വിവരണം – Rahim D Ce.

പൊന്മുടിയിലേക്ക് പോകുവാനായി മലപ്പുറത്തു നിന്നും വണ്ടി കയറി തിരുവനന്തപുരത്ത് എത്തിയതാണ് ചങ്ക് Noufal Karat. കുരിശിങ്കൽ വൈകുന്നേരം ജോലി കഴിഞ്ഞ് ഫ്രീ ആയപ്പോൾ തലസ്ഥാന നഗരിയൊന്ന് അവനെയും കൊണ്ട് ചുറ്റിക്കറങ്ങാനായാൽ അവനും ഹാപ്പിയാകില്ലേ… ഈ സായം സന്ധ്യയോടടുക്കുന്ന നിമിഷം തലസ്ഥാന നഗരിയുടെ ഏതെങ്കിലുമൊരു കോണിൽ വെച്ച് ആ സൗഹൃദങ്ങൾ അല്പനേരം പങ്കുവെക്കുകയും ചെയ്യാം … ഇതിപ്പോൾ ഒരു അതിഥി വന്നിട്ട് രണ്ടുപേർ മാത്രമായാൽ.. ഹേ ഒരു ഗുമ്മില്ലല്ലോ …. അപ്പോൾ തന്നെ വിളിച്ചു കുരിശു താങ്ങാനായി രണ്ടു പേരെയും കൂടി. ഇപ്പോൾ ഞാനും അവനും മാത്രമല്ല ട്ടോ കൂട്ടിന് അമലും സിജുവും കൂടി .

അങ്ങനെ ടൌൺ ഒക്കെ ചുറ്റിക്കൊണ്ടിരിക്കെ ബേക്കറി ജംഗ്ഷൻ കഴിഞ്ഞപ്പോൾ ദേ ” #ഇടനേരം , കാണുന്നു.. ഇനി ഓരോ ചായ കുടിച്ചിട്ടാകാം ബാക്കി കലാപരിപാടികളൊക്കെ….എന്തു പറയുന്നു ഗഡികളെ? . പറഞ്ഞു തീർന്നില്ല ” #ഓരോ_ചായ_കുടിച്ചാലോ ” എന്നുള്ള ബോർഡ് തലയെടുപ്പോടെ ഞങ്ങളേയും നോക്കി മിന്നി തിളങ്ങി നിൽക്കുന്നത് കണ്ടു. സത്യത്തിൽ മനസ്സിലുള്ളത് ഇവർ എങ്ങനെ അറിഞ്ഞു എന്നുള്ള ചെറിയൊരു ചമ്മൽ ഇല്ലാതില്ല. പുറകിൽ വന്നുകൊണ്ടിരിക്കുന്ന അമലിനോടും സിജുവിനോടും ഇടനേരത്തിന് മുമ്പിൽ വണ്ടി നിര്ത്തിക്കോളാൻ പറഞ്ഞു.

നാല്‌ പേരും കൂടി ഇടനേരത്തിന്റ വാതിൽ ഇടനേരം കൊണ്ട് തള്ളി തുറന്നു അകത്തേക്ക് കയറി. അകത്ത് കയറിയ ഞങ്ങൾ ഞെട്ടിപ്പോയി !! മുനിസിപ്പാലിറ്റിയുടെ ചുമര് പോലെയല്ലേ കിടക്കുന്നത് ……ഓരോ റൂമിന്റെ ചുവരുകളും സിനിമാ പോസ്റ്ററുകൾ കൊണ്ട് അലങ്കാരവൃതമാക്കിയിരിക്കുന്നു . ഒരു റൂമിന്റെ ചുവരിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ , മുതൽ നിന്നിഷ്ടം എന്നിഷ്ടം , അച്ഛനും ബാപ്പയും.. അങ്ങനെ അങ്ങനെ.. പഴയ സിനിമാ പോസ്റ്ററുകൾ ഒട്ടിച്ചു വെച്ചിരിക്കുന്നു… സിനിമ പോലെത്തന്നെ ഇടവേളയും ഉണ്ട് ട്ടോ പോസ്റ്ററുകൾക്ക്.

തൊട്ട് മുമ്പിലെ ടേബിളിന് മുന്നിളുള്ള ആ പഴയ സിനിമാ പോസ്റ്ററുകളിൽ നിന്ന് ഒന്ന് കണ്ണുവെട്ടിച്ചപ്പോൾ ദേ കിടക്കുന്നു അടുത്തായി നാരങ്ങാ മിഠായിയും , കടല മിഠായിയും , നിറച്ച ഭരണികൾ… ഒരു നിമിഷം ഇടനേരമെന്താ പഴയകാല പെട്ടിക്കടയാണോ എന്നുതോന്നി പോയി. ഭരണികൾ നിറച്ച കൊച്ചു പെട്ടിക്കടയുടെ മുമ്പിൽ പതിച്ച സിനിമാ പോസ്റ്ററുകളുമെല്ലാം പൊടുന്നനെ മനസ്സിലേക്ക് ഓടിവന്നു….. മിഠായികൾ പോലെ മധുരമുള്ള ഓർമ്മകൾ. ശോ..ഹ് ! എന്താ പറയാ.. പഴയ കാല നൊസ്റ്റാൾജിയയിലേക്ക് തിരികെ എത്തിയ പോലെയാ തോന്നി.

“വെണ്ണിലാ ചന്ദന കിണ്ണം…. പുന്നമട കായലിൽ വീണേ… കുഞ്ഞിളം കയ്യില് മെല്ലെ_ കോരിയെടുക്കാൻ വാ…”നൊസ്റ്റുവിലെ മാധുര്യമുള്ള ആ ഗാനവും നേർത്ത ശബ്ദത്തിൽ സ്റ്റീരിയോയിലൂടെ അലയടിക്കുന്നുണ്ടായിരുന്നു.. അല്ല : ഈ പാട്ടൊക്കെ കേട്ടാൽ ആരായാലും ആ ചന്ദന ഭരണിയിലൊക്കെ ഒന്ന് കയ്യിട്ടു പോകും.. വല്ലാത്തൊരു നൊസ്റ്റുവല്ലേ ഇടനേരം സമ്മാനിക്കുന്നത്. ആ പാട്ടിലങ്ങിനെ ലയിച്ചു ഇരിക്കുമ്പോളാണ് നിറഞ്ഞ പുഞ്ചിരിയുമായി ഇടനേരത്തിന്റെ മുതലാളി ലോലി ചേച്ചി ഓർഡറെടുക്കാൻ വരുന്നത്.

ചായ ഓർഡർ ചെയ്തപ്പോയേക്കും ‘ഇടനേരം മെനു ‘ മുന്നിൽ വെച്ച് കൊണ്ട് ഏത് ചായ വേണം എന്നൊരു ചോദ്യം?. ഇതെന്തൂട്ട് ആണ്. ലൈറ്റാ ഒരു ചായ കുടിക്കാൻ കയറിയപ്പോൾ ആണ് അറിയുന്നത് ഇത്രയധികം ചായകൾ ഇവിടെ ഉണ്ടെന്നത്. ഇടനേരം സ്‌പെഷ്യൽ ചായ , ഡാൻസിങ് ചായ , മസാല ചായ , ആയൂർവേദ ചായ , കോഴിക്കോടൻ സുലൈമാനി , ഇഞ്ചിച്ചായ…. ഇങ്ങനെ നീളുന്നു ലിസ്റ്റുകൾ ,പുതിയ പുതിയ ചായ പേരുകൾ മെനു ലിസ്റ്റ് കാണാനും പേരുകൾ കേൾക്കാനും ഒരു പ്രത്യേക രസം തന്നെ ഉണ്ട് . ഒന്നും നോക്കീല. ഞങ്ങൾ നാലു പേരും നാലു തരം ചായക്ക് ഓർഡർ കൊടുത്തു.

വീണ്ടുമൊരു ബോർഡ് മിന്നിത്തിളങ്ങുണ്ട്… “രസമുകുളങ്ങളെ തൊട്ടുണർത്തും നാട്ടുരുചികൾ ” ആഹാ. ! ഒരു ബോർഡ് ചായ ആയിരുന്നെങ്കിൽ അടുത്തത് രുചികുളങ്ങൾ. അതും നടാൻ രുചികൾ… എന്തായാലും കൊള്ളാല്ലോ കളി !! ആവി പറക്കുന്ന ചായയുടെ കൂടെ നാവിൻ തുമ്പിൽ കൊതിയൂറും നാടൻ രുചികൾ കൂടി ചേർന്നാലുണ്ടല്ലോ…. വായിലൂടെ കപ്പൽ ഓടും എന്നതിൽ ഒരു തർക്കവുമില്ല !.

ഒന്നും ആലോചിച്ചു നിന്നില്ല. കപ്പലിറക്കാൻ സമയമായി ..പണ്ടെങ്ങാനോ ഏതോ പോസ്റ്റിൽ ബിരിയാണി വാങ്ങി തരാമെന്ന് കരുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു ആ ട്രീറ്റ് ഇന്നു തന്നെ ഇവിടെ വെച്ചു കൊടുക്കാമെന്നു കരുതി. ബിരിയാണിയേക്കാൾ കോംബോ കിട്ടുന്ന നാടൻ..കാരു നീ പൊളിച്ചടുക്കണം ട്ടോ.. രസമുകുളങ്ങളെ തൊട്ടുണർത്തും നാട്ടുരുചികൾ പേരിൽ തന്നെ വൈവിധ്യം നിറഞ്ഞ പുട്ട്താലി , പുട്ട് കോമ്പോ എന്നീ പുട്ട് ഐറ്റംസിന്റെ കൂടെ കല്ലപ്പവും മട്ടൻസ്റ്റൂവും ഓർഡർ കൊടുത്തു…വരട്ടെ കാത്തിരിക്കാം ഇന്നിവന്റെ കപ്പൽ മയ്യിത്താ..

ദേ ഇപ്പോൾ പാട്ട് മാറി സാൾട്ട് ൻ പെപ്പറിലെ പാട്ട് കേൾക്കുന്നുണ്ട് “ചെമ്പാവ് കുന്നിൽ നിൻ ചോറോ…നിന്റെ മുത്താരം മിന്നുന്ന– മുല്ലപ്പൂഞ്ചിരിയോ… കാതുകളിൽ താളം പിടിക്കുന്ന ആ പാട്ടിൽ അല്പം നേരം ലയിച്ചിരുന്നു. വിനയ് ഫോർട്ട് , എം.ജയചന്ദ്രൻ , പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ള പലരും ഇവിടെ വന്ന് ചായ കുടിക്കുന്ന ഫോട്ടോകളെല്ലാം തന്നെ അടുത്തായിട്ട് ഫ്രെയിം ചെയ്തത് വച്ചിട്ടുണ്ട്.. അതൊക്കെ കണ്ണോടിച്ചിരിക്കുന്നതിനിടെ.. പാട്ടൊന്ന് അല്പം ശബ്ദം കൂടി വന്നു … “കുഴച്ചു ഉടച്ചോരു പിടി പിടിക്കുവാൻ വിളമ്പട്ടെ മുളങ്കുറ്റി നിറഞ്ഞ പുട്ട് ഒരിക്കൽ കൂടി…..തന തിന്ത… തന തിന്ത..തന തിന്ത…തന്തരോ…” തീർന്നില്ല ദാ വരുന്നു ഓർഡർ ചെയ്ത ഐറ്റംസ് ഓരോന്നായിട്ട്.

പുട്ട് എന്ന നമ്മുടെ സങ്കൽപ്പത്തെ ആകെ മാറ്റുന്നതാണ് പുട്ട്കോമ്പോ.. അതായത് പുട്ട് കുറ്റിയിൽ നിന്ന് അല്ല ഇത് എടുക്കുന്നത്. പണ്ട് ഉണ്ടായിരുന്ന കൊട്ട് ബിരിയാണി പോലെയാണ് ഇത്. ചെറുപ്പത്തിൽ നമ്മൾ മണ്ണപ്പം ചുട്ട് കളിക്കുന്നത് വീണ്ടും ഓർമ്മയിൽ മിന്നി മറയുന്നത് പോലെ തോന്നും. ചെറിയ മധുരം ഉള്ള ഒരു ടേസ്റ്റി സാധനമാണ് കല്ലപ്പം. കൂട്ടിന് റോസ്റ്റ് ഇല്ലെങ്കിലും ചായയോടൊപ്പം കഴിക്കാം. അവസാനമായി ഒരു കോഴിപ്പിടിയും കൂടി ഒാര്‍ഡര്‍ ചെയ്തു.

പുട്ടിൽ തന്നെ ഒരുപാട് വെറൈറ്റികൾ ഇവർ കണ്ടെത്തിയിട്ടുണ്ടുണ്ട്. പുട്ട്താലി വെജിറ്റേറിയൻ എടുത്താൽ ചെറുപഴം , പപ്പടം , ചെറുപയർ റോസ്റ്റ് , മസാലക്കറി , കടലക്കറി തുടങ്ങിയവയും നോൺ വെജ് എടുത്താൽ ചിക്കനും ബീഫും കൂട്ടി കഴിക്കാം. വയറിനൊപ്പം മനസ്സും നിറച്ച് #ഇടനേരത്ത് നിന്നും ഇറങ്ങി പോരുമ്പോള്‍ ലോലി ചേച്ചിയും, അവരുടെ ഫാമിലി ഫ്രണ്ട് ശ്രീകുമാറും ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു.

ഇടനേരത്തെ ഞങ്ങളുടെ ആ ദിവസത്തെ വിശേഷം മാത്രമാണ് മുകളിൽ പങ്കുവെച്ചത്.. ശെരിക്കുമുള്ള ഇടനേരം എങ്ങനെ ഉണ്ടായി എന്നുകൂടി അറിയേണ്ടെ? തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ നിന്ന് 300 മീറ്റർ അകലെ വഴുതക്കാട് one way റോഡിലാണ് ഇടനേരം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഗള്‍ഫില്‍ ബയോളജി ടീച്ചറായിരുന്ന ലോലി ചേച്ചിയുടെ കുക്കിങ്ങിനോടുള്ള അമിതമായ താൽപര്യമാണ് സഹോദരനെയും കൂട്ടി ഇങ്ങിനെ ഒരു പരീക്ഷണത്തിന് മുതിരുന്നത് കഴിഞ്ഞ സെപ്റ്റംബറിൽ തുടക്കം കുറിച്ച ഇടനേരം. ലഞ്ചിനും ഡിന്നറിനും ഇടയില്‍ ഒാരോ ചായ കുടിക്കാം എന്ന രീതിയില്‍ തുടങ്ങിയതോടയാണ് ഇതിന് ‘ഇടനേരം’ എന്ന പേര് തന്നെ കൊണ്ടുവന്നത്. എന്നാല്‍ തിരക്ക് വര്‍ദ്ധിച്ചതിനാലും ലഞ്ചും ഡിന്നറും ചോദിച്ച് കൂടുതല്‍ ആളുകള്‍ എത്തിയതോടെയും ഉച്ചക്ക് 12 മണി മുതല്‍ രാത്രി 11 വരേയാക്കി പ്രവര്‍ത്തന സമയം. അതോടെ ചായയോടൊപ്പം ടേബിളില്‍ വിഭവങ്ങളും നിറഞ്ഞു തുടങ്ങി.

ഇടനേരത്തെ സ്‌പെഷ്യൽ പഴങ്കഞ്ഞിയെ പറ്റി കേട്ടറിഞ്ഞ് ഫുട്‌ബോളർ CK വിനീത് കണ്ണൂരിൽ നിന്ന് ഇവിടേക്ക് അന്വേഷിച്ചറിഞ്ഞ് എത്തിയത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് എന്ന് ഏറെ സന്തോഷത്തോടെ ലോലി ചേച്ചി പറയുന്നുണ്ട്. പിന്നീട് പല തവണയായി വിനീത് ഇവിടേക്ക് വന്നിട്ടുണ്ടത്രേ. വിനീത് മാത്രവുമല്ല മറ്റു പല പ്രമുഖരും ഇതിനോടകം ഇടനേരത്തിന്റെ സ്ഥിരം സന്ദർശകരായി മാറിയിട്ടുണ്ട്.

കര്‍ക്കിടക മാസത്തില്‍ മാത്രം ലഭ്യമായിരുന്ന ഔഷധകഞ്ഞി ‘ആരോഗ്യകഞ്ഞി’ എന്ന പേരില്‍ ഇവിടെ ഇപ്പോഴും ലഭ്യമാണ്. ആരോഗ്യകഞ്ഞിക്ക് 100 രൂപയാണ് വില. തിരുവനന്തപുരത്ത് ആദ്യമായി ‘പിടി’ കൊണ്ടുവന്നത് ഇവരാണ്. 110 രൂപ വിലയുള്ള ഒരു പ്ലേറ്റ് കോഴിപ്പിടി ആണ് ഇവിടെ കൂടുതല്‍ ചിലവാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.