കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗനിർദ്ദേശൾ സർക്കാരും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവുമെല്ലാം നമുക്ക് നൽകുന്നുണ്ട്. അവ നമ്മൾ അറിഞ്ഞിരിക്കുകയും വേണ്ടവിധത്തിൽ പാലിക്കുകയും വേണം. വൈറസിൽ നിന്നും രക്ഷനേടാനുള്ള പ്രധാനപ്പെട്ട ഒരു കാര്യമാണ് മാസ്കുകളുടെ ഉപയോഗം. മാസ്കുകളുടെ ഉപയോഗത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്ത വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

1. ആരെല്ലാം മാസ്ക് ഉപയോഗിക്കണം? – രോഗികളോ രോഗലക്ഷണങ്ങളോ ഉള്ളവർ, രോഗികളുമായി അടുത്ത് സമ്പർക്കമുള്ളവർ (പ്രധാനമായും ആരോഗ്യ പ്രവർത്തകർ).

2. രോഗം ഇല്ലാത്തവർ മാസ്ക് ഉപയോഗിക്കണോ? – രോഗമില്ലാത്തവർ മാസക് ഉപയോഗിക്കുന്നതിനു അധിക പ്രാധാന്യം ഇല്ല. മാത്രമല്ല മാസ്ക് തെറ്റായ രീതിയിൽ ധരിക്കുക, കൈകൾ കഴുകാതെ ഇടയ്ക്കിടെ മുഖത്തുള്ള മാസ്കിൽ സ്പർശിക്കുക , ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കുക, അത് അലക്ഷ്യമായി വലിച്ചെറിയുക എന്നിവ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക.

മാസ്ക് ധരിച്ചതു കൊണ്ട് സുരക്ഷിതരാണെന്നു കരുതിക്കൊണ്ട് മറ്റു വ്യക്തി സുരക്ഷാ മുൻകരുതലുകൾ അവഗണിക്കപ്പെടാം. എല്ലാവരും മാസ്ക്കുകൾ വാങ്ങിക്കൂട്ടിയാൽ അത് ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആവശ്യത്തിനു മാസ്ക്കുകൾ ലഭിക്കുന്നതിനു തടസ്സം സുഷ്ടിച്ചേക്കാം.

N95 മാസ്ക്കുകൾ പ്രധാനമായും ആരോഗ്യ പ്രവർത്തകർക്കും രോഗിയെ പരിചരിക്കുന്നവർക്കും വേണ്ടിയുള്ളതാണ്. മറ്റുള്ളവർ 3 ലെയർ സർജിക്കൽ മാസ്കാണ് ധരിക്കേണ്ടത്. അത് 4-6 മണിക്കൂർ കഴിയുമ്പോഴോ നനയുകയോ മറ്റോ ചെയ്താൽ മാറ്റുകയും വേണം.

3. മാസ്ക് എങ്ങനെ ധരിക്കണം? സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ ബേസ്ഡ് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും കഴുകുക. നീല/പച്ച നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. മാസ്കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിൽ ആയി മൂക്കും വായും മൂടുന്ന രീതിയിൽ വച്ചു കെട്ടുക.

പുറമെയുള്ള ഭാഗം മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ചെയ്യുന്നത്.എങ്കിലും സൂക്ഷ്‌മ രോഗാണുക്കൾ ഉള്ളിൽ എത്തുന്നത് അത്രയ്ക്ക് തടയണമെന്നില്ല. ഉൾഭാഗം നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന കണങ്ങൾ പുറത്തു പോകാതെ നോക്കും.

മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക. മാസ്കിന്റെ മുൻഭാഗത്ത് സ്പർശിക്കരുത്. അഥവാ സ്പർശിച്ചാൽ കൈകൾ വീണ്ടും 20 സെക്കന്റ് കഴുകുക. മാസ്ക് അഴിച്ചെടുക്കുമ്പോൾ മാസ്കിൻ്റെ മുൻഭാഗത്ത് സ്പർശിക്കരുത്. പിന്നിൽ നിന്ന് അതിന്റെ വള്ളിയിൽ പിടിച്ച് അഴിച്ചെടുക്കുക.എന്നിട്ടു അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക. കൈകൾ വീണ്ടും വൃത്തിയാക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്കുകൾ വീണ്ടുമുപയോഗിക്കരുത്.ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്. അതുകൊണ്ടു തന്നെ മറ്റു വ്യക്തി ശുചിത്വ സുരക്ഷാ മാർഗങ്ങൾക്ക് പരമാവധി പ്രാധാന്യം കൊടുക്കണം.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക. അല്ലെങ്കിൽ മടക്കിയ കൈമുട്ടിനുള്ളിലേക്കു തുമ്മുക. ഒരിക്കലും കൈപ്പത്തി കൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.

കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. 20 സെക്കന്റോളം കഴുകണം. എഴുപതു ശതമാനം ആൽക്കഹോൾ ഉള്ള ഹാന്റ് സാനിറ്റെസർ ഉപയോഗിച്ചും കൈകൾ കഴുകാം. ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. പൊതു സ്ഥലങ്ങളിൽ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ജാഗ്രതയോടെ നമുക്ക് ഈ രോഗത്തെ നേരിടാം. നമുക്ക് ഒരുമിച്ചു ചേര്‍ന്ന് കൊറോണ വൈറസ് ബാധ തടയാന്‍ ശ്രമിക്കാം. അനാവാശ്യ പരിഭ്രാന്തി പരത്തുന്നതായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതെ ഉത്തരവാദിത്വപരമായ നിലപാടുകളിലൂടെ ഓരോരുത്തരും പെരുമാറുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.