വിവാഹശേഷം ഭാര്യയുടെ പിറന്നാളിനു ഭർത്താവ് എന്തായിരിക്കും സമ്മാനം കൊടുക്കുക? അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം പോലെയിരിക്കും. എന്നാലും ഭൂരിഭാഗം ആളുകളും സ്വർണം, വസ്ത്രങ്ങൾ എന്നിവയൊക്കെയായിരിക്കും പിറന്നാൾ സമ്മാനമായി നൽകുന്നത്. വിവാഹം കഴിഞ്ഞിട്ട് ആദ്യത്തെ പിറന്നാൾ ആണെങ്കിൽ പറയുകയേ വേണ്ട. ചിലരൊക്കെ ഒരു സർപ്രൈസ് യാത്രകളും പ്രിയതമയ്ക്ക് സമ്മാനമായി നൽകാറുണ്ട്. എന്നാൽ എല്ലാറ്റിലും വ്യത്യസ്തമായ, സ്വർണ്ണത്തേക്കാളും വസ്ത്രങ്ങളെക്കാളും വളരെ മൂല്യം കൂടിയ ഒരു സമ്മാനം ലഭിച്ച കഥയാണ് പൊന്നാനി സ്വദേശിനിയായ ശ്രീക്കുട്ടിയ്ക്ക് പറയാനുള്ളത്.

വിവാഹം കഴിഞ്ഞു അധികം വൈകാതെ വന്ന ആദ്യത്തെ പിറന്നാളിന് ശ്രീക്കുട്ടിയ്ക്ക് ഭർത്താവ് സോനുരാജ് നൽകിയത് വ്യത്യസ്തമായ ഒരു ഗിഫ്റ്റ് തന്നെയാണ്. ആ സംഭവം വിവരിച്ചുകൊണ്ട് ശ്രീക്കുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.. ഒന്നു വായിക്കാം..

“ഇരുപത്തിയൊന്നാമത് പിറന്നാൾ ആഘോഷം. കെട്ടിയോൻ സമ്മാനമായി തന്നത് ഇരുപത്തിയൊന്നു വൃക്ഷ തൈകൾ. കല്യാണം കഴിഞ്ഞുള്ള ആദ്യ പിറന്നാൾ ആയതു കൊണ്ട് ആഘോഷിക്കണം എന്ന് തീരുമാനിച്ചു. അത്യാവശ്യം വേണ്ട കുടുംബക്കാർ കൂട്ടുകാർ എന്നിവരെ ക്ഷണിച്ചു. കാലത്ത് അമ്പലത്തിൽ പോയി വന്നു. പിന്നീട് സദ്യ ഒരുക്കുന്ന തിരക്കിൽ ആയി. ക്ഷണിച്ചവരും അല്ലാത്തവരും വന്നു. കേക്ക് മുറിച്ചു. ഓരോരുത്തരും പിറന്നാൾ സമ്മാനങ്ങൾ തരാൻ തുടങ്ങി. മിടായി, ഡ്രസ്സ്‌, പാവ, കേക്ക്, എന്നിങ്ങനെ… എല്ലാവരും തന്നു കെട്ടിയോൻ ഒന്നും തരുന്നത് കാണുന്നില്ല.. ഇനി വല്ല സർപ്രൈസ് ആകുമോ അതോ ഒന്നും ഉണ്ടാവില്ലേ. പുതു മോഡിയുടെ പുതുക്കം മാറിയില്ല.. അത് കൊണ്ടാവാം ഒരു വല്ലാത്ത ഒരിത്..

സദ്യ കഴിച്ചു കൊണ്ടിരിക്കുമ്പോൾ വീടിന്റെ മുന്നിൽ ഒരു വണ്ടി വന്ന ശബ്ദം കേട്ടു. അപ്പോൾ ചേട്ടൻ പറഞ്ഞു നിനക്കുള്ള സമ്മാനം വന്നിട്ടുണ്ട് എന്ന്. ന്റെ മനസ്സിൽ ലഡു പൊട്ടി സമ്മാനം വണ്ടിയിൽ ഒക്കെ… ഇമ്മിണി വലുതാണല്ലോ.. എന്താണാവോ…പോയി നോക്കി ഒരു വണ്ടിയിൽ നിറയെ ചെടികൾ.. ഞാൻ ചേട്ടനോട് തമാശക്ക് പറഞ്ഞു പറക്കും തളികയിലെ ബസ്സ് വന്ന പോലെ കാട് ഇളകി വന്നിട്ടുണ്ട് എന്ന്.. ആദ്യമായ് ആണ് ഇങ്ങനെ ഒരു സമ്മാനം അത് കൊണ്ട് തന്നെ ഒരിക്കലും മറക്കില്ല. എന്റെ ഇരുപത്തിയൊന്നാമത്തെ പിറന്നാൾ ആയതു കൊണ്ട് അത്രേം പല പല വിഭാഗം വൃക്ഷ തൈകൾ..ഞങ്ങൾ അതൊക്ക ഇറക്കി വച്ചു.. പിന്നീട് വീടിന്റെ ഓരോ ഭാഗത്തു നട്ടു… ഇനി വെക്കേഷൻ ആയതു കൊണ്ട് ഇത് നട്ടു വളർത്തും.. ഒരു challenge ആയി തന്നെ.”

സമ്മാനമായി എന്തു കൊടുക്കണമെന്നുള്ളത് ഓരോരുത്തരുടെയും പേഴ്‌സണൽ കാര്യമാണ്. എങ്കിലും നമ്മൾ കൊടുക്കുന്ന സമ്മാനത്തിന് പൊതുവായ ഒരു മൂല്യം ഉണ്ടെങ്കിൽ അതല്ലേ ഇവയെക്കാളും ഏറ്റവും ബെസ്റ്റ്. തണൽ മരങ്ങളും കാടുകളുമെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെ പരിസ്ഥിതിയ്ക്ക് കൂടി ആശ്വാസം നൽകുന്ന സമ്മാനങ്ങൾ കൈമാറുന്നത് എന്തുകൊണ്ടും നല്ല പ്രവണത തന്നെയാണ്. ഇവിടെ സോനുരാജ് എന്ന ആ പരിസ്ഥിതി സ്‌നേഹി ചെയ്ത കാര്യം അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാണ്. ഇത് വെറുതെ ഒരു വാർത്തയായി മാത്രം വായിച്ചു പോകാതെ നിങ്ങളുടെ ജീവിതത്തിലും ഇതുപോലുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കുക. അതുതന്നെയാണ് ഈ പോസ്റ്റ് കൊണ്ടുള്ള ഉദ്ദേശ്യവും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.