ഒരു കാലത്ത് നമ്മുടെ നാട്ടിലെ സാധാരണക്കാർക്കൊക്കെ യാത്രകൾ എന്ന് പറയുന്നത് ഊട്ടിയോ, മൂന്നാറോ, കൊടൈക്കനാലോ, മൈസൂരോ ഒക്കെ മാത്രമായിരുന്നു. അക്കാലങ്ങളിൽ ഒരു വിദേശയാത്ര (ടൂർ) എന്നത് സ്വപ്നം കാണാൻ മാത്രം പറ്റുന്ന ഒരു കാര്യമായിരുന്നു. എന്നാൽ കാലം മാറി. ഇന്ന് സാധാരണക്കാരനും വിദേശ യാത്രകൾ സ്വപ്നം കാണുക മാത്രമല്ല അവ യാഥാർഥ്യമാക്കുകയും ചെയ്യുന്നു.

എങ്ങനെയാണു സാധാരണക്കാരായവർക്ക് ഒരു വിദേശ യാത്ര യാഥാർഥ്യമാക്കുവാൻ സാധിക്കുന്നത്? എങ്ങനെ അതിനുള്ള ചെലവ് തുക സ്വരൂപിക്കാം? ഇതിനുള്ള ഉത്തരം എല്ലാ സഞ്ചാരപ്രിയർക്കുമായി പങ്കുവെയ്ക്കുകയാണ് തൃശ്ശൂർ സ്വദേശിയായ മേജറ്റ് ജോണി. യാത്രകളെ പ്രണയിക്കുന്ന, സ്വപ്നം കാണുന്ന എല്ലാവരും വായിച്ചിരിക്കേണ്ട അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു.

“നീ വിദേശയാത്രകള്‍ നടത്താന്‍ മാത്രം സമ്പന്നനാണോ എന്ന് ചോദിക്കുന്നവര്‍ക്ക് ഞങ്ങള്‍ എങ്ങിനെയാണ് യാത്രകള്‍ നടത്തുന്നതെന്ന് പറഞ്ഞുതരാം. യാത്ര ചെയ്യണമന്ന ആഗ്രഹം മാത്രം മതി. പിന്നെയാണ് പണം. ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ കാണുന്നതാണ് യാത്രാ ചിലവ് പിരിക്കുന്ന കടലാസ്. ആഴ്ച്ചയില്‍ 250 രൂപ വീതം ഓരോരുത്തരും എടുക്കും ഇത് രണ്ട് ആഴ്ച്ച കൂടുമ്പോള്‍ ഞങ്ങളുടെ യാത്രാ ടീമിലെ ഒരാളെ ഏല്‍പ്പിക്കും. ഈ പണം മാസം ഒരു തവണ വീതം ഉളള ചിട്ടിവെയ്ക്കും ചിട്ടി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക ഒന്നിച്ച് വാങ്ങി യാത്ര ചെയ്യുകയാണ് പരിപാടി.

ഇങ്ങനെ മൂന്ന് തവണ ചിട്ടി പൂര്‍ത്തിയാക്കി യാത്ര ചെയ്തു. മുന്ന് ദിവസം മുമ്പാണ് തായ്‌ലന്റ് യാത്ര കഴിഞ്ഞെത്തിയത്. അടുത്ത വിദേശയാത്രക്കുളള പിരിവ് ഉടന്‍ ആരംഭിക്കും. ഞങ്ങള്‍ യാത്ര തുക പിരിക്കുന്ന കടലാസ് ഉപയോഗം കൊണ്ട് പിന്നി പോയെങ്കിലും സെലോടേപ്പ് ഒട്ടിച്ച് വീണ്ടും സൂക്ഷിച്ച് എഴുതുന്നത് സമ്പന്നരല്ലാത്ത ഞങ്ങള്‍ക്ക് യാത്രയോടുള്ള അടങ്ങാത്ത മോഹം മാത്രമാണ്.

ആഴ്ച്ചയില്‍ ചെറിയ തുക മാറ്റി വെയ്ക്കുവാൻ തയ്യാറുളള ആര്‍ക്കും യാത്രയെന്നത് സ്വപനം മാത്രമല്ല അതൊരു യാഥാര്‍ത്യം കൂടിയാണ്. വിലകുടിയ ഷൂസോ, വസ്ത്രങ്ങളോ വാങ്ങിയണിഞ്ഞാല്‍ അതിന്റെ ഓര്‍മ്മ ഏതാനും നാളുകള്‍ മാത്രം നിലനില്‍ക്കും. പക്ഷേ ഒരു യാത്ര ചെയ്താൽ മരണം വരെ ആ ഓര്‍മ്മകള്‍ നമ്മോടൊപ്പം ഉണ്ടാകും. യാത്രകളിൽ ഇത് വരെ കണ്ട സ്ഥലങ്ങൾ, വ്യത്യസ്തമായ കാഴ്ചകൾ അങ്ങനെ എല്ലാം വളരെ മനോഹരമാണ്.

കണ്ണുകൾക്ക് കുളിരും കാതുകൾക്ക് ഇമ്പമുള്ള പ്രതിധ്വനികളും ആസ്വദിക്കാൻ സാധിക്കണം. പല നാടുകൾ കാണാൻ ഇറങ്ങണം. അവിടുത്തെ സംസ്കാരങ്ങളും രീതികളും അറിയണം. ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ യാത്ര നിങ്ങൾക്ക് നൽകും. ഇതുവരെ അനുഭവിക്കാത്തത്ര സുഖമുള്ള നോവും നൊമ്പരവുമെല്ലാം വാരിക്കോരി നൽകും. ഒടുക്കം ജീവിതവസാനത്തിലേക്ക് എത്തി പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നിന്റെ യാത്ര ഒരു നഷ്ടമായിരുന്നില്ല എന്ന് മനസു പറഞ്ഞു തരും.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.