വിവരണം – നൗഫൽ കാരാട്ട്.

പൊന്മുടി… ഒരുപാട് നാളായി കൊതിപ്പിക്കുന്ന ഒരു സ്ഥലമായിരുന്നു അത്. അവിടേക്കുള്ള യാത്രയിൽ തിരുവനന്തപുരത്ത് ഉള്ള Rahim D Ce യോടൊപ്പം സായാഹ്ന സഞ്ചാരത്തിനിടക്കാണ് ” ഇടനേരം , ഇനി ഓരോ ചായ കുടിച്ചാലോ..?? ” എന്ന ബോർഡ് കണ്ണിൽ പതിഞ്ഞത്. മനസ്സും ഇതേ ചോദ്യം മന്ത്രിക്കുന്നത് പോലെ.. വണ്ടി ഓടിച്ചിരുന്ന റഹീമിനോട് അതിന് മുന്നിലേക്ക് പാർക്ക് ചെയ്യാൻ പറഞ്ഞു..

അകത്തേക്ക് പ്രവേശിച്ചിട്ടെ ഉള്ളൂ… മഞ്ഞിൽ വിരിഞ്ഞ പൂക്കൾ , നിന്നിഷ്ടം എന്നിഷ്ടം, അച്ഛനും ബാപ്പയും.. ടേബിളിന് മുന്നിലെ പഴയ സിനിമാ പോസ്റ്ററുകളിൽ നിന്ന് ഒന്ന് കണ്ണുവെട്ടിച്ചപ്പോൾ അടുത്തായി നാരങ്ങാ മിഠായിയും , കടല മിഠായിയും നിറച്ച കുപ്പികൾ മനസ്സിനെ വീണ്ടും പിറകോട്ട് സഞ്ചരിപ്പിച്ചു..

പുഞ്ചിരിതൂകി ഓർഡറെടുക്കാൻ വന്ന ലോലി ചേച്ചിയോട് ചായ ഓർഡർ ചെയ്തപ്പോയേക്കും ‘ ഇടനേരം menu ‘ മുന്നിൽ വെച്ച് ഏത് ചായ വേണം എന്നായി ചോദ്യം. ഇടനേരം സ്‌പെഷ്യൽ ചായ , ഡാൻസിങ് ചായ , മസാല ചായ , ആയൂർവേദ ചായ , കോഴിക്കോടൻ സുലൈമാനി , ഇഞ്ചിച്ചായ…. ഇങ്ങനെ നീളുന്ന ലിസ്റ്റുകളിൽ നിന്ന് ഒരു ആയൂർവേദ ചായയും ഇടനേരം സ്‌പെഷ്യൽ ചായയും ഓർഡർ ചെയ്ത് മെനു തിരികെ നൽകി.

ചായയോടൊപ്പം എന്ത് കഴിക്കണം എന്ന ചർച്ചക്ക് വിരാമമിട്ടത് ” രസമുകുളങ്ങളെ തൊട്ടുണർത്തും നാട്ടുരുചികൾ ” എന്നെഴുതിയ ബോർഡ് കണ്ണിൽ പതിഞ്ഞപ്പോയാണ്.
പേരിൽ തന്നെ വൈവിധ്യം നിറഞ്ഞ പുട്ട്താലി , പുട്ട് കോമ്പോ എന്നീ പുട്ട് ഐറ്റംസിന്റെ കൂടെ കല്ലപ്പവും മട്ടൻസ്റ്റൂ വും ഓർഡർ പറഞ്ഞ് കാതുകളിൽ മുഴങ്ങുന്ന ചെറിയ മെലഡിയിൽ ലയിച്ചിരുന്നു…

വിനയ് ഫോർട്ട് , എം.ജയചന്ദ്രൻ , പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ള പലരും ഇവിടെ വന്ന് ചായ കുടിക്കുന്ന ഫോട്ടോകൾ ഫ്രെയിം ചെയ്തത് നോക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഓർഡർ ചെയ്ത ഐറ്റംസ് വന്നത്.
‘ ഞങ്ങളുടെ സ്‌പെഷ്യൽ പഴങ്കഞ്ഞിയെ പറ്റി കേട്ടറിഞ്ഞ് ഫുട്‌ബോളർ CK വിനീത് കണ്ണൂരിൽ നിന്ന് ഇവിടേക്ക് അന്വേഷിച്ചറിഞ്ഞ് എത്തിയത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് ” ഏറെ സന്തോഷത്തോടെയാണ് ലോലി ചേച്ചി ഇത് പറഞ്ഞത്. പിന്നീട് പല തവണയായി വിനീത് ഇവിടേക്ക് വന്നിട്ടുണ്ടത്രേ..

പുട്ടിൽ തന്നെ ഒരുപാട് വെറൈറ്റി കളാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. പുട്ട്താലി വെജിറ്റേറിയൻ എടുത്താൽ ചെറുപഴം , പപ്പടം , ചെറുപയർ റോസ്റ്റ് , മസാലക്കറി , കടലക്കറി തുടങ്ങിയവയും നോൺ വെജ് എടുത്താൽ ചിക്കനും ബീഫും കൂട്ടി കഴിക്കാം.

പുട്ട് എന്ന നമ്മുടെ സങ്കൽപ്പത്തെ മാറ്റുന്നതാണ് പുട്ട്കോമ്പോ.. അതായത് പുട്ട് കുറ്റിയിൽ നിന്ന് അല്ല ഇത് എടുക്കുന്നത്. പണ്ട് ഉണ്ടായിരുന്ന കൊട്ട് ബിരിയാണി പോലെയാണ് ഇത്. ചെറുപ്പത്തിൽ മണ്ണപ്പം ചുട്ട് കളിക്കുന്നത് വീണ്ടും ഓർമ്മയിൽ മിന്നി മറയുന്നത് പോലെ…

ചെറിയ മധുരം ഉള്ള ഒരു ടേസ്റ്റി സാധനമാണ് കല്ലപ്പം. കൂട്ടിന് റോസ്റ്റ് ഇല്ലെങ്കിലും ചായയോടൊപ്പം കഴിക്കാം. അവസാനമായി ഒരു കോഴിപ്പിടിയും ഒാര്‍ഡര്‍ ചെയ്ത് ബില്ല് അടിക്കാൻ പറഞ്ഞു. തിരുവനന്തപുരത്ത് ആദ്യമായി ‘പിടി’ കൊണ്ടുവന്നത് ഇവരാണെന്ന് അപ്പോഴാണ് അറിഞ്ഞത്. കോഴിപ്പിടി ആണ് ഇവിടെ കൂടുതല്‍ ചിലവത്രെ. 110 രൂപയാണ് ഒരു പ്ലേറ്റ് കോഴിപ്പിടിക്ക്.

വയറിനൊപ്പം മനസ്സും നിറച്ച് ഇടനേരത്ത് നിന്നും ഇറങ്ങി പോരുമ്പോള്‍ ലോലി ചേച്ചിയും, അവരുടെ ഫാമിലി ഫ്രണ്ട് ശ്രീകുമാറും ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു… ഗള്‍ഫില്‍ ബയോളജി ടീച്ചറായിരുന്ന ലോലി ചേച്ചിയുടെ കുക്കിങ്ങിനോടുള്ള അമിതമായ താൽപര്യമാണ് ബ്രദറിനെയും കൂട്ടി ചേച്ചി ഇങ്ങനെ ഒരു പരീക്ഷണത്തിന് കഴിഞ്ഞ സെപ്റ്റംബറിൽ തുടക്കം കുറിച്ചത്.

ലഞ്ചിനും ഡിന്നറിനും ഇടയില്‍ ഒാരോ ചായ കുടിക്കാം എന്ന രീതിയില്‍ തുടങ്ങിയതോടയാണ് ഇതിന് ‘ഇടനേരം’ എന്ന പേര് തന്നെ കൊണ്ടുവന്നത്. എന്നാല്‍ തിരക്ക് വര്‍ധിച്ചതിനാലും ലഞ്ചും ഡിന്നറും ചോദിച്ച് കൂടുതല്‍ ആളുകള്‍ എത്തിയതോടെയും ഉച്ചക്ക് 12 മണി മുതല്‍ രാത്രി 11 വരെ ആയി പ്രവര്‍ത്തന സമയം.അതോടെ ചായയോടൊപ്പം ടേബിളില്‍ വിഭവങ്ങളും നിറഞ്ഞു. ഇപ്പോൾ swap കൂടാതെ uber eats വഴിയും ഹോം ഡെലിവറി കൂടുതലായി നടക്കുന്നു.

കര്‍ക്കിടക മാസത്തില്‍ മാത്രം ലഭ്യമായിരുന്ന ഔഷധകഞ്ഞി ‘ആരോഗ്യകഞ്ഞി’ എന്ന പേരില്‍ ഇവിടെ ഇപ്പോഴും ലഭ്യമാണ്. ആരോഗ്യകഞ്ഞിക്ക് 100 രൂപയാണ് വില.
ഇത്രെയും കഴിച്ചതിന് 750 രൂപ ബില്ലടച്ച് അവിടെ നിന്നിറങ്ങുമ്പോൾ തിരുവനന്തപുരത്ത് എത്തിയാൽ തീർച്ചയായും വരേണ്ട ഹോട്ടലുകളിൽ ഒന്നായി മാറിയിരുന്നു “ഇടനേരം.”

തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ ൽ നിന്ന് 300 മീറ്റർ അകലെ വഴുതക്കാട് one way റോഡിലാണ് ഇടനേരം..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.