എറണാകുളം ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ഗ്രാമമാണ്‌ കുമ്പളം. ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നുണ്ട്. അതിനേക്കാളേറെ ഇവിടത്തെ ഹൈവേയിലുള്ള ടോൾ പ്ലാസയാണ് പ്രസിദ്ധം. പ്രസിദ്ധം എന്നു പറയുന്നതിനേക്കാൾ നല്ലത് കുപ്രസിദ്ധം എന്നു പറയുന്നതായിരിക്കും. തൃശ്ശൂർ ജില്ലയിലെ പാലിയേക്കര ടോൾ പോലെ തന്നെ ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിലുള്ള ഒരു ടോൾബൂത്താണ് കുമ്പളത്തെയും.

ടോൾ കൊടുക്കുന്നതിന് ആർക്കും പരാതിയില്ല. പക്ഷേ അവിടത്തെ ജീവനക്കാരുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റവും ഗുണ്ടായിസവുമൊക്കെയാണ് എല്ലാവരിലും വെറുപ്പുളവാക്കുന്നത്. ചില സമയങ്ങളിൽ ടോൾ ബൂത്തിലെ ക്യൂ കിലോമീറ്ററുകൾ നീണ്ടാലും അവിടത്തെ ജീവനക്കാർ വാഹനങ്ങളെ പെട്ടെന്ന് തുറന്നു കടത്തി വിടുകയില്ല. ഇങ്ങനെ കാത്തുകിടക്കുന്ന വാഹനങ്ങളിൽ എത്രയോ ആശുപത്രിക്കേസുകൾ ഉണ്ടാകാം. ഒരിക്കൽ ടോൾ ബൂത്ത് ജീവനക്കാരുടെ അനാസ്ഥ കാരണം ആശുപത്രിയിലേക്കു കാറിൽ കൊണ്ടുപോകുകയായിരുന്ന ഒരു രോഗി മരണപ്പെട്ട സംഭവം ഏറെ വിഷമത്തോടെയും ഞെട്ടലോടെയും മാത്രമേ ഓർമ്മിക്കുവാൻ കഴിയൂ.

നിങ്ങൾ ഒന്നാലോചിച്ചു നോക്കൂ. ഇത്രയും കാത്തുകിടന്ന്, സമയം നഷ്ടപ്പെടുത്തി, ടോൾ ബൂത്ത് ജീവനക്കാരുടെ അഹങ്കാരവും സഹിച്ച് കാശും കൊടുത്ത് യാത്ര ചെയ്യേണ്ട കാര്യം നമുക്കുണ്ടോ? പ്രതിഷേധിക്കേണ്ട സമയമായിരിക്കുന്നു. പാലിയേക്കര ടോൾ കൊടുക്കാതെ പോകുവാൻ കഴിയുന്ന ഒരു സമാന്തര വഴി മിക്കയാളുകൾക്കും ഇപ്പോൾ അറിയാവുന്നതായിരിക്കും. അതേപോലെ കുമ്പളം ടോൾ കൊടുക്കാതെ പോകുവാൻ കഴിയുന്ന ഒരു വഴി അവിടെയുണ്ട്. ആ വഴിയെക്കുറിച്ച് അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ഒരിക്കൽ വ്ലോഗർ സുജിത്ത് ഭക്തൻ തനിക്ക് കുമ്പളം ടോൾ പ്ലാസയിൽ നേരിടേണ്ടി വന്ന ദുരനുഭവം ക്യാമറയിൽ പകർത്തി പുറംലോകത്തെ അറിയിച്ചിരുന്നു. അന്ന് സുജിത്തിന് ധാരാളമാളുകളുടെ പിന്തുണയാണ് ലഭിച്ചത്. അന്നത്തെ സംഭവത്തെക്കുറിച്ച് സുജിത് ഭക്തന്റെ വാക്കുകൾ ഇങ്ങനെ – “പാലം നിർമ്മാണം കാരണം പൊട്ടി പൊളിഞ്ഞു കിടക്കുന്ന കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം ജംഗ്‌ഷനുകളിലൂടെ കടന്നു പോകുന്ന റോഡിന് നാഷണൽ ഹൈവേ ടോൾ പിരിക്കുന്ന അരൂർ കുമ്പളം ടോൾ പ്ലാസയിൽ ഇപ്പോൾ എനിക്കുണ്ടായ അനുഭവം ആണിത്. ഫാസ്റ്റാഗിൽ പൈസ ഉണ്ടായിട്ടും പല സമയത്തും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഇവിടെയും പാലിയേക്കരയിലും ഉണ്ടായിട്ടുണ്ട്. ഫാസ്റ്റാഗ് ഉള്ളവർക്കുള്ള ഡെഡിക്കേറ്റഡ് ലെയിൻ പോലും അരൂരിൽ ഇല്ല. വണ്ടികളുടെ നിര നീണ്ടാലും ടോൾ പ്ലാസ അധികൃതർക്ക് യാതൊരു കുഴപ്പവുമില്ല. കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ ടോൾ കൊടുത്ത് യാത്ര ചെയ്യുന്ന നമ്മൾ പൊതുജനങ്ങളാണ് മണ്ടന്മാർ.”

അതെ, സുജിത്ത് പറയുന്നപോലെ നമ്മൾ പൊതുജനങ്ങളാണ് മണ്ടന്മാർ. അല്ല, എല്ലാവരും കൂടി നമ്മളെ മണ്ടന്മാർ ആക്കുകയാണ്. പ്രതിഷേധിച്ചിട്ട് കാര്യമുണ്ടോ? നിങ്ങൾ ഓരോരുത്തരും സ്വയം ചോദിച്ചു നോക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.