ഒരു ദിവസം നിങ്ങൾ റോഡിലേക്ക് ഒന്നിറങ്ങി നോക്കൂ. എത്രയെത്ര പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിലൂടെ ഒരു കൂസലുമില്ലാതെ വാഹനമോടിച്ചു പോകുന്നത്. ഒറ്റനോട്ടത്തിൽ തന്നെ 18 വയസ്സ് പോലും കഴിയാത്ത കുട്ടികളാണെന്നു കണ്ടാൽ തോന്നും. ചിലപ്പോൾ കൂടെ മാതാപിതാക്കളും ഇവരോടൊപ്പം കാണും. മക്കളുടെ പ്രായത്തിൽക്കവിഞ്ഞ പ്രവൃത്തിയിൽ അഭിമാനിച്ചുകൊണ്ട് പിന്നിൽ ഞെളിഞ്ഞിരിക്കുകയായിരിക്കും ആ രക്ഷാകർത്താവ്. എന്നാൽ ഈ പോക്ക് അപകടത്തിലേക്കാണ് എന്നവർ മനസ്സിലാക്കുന്നില്ല.

ഈ പ്രവൃത്തി ഒരു കുറ്റകൃത്യം തന്നെയാണെന്ന് അവർ ഓർക്കാത്തതാണോ അതോ മനഃപൂർവ്വം തള്ളിക്കളയുന്നതോ? കുട്ടിഡ്രൈവർമാർ ഉണ്ടാക്കുന്ന അപകടങ്ങൾ വർദ്ധിച്ചതോടെ ഈ കാര്യത്തിൽ വേണ്ടവിധത്തിലുള്ള ശ്രദ്ധ ചെലുത്തുവാൻ പോലീസ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. മാതാപിതാക്കളെ ബോധവൽക്കരിക്കുവാനാണ് ആദ്യ ശ്രമം. ഇതിനായി കേരള പോലീസ് ഫേസ്‌ബുക്ക് പേജിൽ ഈ വിഷയം സംബന്ധിച്ചുള്ള പോസ്റ്റ് ഇട്ടിട്ടുണ്ട്. ആ പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

“രക്ഷകർത്താക്കളുടെ ശ്രദ്ധക്ക് കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകരുത്. കുട്ടി ഡ്രൈവർമാരുടെ അപകടകരമായ യാത്രകൾ, രക്ഷാകർത്താക്കൾക്കെതിരെ നടപടിയെടുക്കും. കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക്‌ ഓടിക്കല്‍ വ്യാപകമാകുന്നു. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് “എനിക്ക് ബൈക്ക് വാങ്ങിത്തരുമോ ” എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും മുതിർന്നവർ അവ ഓടിക്കുന്നത് കാണുമ്പോഴുള്ള ആവേശവും കുട്ടികൾക്ക് പ്രചോദനമാകുന്നു. ഒപ്പം രക്ഷിതാക്കൾക്ക് പരിഭ്രമവും.

ഉപദേശവും ശാസനയും കുട്ടികളുടെ നിര്ബന്ധബുദ്ധിക്ക് മുന്നിൽ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ്. മക്കളോടുള്ള വാൽസല്ല്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് ഗത്യന്തരമില്ലാതെ വണ്ടി വാങ്ങിക്കൊടുക്കാൻ നിർബന്ധിതരാകുന്ന രക്ഷിതാക്കൾ. ലൈസൻസ് എടുക്കാനുള്ള പറയമാകുന്നതിന് മുൻപ് തന്നെ പലരും രക്ഷിതാക്കളെ ഒളിച്ചും കൂട്ടുകാരുടെ സഹായത്താലും വാഹനങ്ങൾ ഓടിക്കാൻ പഠിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. പ്രായപൂർത്തിയാവാത്തവർ പവര്‍ ബൈക്കുകളും സ്കൂട്ടറുകളും അമിതവേഗത്തിലും നിയമങ്ങൾ പാലിക്കാതെയും കൂടുതൽ ആളുകളെ കയറ്റിയും ഓടിക്കുന്നത് വ്യാപകമാകുന്നു. പലപ്പോഴും അനിയന്ത്രിതമായ വേഗതയിൽ പോകുന്ന ഇവ അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സ്കൂളുകളിലേക്ക് തങ്ങളുടെ മക്കള്‍ യൂണിഫോം ധരിച്ചു ലൈസന്‍സ്‌ ഇല്ലാതെ ഈ വാഹനങ്ങളില്‍ പോകുന്നത് തടയാന്‍ ആകാത്ത രക്ഷിതാക്കള്‍ 18 വയസ്സിനു മുന്‍പ് അവനു ബൈക്ക്‌ വാങ്ങിക്കൊടുക്കാതിരിക്കുക.

കുട്ടികളുടെ പിടിവാശിക്ക് മുന്നിൽ അടിയറവ് പറയാതെ അപകടങ്ങളെക്കുറിച്ചും പ്രായപൂർത്തി ആയ ശേഷം മാത്രം ഇരുചക്രവാഹനം ഓടിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അവരെ പറഞ്ഞു മനസിലാക്കുക. ശോഭനമായ അവരുടെ ഭാവിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കളുടെത് തന്നെയാണ്. കളിച്ചും ചിരിച്ചും നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ട കുട്ടികളുടെ ജീവൻ അപകടത്തിൽ പൊലിയാതിരിക്കട്ടെ. കുട്ടി ഡ്രൈവർമാരുടെ അപകടകരമായ യാത്രകൾ, നിയമലംഘനങ്ങൾക്കെതിരെ രക്ഷാകർത്താക്കൾക്കെതിരെ/ വാഹന ഉടമക്കെതിരെ നടപടിയെടുക്കുന്നതാണ്.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.