കേരളത്തിലെ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന അണക്കെട്ടിന്റെ ഈ ഉടമസ്ഥാവകാശം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്.
1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട് ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭ വൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.
ചരിത്രം : ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട് മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനുതോന്നി. പിന്നീട് ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു.
1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട് പണിയുന്നതിന് അനുകൂലമായി പഠനറിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച് അണക്കെട്ട് നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ് അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്. 1963 ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ് ഏറ്റെടുത്തു.
പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിർമ്മിച്ചത്. കോൺക്രീറ്റ് കൊണ്ടു പണിത ഈ ആർച്ച് ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഇടുക്കി അണക്കെട്ടിന് ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.
IS 456-2000 അനുസരിച്ചുള്ള എം – 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തില്‍ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. 1973 ഫെബ്രുവരി മാസം മുതല്‍ ഇടുക്കി ഡാമില്‍ ജലം സംഭരിച്ചു തുടങ്ങി. 1975 ഒക്ടോബര് നാലിന് ഇടുക്കി വൈദ്യതി പദ്ധതിയുടെ ട്രയല്‍ റണ്‍ നടത്തി. 1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇടുക്കി ജലവൈധ്യുതി പദ്ധതി നാടിനു സമര്‍പ്പിച്ചു.
ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 2398 MU ആണ്. 1976 ൽ മൂന്നു ടർബൈനുകളും 1986 ൽ മൂന്നു ടർബൈനുകളും കമ്മീഷൻ ചെയ്തു.
60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. ഇതിലേയ്ക്ക് ഇരട്ടയാര്‍ എന്ന സ്ഥലത്ത് ഡാം പണിതു ഭൂഗര്‍ഭതുരങ്കം വഴി അഞ്ചുരുളിയിലും പീരുമേട്ടില്‍ അഴുതയാറിനു കുറുകെ ചെക്ക് ഡാം പണിതു തുരങ്കംവഴി പെരിയാര്‍ നദിയിലും കൂടുതല്‍ വെള്ളം എത്തിക്കുന്നു. ചുരുക്കത്തില്‍ ഇടുക്കിയില്‍നിന്ന് മുപ്പതോളം കിലോമീറ്റര്‍ കിഴക്ക് ഇരട്ടയാര്‍ മുതല്‍ 60 കിലോമീറ്റര്‍ തെക്കുള്ള കുമളിചുറ്റി 58 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള പീരുമേടുവരെ ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശം.
ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. അധികജലം ഒഴുക്കിക്കളയാന്‍ ഇടുക്കിഡാമിന് ഷട്ടറുകള്‍ ഇല്ല. ഇടുക്കി ജലസംഭരണിയില്‍ വെള്ളം നിറയുമ്പോള്‍ ഇതേ ജലസംഭരണിയുടെതന്നെ ഭാഗമായ ചെറുതോണി ഡാമിലെ ഷട്ടറുകള്‍ ആണ് തുറന്നുവിടുന്നത്.
ഇടുക്കി ഡാം തുറക്കുമ്പോള്‍ ചെറുതോണി മുതല്‍ അറബിക്കടല്‍ വരെയാണ് വെള്ളം ഒഴുകിയെത്തുന്നത്. ചെറുതോണി ടൗണ്‍, പെരിയാര്‍, ലോവര്‍പെരിയാര്‍ അണക്കെട്ട്, ഭൂതത്താന്‍ കെട്ട്, കാലടി, നെടുമ്പാശ്ശേരി, ആലുവ വഴി വെള്ളം അറബിക്കടലിലെത്തുന്നു.
കടപ്പാട് – വിക്കിപീഡിയ.