തൃശ്ശൂർ വഴി ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർക്ക് എന്നും ഒരു പേടിസ്വപ്നമാണ് പാലിയേക്കര ടോൾ ബൂത്ത്. ഇവിടെ ഭീമമായ ടോൾ തുക കൊടുക്കണമെന്നതു മാത്രമല്ല തിരക്കുള്ള സമയങ്ങളിൽ (മിക്കവാറും എല്ലായ്‌പ്പോഴും) ഇവിടെ ടോൾ കൊടുത്തു കടന്നുപോകുവാനുള്ള വാഹനങ്ങളുടെ ക്യൂ നീളുന്നതു മൂലം ഏറെനേരം ബ്ലോക്കിൽ പെട്ടു കിടക്കേണ്ടതായും വരും.
സെലിബ്രിറ്റികൾ അടക്കം ധാരാളമാളുകൾ ഇവിടത്തെ ടോൾ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ടെങ്കിലും വേണ്ട നടപടികൾ ഒന്നും അധികാരികളുടെ പക്കൽ നിന്നുണ്ടായിട്ടില്ല എന്നതാണ് സത്യം. യഥാർത്ഥത്തിൽ ടോൾബൂത്തിലെ ജീവനക്കാർ ഗുണ്ടകളെപ്പോലെയാണ് സാധാരണക്കാരോട് പെരുമാറുന്നത്. അതെല്ലാം പല വീഡിയോകളിലായി നാം കണ്ടിട്ടുള്ളതുമാണ്.
എന്നാൽ ചിലപ്പോഴൊക്കെ ടോൾ ബൂത്തുകാരുടെ അഹങ്കാരത്തിനു ചിലരൊക്കെ ഓരോ കൊട്ട് കൊടുത്തിട്ടുമുണ്ട്. ഒരിക്കൽ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജിന്റെ കാറിനെ തടഞ്ഞതിനാൽ അദ്ദേഹം ഇറങ്ങി നല്ല കണക്കിനു കൊടുക്കുകയും ബൂത്തിലെ സ്റ്റോപ്പ് ബാരിയർ ഒടിച്ചുകളയുകയും ചെയ്തു. പൊതുജനങ്ങൾ ഈ സംഭവത്തിൽ പിസിയുടെ ഒപ്പമായിരുന്നു നിന്നത്. അതിനുശേഷം ഒരിക്കൽ തൃശ്ശൂർ കലക്ടറായ ടിവി അനുപമയ്ക്കും ടോൾ ബൂത്തിലെ വമ്പൻ ബ്ലോക്കിൽ കിടക്കേണ്ടി വന്നു. പിന്നീട് കളക്ടർ ഇറങ്ങി ജീവനക്കാരെയും മറ്റും ശകാരിക്കുകയും ടോൾ ബൂത്ത് തുറന്ന് വാഹനങ്ങളെയെല്ലാം കടത്തിവിടുകയുമായിരുന്നു.
വാഹനങ്ങൾ ക്യൂ നിരന്നു ബ്ലോക്ക് ആകുകയാണെങ്കിൽ അവയെ വേഗം വിടണമെന്നാണ്. പക്ഷെ ഇവിടത്തെ ക്യൂ ഒരു കിലോമീറ്റർ നീണ്ടാലും വാഹനങ്ങളെ തുറന്നു വിടാൻ ബൂത്ത് അധികാരികൾ ഒരുക്കമല്ല. തങ്ങൾക്ക് എന്തുമാകാം എന്ന അഹങ്കാരത്തോടെയാണ് അവർ പാവം യാത്രക്കാരോട് പെരുമാറുന്നതും. ടോൾ ബൂത്ത് ഒഴിവാക്കിക്കൊണ്ട് പോകുവാനായി തൊട്ടടുത്തു ഒരു എളുപ്പവഴി ഉണ്ടെങ്കിലും അത് ടോൾബൂത്തുകാർ അടച്ചവെച്ച നിലയിലാണ് ഇപ്പോൾ. പ്രത്യക്ഷത്തിൽ ടൂവീലറുകൾക്ക് മാത്രമേ ആ ഷോർട്ട് കട്ടിലൂടെ പോകുവാൻ സാധിക്കുകയുള്ളൂ. എന്നാൽ അധികമാർക്കും അറിയാത്ത (ചിലർക്കൊക്കെ അറിയാം) മറ്റൊരു വഴി കൂടി ഇവിടെയുണ്ട്. ആ റൂട്ടിനെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. (വീഡിയോ കാണുക).
എറണാകുളം ഭാഗത്തു നിന്നും (തെക്ക് ഭാഗം) വരുമ്പോൾ പുതുക്കാട് കഴിഞ്ഞു ടോൾ ബൂത്തിനു ഏകദേശം 200 മീറ്റർ മുൻപായി ഒരു ചെറിയ പാലമുണ്ട്. ആ പാലം കടന്നയുടനെ ഇടതുവശത്തേക്ക് ഒരു വഴി ഇറങ്ങിപ്പോകുന്നത് കാണാം. ഇതാണ് നമ്മുടെ ടോൾ രഹിത പാത. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക പുതുക്കാട് സിഗ്നല്‍ കഴിഞ്ഞാല്‍പ്പിന്നെ നിങ്ങളുടെ വാഹനം ഇടതുവശം ചേര്‍ത്ത് വേണം ഓടിക്കുവാന്‍. കാരണം പെട്ടെന്നു ഈ പാലം കഴിഞ്ഞയുടനെ വഴിയുടെ മധ്യത്തില്‍ക്കൂടിയോ വലതു ഭാഗത്ത് കൂടിയോ സഞ്ചരിക്കുന്ന വാഹനം ഇടത്തേക്ക് പെട്ടെന്നു തിരിക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. ഇത് അപകടങ്ങള്‍ക്കും വഴിയൊരുക്കാം. അതുകൊണ്ട് ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്.
പാലത്തില്‍ നിന്നും താഴേക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിക്കണം. പോകുന്ന വഴിയില്‍ നിങ്ങള്‍ക്ക് തൃശ്ശൂര്‍ ഭാഗത്തേക്ക് ദിശ കാണിക്കുന്ന ബോര്‍ഡുകളും കാണാം.ഇതുവഴി വലിയ വാഹനങ്ങള്‍ കടന്നു പോകുവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കാര്‍ യാത്രികര്‍ക്ക് ഈ വഴി ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ഏകദേശം രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ ഒരു മെയിന്‍ റോഡില്‍ എത്തിച്ചേരും. പിന്നീട് അവിടുന്ന് വലത്തേക്ക് പോകണം. കുറച്ചുകൂടി ചെന്നുകഴിഞ്ഞാല്‍ ഒരു ഹമ്പും, ഒപ്പംതന്നെ വലത്തേക്കും ഒരു വഴി കാണാം. ആ വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ടു പോയാല്‍ പിന്നെ നേരെ ചെന്നു കയറുന്നത് ഹൈവേയില്‍ ടോള്‍ ബൂത്ത് കഴിഞ്ഞുള്ള സ്ഥലത്താണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക – ധാരാളം വളവും തിരിവുകളുമൊക്കെയുള്ള വഴിയാണിത്. ഡ്രൈവർമാർ പതിയെ വാഹനമോടിക്കുവാൻ ശ്രദ്ധിക്കണം.
സമയം ധാരാളമുള്ളവർക്ക് ഈ പറഞ്ഞ വഴി യാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്നതാണ്. ഏകദേശം നാലു കിലോമീറ്ററോളം കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമെങ്കിലും അവിടത്തെ ടോൾ തുകയെ വെച്ച് നോക്കുമ്പോൾ അത് ലാഭമാണ്. പോകാൻ തിടുക്കമുണ്ടെങ്കിലും ടോൾ ബൂത്തിൽ തിരക്കില്ലെങ്കിലും നിങ്ങൾ ഹൈവേ വഴി തന്നെ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.