ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ ജലനിരപ്പിൽ നിന്നും 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിൽവ്യൂ പാർക്ക്, ഇവിടെ നിന്നും കുറവൻ – ബന്ധിപ്പിക്കുന്ന ആർച്ച് ഡാം, ചെറുതോണി-കുളമാവ് ഡാമുകൾ, വൈശാലി ഗുഹ, നാടുകാണി പവലിയൻ ഇവ ഉൾപ്പെടുന്ന പ്രകൃതിയുടെ ഹരിത സൗന്ദര്യം ആസ്വദിക്കുവാൻ കെ എസ് ഇ ബി അവസരമൊരുക്കുന്നു.
ചെറുതോണിയിലെ ഹൈഡൽ ടൂറിസം ഓഫിസിൽ ടിക്കറ്റുകൾ ലഭിക്കും. ഒപ്പം വനം വകുപ്പൊരുക്കുന്ന ബോട്ടു സവാരിയുമുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ചുറ്റികാണാനുള്ള ബാറ്ററി കാര്‍ (“ബഗ്ഗി) ഇടുക്കിയില്‍ എത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ കവാടത്തില്‍നിന്നാരംഭിച്ച് ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ സ്ഥലങ്ങളും പിന്നിട്ട് അവസാന കവാടത്തില്‍ അവസാനിക്കുന്നതാണ് ബാറ്ററി കാറിലെ യാത്ര.
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കിടയില്‍ രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. അതിനാല്‍ ബാറ്ററി കാര്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കൊരു ആശ്വാസമാണ്.
മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയും ബഗ്ഗി കാറില്‍ സഞ്ചരിക്കാൻ 600 രൂപയുമാണ് പുതുക്കിയ ഫീസ്. അണക്കെട്ടില്‍
ജലനിരപ്പ് ഉയർന്ന നിലയിലായതിനാൽ കൂടുതല്‍ സന്ദര്‍ശകർ എത്തുമെന്നാണ് പ്രതീക്ഷ.
കേരള ഹൈഡൽ ടൂറിസത്തിന്റെ ഇടുക്കി-ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനായുള്ള അനുവാദം ഇപ്പോൾ 2021 ഒക്ടോബർ 16 വരെ നീട്ടിയിട്ടുണ്ട്.
കേരളത്തിലെ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന അണക്കെട്ടിന്റെ ഈ ഉടമസ്ഥാവകാശം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്.