കറും 10 കിലോമീറ്റർ അപ്പുറമുള്ള ലാലുങ് ഗ്രാമവും കാണാവുന്നതാണ്, ഞാനങ്ങനെയാണ് കണ്ടത്. ധങ്കർ താമസത്തിന് ഡോർമിറ്ററി: 200/-, 094186 46578, 094188 17761, Dhankar : Available network : BSNL (few places).

കാസ : താബോയിൽ നിന്നും ദിവസവും രാവിലെ 8:30നും 9:30 നും ഇടയ്ക്ക് കാസയിലേക്കുള്ള ബസ്സ് വരും (കൃത്യമായ ഒരു സമയം പറയാൻ കഴിയില്ല, ചുരുക്കം പറഞ്ഞാൽ 8:30 മുതൽ സ്റ്റോപ്പിൽ വേണം. താബോ – കാസ ടിക്കറ്റ് : 50/-. Tabo – kaza : 48 kms. 9 മണിക്കു പുറപ്പെടുന്ന വണ്ടി ഉച്ചയോടെ കാസയിലെത്തും. ടാബോ – കാസ ബസ്സിൽ പരമാവധി മുൻ സീറ്റിൽ ഇരിക്കാൻ നോക്കുക, ഇടതു വശത്താണ് കാഴ്ചകൾ കൂടുതലും. സ്പിറ്റി വാലിയുടെ വശ്യത ഈ ബസ് യാത്രയിൽ ഒപ്പിയെടുക്കാം.

കാസ ഒരു ചെറിയ ടൗൺ ആണ്. അത്യാവശ്യം വേണ്ടുന്ന എല്ലാ സാധനങ്ങളും അവിടെ കിട്ടും. നല്ല ഹോട്ടലുകൾ, താമസം. കാസയിലെ രാജുവിന്റെ കഫേയിൽ ചെന്നാൽ നമുക്ക് wifi ഉപയോഗിച്ചു പുറം ലോകവുമായി ബന്ധം പുലർത്താം. Raju : 094598 24350. 3 ബൈക്ക് റെന്റൽ ഷോപ്പുകളാണ് പ്രധാനമായും ഉള്ളത്.

1. Spiti Expedition. Keisang : 089880 80416, 2 . KD studio. KD : 094599 80873 ( in both, tell my reference. they will adjust ), 3. Himalayan Cafe. ഒറ്റയ്ക്കാണ് യാത്രയെങ്കിൽ സ്കൂട്ടർ എടുക്കുന്നതാണ് നല്ലത്. 650-750/- നിരക്കിൽ വണ്ടി എടുത്ത് 250/- രൂപ പെട്രോൾ അടിച്ചാൽ കാണാറുള്ളത് മുഴുവൻ കാണാം. കുറച്ചൂടെ ആർഭാടം വേണ്ടുന്നവർക്ക് ബുള്ളറ്റെടുക്കാം , 1300-1500/-,KAZA: Available network : BSNL only.

മുദ് ഗ്രാമം, പിൻ വാലി – സ്പിറ്റി വാലിയിൽ പോകുന്നവർ മുദ് ഗ്രാമം ഒഴിവാക്കിയാൽ സ്പിറ്റിയുടെ മനോഹാരിതയിലെ ഒരു 35% നിങ്ങൾ കാണുന്നില്ല എന്നർത്ഥം. കാസയിൽ നിന്നും ദിവസവും വൈകിട്ട് 4 മണിക്ക് മുദ് ഗ്രാമത്തിലേക്ക് ബസ്സുണ്ട്. 3:15ന് എങ്കിലും വന്ന് സീറ്റ് പിടിക്കണം, ഇടതു വശത്താണ് കാഴ്ചകൾ കൂടുതലും. കാസ – മുദ് ഗ്രാമം : ടിക്കറ്റ് 82/- Kaza – Mudh village : 50kms, താമസത്തിന് :
താര ഹോം സ്റ്റേ : റൂം 300/- രൂപ. 089880 62293, 094184 41453, 094184 27660. താര റെസ്റ്റോറന്റിൽ നല്ല ഭക്ഷണം ലഭിക്കുന്നതാണ്.

പിന്നെ, ഗ്രാമത്തിൽ തന്നെയുള്ള ഒരു അപ്പൂപ്പന് 150 രൂപ കൊടുത്താൽ മനോഹരമായൊരു സ്ഥലത്ത് ടെന്റടിക്കാം, അവിടെയുള്ള ആരോട് ചോദിച്ചാലും സ്ഥലം പറഞ്ഞു തരും. ഗുണം, അടുത്തു തന്നെ താര ഹോട്ടലുണ്ട്. അതല്ലെങ്കിൽ ഗ്രാമത്തിൽ നിന്നു താഴേക്കു നോക്കിയാൽ പിൻ വാലി നദിയുടെ കുറുകെ ഒരു തൂക്കുപാലം കാണാം. അതു കടന്ന് മുകളിലേക്ക് 20 മിനിറ്റ് നടന്നാൽ വിശാലമായ പുൽമൈതാനമെത്തും. ഇഷ്ടമുള്ള സ്ഥലത്ത് ടെന്റടിക്കാം. ഭക്ഷണം ഉണ്ടാക്കുകയോ കയ്യിൽ കരുതുകയോ ചെയ്യുക. Mobile network is not available in Mud village. അത്യാവശ്യം ഫോൺ വിളിക്കണമെങ്കിൽ താര ഹോംസ്റ്റെയിൽ സാറ്റലൈറ്റ് ഫോണുണ്ട്.

പിൻ പാർവ്വതി & ബാബ പാസ്സ് – അതിമനോഹരമായ ഈ രണ്ടു ട്രെക്കിങ് റൂട്ടുകളുടെയും തുടക്കം മുദ് ഗ്രാമത്തിൽ നിന്നാണ്. പിൻ പാർവ്വതി 6 ദിവസവും ബാബാ പാസ്സ് 5 ദിവസവും നീണ്ടു നിൽക്കുന്ന ട്രെക്കിങ്ങ് ആണ്. ഗ്രാമത്തിൽ നിന്ന് ആരെയെങ്കിലും ഗൈഡ് ആയി വിളിച്ചാൽ ധൈര്യമായി പോകാം.

ഒരു ദിവസം മുദ് ഗ്രാമത്തിൽ ചെലവഴിക്കാൻ മാറ്റി വച്ചാൽ ഈ രണ്ടു ട്രെക്കിങ് റൂട്ടുകളുടെയും ബേസ് ക്യാമ്പ് വരെ പോയി വരാം. ഗ്രാമത്തിൽ നിന്നു കാണുന്ന പുഴയുടെ കുറുകെ കെട്ടിയിരിക്കുന്ന തൂക്കുപാലം കടന്ന് നേരെ കാണുന്ന, കൃത്യമായി അറിയാൻ കഴിയുന്ന നട വഴിയിലൂടെ നേരെ പോയാൽ മതി. സ്വപ്നത്തിലെന്ന പോലെ തോന്നുന്ന വിജനമായ താഴ്വാരങ്ങൾ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം സമ്മാനിക്കുമെന്നതിൽ സംശയമില്ല.

പിൻ പാർവ്വതി / ബാബാ പാസ്സ് ട്രെക്കിങ് പോകാൻ താല്പര്യമുണ്ടെങ്കിൽ മുദ് ഗ്രാമത്തിലെ പ്രേം എന്ന പയ്യന് whats app ചെയ്യുക 09459847492. അവൻ സഹായിക്കും.. കേരളത്തിൽ നിന്നാണെന്ന് പ്രത്യേകം പറയുക..എന്റെ ആറാം ദിവസം പ്രേമിന്റെയും കൂട്ടരുടെയും കൂടെയായിരുന്നു. ഒരു ദിവസം 24 km ട്രെക്ക് ചെയ്ത് വൈകുന്നേരത്തോടെ മുദ് ഗ്രാമത്തിൽ തിരിച്ചെത്തി.

മുദ് ഗ്രാമം – കാസ – കാസയിൽ നിന്നും വൈകിട്ട് ഗ്രാമത്തിലേക്ക് വരുന്ന ആ ബസ്സ് അന്നവിടെ കിടക്കും. പിറ്റേന്ന് രാവിലെ 6 മണിക്ക് തിരിച്ചു കാസയിലേക്ക് പുറപ്പെടും. ടിക്കറ്റ് : 82/- രൂപ. ഒരു കാര്യം ഓർക്കുക. ഈ ബസ് പോയാൽ പിന്നെ അന്ന് ഗ്രാമത്തിൽ നിന്ന് പുറത്തു കടക്കൽ ബുദ്ധിമുട്ടാണ്. 7 മണിയോടെ ഒരു പിക്കപ്പ് വാൻ പോയിക്കഴിഞ്ഞാൽ പിന്നെ വേറെ വാഹനം കിട്ടാൻ ഒരു സാധ്യതയുമില്ല. കാസയിൽ വന്ന് മേൽപറഞ്ഞ ഏതെങ്കിലും ഒരു ഷോപ്പിൽ ബന്ധപ്പെട്ട് ഒരു സ്കൂട്ടർ/ബുള്ളറ്റ് എടുക്കുക. നേരത്തെ വിളിച്ചു പറഞ്ഞില്ലെങ്കിൽ വണ്ടി കിട്ടാൻ സാധ്യതയില്ല.

കീ മൊണാസ്റ്ററി – സ്പിറ്റി വാലിയിലെ ഏറ്റവും വലിയ മോണാസ്റ്ററിയാണ് കീ. ചിതൽ പുറ്റുകൾ പോലെ തോന്നിക്കുന്ന മലയിലെ നിർമ്മാണ രീതി മനോഹരമാണ്. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം. താമസം : ഡോർമിറ്ററി : 250/- (with meals) 094188 41170. Available network : BSNL only.

കിബ്ബർ ഗ്രാമം : പഴയ ഒരു മോണസ്റ്ററിയും 200 ഓളം ആളുകൾ താമസിക്കുന്ന ഒരു ഗ്രാമവും അടങ്ങുന്നതാണ് കിബ്ബർ. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തൂക്കുപാലം പണി കിബ്ബറിൽ പുരോഗമിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് കാസയിൽ നിന്നും കീ വഴി കിബ്ബറിലേക്ക് HRTC ബസ്സുണ്ട്.. താമസത്തിനായി അനേകം ഹോം സ്റ്റേകൾ ലഭ്യമാണ്.. കിബ്ബറിൽ നിന്നും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന ട്രെക്കിങ് പാതകളുമുണ്ട്..

ലാങ്സ ഗ്രാമം : കൊല്ലത്തിൽ 4-5 മാസം മഞ്ഞിനടിയിലാവുന്ന ലാങ്സ ഗ്രാമം. കാസയിൽ നിന്ന് കിബ്ബർ റൂട്ടിൽ 2 കിലോമീറ്റർ വന്ന ശേഷം ഒരു കമാനം കഴിഞ്ഞ ഉടനെ വലത്തെക്കുള്ള വഴി. 14,0000 അടി ഉയരത്തിലേക്ക് വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന വഴി മനോഹരവും അപകടകരവുമാണ്. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം. ലാങ്സ ഗ്രാമത്തിൽ കാണുന്ന വലിയ ബുദ്ധ പ്രതിമയുടെ താഴെയാണ് ഹോം സ്റ്റേകൾ. Banjara Camps : 400-500, 094185 37689. Phan Dhey Home stay: 500-600, 094186 20454, 094595 40364. പൈസ അല്പം കൂടിയെന്ന് ആദ്യം തോന്നിയെങ്കിലും മനസ്സു നിറഞ്ഞാണ് അവിടുന്ന് ഇറങ്ങിയത്. എത്ര ഗസ്റ്റുകൾ ഉണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് ഒരു ഹാളിൽ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ടിബറ്റൻ ആദിത്യ മര്യാദയുടെ കാണാപ്പുറങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു. ലങ്സായിൽ മൊബൈൽ network ഇല്ല..

ഇവിടെ വരുന്നവർ വന്ന പാടെ റൂമിൽ കയറി ഇരുന്നാൽ AMS (acute mountain sickness) വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പരമാവധി വെള്ളം കുടിക്കുക. ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തു നിന്ന് നല്ല രീതിയിൽ ശ്വാസോച്ഛാസം എടുക്കുക. ഈ ഭാഗങ്ങളിൽ ഓക്സിജന്റെ അളവ് കുറവാണ്. ഒരു കാരണവശാലും പുക വലിക്കാതിരിക്കുക. ശ്വാസ തടസ്സം ഉള്ളവർ ഇവിടെ നിന്ന് പുകവലിച്ചാൽ മരണം വരെ സംഭവിച്ചേക്കാം.

ഹിക്കിം ഗ്രാമം : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നത് ഹിക്കിം ഗ്രാമത്തിലാണ്. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഈ പോസ്റ്റോഫീസ് ഒരു കുടിലിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് സ്റ്റേഷൻ എന്ന റെക്കോർഡും ഹിക്കിമിനു സ്വന്തം. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഗ്രാമം. മൊബൈൽ network ഇല്ല.

കോമിക് ഗ്രാമം : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ ഗ്രാമം. പുരാതനമായ ഒരു മൊണാസ്റ്ററിയും കാണാം. അവിടെ താമസ സൗകര്യം ലഭ്യമാണ്. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം. മൊബൈൽ network ഇല്ല.

ഡെമുൾ ഗ്രാമം : കോമിക്കിൽ നിന്ന് ഒരു ദിവസം ട്രെക്ക് ചെയ്താൽ ഡെമുൾ ഗ്രാമത്തിലെത്താം. ഹിമാലയൻ മലനിരകളിൽ ഒറ്റപ്പെട്ടു കിടക്കുന്ന അവിടെ എണ്ണപ്പെട്ട വീടുകളെ ഒള്ളൂ. ഹോം സ്റ്റേകൾ ലഭ്യമാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ശ്രമിക്കാം. താരതമ്യേന ബുദ്ധിമുട്ടില്ലാത്ത നടപ്പാണ്. (ഓക്സിജൻ കുറവ് ഒഴിച്ചാൽ).

ഒരു ദിവസം ഡെമുളിൽ താമസിച്ചു പിറ്റേന്ന് നടന്നാൽ ലാലുങ് എന്ന കുഞ്ഞു ഗ്രാമത്തിലെത്താം. സ്പിറ്റിയിലെ സുവർണ മൊണാസ്റ്ററി സ്ഥിതി ചെയ്യുന്നത് ലാലുങ്ങിലാണ്. അവിടെയും ഹോം സ്റ്റേകൾ ലഭ്യമാണ്. ലാലുങ്കിൽ ഒരു ദിവസം താമസിച്ചു പിറ്റേന്ന് ധങ്കർ മോണസ്റ്ററിയിലേക്ക് (നേരത്തെ പറഞ്ഞ) നടക്കാം.

3 ദിവസത്തെ ട്രെക്കാണിത്. ഒരു പെർമിഷന്റെയും ആവശ്യമില്ല. ഹിമാലയൻ മലനിരകളിൽ സാഹസിക ട്രെക്കിങ് താല്പര്യമുള്ളവർ ശ്രമിക്കുക. കോമിക് കണ്ടു കഴിഞ്ഞാൽ പിന്നെ തിരിച്ചു കാസയിലേക്ക് പോകാൻ ലാങ്സായിൽ തിരിച്ചു പോകേണ്ട ആവശ്യമില്ല. ഹികിം ഗ്രാമത്തിൽ നിന്ന് നേരിട്ടൊരു വഴിയുണ്ട്. 12 കിലോമീറ്റർ. സ്പിറ്റി വാലിയുടെ മനം മയക്കുന്ന കാഴ്ചകൾ ഈ വഴിയിൽ കാണാം. ഒരു കാരണവശാലും ഫോട്ടോ എടുക്കാനായി റോഡിന്റെ വശങ്ങളിൽ വണ്ടി നിർത്തരുത്. എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അരികുകളാണ് ആ വഴിയിൽ.

ചന്ദ്രതാൽ തടാകം : സ്പിറ്റി യാത്രയിലെ ഏറ്റവും ആകർഷകമായ കാഴ്ച. യാതൊരു കാരണവശാലും നഷ്ടമാക്കരുത്. കാസയിൽ നിന്നും എല്ലാ ദിവസവും രാവിലെ 4:30ന് മണാലി ബസ്സുണ്ട്. അതിൽ കയറി 130/- രൂപ ടിക്കറ്റെടുത്താൽ 9 മണിക്ക് ബത്തൽ (batal) എന്ന സ്ഥലത്തിറങ്ങാം. ഏറ്റവും അപകടം പിടിച്ച കുൻസും പാസിറങ്ങിയുള്ള ബസ് യാത്ര ആരിലും ഭീതി ഉളവാക്കും. ഈ ബസ്സിൽ സീറ്റ് കിട്ടാനായി തലേന്ന് വൈകിട്ട് 5 മണിക്ക് കാസ സ്റ്റാൻഡിൽ ചെല്ലുക. ബസ് വന്ന ഉടനെ പിറ്റേന്നതെക്കുള്ള റീസെർവഷൻ ആരംഭിക്കും. എങ്ങനെയും ഇടിച്ചു കേറി ടിക്കറ്റ് മേടിക്കുക. ഇല്ലെങ്കിൽ രാവിലെ ഖേദിക്കേണ്ടി വരും. വളരെ മോശം റോഡിൽ (റോഡില്ല എന്നു വേണേൽ പറയാം ) നിന്നു യാത്ര ചെയ്യൽ വളരെ ബുദ്ധിമുട്ടാണ്.

In case സീറ്റ് കിട്ടിയില്ലെങ്കിൽ ഇടത്തുവശത്തായി മുന്നിൽ നിന്ന് രണ്ടാമത്തെ സീറ്റിൽ എങ്ങനെയും കേറി ഇരിക്കുക. (seat no: 2 & 3 ) അത് രണ്ടും Handicaped യാത്രക്കാർക്ക് വേണ്ടിയുള്ള സീറ്റാണ്. അതിരാവിലെ ആ ബസ്സിൽ അങ്ങനെ ആരും ഇല്ലെങ്കിൽ ഭാഗ്യം. കണ്ടക്ടർ വന്നു എങ്ങോട്ടാ എന്നു ചോദിച്ചാൽ ആദ്യം കുളു എന്നു മാത്രം പറയുക. അല്ലെങ്കിൽ നമ്മളെ എഴുന്നേൽപ്പിച്ചു നിർത്തി, നിൽക്കുന്ന കുളു യാത്രക്കാരെ അവിടെ ഇരുത്തും.. ഇനി ആരേലും വന്ന് ആ സീറ്റും പോയാൽ വേറെ ആൾ വരും മുൻപ് ബസ്സിന്റെ എൻജിനിൽ ഇടം കണ്ടെത്തുക.

ബത്തലിൽ ഇറങ്ങിയാൽ ചന്ദ്രതാൽ തടാകത്തിലേക്ക് പോകുന്ന ഏതെങ്കിലും വണ്ടിയിൽ ലിഫ്റ്റ് കിട്ടിയേക്കാം. അവിടെ ആകെ രണ്ടു ധാബയാണുള്ളത്. അതിൽ പ്രധാനമായുള്ള ചാച്ചാജിയുടെ ധാബയിൽ ചെന്ന് അദ്ദേഹത്തോട് കാര്യം പറയുക. ഏതേലും വണ്ടിയിൽ അദ്ദേഹം ഏർപ്പാടാക്കി തരും. 100% sure. അദ്ദേഹത്തിന്റെ മകൻ TENZIN ചന്ദ്രതാൽ തടാകത്തിൽ ക്യാമ്പ് നടത്തുന്നുണ്ട്. അപ്പൊ 11 മണിയുടെ കാസ ബസ്സ് വന്നാൽ അതിൽ വരുന്ന യാത്രക്കാരെയും തൂക്കി TENZIN തന്റെ പിക്കപ്പിൽ ചന്ദ്രതാലിലേക്ക് പോകും. മറ്റു വാഹനങ്ങൾ കിട്ടിയില്ലെങ്കിൽ അതു വരെ കാത്തിരിക്കുക (ചാച്ചാജിയോട് പറഞ്ഞെങ്കിൽ മാത്രമേ ഇതു നടക്കൂ. ) tensin ഇങ്ങനെ പോകുന്ന കാര്യം അറിയില്ലായിരുന്നു. കുറേ നേരം കാത്തിരുന്ന മുഷിഞ്ഞ ഞാനും വേറെ 2 പേരും നടന്നു. 14 കിലോമീറ്റർ, 4 മണിക്കൂർ.

ശരീരം ഫിറ്റല്ലെങ്കിൽ യാതൊരു കാരണവശാലും നടക്കാൻ തുനിയരുത്. ഹൈ ആൾറ്റിറ്റുഡിൽ ബാക്ക്പാക്കും തൂക്കി നടന്ന അവസ്‌ഥ ഭീകരമായിരുന്നു. ഇനി നടക്കാനാണെങ്കിൽ നേരത്തെ പറഞ്ഞ kunzum പാസ് തുടങ്ങുന്ന സ്ഥലത്ത് ഒരു ബുദ്ധ ക്ഷേത്രമുണ്ട്. കണ്ടക്ടറോട് ചോദിച്ചിട്ട് അവിടെയിറങ്ങുക. അവിടുന്ന് ചന്ദ്രതാൽ തടാകത്തിലേക്ക് ട്രെക്കിങ് റൂട്ടുണ്ട്. 8 കിലോമീറ്റർ, 3 മണിക്കൂർ downhil ട്രെക്ക്. ബത്തലിൽ ചെന്നു നടക്കുന്നതിൽ എത്രയോ ഭേദം. ചന്ദ്രതാൽ തടാകത്തിനു സമീപം ക്യാമ്പിംഗ് അനുവദിക്കില്ല. തടാകം എത്തുന്നതിന് 3.5 കിലോമീറ്റർ മുൻപ് ഒരുപാട് ക്യാമ്പുകൾ കാണാം.

നേരത്തെ പറഞ്ഞ tensin’ന്റെ ക്യാമ്പിലാണ് താരതമ്യേന rate കുറവ്. 500/- (പേശണം). 089883 13473 : Mr Tenzin. സ്വന്തം ടെന്റടിക്കാൻ എവിടെയായാലും 300 രൂപ കൊടുക്കണം. ടെന്റ് സെറ്റാക്കിയ ശേഷം ചന്ദ്രതാലിലേക്ക് നടക്കണം. ഹോ.. ഒരു വല്ലാത്ത നടപ്പു തന്നെ, ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടിയ നടപ്പായിരുന്നു അത്. എങ്കിലും തടാകത്തിന്റെ കാഴ്ചകൾ കാണുമ്പോ അനുഭവിച്ച കഷ്ടപ്പാടുകൾ എങ്ങോ മറയും. തടാകത്തിൽ പോയാൽ സൂര്യൻ മറയും മുന്നേ തിരിച്ചു നടക്കാൻ ശ്രമിക്കുക. അസ്തമയം കഴിഞ്ഞ ഉടനെ കഠിനമായ തണുപ്പ് തുടങ്ങുകയും കൈകാലുകൾ മരവിക്കുകയും ചെയ്യും..

Backpacking ആയിട്ടാണ് പോകുന്നതെങ്കിൽ tenzin ന്റെ കൂടെ തന്നെ താമസിക്കുക. തലേന്നു തന്നെ പറഞ്ഞാൽ പുള്ളി രാവിലെ നമുക്ക് പോകാൻ ഏതേലും വണ്ടിയിൽ സീറ്റ് റെഡിയാക്കി തരും.. അതല്ലെങ്കിൽ സ്വന്തം പിക്കപ്പ് വാനിൽ tensin ബത്തലിലേക്ക് വരുമ്പോൾ ലിഫ്റ്റ് തരും.

രാവിലെ 9 മണിക്കാണ് കാസയിൽ നിന്നു വരുന്ന മണാലി ബസ്സ് എത്തുന്നത്. അപ്പൊ ക്യാമ്പിൽ 5 മണിക്കു തന്നെ എഴുന്നേൽക്കുക. ഇനി ആ ബസ്സ് പോയാലും പ്രശ്നമില്ല. ആ വഴിക്ക് വരുന്ന ഏതേലും വണ്ടിയിൽ കൈ കാണിച്ചു നേരെ മണാലി, അല്ലെങ്കിൽ മണാലി വഴിയിൽ ചെന്നു മുട്ടുന്ന ഗ്രാംഫു (gramphu) കയറുക. ഗ്രാംഫുവിൽ നിന്ന് മണാലിക്ക് തുരുതുരാ വാഹനങ്ങൾ പോകുന്നു (ബസ്സും ഉണ്ട്). മണാലിയിൽ നിന്ന് തിരിച്ചു ഡൽഹി. ഡൽഹിയിൽ നിന്നും എനിക്ക് വന്ന ചിലവ് : വണ്ടിക്കൂലി : 4420/- രൂപ, താമസം : 2500/- രൂപ. (4 ദിവസം ടെന്റടിച്ചു, പരമാവധി പൈസ കുറഞ്ഞ റൂമുകൾ എടുത്തു ) + ഭക്ഷണം.

അപ്പൊ എങ്ങനാ കൂട്ടുകാരെ, പോകുവല്ലേ ??? ബാഗ് പാക്ക് ചെയ്തോളൂ. നോക്കി നിൽക്കാൻ സമയമില്ല. സ്പിറ്റി വാലി നിങ്ങളെ കാത്തിരിക്കുന്നു..

ചില Backpacking ടിപ്സ് : 1- ഒരു ഡയറി വാങ്ങി അത്യാവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതി വക്കുക (അത്യാവശ്യമുള്ളത് മാത്രം) .. പോകാനിറങ്ങുന്ന അവസാന നിമിഷം എന്തെങ്കിലും മറന്നിട്ടുണ്ടോ എന്നു നോക്കാൻ ഇതിലും നല്ല വഴിയില്ല. 2- സ്മാർട്ഫോണിനെ പൂർണ്ണമായും ആശ്രയിക്കാതിരിക്കുക. മേൽ പറഞ്ഞ ഡയറിയിൽ, പോകാണുദ്ദേശിക്കുന്ന സ്ഥലങ്ങൾ, ഫോൺ നമ്പറുകൾ, അറിയാവുന്ന ബസ് സമയങ്ങൾ തുടങ്ങിയവ എഴുതി വക്കുക. മൊബൈലിൽ ഗൂഗിൾ മാപ്പ് ഉണ്ടെങ്കിലും, ഒരു ബേസിക് മാപ്പ് ഡയറിയിൽ വരച്ചു വക്കുക. (യാത്രയ്ക്കിടെ എന്തേലും ആശ്രദ്ധയാൽ ഒന്നു താഴെ വീണാലോ, വെള്ളം നനഞ്ഞാലോ തീരാവുന്നതെ ഉള്ളൂ സ്മാർട്ഫോൺ). യാത്രയിലെ ഓരോ ദിവസത്തെയും കുഞ്ഞു കുഞ്ഞു അനുഭവങ്ങൾ അന്നത്തെ ഡേറ്റിൽ എഴുതി വക്കുക. പിന്നീടത് വായിക്കുമ്പോൾ ആ സ്ഥലത്തു വീണ്ടും പോയ ഫീലാണ്..

3- ഒരുപാട് സാധനങ്ങൾ കൊണ്ടു പോകുന്നുണ്ടെങ്കിൽ തോളിനു ഭാരം വരാത്ത രീതിയിലുള്ള (Rucksack) ഒരു ബാഗ് വാങ്ങുക. 2000 രൂപ മുതൽ അത്തരം ബാഗുകൾ ഓൺലൈനായി ലഭ്യമാണ്. തോളിൽ ഭാരം വരാതെ അരക്കെട്ടിൽ കനം ബാലൻസ് ആവുന്ന തരത്തിലാണ് ഇവയുടെ രൂപകൽപ്പന. ബസ്സ്, ലിഫ്റ്റ്, നടപ്പ്. ഈ ഉദ്ദേശത്തിൽ പോകുന്ന ആൾക്ക്, ബാഗിന് ഭാരം കൂടിയാൽ നടപ്പ് ഒരു ബാധ്യതയാവുകയും യാത്ര അലങ്കോലമാവുകയും ചെയ്യും..

4- മേൽ പറഞ്ഞ പോലെയുള്ള ബാഗുകളിൽ സാധനങ്ങൾ പാക്കു ചെയ്യുമ്പോൾ ചുമ്മാ വാരി വലിച്ചു നിറക്കാതിരിക്കുക. കൃത്യമായി വെയിറ്റ് ബാലൻസ് ചെയ്ത് ബാഗ് റെഡിയാക്കിയാൽ ഒരു 15 കിലോ ഭാരമൊക്കെ ഒട്ടും അയാസപ്പെടാതെ തോളിലിട്ടു നടക്കാൻ കഴിയും. ഇതേ സാധനങ്ങൾ വാരി വലിച്ചു നിറച്ചപ്പോൾ ഇരട്ടി ഭാരമായാണ് അനുഭവപ്പെട്ടത്. എപ്പോഴും പാക്കു ചെയ്യുമ്പോൾ നമ്മുടെ കപ്പാസിറ്റിയുടെ 2 കിലോ കുറച്ചു ചെയ്യുക. ഒരുപാട് നടക്കേണ്ട അവസ്‌ഥ വരുമ്പോൾ 2 ലിറ്റർ വെള്ളത്തിനുള്ള സ്പേസ് ആണിത്.

5 – ഒരു ചെറിയ oneside ബാഗ് കരുതുക. ഡയറി പേന, പവർബാങ്ക് & ചാർജർ, മുതലായവ ഇതിലിടുക. HRTC ബസ്സുകളിൽ പലപ്പോഴും വലിയ ബാഗ് മുകളിലെ കാരിയറിൽ കെട്ടി വെക്കേണ്ടി വരും, അപ്പൊ ഇത്തരം യാത്രകളിൽ ഒരു ചെറിയ ബാഗ് അത്യാവശ്യം തന്നെ. (ക്യാമറ ബാഗ് കയ്യിലുള്ളവർക്ക് അതുപയോഗിക്കാം ). 6 – കഴിയുമെങ്കിൽ ഒരു ടെന്റ് കയ്യിൽ കരുതുക. സ്ലീപ്പിങ് ബാഗും. എവിടെ കിടക്കുമെന്ന ടെന്ഷനില്ലാതെ യാത്ര ചെയ്യാം. ബസ്റ്റാന്റിലും മറ്റും കിടക്കേണ്ട അവസ്‌ഥ വന്നാൽ സ്ലീപ്പിങ് ബാഗ് വിരിച്ച് ബാഗും അതിനുള്ളിൽ അഡ്ജസ്റ് ചെയ്തു വച്ചു സുഖമായി കിടന്നുറങ്ങാം.

7 – സിബ്ബ് ഉള്ള പോക്കറ്റോടു കൂടിയ തെർമൽ ജാക്കറ്റ് വാങ്ങുക. ഗുണം : പേഴ്‌സ്, മൊബൈൽ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ ജാക്കറ്റിന്റെ പോകറ്റിലിട്ടു സിബ്ബടച്ചാൽ ഒരു പരിധി വരെ സുരക്ഷിതമാണ്.. ( ട്രെക്കിങ്ങിനിടെ അത്യാവശ്യം വേണ്ടി വരുന്ന ഗുളികകൾ, ഓക്സിജൻ inhaler, ചോക്ലേറ്റ് etc ഇതിലിടാം ). പിന്നെ ഏറ്റവും പ്രധാന ഗുണം. പരമാവധി രണ്ടു ബനിയനുമായിട്ടാണല്ലോ നമ്മൾ പോകുന്നത്. അപ്പൊ ഈ വസ്ത്രങ്ങൾ എപ്പോഴും അലക്കാൻ കഴിയില്ല. അപ്പോ പബ്ലിക് ട്രാൻസ്പോർട്ടുകളിൽ യാത്ര ചെയ്യുമ്പോൾ ഈ വസ്ത്രങ്ങളുടെ മുഷിപ്പിൽ നിന്ന് തെർമൽ ജാക്കറ്റ് നമ്മെ രക്ഷിക്കും. ഇത്തരം ജാക്കറ്റിന് മുഷിഞ്ഞ ഗന്ധം ഉണ്ടാവുകയില്ല .. മടക്ക യാത്രയിൽ ഈ ജാക്കറ്റ് മാത്രമിട്ടാണ് ഞാൻ വന്നത്.. യാതൊരു കാരണവശാലും തുണി കൊണ്ടുള്ള, മുഷിയുന്ന ജാക്കറ്റ് കൊണ്ടു പോകരുത്. അവസാനം അതും കൂടി കൊണ്ടു നടക്കൽ ഒരു ബാധ്യതയാവും.

8 – അനാവശ്യമായി പ്ലാസ്റ്റിക് ബോട്ടിലുകൾ വാങ്ങി കൂട്ടാതിരിക്കുക. വിദേശികളിൽ നിന്നാണ് ഞാനിത് പഠിച്ചത്.യാത്രയിൽ, എപ്പോഴും കുടിക്കാനായി കുപ്പിവെള്ളത്തെയാണ് ഞാൻ ആശ്രയിച്ചിരുന്നത്. ഒരു ബോട്ടിൽ ഫ്ലാസ്‌ക്ക് ബാഗിൽ ഉണ്ടായിരുന്നെങ്കിലും ചൂടുവെളളം പിടിക്കാൻ മാത്രമേ അതെടുത്തുള്ളൂ. ചന്ദ്രതാൽ തടകത്തിലേക്കുള്ള നടപ്പിൽ പരിചയപ്പെട്ട ജർമനിക്കാരനായ ലൂക്കാസാണ് എനിക്കീ കാര്യം മനസ്സിലാക്കി തന്നത്. യാത്രയിലുടനീളം എത്ര ബോട്ടിലുകൾ വാങ്ങി എന്നറിയില്ല. എന്നാലും അവസാനം കയ്യിലുള്ള ഒരെണ്ണമൊഴിച്ചു ബാക്കി എല്ലാം ഭൂമിക്കു ഭാരമായി കഴിഞ്ഞു (വേസ്റ്റ് ബിന്നിൽ ആയാലും).

അപ്പോ, അതൊഴിവാക്കാൻ വെള്ളം കുടിക്കാനായി മാത്രം കനം കുറഞ്ഞ, കയ്യിൽ പിടിച്ചു നടക്കാൻ കഴിയുന്ന ഒരു ബോട്ടിൽ വാങ്ങുക. വെള്ളം നിറയ്ക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം നിറച്ച് അതു കുടിക്കുക. steripen എന്ന UV water purifier ഉപയോഗിച്ച്‌ വെള്ളം അണു വിമുക്തമാക്കിയാണ് ലൂക്കാസ് കുടിക്കുന്നത്. steripen ഓണ്ലൈനിൽ വാങ്ങാൻ കിട്ടും.കൂടാതെ, നമ്മുടെ നാട്ടിലെ സാധാ ഇഞ്ചി മുറിച്ചു ചെറിയ കഷണം കുപ്പിയിലിട്ടാൽ ശരീരത്തിന് ഉപയോഗപ്രദമായ എന്തൊക്കെയോ ഔഷധ ഗുണങ്ങൾ ലഭിക്കുമെന്നും ലൂക്കാസ് പറഞ്ഞറിഞ്ഞു. കഠിനമായ ട്രെക്കിങ്ങിനിടെ ഇഞ്ചിയിട്ട വെള്ളം കുടിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നിയിരുന്നു.

9- പതിനഞ്ച്‌ രൂപയുടെ ചെറിയ ഓട്ട്സ് പാക്കറ്റ് മാർക്കറ്റിൽ ലഭ്യമാണ്. അത് കുറച്ചു മേടിക്കുക. കനം കുറഞ്ഞ ചെറിയൊരു പാത്രവും കരുതുക. ഗുണം : ടെന്റടിക്കേണ്ട അവസ്‌ഥയിലോ, രാത്രിയിൽ വിശന്നാലോ, യാത്രയിൽ ശാരീരികമായ അസ്വസ്ഥതകൾ വന്നാലോ, വെറും 2 മിനിറ്റു കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ആരോഗ്യപ്രദമായ ഭക്ഷണം. എവിടുന്നേലും അൽപ്പം ചൂടുവെള്ളം ഒപ്പിക്കേണ്ട പണിയെ ഉള്ളൂ..

10- ഒരു തൊപ്പി, ഷാൾ എന്നിവ കയ്യിൽ കരുതാൻ മറക്കരുതേ, വെയിലിൽ നിന്ന് തൊപ്പിയും വൈകുന്നേരത്തെ കടുത്ത തണുപ്പിൽ നിന്നു ഷാളും നമ്മെ സംരക്ഷിക്കും.. കൂടാതെ HRTC ബസ്സുകൾ കൂടുതലും രാവിലെയാണ് പുറപ്പെടുന്നത്. പുലർച്ചെയുള്ള യാത്രകളിൽ മുഖത്തേക്ക് നേരെ അടിക്കുന്ന തണുത്ത കാറ്റ് തലവേദന ഉണ്ടാക്കാൻ സാധ്യതയുണ്ട്. അപ്പൊ ഷാൾ ചുറ്റി മുഖം മറക്കുക..

1 comment
  1. Hi sujithetta

    Initially i planed to travel to North India through backpacking. please send me the proper guidance. how to attain this journey at least cost. please provide me the backpackers group numbers if you know.

    thank you

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post