വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
ഒരു വെള്ളച്ചാട്ടത്തിന് ഇങ്ങനെയൊരു പേരോ ആദ്യമേ എന്നെ അതിശയിപ്പിച്ച് കളഞ്ഞ ഒരു കാര്യമായിരുന്നു IFC വെള്ളച്ചാട്ടം അഥവാ മണ്ണീറ വെള്ളച്ചാട്ടം. ഈ യാത്ര ആരംഭിക്കുന്നത് 2019 ഡിസംബർ 29 നാണ്. മധുരമേറിയ യാത്രാ ഓർമ്മകളിലൂടെ ഒരു യാത്ര പോയി വന്നാലോ പ്രിയപ്പെട്ടവരെ?
പുലർച്ച അഞ്ചലിൽ നിന്നും ഞങ്ങൾ നാല് പേർ പുലർമഞ്ഞിനെ കൂട്ടുപിടിച്ച് യാത്ര തുടങ്ങി. എന്റെ അച്ഛന്റെ നാടാണ് പത്തനംതിട്ട. ഞാൻ എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ ജന്മം എടുത്ത നാട്, എന്റെ നാട്… ചില ഓർമ്മപ്പെടുത്തലുകൾക്ക് ജീവനേക്കാൾ വിലയുണ്ടലോ. യാത്രാ മദ്ധ്യേ വീണ്ടും എന്റെ മനസ്സിനെ വല്ലാണ്ട് അലട്ടിയ ഒരു ചോദ്യം ഇതായിരുന്നു. IFC എന്ന് എങ്ങനെ ഈ വെള്ളച്ചാട്ടത്തിന് പേര് കിട്ടി?
റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമപ്രദേശമാണിവിടം. കാര്യം എന്തൊക്കെ പറഞ്ഞാലും വേനൽക്കാലത്തും ദൃശ്യം വശ്യം തന്നെയാണ് IFC വെള്ളച്ചാട്ടം. വേനൽക്കാലത്ത് ഇത്രയും ഭംഗിയെങ്കിൽ മഴക്കാലത്തെ സൗന്ദര്യം പറയേണ്ടതില്ലല്ലോ. മഴക്കാലത്ത് നിറഞ്ഞൊഴുക്കുന്ന വെള്ളച്ചാട്ടത്തിനെ കാണാനും, കുളിക്കാനും നിരവധി പേരാണത്രെ ഇവിടേക്ക് എത്തുന്നത്.
വേനൽക്കാലമായലും കൂറ്റൻ പാറ കെട്ടുകളിൽ നിന്ന് വെള്ളി പളുങ്ക് തെള്ളിനീർ ഒഴുകുന്നത് കാണാം. പടുകൂറ്റൻ പാറകളാണ് ഇവിടുത്തെ മറ്റൊരു എടുത്ത് പറയേണ്ട പ്രത്യേകത. പിന്നീട് വലിയ ഒരു മരത്തിലെ വേരുകൾ കരിംപാറകളെ പൊതിഞ്ഞ് ആവരണം ചെയ്തിരിക്കുന്നതും കാണാം. ദൃശ്യ മനോഹരമാണ് ഈ കാഴ്ചകൾ. കല്ലിൽ കവിതകൾ രചിച്ച് എന്റെ കണ്ണും മനസ്സും നിന്നേലേക്ക് വന്ന സമയം, ഞാൻ എന്ന അപരിചിതനെ നീ അറിഞ്ഞിരുന്നുവോ? ആത്മാവിലെ അക്ഷരക്കൂട്ടുകൾ യാത്രികനായ ഞാൻ നിനക്കായി തന്നപ്പോൾ എന്റെ ഒറ്റപ്പെടലിന്റെ ഒഴുക്ക് നിന്നേലേക്ക് അലിഞ്ഞ് ചേർന്ന സമയവും നിമിഷവും ഓർക്കുന്നു. നിന്നിലേ ആഴം ഒരിക്കൽ ഞാൻ അറിയാനായിവരും നിന്നിൽ അലിയാൻ, ആ സ്നേഹം നുകരാൻ, നിന്നെ പോലെ പാരിൽ ഒഴുക്കാനായി.
IFC വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് മണ്ണീറ എന്ന ഗ്രാമപ്രദേശത്താണ്. ആയതിനാൽ പ്രിയപ്പെട്ട യാത്രാസ്നേഹിതരെ നമ്മുടെ യാത്ര ആർക്കും ദോഷം ചെയ്യാത്ത വിധത്തിലായിരിക്കണം എന്ന് ദയവായി മനസ്സിലാക്കുക. നമുക്കോരോത്തർക്കും ദാഹജലം അത്യാവിശ്യമാണല്ലോ ആയതിനാൽ കുടിക്കാൻ കൊണ്ടു പോക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ, ആഹാര സാധനങ്ങൾ, വെള്ളത്തിൽ ഇറങ്ങി കുളിച്ചിട്ട് ഉപേക്ഷിക്കുന്ന തുണികൾ ഇവയെല്ലാം ദയവായി നമ്മുടെ ആവിശ്യം കഴിഞ്ഞ് ഇവയൊന്നും ഈ പ്രദേശത്ത് വലിച്ചെറിയരുത്. അതിനോടൊപ്പം തന്നെ നീന്തൽ വശമുള്ളവർ മാത്രം വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുക. ഇതൊരു അപേക്ഷയാണ്. പ്രകൃതിയെ സൗന്ദര്യത്തെ സ്നേഹിച്ചും, വെള്ളച്ചാട്ടത്തെ സ്നേഹിച്ചും ഇവിടേക്ക് യാത്ര ചെയ്യുക സഞ്ചാരികളെ നിങ്ങളെ മാടി വിളിക്കുന്നു IFC വെള്ളച്ചാട്ടം.
IFC വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാനായി – പത്തനംതിട്ട ജില്ലയിൽ കോന്നി എന്ന സ്ഥലത്ത് നിന്നും റോഡുമാർഗ്ഗം ഏകദേശം 15 km ദൂരം തണ്ണിത്തോട് റൂട്ടിൽ സഞ്ചരിച്ചാൽ, അടവി ഇക്കോടൂറിസത്തിന് അടുത്ത് നിന്ന് വീണ്ടും ഏകദേശം 3 km സഞ്ചരിച്ചാൽ മണ്ണീറ എന്ന സ്ഥലത്ത് എത്തിച്ചേരാം. ഇവിടെയാണ് IFC വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
പ്രകൃതിയോളം വലിയ ശക്തി സൗന്ദര്യം വെറെയില്ല പാരിൽ എന്ന് മനസ്സിലാക്കി തരികയാണ് എന്റെ ഓരോ യാത്രകളും. ഒരു യാത്രികൻ തന്റെ മനസ്സിനെ യാത്ര ചെയ്യുന്നതിനായി പാകപ്പെടുത്തിയാൽ ഒരു യാത്രികനെ സംബന്ധച്ചിടത്തോളം കാണുന്ന കാഴ്ചകൾ എല്ലാം കണ്ണുകളിൽ പകർത്തി ഹൃദയത്തിൽ സൂക്ഷിക്കാൻ നൂറ് ശതമാനവും കഴിയും , കിട്ടുന്ന സമയവും , സന്ദർഭവും ജീവിതത്തിനോട് ചേർത്ത് പിടിച്ച് യാത്രകൾ ചെയ്യുന്നതിലാണ് കാര്യം കാരണം ജീവിതം ഒരു വിരൽ തുമ്പിലൂടെ കുറച്ച് സമയമേ നമ്മുക്ക് മുന്നിലുള്ളു ഓർക്കുക യാത്രകളിൽ ആനന്ദം കണ്ടെത്തുക.